മക്കളെക്കുറിച്ച് ആധി? – Shalom Times Shalom Times |
Welcome to Shalom Times

മക്കളെക്കുറിച്ച് ആധി?

13 നും 27 നും ഇടയില്‍ പ്രായമുള്ള ആറ് കുട്ടികളുടെ അമ്മയാണ് ഞാന്‍. മക്കളുടെ ആത്മീയവളര്‍ച്ചയെക്കുറിച്ച് അമിതമായി ഉത്കണ്ഠ പുലര്‍ത്തുന്ന എന്നെ കര്‍ത്താവ് പഠിപ്പിച്ച ചില ഉള്‍ക്കാഴ്ചകള്‍ പങ്കുവയ്ക്കട്ടെ.
ദൈവത്തിന്റെ നന്മ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്ത വ്യക്തി എന്ന നിലയില്‍, എന്റെ കുട്ടികളും ദൈവത്തെ അനുഭവിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്റെ ഉദ്ദേശ്യങ്ങള്‍ നല്ലതും നീതിയുക്തവുമായിരുന്നു. പക്ഷേ എന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുന്നതായി അനുഭവപ്പെട്ടു. ഉടനടി ഫലം കാണാന്‍ കഴിയാതെ വന്നപ്പോള്‍, എനിക്ക് അവരോട് ദേഷ്യവും നിരാശയും തോന്നി.
ക്രമേണ എനിക്ക് പ്രതീക്ഷ നഷ്ടപ്പെടുകയായിരുന്നു. ഞാന്‍ എപ്പോഴും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന വ്യക്തിയായി മാറാന്‍ തുടങ്ങി. എനിക്ക് അവരിലെ നന്മകള്‍ കാണാനോ അവരെ അഭിനന്ദിക്കാനോ കഴിഞ്ഞില്ല. അവര്‍ക്ക് ഒരു ദൈവാനുഭവം ലഭിക്കുന്നത് കാണുന്നതില്‍ മാത്രമായിരുന്നു എന്റെ ശ്രദ്ധ. ഞങ്ങള്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. തല്‍ഫലമായി, എനിക്കും കുട്ടികള്‍ക്കും ഇടയിലുള്ള വിടവ് വര്‍ദ്ധിക്കാന്‍ തുടങ്ങി. ഞങ്ങളുടെയിടയില്‍ ഗുരുതരമായ കുഴപ്പങ്ങളുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി.
ഞാന്‍ ഇത് കര്‍ത്താവിന്റെ മുമ്പാകെ സമര്‍പ്പിച്ച് എന്നെത്തന്നെ പൂര്‍ണ്ണമായി അവിടുത്തേക്ക് നല്‍കി. അപ്പോള്‍… ഒരു പിതാവ് തന്റെ കുട്ടിയെ പഠിപ്പിക്കുന്നതുപോലെ, അവിടുന്ന് എന്നെ പഠിപ്പിക്കാന്‍ തുടങ്ങി.
മോശയെ നോക്കൂ…
മോശയില്‍നിന്ന് പഠിക്കാന്‍ അവിടുന്ന് എന്നോട് പറഞ്ഞു. മോശയുടെ ജീവിതം മുഴുവന്‍ എന്റെ മനസ്സിലൂടെ കടന്നുപോയി. അവന്‍ എങ്ങനെ തിരഞ്ഞെടുക്കപ്പെട്ടു, ഫറവോയില്‍നിന്ന് ഇസ്രായേല്‍ക്കാരെ രക്ഷിക്കാന്‍ കര്‍ത്താവ് എങ്ങനെ അവനെ നയിച്ചു, എത്ര ക്ഷമയോടെയും വിശ്വസ്തതയോടെയും അവന്‍ ഇസ്രായേല്‍ക്കാരെ ഈജിപ്തില്‍നിന്ന് കാനായിലേക്ക് നയിച്ചു തുടങ്ങിയവയെല്ലാം അവിടുന്ന് വീണ്ടും എന്നെ ഓര്‍മിപ്പിച്ചു.
മോശയുടെ ദൗത്യം ഒട്ടും എളുപ്പമുള്ളതായിരുന്നില്ല. ഫറവോ കരുണയുള്ളവനോ സഹായിക്കുന്നവനോ ആയിരുന്നില്ല. ഇസ്രായേല്‍ക്കാര്‍ സഹകരണമുള്ളവരായിരുന്നില്ല. അവര്‍ ഇടയ്ക്കിടെ പിറുപിറുക്കുകയും പരാതിപ്പെടുകയും ചെയ്യുമായിരുന്നു, അവര്‍ ഒരിക്കലും തൃപ്തരായില്ല. വാഗ്ദത്തഭൂമിയിലെത്താന്‍ അവര്‍ 40 വര്‍ഷമെടുത്തു.
മോശയ്ക്ക് തന്റെ വിളി എങ്ങനെ നിറവേറ്റാന്‍ കഴിഞ്ഞുവെന്ന് ചിന്തിക്കാന്‍ കര്‍ത്താവ് എന്നോട് പറഞ്ഞു. ഓരോ തവണയും ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍, അവന്‍ ദൈവത്തിങ്കലേക്ക് പോയി അവിടുത്തെ ഉപദേശം തേടുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും. അവന്‍ ഇസ്രായേല്‍ക്കാര്‍ക്ക് ഒരു മധ്യസ്ഥനും ഇടനിലക്കാരനുമായിരുന്നു. ഇസ്രായേല്‍ക്കാര്‍ യുദ്ധം ചെയ്തപ്പോള്‍, അവന്‍ കൈകള്‍ നീട്ടി അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും യുദ്ധത്തില്‍ വിജയിക്കാന്‍ അവരെ സഹായിക്കുകയും ചെയ്തു. മോശയുടെ കൈകള്‍ താഴുമ്പോഴെല്ലാം അവര്‍ പരാജയപ്പെട്ടുകൊണ്ടിരുന്നു
കര്‍ത്താവ് എന്നെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായി. ഒരു രക്ഷിതാവ് എന്ന നിലയില്‍ ഞാനും അതുതന്നെ ചെയ്യണം. എന്റെ കുട്ടികളെ അവരുടെ ശത്രുവിന്റെ (സാത്താന്റെ) കൈകളില്‍നിന്ന് രക്ഷിക്കാനും ഈജിപ്തില്‍ (അന്യദേശത്ത്) നിന്ന് വാഗ്ദത്ത ദേശത്തേക്ക് (നിത്യജീവന്‍) നയിക്കാനും അവിടുന്ന് എന്നെയും തിരഞ്ഞെടുത്തു. എന്റെ വിളി ചെറുതല്ല, അതൊരു വലിയ ആഹ്വാനമാണെന്ന് ഞാന്‍ മനസ്സിലാക്കി. നമ്മുടെ കുട്ടികള്‍ നിരന്തരമായ പോരാട്ടത്തിലാണ്, അവര്‍ക്ക് നമ്മുടെ സഹായം ആവശ്യമാണ്.
വീണ്ടും, കര്‍ത്താവ് എന്നെ പഠിപ്പിച്ചുകൊണ്ടിരുന്നു. അവിടുന്ന് എന്നോട് ചോദിച്ചു ഇസ്രായേല്‍ക്കാരെ കാനാനിലേക്ക് കൊണ്ടുവന്നത് ആരാണ്? ഫറവോയുടെ കയ്യില്‍നിന്ന് അവരെ രക്ഷിച്ചത് ആരാണ്? പകല്‍ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും അവര്‍ക്ക് മുന്‍പില്‍ പോയത് ആരാണ്?
അവരെ വാഗ്ദത്തദേശത്തേക്ക് കൊണ്ടുവന്നത് ഞാനാണ്, മോശ എന്റെ കൈകളിലെ ഒരു ഉപകരണംമാത്രമായിരുന്നു, നിങ്ങളും അങ്ങനെതന്നെ.
അവിടുന്ന് വീണ്ടും എന്നെ അടുത്ത വചനം ഓര്‍മിപ്പിച്ചു. ”ഞാന്‍ നട്ടു; അപ്പോളോസ് നനച്ചു; എന്നാല്‍, ദൈവമാണു വളര്‍ത്തിയത്. അതുകൊണ്ട്, നടുന്നവനോ നനയ്ക്കുന്നവനോ അല്ല വളര്‍ത്തുന്നവനായ ദൈവത്തിനാണ് പ്രാധാന്യം” (1 കോറിന്തോസ് 3/6-7).
എവിടെയാണ് തെറ്റ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായി, ദൈവം എന്നോട് ചെയ്യാന്‍ കല്പിച്ചത് മാത്രമേ ഞാന്‍ ചെയ്യേണ്ടതുള്ളു. എന്റെ കുട്ടികളുടെ വളര്‍ച്ച വൈകുകയോ പ്രകടമാകാതിരിക്കുകയോ ചെയ്യുമ്പോള്‍ ഞാന്‍ എന്തിനാണ് ദേഷ്യപ്പെടുകയോ അസ്വസ്ഥയാകുകയോ നിരാശപ്പെടുകയോ ചെയ്യുന്നത്? ”എന്റെ കുട്ടികള്‍ അവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവരെ തടയാന്‍ നിങ്ങള്‍ ആരാണ്?” കര്‍ത്താവ് എന്നോട് ചോദിച്ച ആ ചോദ്യം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.
”കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികള്‍ എന്റേതുപോലെയുമല്ല. ആകാശം ഭൂമിയെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്രേ” (ഏശയ്യാ 55/8-9).
തീര്‍ന്നില്ല, പാഠങ്ങള്‍
കര്‍ത്താവിന്റെ നിര്‍ദ്ദേശങ്ങള്‍ അവിടെ നിന്നില്ല; മോശയുടെ ജീവിതത്തിലെ ഒരു സംഭവത്തിലേക്ക് അവിടുന്ന് എന്നെ വീണ്ടും കൊണ്ടുപോയി. ഇത് എന്നെ ഭയത്താല്‍ വിറപ്പിച്ചു.
മോശ തന്റെ ദൗത്യത്തിലുടനീളം വിശ്വസ്തനായിരുന്നു, എന്നാല്‍ ഒരിക്കല്‍, കാദേഷില്‍ വച്ച് വെള്ളം ലഭിക്കാതെവന്നപ്പോള്‍ അവര്‍ ദൈവത്തോട് പറയുകയും അവിടുന്ന് പാറയോട് ആജ്ഞാപിക്കാന്‍ മോശയോട് കല്പിക്കുകയും ചെയ്തു. മോശ പാറയോട് ആജ്ഞാപിക്കുന്നതിനു പകരം രണ്ടുതവണ പാറയില്‍ അടിച്ചു. വാഗ്ദത്തഭൂമി കാണാന്‍ അവിടുന്നവനെ അനുവദിച്ചില്ല (സംഖ്യ 20:1-13).
എത്ര തവണ ഞാന്‍ എന്റെ കുട്ടികളോട് ദേഷ്യപ്പെട്ടു?!
എത്ര തവണ അവരോടുള്ള എന്റെ നിരാശ പ്രകടിപ്പിച്ചു?
എത്ര തവണ ഞാന്‍ അവരെ വിധിച്ചിട്ടുണ്ട്?
”ഞാന്‍ എന്റെ കുട്ടികളെ സ്‌നേഹിച്ചതുപോലെ, നിങ്ങളുടെ കുട്ടികളെ നിരുപാധികമായി സ്‌നേഹിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ?”
പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ മനസ്സിലേക്ക് വരുന്നു. ”സ്‌നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്… സ്‌നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു” (1 കോറിന്തോസ് 13/4-8).
എന്റെ കണ്ണുകളില്‍നിന്ന് കണ്ണുനീര്‍ ഒഴുകി, കര്‍ത്താവ് എന്നെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്താണെന്ന് എനിക്ക് വ്യക്തമായി മനസ്സിലായി, അവിടുന്ന് പ്രഥമമായി എന്നോട് പറഞ്ഞത് ഇതായിരുന്നു, ”പരിഭ്രമിക്കാതിരിക്കുക; അത് തിന്‍മയിലേക്കുമാത്രമേ നയിക്കൂ” (സങ്കീര്‍ത്തനങ്ങള്‍ 37:8). കുട്ടികളുടെ വിശ്വാസത്തെക്കുറിച്ചുള്ള ആകുലത കൂടുതല്‍ തിന്മയിലേക്കാണ് എന്നെ നയിക്കുക. ഞാന്‍ വിജയിക്കണമെന്നല്ല, മറിച്ച് വിശ്വസ്തയായിരിക്കണമെന്നേ അവിടുന്ന് ആഗ്രഹിക്കുന്നുള്ളൂ. എന്റെ വിശുദ്ധീകരണത്തിനായി ഞാന്‍ വിശ്വസ്തയായിരിക്കണം.
നാം നമ്മെത്തന്നെ വിശുദ്ധീകരിക്കുമ്പോള്‍, നമ്മുടെ കുട്ടികളും വിശുദ്ധീകരിക്കപ്പെടും. യേശുവും ഇതുതന്നെയാണ് ചെയ്തത്. ”ഞാന്‍ അവര്‍ക്കുവേണ്ടിയാണു പ്രാര്‍ഥിക്കുന്നത്; ലോകത്തിനുവേണ്ടിയല്ല, അങ്ങ് എനിക്കു തന്നവര്‍ക്കു വേണ്ടിയാണ് പ്രാര്‍ഥിക്കുന്നത്. എന്തെന്നാല്‍, അവര്‍ അവിടുത്തേക്കുള്ളവരാണ്. എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്” (യോഹന്നാന്‍ 17:9).
ഹൃദയത്തിലുയര്‍ന്നുകൊണ്ടിരുന്ന ദൈവസ്വരം ശ്രദ്ധിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്ക് ഇപ്രകാരമാണ് മനസിലായത്, ‘വിശുദ്ധ മോണിക്ക രൂപപ്പെടുകയാണ്…’ വിശുദ്ധ അഗസ്റ്റിന്‍ അമ്മയായ മോണിക്കയെക്കുറിച്ച് പറഞ്ഞത് ഓര്‍ക്കാം, ”സ്വര്‍ഗം അവളുടെ പ്രാര്‍ഥന ആദ്യദിവസംതന്നെ കേട്ടു, പക്ഷേ അതിന് ഉത്തരം നല്‍കാന്‍ വൈകിയതിനാല്‍ കത്തോലിക്കാ സഭയ്ക്ക് ഒന്നിന് പകരം രണ്ട് വിശുദ്ധരെ ലഭിച്ചു.”
”ദാനിയേലേ, ഭയപ്പെടേണ്ടാ; ശരിയായി അറിയുന്നതിന് നീ നിന്റെ ദൈവത്തിന്റെ മുന്‍പില്‍ നിന്നെത്തന്നെ എളിമപ്പെടുത്താന്‍ തുടങ്ങിയ ദിവസം മുതല്‍ നിന്റെ പ്രാര്‍ഥന കേള്‍ക്കപ്പെട്ടിരിക്കുന്നു. നിന്റെ പ്രാര്‍ഥന നിമിത്തമാണ് ഞാന്‍ ഇപ്പോള്‍ വന്നിരിക്കുന്നത്” (ദാനിയേല്‍ 10:12). കുട്ടികളില്‍ വിശ്വാസം വളര്‍ത്തിയെടുക്കാനുള്ള എന്റെ പ്രാര്‍ഥനകളും ശ്രമങ്ങളും വെറുതെയായിട്ടില്ലെന്ന് ഞാന്‍ വിശ്വസിച്ചു. ശരിയായ സമയത്ത് കര്‍ത്താവ് അത് ലക്ഷ്യത്തിലെത്തിക്കും, അതോടൊപ്പം ഞാനും വിശുദ്ധീകരിക്കപ്പെടുന്നു.
അപ്പോള്‍ എനിക്ക് വലിയ ആശ്വാസം തോന്നി, ഹൃദയത്തിലെ ശബ്ദം എന്നെ പഠിപ്പിച്ചുകൊണ്ടിരുന്നു… അവര്‍ എന്റേതാണ്. കുശവനും കളിമണ്ണും പോലെ ഞാന്‍ അവരില്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ എന്റെ കൈപ്പണികളാണ്. അവ ഇപ്പോഴും നിര്‍മ്മിക്കുകയാണ്, അതുവരെ അവയെ വിധിക്കരുത്, ക്ഷമയോടെ കാത്തിരുന്ന് കാണുക. ”കര്‍ത്താവ് നിന്റെ പുത്രരെ പഠിപ്പിക്കും; അവര്‍ ശ്രേയസ്‌സാര്‍ജിക്കും” (ഏശയ്യാ 54:13).
എന്റെ മക്കള്‍ എന്നെ ഒരു വിശുദ്ധയാക്കുന്നു എന്നത് സത്യമാണ്. അവര്‍ എന്നെ ക്ഷമ, സ്ഥിരോത്സാഹം, വിനയം തുടങ്ങിയവ പഠിപ്പിക്കുന്നു. ഞാന്‍ നിരാശയാകുകയും എന്റെ പ്രതീക്ഷ നഷ്ടപ്പെടുകയും ചെയ്യുമ്പോഴെല്ലാം, ദൈവത്തിന്റെ കൃപ എന്നെ ഉയര്‍ത്തുകയും മുന്നോട്ട് പോകാന്‍ സഹായിക്കുകയും ചെയ്യുന്നു.
ഈ മഹത്തായ ദൗത്യത്തിനായി എന്നെ വിളിച്ചതിനും തിരഞ്ഞെടുത്തതിനും നയിക്കുന്നതിനും നന്ദി. ”എനിക്ക് ഉപദേശം നല്‍കുന്ന കര്‍ത്താവിനെ ഞാന്‍ വാഴ്ത്തുന്നു; രാത്രിയിലും എന്റെ അന്തരംഗത്തില്‍ പ്രബോധനം നിറയുന്നു. കര്‍ത്താവ് എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്; അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാന്‍ കുലുങ്ങുകയില്ല. അതിനാല്‍, എന്റെ ഹൃദയം സന്തോഷിക്കുകയും അന്തരംഗം ആനന്ദംകൊള്ളുകയും ചെയ്യുന്നു. എന്റെ ശരീരം സുരക്ഷിതമായി വിശ്രമിക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 16/7-9).
ഷെര്‍ലി ജോസി