പുതുവഴി തെളിയാന്‍… – Shalom Times Shalom Times |
Welcome to Shalom Times

പുതുവഴി തെളിയാന്‍…

സമുദ്രമത്സ്യഗവേഷണസ്ഥാപനത്തിലെ ജോലിയുമായി ബന്ധപ്പെട്ട് കുറെ ദിവസങ്ങള്‍ നീണ്ട കപ്പല്‍യാത്രയ്ക്ക് പോയ സമയം. അതിനിടയില്‍ ന്യൂനമര്‍ദത്തിലപ്പെട്ട കപ്പല്‍ മുങ്ങുമെന്ന അവസ്ഥ വരികയും പ്രാര്‍ത്ഥനയുടെ ബലത്തില്‍ രക്ഷപ്പെടുകയും ചെയ്ത സംഭവം എന്റെ മനസിനെ വല്ലാതെ ഉലച്ചിരുന്നു. കരയില്‍ ഒരു ജോലി വേണമെന്ന് തീവ്രമായ ആഗ്രഹം തോന്നിയത് അങ്ങനെയാണ്. തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. എന്തായാലും കപ്പല്‍യാത്ര നിര്‍ത്തി തിരികെ പോന്നിട്ട് ഒരു മാസം അവധിയുണ്ടായിരുന്നു. അത്രയും ദിവസം കണ്ണൂരിലുള്ള വീട്ടില്‍ നിന്നിട്ട് ഞാന്‍ വീണ്ടും കൊച്ചിയിലുള്ള ഓഫീസില്‍ എത്തി.

മുന്‍ദിവസങ്ങളില്‍ വന്ന എഴുത്തുകള്‍ മേശപ്പുറത്ത് കിടപ്പുണ്ട്. അതില്‍ ഒരു നീണ്ട കവറിലെ കയ്യക്ഷരം എനിക്ക് നല്ല പരിചയം. വേഗം എടുത്തു പൊട്ടിച്ചു. ഒരു കത്തും കൂട്ടത്തില്‍ ഒരു ആപ്ലിക്കേഷന്‍ ഫോമും ആണ്. കോഴിക്കോട് ദേവഗിരി കോളജിലെ മാനേജര്‍ അച്ചന്റെ കത്ത്. അവിടെ സുവോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരു ഒഴിവുണ്ട് എന്നതായിരുന്നു ഉള്ളടക്കം. വേഗംതന്നെ അവിടെയെത്തി അപേക്ഷ നല്‍കി. ഏതാനും നാളുകള്‍ക്കകം ദേവഗിരി കോളജില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിക്കാനും സാധിച്ചു. അങ്ങനെ കരയില്‍ ഒരു ജോലി വേണമെന്ന ആഗ്രഹം നിറവേറുകയായിരുന്നു. പക്ഷേ അധ്യാപനം ആദ്യം എനിക്ക് ഒട്ടും എളുപ്പമായിരുന്നില്ല. പക്ഷേ അവിടെ എന്നെ പഠിപ്പിച്ച ഗുരുനാഥന്മാരോടൊപ്പമായതുകൊണ്ട് വളരെ നല്ല പരിശീലനം കിട്ടി. അങ്ങനെ മൂന്നു വര്‍ഷങ്ങള്‍ കടന്നുപോയി.

അങ്ങനെയിരിക്കേ 1992-ല്‍ കൂത്തുപറമ്പ് നിര്‍മലഗിരി കോളേജിലെ സുവോളജി പ്രാക്ടിക്കല്‍ പരീക്ഷാഡ്യൂട്ടി എനിക്കായിരുന്നു ലഭിച്ചത്. അതിനായി ഞാന്‍ നിര്‍മലഗിരിയില്‍ എത്തി. പ്രിന്‍സിപ്പല്‍ അച്ചനെ കണ്ട് പരിചയപ്പെട്ടിട്ടാണ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് പോയത്. മൂന്നുദിവസമായിരുന്നു പരീക്ഷാഡ്യൂട്ടി. മൂന്നാം ദിവസം ഉച്ചകഴിഞ്ഞ് പരീക്ഷാഹാളിന് വെളിയില്‍ അച്ചന്‍ വന്ന് എന്നെ കൈകാട്ടി വിളിച്ചു. ”സാര്‍ വൈകുന്നേരം പോകുന്നതിനുമുമ്പ് എന്നെ ഒന്ന് കാണണം.”

പരീക്ഷ കഴിഞ്ഞ് ഞാന്‍ ഓഫീസില്‍ എത്തി. അച്ചനുമായി വിശദമായി പരിചയപ്പെട്ടു. എന്നോട് വളരെ സ്‌നേഹപൂര്‍വം അദ്ദേഹം ഒരു കാര്യം പറഞ്ഞു. സാറേ, ഞങ്ങള്‍ക്കിവിടെ സയന്‍സ് വിഭാഗത്തില്‍ ഡോക്ടറേറ്റ് ഉള്ള ഒരു അധ്യാപകനെ വേണമെന്നുണ്ട്. സാറിന്റെ വീട് ഇവിടെ അടുത്തല്ലേ. ഇവിടെ ഒരു അവസരം കിട്ടിയാല്‍ പോരാന്‍ താല്‍പര്യം ഉണ്ടോ?”
ദേവഗിരിയില്‍നിന്ന് എനിക്ക് ആഴ്ചയുടെ അവസാനമേ വീട്ടില്‍ വരാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ ഇവിടെയാണെങ്കില്‍ ദിവസവും വീട്ടില്‍ വരാന്‍ സാധിക്കും. ഞാന്‍ പൂര്‍ണ മനസോടെ സമ്മതം മൂളി. ഒരു മാസത്തിനകം നിര്‍മലഗിരി കോളജില്‍ സുവോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരു ലീവ് വേക്കന്‍സി ഉണ്ടെന്ന് പത്രത്തില്‍ പരസ്യം വന്നു. ഞാന്‍ അപേക്ഷ നല്കി. ആ അവസരം എനിക്ക് ലഭിച്ചു. കുറച്ചുനാള്‍ കഴിഞ്ഞപ്പോഴേക്കും ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായ സ്ഥിരമായ ഒഴിവിലേക്ക് എന്നെ മാറ്റി നിയമിക്കുകയും ചെയ്തു.

ജീവിതത്തിലേക്കൊന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാവുന്നു. ദൈവത്തിന്റെ തീരുമാനങ്ങളില്‍ പിഴവുകള്‍ സംഭവിക്കുകയില്ല, തീര്‍ച്ച. കപ്പലില്‍വച്ചുണ്ടായ ദുരനുഭവത്തിന്റെ അസ്വസ്ഥതനിമിത്തമാണ് ഞാന്‍ കരയില്‍ ഒരു ജോലിക്കായി പ്രാര്‍ത്ഥിച്ചത്. അല്ലെങ്കില്‍ ദൈവഹിതമനുസരിച്ച് എനിക്ക് നിശ്ചയിക്കപ്പെട്ട ജോലിയ്ക്കായി ഞാന്‍ ആഗ്രഹിക്കുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്യുകയില്ലായിരുന്നു. ”അനര്‍ത്ഥങ്ങളില്‍നിന്ന് അവിടുന്നെന്നെ രക്ഷിക്കുന്നു; രക്ഷകൊണ്ട് എന്നെ പൊതിയുന്നു. ഞാന്‍ നിന്നെ ഉപദേശിക്കാം, നീ നടക്കേണ്ട വഴി കാണിച്ചുതരാം; ഞാന്‍ നിന്റെമേല്‍ ദൃഷ്ടിയുറപ്പിച്ച് നിന്നെ ഉപദേശിക്കാം” (സങ്കീര്‍ത്തനങ്ങള്‍ 32:7-8).

അവിടുന്ന് ഹൃദയത്തില്‍ പകര്‍ന്നുതന്ന ആഗ്രഹം പ്രാര്‍ത്ഥനയായി ഉയര്‍ത്തിയപ്പോള്‍ എനിക്ക് അതിവേഗംതന്നെ ഉത്തരം ലഭിച്ചു. അതിലുമുപരി, നാളുകള്‍ക്കകം വീടിനടുത്തുതന്നെ അതേ അധ്യാപനജോലി ഒരുക്കി ജീവിതം ക്രമീകരിച്ചുതന്നു. അവിടുത്തേക്ക് എത്രമാത്രം നന്ദി പറഞ്ഞാലും തീരുകയില്ല.
ജീവിതത്തിലെ പ്രതികൂലങ്ങളില്‍ വര്‍ധിച്ച ദൈവാശ്രയത്തോടെ പ്രാര്‍ത്ഥിക്കുക. ”ദൈവഭക്തര്‍ ആപത്തില്‍ അവിടുത്തോട് പ്രാര്‍ത്ഥിക്കട്ടെ; കഷ്ടത കരകവിഞ്ഞ് ഒഴുകിയാലും അത് അവരെ സമീപിക്കുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 32:6) എന്ന് ദൈവവചനം ഉറപ്പുതരുന്നു. പ്രാര്‍ത്ഥിക്കുമ്പോള്‍ ആ കഷ്ടതയ്ക്കുമുകളില്‍ കര്‍ത്താവ് ഒരുക്കിയിരിക്കുന്ന ഉപരിനന്മകള്‍ കാണാന്‍ നമ്മുടെ കണ്ണുകള്‍ തുറന്നുകിട്ടും. പ്രതിസന്ധികള്‍ ഒരിക്കലും അവസാനമല്ല, പുതിയ വഴികളുടെ ആരംഭം കുറിക്കലാണ്.

ഡോ. ജോസ്‌ലെറ്റ് മാത്യു