ഒന്ന് കണ്ടാല്‍, കേട്ടാല്‍… എന്ത് കുഴപ്പം? – Shalom Times Shalom Times |
Welcome to Shalom Times

ഒന്ന് കണ്ടാല്‍, കേട്ടാല്‍… എന്ത് കുഴപ്പം?

ഒരു സഹോദര വൈദികന്‍ അദ്ദേഹം പങ്കെടുത്ത തീര്‍ത്ഥാടനത്തിന്റെ വീഡിയോ കാണിച്ചു. അവരുടെ കൂടെ യാത്ര ചെയ്ത ഏതോ പയ്യന്‍ കോര്‍ത്തിണക്കിയ വീഡിയോ ആയിരുന്നു അത്. അടുത്തകാലത്ത് മലയാളത്തില്‍ ഹിറ്റായി മാറിയ ഒരു ഗാനമായിരുന്നു അതിന്റെ പശ്ചാത്തലത്തില്‍.
ഞാന്‍ അത് ഏറെ നേരമൊന്നും കണ്ടില്ല. 30 സെക്കന്റിന്റെയോ ഒരു മിനിറ്റിന്റെയോ റീല്‍ മാത്രം.
എന്നാല്‍… വെറുതെ ഒന്ന് കേട്ട ഈ ഗാനം എന്നെ വിടാതെ പിന്തുടര്‍ന്നു, ഏതാണ്ട് പന്ത്രണ്ട് മണിക്കൂറോളം?
ഞാന്‍ നടക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഉണരുമ്പോഴുമെല്ലാം ഈ പാട്ട് മനസില്‍നിന്ന് പൊങ്ങിവരുന്നു.

ഒരു രസത്തിന് പോലും ഹൃദയത്തില്‍ ‘ഫീഡ്’ ചെയ്താല്‍ ഉണ്ടാകുന്ന ഫലം കണ്ടില്ലേ..
അങ്ങനെയെങ്കില്‍, ഈ കാലഘട്ടത്തിലെ തിന്മയുടെ സന്ദേശങ്ങള്‍ മാത്രമുള്ള കഥകളും ഗാനങ്ങളും ചിത്രാവിഷ്‌കാരങ്ങളും എത്രമേല്‍ നമ്മുടെ സ്വഭാവത്തെ സ്വാധീനിക്കുമെന്നത് പറയേണ്ടതില്ലല്ലോ?
ഈശോ പഠിപ്പിച്ച് തരും, ”നല്ല വൃക്ഷം ചീത്ത ഫലങ്ങള്‍ പുറപ്പെടുവിക്കുന്നില്ല; ചീത്ത വൃക്ഷം നല്ല ഫലങ്ങളും… ഹൃദയത്തിന്റെ നിറവില്‍നിന്നാണല്ലോ അധരം സംസാരിക്കുന്നത്” (ലൂക്കാ 6:43, 45).
ഹൃദയത്തില്‍ എന്താണോ നിറച്ചുവച്ചിരിക്കുന്നത്, അത് തികട്ടി വരും. ജാഗ്രത കാട്ടിയില്ലെങ്കില്‍ നല്ല വൃക്ഷമായിരുന്നവ പോലും മോശം ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ സാധ്യതയുണ്ട്.

ശോധന ചെയ്യേണ്ടത് രണ്ട് മേഖലകളാണ്,
ഒന്ന്, ഞാന്‍ ഹൃദയത്തിലേക്ക് ‘ഫീഡ്’ ചെയ്യുന്നത് എന്താണ് അഥവാ, കാണുന്നതും കേള്‍ക്കുന്നതും വായിക്കുന്നതും അറിയുന്നതും എന്താണ്?
രണ്ട്, ഹൃദയത്തില്‍നിന്ന് പുറത്തേക്ക് വരുന്നത് എന്താണ്? എന്റെ സംസാരവും പ്രവൃത്തികളും എങ്ങനെയുള്ളതാണ് എന്നര്‍ത്ഥം.
എല്ലായിടത്തും നല്ലൊരു ‘ഫില്‍റ്റര്‍’ അഥവാ അരിപ്പ ഘടിപ്പിച്ചില്ലെങ്കില്‍ പണി പാളും സുഹൃത്തേ…

ഫാ. ജോസഫ് അലക്‌സ്