
അമേരിക്കയില്‍നിന്ന് അവധിക്കാലം ആഘോഷിക്കാന്‍ ഇറ്റലിയില്‍ എത്തിയതായിരുന്നു ആ നാലംഗകുടുംബം. രണ്ടുമക്കളില്‍ ഒന്നാമത്തെ കുട്ടിയാണ് പന്ത്രണ്ട് വയസുള്ള നിക്കോളാസ്. താഴെയുള്ളത് എട്ടുവയസുള്ള ഒരു അനിയത്തിയും. അധികം തിരക്കില്ലാത്ത ഒരു റോഡിലൂടെയായിരുന്നു അവരുടെ യാത്ര. പെട്ടെന്ന് തീവ്രവാദികളുടെ ആക്രമണമുണ്ടായി. നിക്കോളാസിന് വെടിയേറ്റു. ആകെ തളര്‍ന്നുപോയ മാതാപിതാക്കളോട് അവന് മസ്തിഷ്കമരണമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരു ദൈവിക പ്രചോദനത്താല്‍ ശക്തരായിത്തീര്‍ന്ന അവര്‍ തങ്ങളുടെ പ്രിയപ്പെട്ട മകന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെ മരിച്ചുപോയ മകന്റെ, മരിക്കാത്ത അവയവങ്ങളിലൂടെ ഏഴുപേരെ പുതുജീവിതത്തിലേക്ക് നയിക്കാന്‍ അവര്‍ കാരണമായി.
ഒരു വര്‍ഷം കഴിഞ്ഞു. ആ ഏഴുപേരും നന്ദി അറിയിക്കാനായി ആ കുടുംബത്തെ തങ്ങളുടെ വീടുകളിലേക്ക് ക്ഷണിച്ചു. ഇത് വലിയ മാധ്യമശ്രദ്ധ നേടി. ആദ്യം ഹൃദയം സ്വീകരിച്ച പെണ്‍കുട്ടിയുടെ കുടുംബം അവരെ സ്വീകരിച്ചു. പിന്നീട് ബാക്കി ആറുപേരും. ഈ വാര്ത്തയോടുകൂടി അവയവദാനത്തിന് സന്നദ്ധരാകുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. ഈ പ്രതിഭാസത്തിന് മാധ്യമങ്ങള്‍ ‘നിക്കോളാസ് ഇഫക്ട്’ എന്ന് പേരു നല്കി.
കേവലം പന്ത്രണ്ടുവര്‍ഷം മാത്രമാണ് നിക്കോളാസ് ഈ ഭൂമിയില്‍ ഉണ്ടായിരുന്നത്. ഈ ചെറിയ ആയുസിനിടയില്‍ അവന് ചെയ്തതും മാതാപിതാക്കള്‍ അവനെ പഠിപ്പിച്ചതുമായ നന്മകളുടെ വെളിച്ചമാണ് കുറെ മനുഷ്യര്‍ക്ക് ജീവനായും ജീവിക്കാനുള്ള പ്രേരണയായും പ്രതിഫലിച്ചത്. അതായത് ‘നിക്കോളാസ് ഇഫക്ട്’ എന്നുപറയുന്നത് അവന്റെയുള്ളിലെ ‘ജീസസ് ഇഫക്ട്’-ന്റെ പ്രകടമായ ഒരു തലമായിരുന്നു. നമ്മെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ പ്രവൃത്തികളിലൂടെ ഉള്ളിലുള്ള ദൈവത്തെ പകര്‍ന്നുകൊടുക്കുക എന്നതാണ് ‘ജീസസ് ഇഫക്ട്’ കൊണ്ട് അര്‍ത്ഥമാക്കുന്നത്. തന്റെ ചെറിയ സ്പര്‍ശനങ്ങള്‍കൊണ്ടും വാക്കുകള്‍കൊണ്ടും ഒരുപാടുപേരുടെ ജീവിതങ്ങളെ മാറ്റിമറിച്ചവനാണ് ഈശോ എന്ന് നാം ഓര്‍ക്കണം.
എല്ലാ മനുഷ്യരുടെയും ഉള്ളില്‍ ഒരു ജീസസ് ഇഫക്ട് ഒളിഞ്ഞുകിടപ്പുണ്ട്. എന്നാല്‍ പലപ്പോഴും അത് തിരിച്ചറിയപ്പെടുന്നത് നമ്മുടെ മരണശേഷമായിരിക്കും. ഒരാള്‍ ഭൂമിയില്‍ എങ്ങനെ ജീവിച്ചുവെന്ന് മനസിലാകുന്നത് അയാളുടെ മരണത്തിനുശേഷം മാത്രമാണ്. കത്തോലിക്കാസഭയിലെ എണ്ണമറ്റ വിശുദ്ധരും ഇന്നും നടക്കുന്ന അത്ഭുതങ്ങളും അതിന് ഉദാഹരണമാണ്. ക്രിസ്തുപോലും തിരിച്ചറിയപ്പെടുന്നത് മരണത്തിനുശേഷമാണ്. ”ഈ മനുഷ്യന് തീര്‍ച്ചയായും നീതിമാനായിരുന്നു” (ലൂക്കാ 23:47).
ഏറ്റവും നന്നായി ജീവിക്കുന്നവര്‍ക്ക് അവിടുന്ന് കാത്തുവച്ചിരിക്കുന്ന നിത്യസമ്മാനത്തിന്റെ ഭൂമിയിലെ അടയാളങ്ങളാണ് നാം ചെയ്ത സത്പ്രവൃത്തികള്‍. ചില സമയങ്ങളില്‍ അപ്രതീക്ഷിത വഴികളിലൂടെയും കാണാത്ത വ്യക്തികളിലൂടെയും സംഭവിക്കുന്ന ദൈവിക ഇടപെടലുകള്‍പോലും നമ്മുടെ ‘ജീസസ് ഇഫക്ടി’ ന്റെ ഭാഗമാണ്.
കൊടുങ്കാറ്റിലും ഭൂകമ്പത്തിലും അഗ്നിയിലും ദൈവത്തെ തിരയുന്ന ഏലിയാ പ്രവാചകന് അവിടുത്തെ കണ്ടെത്തുന്നത് ഒരു മൃദുസ്വരത്തിലൂടെയാണ്. ”അഗ്നി അടങ്ങിയപ്പോള്‍ ഒരു മൃദുസ്വരം കേട്ടു. അപ്പോള്‍ ഏലിയാ മേലങ്കികൊണ്ട് മുഖം മറച്ചു” (1 രാജാക്കന്മാര് 19:12-13). ഏലിയാ പ്രവാചകന് ദൈവത്തെ തിരിച്ചറിഞ്ഞ മൃദുസ്വരംപോലെ നമ്മുടെ പ്രവൃത്തികള്‍കൊണ്ട് അപരന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമ്പോഴാണ് ‘ജീസസ് ഇഫക്ട്’ന്റെ പ്രാധാന്യമേറുന്നത്. വിശക്കുന്നവന് ആഹാരവും ദാഹിക്കുന്നവന് ജലവും നഗ്നന് വസ്ത്രവും നല്കുന്നതെല്ലാം ഇതില്‍പെടും. അങ്ങനെ വരുമ്പോള്‍ നമ്മുടെ ജീവിതവും മരണവും ഒരുപോലെ അനുഗൃഹീതമാകും.
”സ്വര്‍ഗരാജ്യം ഒരുവന് വയലില്‍ പാകിയ കടുകുമണിക്ക് സദൃശം. അത് എല്ലാ വിത്തിനെയുംകാള്‍ ചെറുതാണ്; എന്നാല്‍ വളര്‍ന്നു കഴിയുമ്പോള്‍ അത് മറ്റു ചെടികളെക്കാള്‍ വലുതായി, ആകാശപറവകള്‍ വന്ന് അതിന്റെ ശിഖിരങ്ങളില്‍ ചേക്കേറാന്‍ തക്കവിധം മരമായിത്തീരുന്നു” (മത്തായി 13:31-32). ദൈവത്തെ കണ്ടെത്താന്‍ സാധിക്കുന്ന ഏറ്റവും ചെറിയ വഴികളെ തിരിച്ചറിയാനും ആ വഴികളിലൂടെ സഞ്ചരിച്ച് മറ്റുള്ളവര്‍ക്ക് സാന്ത്വനമാകാനും ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. അങ്ങനെ ‘ജീസസ് ഇഫക്ട്’ എല്ലാവരിലുമുണ്ടാകട്ടെ.
ആന്സന് ജോസ്