
അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ താമസിച്ചുള്ള ഒരു ധ്യാനത്തില്‍ സംബന്ധിച്ചത് 2004-ലാണ്. ധ്യാനദിവസങ്ങളില്‍ അനേകം അല്‍മായ സഹോദരങ്ങളുടെ അധരങ്ങളില്‍നിന്ന് ദൈവവചനങ്ങള്‍ പെരുമഴപോലെ ഒഴുകി ഇറങ്ങി ഹൃദയത്തെ കുളിരണിയിച്ചു.
അതൊക്കെ കണ്ടും കേട്ടും ഞാന്‍ പകച്ചിരുന്നു. വേദോപദേശ ക്ലാസ്സുകളില്‍ സ്ഥിരമായി സംബന്ധിച്ചിട്ടും
ഒരിക്കല്‍പ്പോലും ഒരു ദൈവവചനം തെറ്റുകൂടാതെ പറയാനോ എഴുതാനോ എനിക്കു കഴിഞ്ഞിട്ടില്ല. വേദോപദേശ പരീക്ഷകള്‍ക്ക് വചനം പൂരിപ്പിക്കാന്‍ ഉള്ള ചോദ്യങ്ങള്‍ ഞാന്‍ എഴുതാതെ മാറ്റിവയ്ക്കുകയാണ് പതിവ്.
അന്ന് 20 വയസുകാരിയായ ഞാന്‍ ഹൃദയത്തില്‍ ഒരുപാട് സങ്കടത്തോടെ ഈശോയെ നോക്കി ഇങ്ങനെ പറഞ്ഞു, ”ഈശോയേ, എനിക്ക് വചനം പ്രഘോഷിക്കാന്‍ കൊതിയാകുന്നു. പക്ഷെ എങ്ങനെ ഞാന്‍ വചനം പഠിക്കും! എന്നെ വചന പ്രഘോഷകയാക്കി മാറ്റാമോ?”
പിന്നീടുള്ള ഓരോ നിമിഷവും ഹൃദയം വചനത്തിന് വേണ്ടി കൊതിക്കാന്‍ തുടങ്ങി. ഓരോ ദൈവവചനം കേള്‍ക്കുമ്പോഴും ശരീരത്തില്‍ ഒരു വൈദ്യുതപ്രവാഹം കടന്നുപോകുന്നപോലെ അനുഭവപ്പെട്ടുകൊണ്ടിരുന്നു. ശരീരത്തില്‍ ഒരു കുളിര്. എന്നില്‍ എന്തൊക്കെയോ സംഭവിക്കുന്നു എന്ന് മാത്രം മനസിലായി.
സ്തുതിപ്പിന്റെ ഇടയില്‍ നാവ് എന്റെ സമ്മതമില്ലാതെ ചില ശബ്ദങ്ങളും വാക്കുകളും പുറപ്പെടുവിച്ചു. ശരീരം വിറയ്ക്കുന്നു. ഇടക്കെപ്പോഴോ നിലക്കാത്ത കണ്ണുനീര്‍ ചാലുകള്‍ കവിളിലൂടെ ഒഴുകി ഇറങ്ങി. ഇടവേളയുടെ സമയത്ത് ഒരു വചനപ്രഘോഷകന്റെ അടുത്തേക്ക് ചെന്ന് എനിക്കുവേണ്ടി പ്രാര്‍ഥിക്കാമോ എന്ന് അദ്ദേഹത്തോട് ചോദിച്ചു. കയ്യിലിരിക്കുന്ന കുരിശുരൂപം എന്റെ ശിരസ്സിലേക്ക് വച്ചു കൊണ്ട് അല്‍പനേരം അദ്ദേഹം ഭാഷാവരത്തില്‍ സ്തുതിച്ചു. കണ്ണീരോടെ ഞാന്‍ മനസ്സില്‍ ഈശോയോട് എന്റെ ആഗ്രഹം ഉണര്‍ത്തിച്ചു കൊണ്ടിരുന്നു. കാരണം ഹൃദയം അത്രമാത്രം കൊതിക്കുകയാണ്. പ്രാര്‍ത്ഥനക്കൊടുവില്‍ അദ്ദേഹം എന്നോട് ഇങ്ങനെ പറഞ്ഞു, ”നീ ഒരു വചനപ്രഘോഷകയാകും.”
ഇതെങ്ങനെ സംഭവിക്കും എന്നു പരിശുദ്ധ മറിയം ഗബ്രിയേല്‍ ദൂതനോട് ചോദിച്ചത് പോലെ എന്റെ മനസ്സില്‍ അനേകം ചോദ്യങ്ങള്‍ മിന്നിമറഞ്ഞു. കരച്ചിലിനൊടുവില്‍ ഈശോയുടെ മുന്‍പില്‍ പോയിരുന്നു ബൈബിള്‍ തുറന്നു. ”കര്‍ത്താവ് നിനക്ക് കഷ്ടതയുടെ അപ്പവും ക്ലേശത്തിന്റെ ജലവും തന്നാലും നിന്റെ ഗുരു നിന്നില്‍നിന്ന് മറഞ്ഞിരിക്കുകയില്ല. നിന്റെ നയനങ്ങള്‍ നിന്റെ ഗുരുവിനെ ദര്‍ശിക്കും. നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍ നിന്റെ കാതുകള്‍ പിന്നില്‍നിന്ന്, ഒരു സ്വരം ശ്രവിക്കും; ഇതാണു വഴി, ഇതിലേ പോവുക” (ഏശയ്യാ 30 : 20-21). ധ്യാനത്തിനൊടുവില്‍ വ്യക്തിപരമായ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്താന്‍ ഭയത്തോടെ ആണെങ്കിലും ഞാന്‍ എഴുന്നേറ്റു. ആദ്യമായി ഒരു ദൈവവചനം തെറ്റ് കൂടാതെ ആ അള്‍ത്താരയില്‍ നിന്ന് ജനങ്ങള്‍ക്ക് മുമ്പില്‍ പറയാന്‍ ഈശോ എന്നെ അനുവദിച്ചു. കുപ്പത്തൊട്ടിയില്‍നിന്ന് ഈശോ എന്നെ കഴുകി എടുത്തതിന്റെ ഉറപ്പ്.
ധ്യാനം കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍മുതല്‍ നോട്ട്ബുക്കുകളില്‍ വചനങ്ങള്‍ എഴുതി വയ്ക്കാന്‍ തുടങ്ങി. എത്ര പുസ്തകങ്ങള്‍ അങ്ങനെ എഴുതി വച്ചിട്ടുണ്ടെന്നു ഓര്‍ക്കാന്‍ കഴിയുന്നില്ല. ആ വചനങ്ങള്‍ ഇടയ്ക്കു വായിക്കും. പഠിക്കാന്‍ ശ്രമിക്കും. പക്ഷേ ഓര്‍ക്കാന്‍ കഴിയാതെ വായനയില്‍ മാത്രമായി മുന്നോട്ട് നീങ്ങി. പലപ്പോഴും ഈശോയോട് വഴക്കിടും, ”വചന പ്രഘോഷകയാക്കും എന്ന് പറഞ്ഞാല്‍മാത്രം പോരാ അതിനുള്ള വഴികള്‍ കൂടി കണ്ടെത്തണം.”
ഈശോയ്ക്ക് ‘ക്വട്ടേഷന്‍’ നല്കിയപ്പോള്‍…
ഏകദേശം 10 വര്‍ഷങ്ങള്‍ കടന്നു പോയി. 2014 ഒക്ടോബര്‍ മാസം അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം ഒരു ധ്യാനത്തില്‍ സംബന്ധിക്കുകയാണ്. ആ ധ്യാനത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ രണ്ട് ക്വൊട്ടേഷന്‍ ഞാന്‍ ഈശോയ്ക്ക് കൊടുത്തു. ഞായറാഴ്ച ആരംഭിച്ച ധ്യാനത്തിന്റെ ദിവസങ്ങള്‍ കടന്നു പോയിക്കൊണ്ടിരുന്നു. വ്യാഴാഴ്ച രാവിലെ ഏകദേശം 11 മണിയോട് കൂടി ബഹുമാനപ്പെട്ട ഡൊമിനിക് വാളന്മനാല്‍ അച്ചന്റെ ക്ലാസ്സിനോട് ചേര്‍ന്ന് ഒരു സ്തുതിപ്പ് നടക്കുകയാണ്. അച്ചന്‍ സന്ദേശങ്ങള്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. എനിക്കു ഭയങ്കര ദേഷ്യം വന്നു ഈശോയോട്. വെള്ളിയാഴ്ച രാവിലെ ധ്യാനം അവസാനിക്കുകയാണ്. ഇതുവരെയും ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഈശോ മൈന്‍ഡ് പോലും ചെയ്തിട്ടില്ല.
ഇനി ഈശോയുമായി ഒരു ബന്ധവും ഇല്ലെന്നു ഞാന്‍ ഉറപ്പിച്ചു. ധ്യാനഹാളിലെ കരുണയുടെ ഈശോയുടെ മുഖത്ത് നോക്കി തീരുമാനം അറിയിക്കുകയും ചെയ്തു. അടുത്ത നിമിഷം അച്ചന്‍ ഒരു സന്ദേശം വിളിച്ചു പറഞ്ഞു. ആന്‍ മരിയ എന്ന ഒരു പേര് ഈശോ വെളിപ്പെടുത്തുന്നു. നില്‍ക്കുകയായിരുന്ന ഞാന്‍ ആരോ തള്ളിയിട്ടപോലെ താഴെ വീണു കിടന്നു കരയാന്‍ തുടങ്ങി. ഞാന്‍ ഈശോക്ക് കൊടുത്ത ആദ്യത്തെ ക്വട്ടേഷന്‍ ഈ ധ്യാനത്തിലെങ്കിലും എന്റെ പേര് ഒന്ന് വിളിക്കണം എന്നായിരുന്നു.
ഏകദേശം ഇരുപതോളം താമസിച്ചുള്ള ധ്യാനങ്ങളില്‍ സംബന്ധിക്കാന്‍ ഈശോ അനുവദിച്ചിട്ടുണ്ട്. ഒരിക്കല്‍പ്പോലും ഈശോ എന്നെ മൈന്‍ഡ് ചെയ്യാത്തതാണ് എന്നെ നീരസപ്പെടുത്തിയത്. നിലത്തുവീണു കരയുന്ന ഞാന്‍ അടുത്ത സന്ദേശം ഇങ്ങനെ ശ്രവിച്ചു ”ഈ സമൂഹത്തില്‍നിന്നു ചിലരെ വചന പ്രഘോഷണത്തിനായി ഈശോ അഭിഷേകം ചെയ്യുന്നു. ഒരു മകളെ വിദേശ രാജ്യത്തു ശുശ്രൂഷക്കായി ഒരുക്കുന്നു!” നല്കിയിരുന്ന രണ്ടാമത്തെ ക്വട്ടേഷന്‍ എന്നെ വചനപ്രഘോഷകയാക്കണം എന്നതായിരുന്നു.
‘ഈശോയേ അതു ഞാന്‍ ആയിരിക്കണേ’ എന്ന് കണ്ണീരോടെ യാചിച്ചു.
ധ്യാനം അവസാനിച്ച ദിവസം ധ്യാനഹാളിന്റെ നടുവില്‍ അള്‍ത്താരയുടെ മുന്‍പില്‍ മാതാപിതാക്കളെയും കൂട്ടി ഞാന്‍ പോയി. എന്റെ കയ്യില്‍ വിശുദ്ധ ബൈബിള്‍ പിടിച്ചുകൊണ്ട് ഞാന്‍ ദൈവകരുണയുടെ ഛായാചിത്രത്തിന് മുന്‍പില്‍ മുട്ട് മടക്കി. മാതാപിതാക്കള്‍ എന്റെ ശിരസില്‍ കൈകള്‍ വച്ച് ഇപ്രകാരം പ്രാര്‍ത്ഥിച്ചു, ”ഈശോയേ അങ്ങ് ഞങ്ങള്‍ക്ക് ദാനമായി തന്ന ഈ മകളെ അങ്ങയുടെ സുവിശേഷപ്രഘോഷണത്തിനായി ഏല്പിച്ചു തരുന്നു. സ്വര്‍ഗത്തിനും ഭൂമിക്കും അനുഗ്രഹമാകത്തക്ക വിധം അനുഗ്രഹിക്കണമേ.”
വീട്ടില്‍ എത്തിയ അന്ന് രാത്രി ഒരു ഫോണ്‍ കോള്‍! ”നവംബര്‍ 13-ന് ദുബായില്‍ ഒരു ഗ്രൂപ്പില്‍ വചനം ഷെയര്‍ ചെയ്യാന്‍ വരാമോ?”
ഒരു വചനം പോലും മനപാഠമാക്കാന്‍ കഴിയാത്ത ഞാന്‍ ‘യെസ്’ പറഞ്ഞു. അവധി കഴിഞ്ഞു ദുബായില്‍ തിരിച്ചെത്തിയ ഞാന്‍ 2014 നവംബര്‍ 13-ന് ജീവിതത്തില്‍ ആദ്യമായി ഒരു ചെറിയ ഗ്രൂപ്പില്‍ ഈശോയെ പങ്കുവച്ചു. സഹനം എന്നതായിരുന്നു അന്നത്തെ വിഷയം. ”സൈന്യങ്ങളുടെ കര്‍ത്താവേ, ഈ ദാസിയുടെ സങ്കടം കണ്ട് അങ്ങ് എന്നെ അനുസ്മരിക്കണമേ! അങ്ങയുടെ ദാസിയെ വിസ്മരിക്കരുതേ!” (1 സാമുവല്‍ 1:11).
പിന്നീട് അനേകം ദൈവവചനങ്ങള്‍ പരിശുദ്ധാത്മാവ് പഠിപ്പിക്കാന്‍ തുടങ്ങി. 11 വര്‍ഷമായി ദുബായില്‍ ഈശോയെ പ്രഘോഷിക്കാന്‍ അവിടുന്ന് എന്നോട് കരുണ കാണിച്ചു. പന്ത്രണ്ടു വര്‍ഷങ്ങള്‍ രക്തസ്രാവക്കാരി അനേകരുടെ സഹായം പ്രതീക്ഷിച്ചു. ഒന്നും നടന്നില്ല. എന്നാല്‍ തൊടേണ്ടവനെ തൊട്ടപ്പോള്‍ പന്ത്രണ്ടു വര്‍ഷത്തെ രക്തസ്രാവം ഒരൊറ്റ നിമിഷത്തില്‍ നിന്നു. സുദീര്‍ഘമായ കാലങ്ങള്‍ നിന്നെ ക്ലേശിപ്പിച്ചത് യേശുവിന്റെ സ്പര്‍ശനത്താല്‍ പിടിച്ചു നിര്‍ത്തിയതുപോലെ നില്‍ക്കും.
”എനിക്കൊരു പുത്രനെ നല്‍കിയാല്‍ അവന്റെ ജീവിതകാലം മുഴുവന്‍ അവനെ ഞാന്‍ അങ്ങേക്കു പ്രതിഷ്ഠിക്കും” (1 സാമുവല്‍ 1:11). ഹന്നയുടെ ഈ പ്രാര്‍ത്ഥനയാല്‍ അവളുടെ അടഞ്ഞ ഗര്‍ഭപാത്രം തുറക്കപ്പെട്ടു. ദൈവഹിതത്തെ തിരിച്ചറിഞ്ഞുകൊണ്ടുള്ള ചില പ്രാര്‍ത്ഥനകള്‍. ദൈവം കേള്‍ക്കാന്‍ കൊതിക്കുന്ന ചില സ്‌നേഹസംഭാഷണങ്ങള്‍. അതിനു മുമ്പില്‍ നിന്റെ അടഞ്ഞ വാതിലുകള്‍ തുറന്നുവരും. ചലനമറ്റത് ചലിച്ചു തുടങ്ങും. അസാധ്യമായവ സാധ്യമാകും.
38 വര്‍ഷത്തെ തുടര്‍ച്ചയായ ആഗ്രഹവും പരിശ്രമവും. എന്നിട്ടും അതേ കുളക്കരയില്‍ കിടക്കുകയാണ് തളര്‍വാതരോഗി. നിന്റെ മുഴുവന്‍ പരിശ്രമവും ചെയ്തിട്ടും അവസ്ഥക്ക് മാറ്റം വരുന്നില്ലെങ്കില്‍ യേശുവിന്റെ ഇടപെടലുകള്‍ക്ക് സമയമായിരിക്കുന്നു. പ്രതികൂലങ്ങള്‍ തീവ്രമാകുമ്പോള്‍ ദൈവിക പ്രവൃത്തികളിലേക്കുള്ള ദൂരം കുറയുന്നു. ആരും കാണാത്ത ഒരു ദൈവിക ഇടപെടലിനു നാം സാക്ഷ്യം വഹിക്കും. വാര്‍ദ്ധക്യംവരെ പ്രാര്‍ത്ഥനകള്‍ക്കൊന്നും മറുപടിയില്ലാതിരുന്നിട്ടും ദൈവസന്നിധിയില്‍ വിശ്വസ്തരായി തുടര്‍ന്ന വൃദ്ധദമ്പതികളുടെമേല്‍ ദൈവികസമയത്ത് തുറന്നുവന്ന ദൈവപ്രവൃത്തിയാണ് സ്‌നാപകയോഹന്നാന്‍ എന്ന പേരില്‍ മരുഭൂമിയില്‍ യേശുവിനെ വിളിച്ചു പറഞ്ഞത്.
ദൈവപ്രവൃത്തിക്കായുള്ള കാലതാമസങ്ങളെ കാര്യമറിയാതെ ലോകം പല നിലകളില്‍ വ്യാഖ്യാനിക്കാം. അല്പം കൂടി കാത്തിരിക്കുക, ദൈവം നിനക്കുവേണ്ടി പ്രവര്‍ത്തിക്കും!
ആന്‍ മരിയ ക്രിസ്റ്റീന