രാവിലെമുതല്‍ വെയിലില്‍ കോണ്‍ക്രീറ്റ് പണിയുടെ സൈറ്റിലായിരുന്നതിനാല്‍ ദിവസം മുഴുവന്‍ ദാഹം അനുഭവപ്പെട്ടു. ആഴ്ചാവസാനമായിരുന്നതിനാല്‍ വൈകിട്ട് വീട്ടിലേക്ക് പോകണം. ഇറങ്ങിയപ്പോഴാകട്ടെ പെട്ടെന്ന് ട്രെയിന്‍ കിട്ടി. അതിനാല്‍ വെള്ളം വാങ്ങാനുമായില്ല. ഷട്ടില്‍ ട്രെയിനായതുകൊണ്ട് ഭക്ഷണമോ വെള്ളമോ ലഭിക്കാനുള്ള സൗകര്യവുമില്ല. ആലപ്പുഴയില്‍ നിര്‍ത്തുമ്പോള്‍ കുടിക്കാമെന്ന് കരുതിയെങ്കിലും ആ ചിന്തയും വെറുതെയായി.
ദാഹം സഹിക്കാനാവാതെ നിസഹായതയോടെ ഞാന്‍ പ്രാര്‍ത്ഥിച്ചു, ”ഈശോ, എനിക്ക് ഇപ്പോള്‍ ഒരു ഗ്ലാസ് വെള്ളം വേണം. അല്ലെങ്കില്‍ ഞാന്‍ മരിച്ചുപോകും.” നിമിഷങ്ങള്‍ക്കകം എതിര്‍വശത്തുള്ള കംപാര്‍ട്ട്‌മെന്റില്‍നിന്ന് അല്പം പ്രായമുള്ള ഒരാള്‍ ഡോര്‍ തുറന്ന് എന്റെയടുത്ത് വന്നിരുന്നു. ബാഗില്‍നിന്ന് ഒരു കുപ്പി വെള്ളമെടുത്ത് നീട്ടി. ‘നിനക്ക് ദാഹിക്കുന്നില്ലേ, കുടിച്ചോ’ എന്ന് പറഞ്ഞു. ഞാനത് കുടിച്ചുനിര്‍ത്തിയപ്പോള്‍ മതിയോ എന്ന് ചോദിച്ചു, മതിയെന്നുപറഞ്ഞപ്പോള്‍ അദ്ദേഹം ബാഗുമെടുത്ത് മടങ്ങി. അദ്ദേഹം ആരാണെന്നോ എങ്ങോട്ടാണെന്നോ ഞാന്‍ തിരിഞ്ഞുനോക്കാന്‍ പോയില്ല. അത് ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് എനിക്കറിയാമായിരുന്നു.