താന്‍ ചാപ്ലയിനായിരിക്കുന്ന കുഷ്ഠരോഗചികിത്സാകേന്ദ്രത്തിലെ രോഗികള്‍ക്ക് ഒരു ആശ്വാസവഴിയെക്കുറിച്ച് ചാഴൂരച്ചന് ഏറെ ചിന്തിച്ചു. അങ്ങനെ ഒരു വഴി കണ്ടെത്തി. മരത്തിന്റെ ഒരു കാസയുണ്ടാക്കി അള്‍ത്താരയില്‍ വച്ചു. അടുത്തുതന്നെ ഒരു പാത്രത്തില്‍ കുറെ ഗോതമ്പും. അച്ചന് രോഗികളോടു പറഞ്ഞു: ”നിങ്ങളുടെ ദുഃഖങ്ങള്‍ പറയാന്‍ കര്‍ത്താവിന്റെ മുമ്പില്‍ ചെല്ലുമ്പോള്‍, ഒരു നുള്ള് ഗോതമ്പുമണികളെടുത്ത് മരക്കാസയിലിട്ടോളൂ; നമുക്കത് കുര്ബാനയപ്പമാക്കാം.”
മരക്കാസയില് ഒരാഴ്ച വീഴുന്ന ഗോതമ്പ് ഉണക്കി പൊടിച്ച്, കുഴച്ചു പാകപ്പെടുത്തി, അച്ചില്‍ ചുട്ടെടുത്ത് അടുത്തയാഴ്ചയ്ക്കുവേണ്ട കുര്ബാനയപ്പമുണ്ടാക്കും. അത് അള്‍ത്താരയില്‍ സമര്‍പ്പിക്കുമ്പോള്‍, രോഗികള്ക്കനുഭവപ്പെടുന്ന ആശ്വാസം വലുതാണ്. തങ്ങളുടെ ഹൃദയം ഇടിച്ചു പൊടിച്ച്, കണ്ണീരില്‍ കുഴച്ചു പരുവപ്പെടുത്തി, നെഞ്ചിലെ ചൂടില്‍ ചുട്ടെടുക്കുന്ന അപ്പം! അതു സ്വീകരിച്ച് കര്‍ത്താവ് അതില്‍ വന്നുനിറയുന്നു എന്ന വിചാരം അവര്‍ക്ക് എന്തെന്നില്ലാത്ത ആശ്വാസവും സമാധാനവും നല്കുന്നു. എത്ര ഭക്തിതീക്ഷ്ണതയോടും സ്നേഹപാരവശ്യത്തോടും കൂടിയാണെന്നോ തങ്ങളുടെ ജീവന്റെ ഭാഗമായ ആ അപ്പത്തില്‍ കര്‍ത്താവ് വന്നു നിറയുന്ന കുര്‍ബാനയില്‍ അവര്‍ പങ്കുകൊണ്ടിരുന്നത്!
തിരുവോസ്തി എടുത്തുയര്‍ത്തുമ്പോള്‍ കുഷ്ഠരോഗികളുടെ നെഞ്ചിലെ തീയും കണ്ണീരിന്റെ നനവും ഹൃദയത്തിന്റെ തുടിപ്പും ചിലപ്പോഴൊക്കെ വിരല്‍ത്തുമ്പില്‍ തനിക്ക് അനുഭവപ്പെടുമായിരുന്നുവെന്ന് ചാഴൂരച്ചന് പറയുമായിരുന്നു.
വിശുദ്ധ കുര്‍ബാന ജീവിതഗന്ധിയാകണം. കൂദാശ ചെയ്യുന്ന അപ്പവും വീഞ്ഞും നമ്മുടെ ജീവിതത്തിന്റെ ഭാഗമാകണം. വൈദികന് എടുത്തുയര്‍ത്തുന്ന വിശുദ്ധ പാത്രങ്ങളില്‍ നമ്മുടെ കണ്ണീരും പുഞ്ചിരിയും ആശയും പ്രതീക്ഷയും ആകുലതകളും രോഗവും ആരോഗ്യവും സ്നേഹവും ദ്വേഷവും അധ്വാനവും എല്ലാം ചേര്‍ത്തുവച്ചൊരു തിരുബലി. അവയെല്ലാം യേശുവിന്റേതായിത്തീരുന്ന, യേശുവാകുന്നൊരു തിരുബലി- അതാണ് കര്ത്താവിന് പ്രീതികരമാകുന്ന തിരുബലി.
ലത്തീന്‍ കുര്‍ബാനയില്‍ കാഴ്ചവസ്തുക്കള്‍ സമര്‍പ്പിക്കുമ്പോള്‍ ചൊല്ലുന്നൊരു പ്രാര്‍ത്ഥനയുണ്ട്- ‘മണ്ണില്‍ വിളഞ്ഞതും മനുഷ്യകരങ്ങള്‍ നിര്‍മിച്ചതുമായ ഈ അപ്പം ഞങ്ങള്‍ സമര്‍പ്പിക്കുന്നു. ഇത് ഞങ്ങള്‍ക്ക് ജീവന്റെ അപ്പമാകട്ടെ; മുന്തിരിയില്‍ വിളഞ്ഞതും മനുഷ്യകരങ്ങളുടെ പ്രവര്ത്തനഫലവുമായ ഈ വീഞ്ഞ് ഞങ്ങള്‍ സമര്‍പ്പിക്കുന്നു. ഇത് ഞങ്ങള്‍ക്ക് ആത്മീയപാനീയമാകട്ടെ.’
അതെ, പ്രപഞ്ചവും നമ്മളും അള്‍ത്താരയില്‍ സാകൂതം നില്ക്കുമ്പോള്, കര്‍ത്താവ് കാല്വരിയിറങ്ങി നമ്മിലും നമ്മുടെ ജീവിതസാഹചര്യങ്ങളിലും പ്രപഞ്ചത്തിലും വന്നു നിറയുന്നതാണ് വിശുദ്ധ കുര്‍ബാന.
റവ. ഡോ. പോള്‍ മണവാളന്