
കൂട്ടുകാരിയും ഞാനും ഒന്നിച്ച് ഒരു സെമിനാറില്‍ പങ്കെടുക്കുന്ന സമയം. ഒരു ദിവസത്തെ ക്ലാസ്സിലെ പ്രധാനവിഷയം ടീനേജ് പ്രായക്കാരുടെ ഇടയില്‍ ലൈംഗികതയിലൂടെ പകരുന്ന രോഗങ്ങള്‍ എങ്ങനെ തടയാം, എങ്ങനെ ചികിത്സിക്കാം എന്നായിരുന്നു. നല്കുന്ന മാര്‍ഗങ്ങളില്‍ ആത്മസംയമനം, ഏകപങ്കാളി, ചാരിത്ര്യശുദ്ധി എന്നൊന്നുമുള്ള കാര്യങ്ങളേ ഇല്ല. അന്നത്തെ അത്താഴസമയത്ത് അതിനെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിച്ചത്.
പ്രൊട്ടസ്റ്റന്റ് വിശ്വാസിനിയായ അവള്‍ പറഞ്ഞു: ”നിനക്കറിയില്ലേ, ഇതു ലോകാവസാനം ആകുന്നതിന്റെ ലക്ഷണം ആണെന്ന്.”
ഞാന്‍ പറഞ്ഞു: ”അപ്പോള്‍ നമ്മള്‍ കൂടുതല്‍ ജാഗ്രതയോടെ ഇരിക്കണം എന്നും കൂടുതല്‍ നന്മകള്‍ ചെയ്യണം എന്നുമാണ് കത്തോലിക്കാതിരുസഭ പഠിപ്പിക്കുന്നത്.”
അടുത്ത ചോദ്യം ഉടനെ വന്നു, ”നീ നിന്റെ സ്വന്തം കുട്ടികളോട് എന്താ പറയുന്നത്, അവര്‍ മുന്‍കരുതല്‍ എടുക്കരുത് എന്നോ? അതോ അവര്‍ക്ക് അങ്ങനെ ഒരസുഖം പകര്‍ന്നാല്‍ ഒരു വിഷമവും ഉണ്ടാകില്ലേ, അത്രയ്ക്ക് ക്രൂരയാണോ നീ?”
ഞാന്‍ ഞെട്ടിപ്പോയി അവളുടെ വീര്യം കണ്ടിട്ട്. നല്ല ‘കലിപ്പു’ണ്ട് എന്ന് മുഖം കാണുമ്പോള്‍ അറിയാം.
ഞാന്‍ ഒരു നിമിഷം ഉള്ളില്‍ പ്രാര്‍ഥിച്ചു, ”വിശുദ്ധ ജോണ്‍ പോള്‍ പാപ്പ, അങ്ങ് പഠിപ്പിച്ച ‘ശരീരത്തിന്റെ ദൈവശാസ്ത്ര’ (TOB Theology of the Body) ത്തിലെ ഇവള്‍ക്ക് ആവശ്യമുള്ള പഠനങ്ങള്‍ എന്റെ നാവിലൂടെ വരാനും അവളുടെ ഹൃദയം തുറക്കാനും എനിക്കായി പ്രാര്‍ഥിക്കാമോ?”
ഞാന്‍ പറഞ്ഞുതുടങ്ങി: ”കുഞ്ഞുങ്ങളോട് അവര്‍ രണ്ടോ മൂന്നോ ക്ലാസ് എത്തുമ്പോഴേ ഞാന്‍ ചെറിയ തോതില്‍ കുടുംബജീവിതത്തെക്കുറിച്ച് പറഞ്ഞുകൊടുക്കും. അത് ദൈവം സൃഷ്ടിച്ചിട്ടുള്ള, ഏറ്റവും മനോഹരമായ ഒരു സംവിധാനമാണെന്ന കാര്യം ഓര്‍മ്മിപ്പിക്കും. ആദത്തിന്റെയും ഹവ്വയുടെയും സൃഷ്ടി കഴിഞ്ഞു ഭൂമിയില്‍ നടന്നിട്ടുള്ള എല്ലാ മനുഷ്യസൃഷ്ടിയും ദൈവം നടത്തിയത്, പുരുഷനിലൂടെയും സ്ത്രീയിലൂടെയും ആണ്. സ്വന്തം പുത്രനെ ഭൂമിയിലേക്ക് അയക്കാന്‍ മറ്റനേകം വഴികളുണ്ടായിരുന്നില്ലേ? അപ്പോഴാണ് വിശുദ്ധ ഗബ്രിയേലിനെ വിട്ടു മറിയത്തില്‍നിന്നും അനുവാദം വാങ്ങി വചനം മാംസമാകുന്ന യേശുവിനെ അയച്ചത്. അപ്പോഴും, ഉറപ്പിച്ചു വച്ചിരിക്കുന്ന മറിയത്തിന്റെ വിവാഹം മുടങ്ങിപ്പോകാതെ ജോസഫിന്റെ സ്വപ്‌നത്തില്‍ ദര്‍ശനം കൊടുത്തു. അത്രമാത്രം കുടുംബത്തെ സ്‌നേഹിക്കുന്ന ദൈവത്തിന്, ഇത്തരം ലൈംഗിക അരാജകത്വം സഹിക്കാന്‍ കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?”
അവള്‍ പറഞ്ഞു: ”പക്ഷേ മക്കള്‍ നമ്മുടെ കൂടെയില്ലല്ലോ, അവര്‍ക്ക് പ്രലോഭനങ്ങള്‍ വരില്ലേ. അവര്‍ക്ക് നമ്മെപ്പോലെ ആത്മസംയമനം കിട്ടണം എന്ന് വാശി പിടിക്കല്ലേ.”
പെട്ടെന്ന് മനസില്‍ വന്നത് വിരക്തി എന്ന പുണ്യമാണ്. ഞാന്‍ പറഞ്ഞു: ”അതിനാണ് കത്തോലിക്കാ സഭയും മറ്റു ശ്ലൈഹികപരമ്പര്യമുള്ള സഭകളും നോമ്പ് അനുഷ്ഠിക്കാന്‍ പഠിപ്പിക്കുന്നത്. നമ്മള്‍ ഇന്നലെ അത്താഴം കഴിക്കാന്‍ പോയപ്പോള്‍, മാംസാഹാരം ഒഴിവാക്കിയില്ലേ? നിനക്ക് തോന്നുന്നോ, കര്‍ത്താവിനെ ബോധിപ്പിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ നോമ്പും വെള്ളിയാഴ്ച മാംസവര്‍ജനവും ഉപവാസവും ഒക്കെ എടുക്കുന്നത് എന്ന്?”
”പിന്നെ എന്തിനാണ്?” അവള്‍ ചോദിച്ചു.
”നീ മാരത്തോണിന് തയ്യാറെടുക്കുമ്പോള്‍, ഒറ്റയടിക്ക് നിനക്ക് 5000 മീറ്റര്‍ ഓടാന്‍ സാധിക്കുമോ?”
പെട്ടെന്നുതന്നെ മറുപടി വന്നു, ”ഇല്ല, ഞാന്‍ മാസങ്ങള്‍ ഓടി പ്രാക്ടീസ് എടുത്തിട്ടാണ് ഇത്തവണയും മാരത്തോണ്‍ ഓടിയത്. അല്ലെങ്കില്‍ എന്റെ ഹൃദയവും പേശികളും ഒന്നും സഹകരിക്കില്ല, വീണുപോകും.”
”ശരിയാണ്, അങ്ങനെതന്നെയാണ് നമ്മുടെ ആത്മാവിന്റെ അവസ്ഥയും. ഒറ്റയടിക്ക് അഭ്യസിക്കാനാവില്ല ഒരു പുണ്യവും. ചെറുപ്പത്തില്‍ നോമ്പ് നോക്കുമ്പോള്‍, ഏതാണ്ട് നാല് വയസില്‍ത്തന്നെ, ഞാന്‍ കുഞ്ഞുങ്ങളോട് അവരുടെ ഏറ്റവും ഇഷ്ടപ്പെട്ട മധുരം ഒഴിവാക്കാന്‍ പറയും. പിന്നെ എല്ലാ വര്‍ഷവും കുറച്ചുകൂടി ബുദ്ധിമുട്ടുള്ള കാര്യം ഒഴിവാക്കാന്‍ പ്രേരിപ്പിക്കും.
അത് ചിലപ്പോള്‍, ടിവി സമയം, ഐപാഡ് ഒക്കെയാകാം. വെള്ളിയാഴ്ചകളില്‍ മാംസം വര്‍ജിക്കാന്‍ പഠിപ്പിക്കും. നോമ്പുകാലത്ത് പാര്‍ട്ടികള്‍ക്ക് പോകുന്നത് പരമാവധി ഒഴിവാക്കും. കൂടാതെ, ദേഷ്യം കുറയ്ക്കുക, മറ്റു കുട്ടികള്‍ ചെറിയ വഴക്കുണ്ടാക്കിയാലും നിശബ്ദത പാലിക്കുക… ഇങ്ങനെ ചെറിയ ചെറിയ പുണ്യങ്ങള്‍ ചെയ്ത് പരിശീലനം നേടും. അതിലൂടെ, 14-15 വയസ്സില്‍ ഹോര്‍മോണുകളുടെ ഒരു ‘പൊട്ടിത്തെറി’ നടക്കുന്ന സമയമാകുമ്പോഴേക്കും, ഈ ലോകത്തിലെ പ്രലോഭനങ്ങള്‍ നേരിടാന്‍ ഈശോ അവരെ ഒരുക്കും.”
അവള്‍ സാകൂതം കേട്ടിരുന്നു. ഞാന്‍ തുടര്‍ന്നു, ”ഇതോടൊപ്പം തിരുസഭ ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന വേറൊരു മഹത്‌സമ്മാനം ഉണ്ട്, ജീവിതവിശുദ്ധി കാത്തു സൂക്ഷിക്കാന്‍ വേണ്ടി!
”അതെന്താ?” അവള്‍ ജിജ്ഞാസയോടെ എന്നെ നോക്കി.
ഞാന്‍ തുടര്‍ന്നു: ”ഞാന്‍ കഴിഞ്ഞ ദിവസം നിന്നോട് പറഞ്ഞതുതന്നെ. ജപമാല മണികള്‍ ഉരുട്ടി, പരിശുദ്ധ അമ്മയുടെ കൈകള്‍ പിടിക്കാന്‍. അമ്മയാണ് സ്വര്‍ഗത്തിലെ നമ്മുടെ സ്വന്തം അഡ്വക്കേറ്റ്.”
അമ്മയുടെ പേര് കേള്‍ക്കുമ്പോഴേ അവളുടെ മുഖം ദേഷ്യം കൊണ്ട് നിറയുന്നത് കാണാം. എങ്കിലും അവള്‍ എന്നോട് ചോദിച്ചു: ”നിന്റെ കത്തോലിക്കാ സഭയിലെ ആരുംതന്നെ ഇതുവരെ വിവാഹത്തിന് മുന്‍പ് ആത്മസംയമനം മുറിച്ചിട്ടില്ല എന്നാണോ?”
ഞാന്‍ പറഞ്ഞു: ”വിവാഹത്തിന് മുമ്പ് അബദ്ധ ബന്ധങ്ങളില്‍ ചെന്ന് ചാടിയ അനവധി പേര്‍ കത്തോലിക്കാ സഭയില്‍ ഉണ്ട്, അഗസ്റ്റിനെപ്പോലുള്ള വിശുദ്ധര്‍ വരെ. നമ്മള്‍ എല്ലാം ബലഹീനരായ മനുഷ്യരാണെന്ന് ഓര്‍ക്കാം.”
”അങ്ങനെയുള്ളവരെ നിങ്ങളുടെ സഭ പുറത്താക്കും എന്നാണല്ലോ ഞാന്‍ കേട്ടിട്ടുള്ളത്,” അവള്‍ ചോദിച്ചു.
”പുറത്താക്കുകയല്ല, കൂദാശവിലക്ക് ഏര്‍പ്പെടുത്തും. ആ വ്യക്തിയെ ശിക്ഷിക്കാനല്ല, രക്ഷിക്കാന്‍ വേണ്ടി മാത്രം.”
”അതെങ്ങനെ?”
ഞാന്‍ ഒരു ദീര്‍ഘശ്വാസം എടുത്തുകൊണ്ട് തുടര്‍ന്നു, ”എത്ര മാരകപാപം ചെയ്താലും തിരിച്ചുവരാനുള്ള വിശാലമായ ഒരു വാതിലുണ്ട് സഭയ്ക്ക്. ആ വലിയ വാതിലിന്റെ പേരാണ് വിശുദ്ധ കുമ്പസാരം. എത്ര വലിയ പാപം ചെയ്താലും എനിക്ക് നല്ല മനസ്താപമുണ്ടെങ്കില്‍ വിശുദ്ധ കുമ്പസാരത്തില്‍ ഈശോയുടെ പ്രതിനിധിയായ കത്തോലിക്ക പുരോഹിതനോട് ഏറ്റു പറഞ്ഞ്, പുരോഹിതന്‍ നിര്‍ദ്ദേശിക്കുന്ന പാപപരിഹാരം ചെയ്താല്‍, ഏറ്റവും നിഷ്‌കളങ്ക വ്യക്തിയുടെ മനസ്സോടെ വിശുദ്ധ കുര്‍ബ്ബാനയെ സമീപിക്കാന്‍ സാധിക്കും!”
അവള്‍ എന്തോ വലിയ അത്ഭുതം കേട്ടതുപോലെ എന്നെ നോക്കി. ഒരു വചനം പറഞ്ഞു ഞാന്‍ അന്നത്തെ സംവാദം നിര്‍ത്തി: ”ദൈവത്തിന് ഒന്നും അസാധ്യമല്ല” (ലൂക്കാ 1:37).
പീഡിയാട്രിക് നഴ്‌സ് പ്രാക്ടീഷനര്‍ ആയി സേവനം ചെയ്യുന്ന സില്‍വി ടെക്‌സസിലെ കോപ്പെല്‍ സെയ്ന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ ഇടവകാംഗമാണ്. വര്‍ഷങ്ങളായി കാത്തലിക് പോഡ്കാസ്റ്റുകള്‍ ചെയ്യാറുണ്ട്. ഭര്‍ത്താവും മൂന്ന് മക്കളുമടങ്ങുന്നതാണ് കുടുംബം.
സില്‍വി സന്തോഷ്, യു.എസ്.