കാക്കകളിലൂടെയും കരുതുന്ന ദൈവം – Shalom Times Shalom Times |
Welcome to Shalom Times

കാക്കകളിലൂടെയും കരുതുന്ന ദൈവം

ഇസ്രായേലില്‍ മൂന്നര വര്‍ഷത്തെ കഠിനവരള്‍ച്ചയുടേതായ ഒരു കാലഘട്ടം. ദൈവത്തെ മറന്ന് ഹീനപ്രവൃത്തികള്‍ ചെയ്ത് ദൈവവഴി വിട്ടോടിയ ഇസ്രായേല്യരെ മാനസാന്തരത്തിലേക്കു നയിക്കുവാന്‍ ഏലിയാ പ്രവാചകന്‍ ദൈവത്തോട് ചോദിച്ചുവാങ്ങിയതാണ് ഈ കൊടിയ വരള്‍ച്ച. വരള്‍ച്ചയുടെ ആധിക്യത്തില്‍ പ്രവാചകനും അന്നം മുട്ടി. കരുതുന്ന ദൈവം ഏലിയായോടു പറഞ്ഞു, നീ പുറപ്പെട്ട് ജോര്‍ദാന് സമീപമുള്ള കെറീത്ത് അരുവിയുടെ കരയില്‍ പോയി ഒളിച്ചു താമസിക്കുക. അവിടെ നിനക്ക് ഭക്ഷണം തരാന്‍ ഞാന്‍ കാക്കകളോട് കല്പിച്ചിട്ടുണ്ട്.

”കാക്കകള്‍ കൊണ്ടുവരുന്ന ഭക്ഷണം കഴിച്ചും അരുവിയിലെ ജലം കുടിച്ചും ഏലിയാ കുറെയേറെ നാള്‍ കഴിഞ്ഞുകൂടി. ദൈവത്തിന്റെ പരിപാലന ആവോളം ആസ്വദിച്ച് ദൈവത്തെ സ്തുതിച്ചു മഹത്വപ്പെടുത്തി.
ഏലിയായെ കരുതി പോറ്റാന്‍ എന്തുകൊണ്ടാണ് ദൈവം കാക്കകളെ ഏര്‍പ്പാടാക്കിയത്? ശുദ്ധിയുള്ള മറ്റു പക്ഷികള്‍ അക്കാലത്തുണ്ടായിരുന്നുവല്ലോ. കാണുന്നതെന്തും അത് അപ്പമാകട്ടെ, ചീഞ്ഞളിഞ്ഞതെന്തുമാകട്ടെ കൊത്തിവലിച്ചു വിഴുങ്ങുന്ന വൃത്തിയില്ലാത്ത ഒരു പക്ഷിയാണ് കാക്ക. അതുകൊണ്ടുതന്നെ കാക്കയെ ആരുംതന്നെ ഇഷ്ടപ്പെടാറുമില്ല.

മുറ്റത്തെങ്ങാനും ഒരു കാക്ക വന്നിരുന്ന് കാ കാ എന്നു ശബ്ദിച്ചാല്‍ നാമതിനെ ഓടിച്ചുകളയും. എന്നാല്‍ മനുഷ്യരെല്ലാം ആട്ടിപ്പായിച്ചു കളയുന്ന, ശുദ്ധിയില്ലാത്ത പക്ഷിയായ കാക്കയെ ആണ് തന്റെ കരുതലിന്റെ ഭക്ഷണം ഏലിയായ്ക്ക് എത്തിച്ചുകൊടുക്കുവാന്‍ ദൈവം ഉപയോഗിച്ചത്. തിരഞ്ഞെടുത്ത് ഉയര്‍ത്തുന്ന ദൈവത്തിന്റെ കരുതല്‍! അതല്ലാതെ ഇതേക്കുറിച്ച് എന്തുപറയാന്‍.

ചിലന്തിവലയിലും ദൈവത്തിന്റെ കരുതല്‍!
ചിലന്തിയെ നമ്മളാരുംതന്നെ ഒട്ടും ഇഷ്ടപ്പെടാറില്ല. വീടിന്റെ ഭിത്തിയിലെങ്ങാനും ഒരു ചിലന്തിവല കണ്ടാല്‍ നമ്മളത് ഉടന്‍ തുടച്ചുമാറ്റും. എന്നാല്‍ ദൈവത്തിന്റെ അഭിഷിക്തനായ ദാവീദ് രാജാവിനെ രക്ഷിക്കാന്‍ ദൈവം ഉപകരണമാക്കിയത് ഒരു കാട്ടുചിലന്തിയെയും അതു കെട്ടിയ വലയെയുമാണ്. അസൂയാലുവായ സാവൂള്‍ രാജാവ് ദാവീദിനെ വധിക്കുവാനായി തന്റെ സൈന്യത്തോടൊപ്പം പിന്തുടര്‍ന്ന് ഓടിക്കുകയായിരുന്നു. കാട്ടിലൂടെ പ്രാണഭീതിയോടെ ഓടുന്ന ദാവീദ് പോയ വഴിയില്‍ ഒരു ഗുഹ കണ്ടു. അവനതില്‍ കയറി ഒളിച്ചിരുന്നു.

ദാവീദ് ഗുഹയില്‍ കയറിയ ഉടന്‍തന്നെ ഗുഹാമുഖത്തുണ്ടായിരുന്ന ഒരു ചിലന്തിയോട് ദൈവം കല്പിച്ചു. അത് ഞൊടിയിടകൊണ്ട് ഗുഹയുടെ പ്രവേശന കവാടത്തില്‍ സുന്ദരമായ ഒരു വല കെട്ടി. ദാവീദിനെ പിന്തുടര്‍ന്ന സാവൂള്‍ ഗുഹാമുഖത്ത് ചിലന്തി കെട്ടിയ വല കണ്ട് ആരും അതില്‍ പ്രവേശിച്ചിട്ടില്ലായെന്ന് തെറ്റിദ്ധരിച്ച് അതിനെ കടന്നുപോയി. ഇവിടെ ദാവീദിന്റെ പ്രാണന്‍ രക്ഷിച്ചത് ദൈവം നിയോഗിച്ച ആ ചിലന്തിയാണ്. അവഗണിക്കപ്പെട്ടതിനെയും ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനെയും നാം ശല്യമായി കരുതുന്നതിനെയുമെല്ലാം ഉയര്‍ത്തി നമ്മുടെ രക്ഷയ്ക്കായി പരിണമിപ്പിക്കുന്ന ദൈവത്തിന്റെ കരുതല്‍.

പ്രത്യാശ നശിച്ച വിധവ
കൊടിയ വരള്‍ച്ചയുടെ കാലത്ത് കെറീത്ത് അരുവിയിലെ വെള്ളം വറ്റുകയും അപ്പം കൊണ്ടുവരുന്ന കാക്കയുടെ വരവ് നിലയ്ക്കുകയും ചെയ്തപ്പോള്‍ ദൈവം ഏലിയായെ സംരക്ഷിക്കാന്‍ നിയോഗിച്ചത് സീദോനിലെ സറേഫാത്തിലുള്ള ഒരു വിധവയെയാണ്. ഈ വിധവയാകട്ടെ അതീവ ദരിദ്രയും ജീവിക്കാനുള്ള പ്രത്യാശ നശിച്ച തന്റെ മകനോടൊപ്പം ആത്മഹത്യ ചെയ്യാന്‍ നിശ്ചയിച്ചുറപ്പിച്ചവളുമായിരുന്നു. തനിക്ക് ഭക്ഷിക്കാന്‍ ഏലിയാ ഒരു അപ്പം ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു, ”എന്റെ കൈയില്‍ അപ്പമില്ല.

ആകെയുള്ളത് ഒരുപിടി മാവും ഭരണിയില്‍ അല്പം എണ്ണയുമാണ്. ഞാന്‍ രണ്ട് ചുള്ളിവിറക് പെറുക്കുകയാണ്. ഇതുകൊണ്ടുചെന്ന് അപ്പമുണ്ടാക്കി എനിക്കും എന്റെ മകനും കഴിക്കണം. പിന്നെ ഞങ്ങള്‍ മരിക്കും” (1രാജാക്കന്‍മാര്‍ 17/12). നോക്കണേ… നാളെ ജീവിക്കാമെന്നുള്ള അവസാനത്തെ പ്രത്യാശപോലും അറ്റുപോയ ഒരുവളെയാണ് പ്രത്യാശയുടെ പ്രവാചകനെ പോറ്റാന്‍ ദൈവം തിരഞ്ഞെടുത്തത്. ഒന്നുമില്ലായ്മയെ തിരഞ്ഞെടുക്കുന്ന ദൈവത്തിന്റെ വഴികള്‍!

സൂസന്നയുടെ ദൈവം
ദാനിയേല്‍ 13-ാം അധ്യായം. നിഷ്‌കളങ്കയായ സൂസന്ന വ്യഭിചാരക്കുറ്റം ആരോപിക്കപ്പെട്ട് വിചരണ ചെയ്യപ്പെടാതെ കൊലക്കളത്തിലേക്ക് വലിച്ചിഴക്കപ്പെട്ടപ്പോള്‍ അവള്‍ തന്റെ സര്‍വശക്തിയും ഉപയോഗിച്ച് ഇസ്രായേലിന്റെ പരിശുദ്ധനായ ദൈവത്തെ വിളിച്ച് കരഞ്ഞപേക്ഷിച്ചു. ദൈവം അവളെ രക്ഷിക്കുവാന്‍വേണ്ടി നിയോഗിച്ചത് ദാനിയേല്‍ എന്ന ഏഴുവയസുകാരന്റെ നിഷ്‌കളങ്കമായ ആത്മാവിനെയാണ്. ദൈവാത്മാവിനാല്‍ പ്രേരിതനായി അവന്‍ വിളിച്ചുപറഞ്ഞു, ”ഈ നിഷ്‌കളങ്ക രക്തത്തില്‍ എനിക്കു പങ്കില്ല.

” എല്ലാവരും അവനെ തുറിച്ചുനോക്കി ചോദിച്ചു, നീ എന്താണ് പറഞ്ഞത്? അനന്തരം നിഷ്‌കളങ്കയായ സൂസന്നയില്‍ വ്യഭിചാരക്കുറ്റം ആരോപിച്ച് അവളെ കൊലക്കളത്തിലേക്ക് നയിച്ച ജനത്തിന്റെ ശ്രേഷ്ഠന്മാരെ അവന്‍ ഒറ്റയ്ക്ക് വിചാരണ ചെയ്ത് അവര്‍ കള്ളസാക്ഷ്യം പറഞ്ഞിരിക്കുന്നുവെന്ന് തെളിയിച്ച്, അവരെ കൊലക്കളത്തിലേക്ക് നയിക്കുകയും നിഷ്‌കളങ്കയായ സൂസന്നയെ വീരോചിതമായി രക്ഷപെടുത്തുകയും ചെയ്യുന്നു. അനേകം ശ്രേഷ്ഠന്മാരും ജ്ഞാനികളുമുണ്ടായിരുന്ന ഇസ്രായേലില്‍ നിഷ്‌കളങ്കയായ ഇസ്രായേല്‍ പുത്രിക്ക് നീതി നടത്തിക്കൊടുക്കുവാന്‍ ഈ ഏഴുവയസായ ബാലനേ ഉണ്ടായിരുന്നുള്ളുവോ?

ബലഹീനരെയും അശക്തമായവരെയും തിരഞ്ഞെടുക്കുന്ന ദൈവത്തിന്റെ വഴികള്‍! ”വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ ഭോഷന്മാരായവരെ ദൈവം തിരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ അശക്തമായവയെയും. നിലവിലുള്ളവയെ നശിപ്പിക്കാന്‍ ലോകദൃഷ്ട്യാ നിസാരങ്ങളായവയെയും അവഗണിക്കപ്പെട്ടവയെയും ഇല്ലായ്മയെത്തന്നെയും ദൈവം തിരഞ്ഞെടുത്തു. ദൈവസന്നിധിയില്‍ ആരും അഹങ്കരിക്കാതിരിക്കാനാണ് ദൈവം ഇപ്രകാരം ചെയ്തത് (1 കോറിന്തോസ് 1/27-29).

പിതാവിന്റെ ഹൃദയത്തിലില്ലാത്തവന്‍
ദാവീദിനെക്കുറിച്ച് ദൈവം പറയുന്നു, ”ജസെയുടെ പുത്രനായ ദാവീദില്‍ എന്റെ ഹൃദയത്തിനിണങ്ങിയ ഒരു മനുഷ്യനെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു” (അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 13/22). പക്ഷേ ദൈവത്തിന്റെ ഹൃദയത്തിലുള്ള ഈ മകന്‍ പിതാവായ ജസെയുടെ ഹൃദയത്തിലില്ലായിരുന്നു. ദൈവം അഭിഷേകതൈലവും കുഴലില്‍ നിറച്ച് ജസെയുടെ ഭവനത്തിലേക്ക് സാമുവല്‍ പ്രവാചകനെ അയക്കുമ്പോള്‍ ജസെ തന്റെ എട്ടുപുത്രന്മാരില്‍ ഏഴുപേരെയും സാമുവലിന്റെ അടുത്തേക്ക് നയിക്കുന്നു.

എന്നാല്‍ എട്ടാമനായ ദാവീദിനെക്കുറിച്ച് ഒരു വാക്കു മിണ്ടുകപോലും ചെയ്യുന്നില്ല. എന്നാല്‍ ദൈവം ഈ ഏഴുപുത്രന്മാരെയും തിരസ്‌കരിച്ചു. ആടിനെ മേയ്ച്ചുനടന്നിരുന്ന ഇളയപുത്രനായ ദാവീദിനെ സാമുവലിന്റെ നിര്‍ദേശപ്രകാരം ആളയച്ചുവരുത്തി. ദൈവം അവനെ ശിരസില്‍ അഭിഷേകതൈലം ഒഴുക്കി രാജാവായി അഭിഷേകം ചെയ്തു (1 സാമുവല്‍ 16/1-13).

ഉറ്റവരാലും ഉടയവരാലും വേണ്ടപ്പെട്ടവരാലും അവഗണിക്കപ്പെടുകയും മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്നവരായിരിക്കാം നമ്മളില്‍ പലരും. അവരുടെ ആരുടെയും ഹൃദയത്തില്‍ നാം ഇല്ലെങ്കിലും ദൈവത്തിന്റെ ഹൃദയത്തില്‍ നാം ഉണ്ടാകും. ദാവീദിനെ ഉയര്‍ത്തിയ ദൈവം നമ്മെയും ഉയര്‍ത്തും.

ദൈവത്തിന്റെ തിരഞ്ഞെടുപ്പ് പുതിയ നിയമത്തിലും
”അവിടുന്ന്… ശക്തന്മാരെ സിംഹാസനത്തില്‍നിന്നും മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി” (ലൂക്കാ 1/50-51). ദൈവപുത്രനായ യേശുവിന്റെ അമ്മയായ മറിയത്തിന്റെ തിരഞ്ഞെടുപ്പ് മേല്‍പറഞ്ഞ വചനപ്രകാരമുള്ള ഒരു തിരഞ്ഞെടുപ്പായിരുന്നു. രക്ഷകന്റെ അമ്മയാകാന്‍ ആഗ്രഹിച്ച് പ്രാര്‍ത്ഥിച്ച് അതിനുവേണ്ടി കാത്തിരുന്ന അനേകം പ്രഭുകുമാരികളായ കന്യകമാര്‍ യേശുവിന്റെ ജനനസമയത്ത് ഇസ്രായേലിലുണ്ടായിരുന്നു. എന്നാല്‍ മറിയമാകട്ടെ അങ്ങനെയൊന്ന് ചിന്തിച്ചതുപോലുമില്ല.

പകരം വരാനിരിക്കുന്ന രക്ഷകന്റെ അമ്മയാകാന്‍ തിരഞ്ഞെടുക്കപ്പെട്ടവളുടെ പരിചാരികയാകാന്‍ ഭാഗ്യം തരണേയെന്നുമാത്രം പ്രാര്‍ത്ഥിച്ചു. പക്ഷേ ദൈവത്തിന്റെ തിരഞ്ഞെടുപ്പ് വിനീതയായ മറിയത്തെ ഉയര്‍ത്തി രക്ഷകന്റെ അമ്മയാക്കിത്തീര്‍ത്തു. ലോകത്തിന്റെ മുഴുവന്‍ അമ്മയാക്കി, സ്വര്‍ഗത്തിന്റെ റാണിയുമാക്കിത്തീര്‍ത്തു. ഇതാണ് എളിയവരെ ഉയര്‍ത്തുന്ന കര്‍ത്താവിന്റെ തിരഞ്ഞെടുപ്പ്.

ആദ്യത്തെ പ്രേഷിത
യേശുവിന്റെ സുവിശേഷത്തിന്റെ ആദ്യത്തെ പ്രേഷിത ഒരു വിജാതീയയായ സമരിയാക്കാരി ആയിരുന്നു. നിയമത്തില്‍ വള്ളിപുള്ളി വിടാതെ പാലിക്കുന്ന എത്രയോ അംഗീകരിക്കപ്പെട്ടവര്‍ യഹൂദരില്‍ ഉണ്ടായിരിക്കെയാണ് ആദ്യത്തെ പ്രേഷിതയായി ഈ വിജാതീയ സ്ത്രീ, അതും അഞ്ചു ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നവള്‍ (യോഹന്നാന്‍ 4/39-42). ഇതാണ് ഇല്ലായ്മയെയും നിസാരതയെയും അവഗണിക്കപ്പെട്ടതിനെയും തിരഞ്ഞെടുക്കുന്ന കര്‍ത്താവിന്റെ വഴികള്‍.

യേശു തന്റെ ശിഷ്യന്മാരില്‍ ഏറ്റവും അധികം സ്‌നേഹിച്ചത് യോഹന്നാനെയായിരുന്നു. യേശുവിന്റെ മരണസമയത്ത് കുരിശോളം അനുഗമിച്ച, അവിടുത്തെ കുരിശിന്‍ ചുവട്ടില്‍ ഉണ്ടായിരുന്ന, തന്നെ വിട്ടുപോകാത്ത ഏകശിഷ്യനും യോഹന്നാനായിരുന്നു. എന്നാല്‍ തന്നെ മൂന്നുപ്രാവശ്യം തള്ളിപ്പറഞ്ഞ അവസരവാദിയായ ശെമയോന്‍ പത്രോസിനെയാണ് താന്‍ രക്തം ചിന്തി വീണ്ടെടുത്ത സഭയുടെ അധികാരിയായി ദൈവം ഉയര്‍ത്തിയത്. അതാണ് തെറ്റിപ്പോയതിനെപോലും തിരിച്ചു പിടിച്ചുയര്‍ത്തുന്ന കര്‍ത്താവിന്റെ തിരഞ്ഞെടുപ്പിന്റെ വഴികള്‍ (യോഹന്നാന്‍ 21/15-18).

മഗ്ദലനയുടെ ഭാഗ്യം
ഒരുനാള്‍ പാപത്തില്‍ മുഴുകി ജീവിച്ചവളും ഏഴു പിശാചുക്കളില്‍നിന്നും യേശു വിമോചിപ്പിച്ചവളുമായ ഒരു എളിയ ദാസിമാത്രമായ മഗ്ദലന മറിയത്തിനാണ് ഉത്ഥിതനായ കര്‍ത്താവിനെ ആദ്യം കാണുവാനുള്ള ഭാഗ്യം ദൈവം നല്കിയത്. അവളായിരുന്നു യേശു ഉയിര്‍പ്പിക്കപ്പെട്ടു എന്ന സത്യം ഏറ്റവും ആദ്യം ലോകത്തെ അറിയിച്ചത്. നിസാരതയെയും ഒന്നുമില്ലായ്മയെയും തിരഞ്ഞെടുക്കുന്ന കര്‍ത്താവിന്റെ വഴികള്‍! (യോഹന്നാന്‍ 20/11-18).

ഉപേക്ഷിച്ചുകളഞ്ഞ കല്ല്
പുരോഹിത പ്രമുഖന്മാരാലും നിയമജ്ഞരാലും തള്ളപ്പെട്ട് തൂക്കുമരത്തിലേക്ക് നയിക്കപ്പെട്ട യേശു, പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞ കല്ലായിരുന്നു. എന്നാല്‍ ഈ കല്ലാണ് ഭവനത്തിന്റെ മൂലക്കല്ലായിത്തീര്‍ന്നത്. അത് കര്‍ത്താവിന്റെ പ്രവൃത്തിയാണ്. ”പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു. ഇത് കര്‍ത്താവിന്റെ പ്രവൃത്തിയാണ്; ഇത് നമ്മുടെ ദൃഷ്ടിയില്‍ വിസ്മയാവഹമായിരിക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 118/22-23).
അതിനാല്‍ പ്രിയരേ, ഏറ്റവും അവഗണിക്കപ്പെട്ടവനെന്നും പിന്‍തള്ളപ്പെട്ടവനെന്നും വിലപിക്കുന്നവരാണോ നിങ്ങള്‍? മറ്റാരുടെയും ഹൃദയത്തില്‍ നിങ്ങളില്ലെന്നാലും കര്‍ത്താവിന്റെ ഹൃദയത്തില്‍ നിങ്ങളുണ്ട്.

അവിടുത്തേക്ക് നിങ്ങളെ ഉയര്‍ത്താന്‍ അവിടുത്തേതായ വഴികളുണ്ട്. ഇന്ന വഴികളിലൂടെ മാത്രമേ കര്‍ത്താവിന്റെ അനുഗ്രഹം കടന്നുവരൂ എന്ന് കരുതി നിങ്ങള്‍ ആ വഴി മാത്രം നോക്കിപ്പാര്‍ത്ത് നിരാശരായിത്തീരരുത്. കാരണം സങ്കീര്‍ത്തകന്‍ പറയുന്നു: ”കിഴക്കുനിന്നോ പടിഞ്ഞാറുനിന്നോ മരുഭൂമിയില്‍നിന്നോ അല്ല ഉയര്‍ച്ച വരുന്നത്. ഒരുവനെ താഴ്ത്തുകയും അപരനെ ഉയര്‍ത്തുകയും ചെയ്യുന്ന വിധി നടപ്പാക്കുന്നത് കര്‍ത്താവാണ്” (സങ്കീര്‍ത്തനങ്ങള്‍ 75/6-7).

”ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍ നിങ്ങള്‍ താഴ്മയോടെ നില്ക്കുവിന്‍. അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തിക്കൊള്ളും” (1 പത്രോസ് 5/6). അവിടുന്ന് പെരുവെള്ളത്തില്‍ വഴി വെട്ടുന്നവനും സമുദ്രത്തില്‍ നിങ്ങള്‍ക്കായി പാത തുറക്കുന്നവനുമാണ്. ആ ദൈവത്തില്‍ നമുക്ക് വിശ്വസിക്കുകയും പ്രത്യാശയര്‍പ്പിക്കുകയും അവിടുത്തോട് കരഞ്ഞപേക്ഷിക്കുകയും ചെയ്യാം. അവിടുത്തെ രക്ഷയുടെ വഴികളിലൂടെ അവിടുന്ന് നമ്മെ നടത്തും, തീര്‍ച്ച. ആവേ മരിയ.

സ്റ്റെല്ല ബെന്നി