സിയറാ ലിയോണ്‍: ക്രെസ്തവമിഷനറിമാര്‍ നടത്തിയ സ്‌കൂളുകള്‍ വിദ്യാഭ്യാസം നല്കുന്നതോടൊപ്പം ക്രൈസ്തവവിശ്വാസത്തിനും ക്രൈസ്തവമൂല്യങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്നതിലും വിജയിച്ചതോടെ അനേകം കുട്ടികള്‍ പ്രായത്തിന്റെ ഒരു ഘട്ടമെത്തിയപ്പോള്‍ മാമ്മോദീസ സ്വീകരിക്കാന്‍ ആഗ്രഹിച്ചതായി പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ സിയറാ ലിയോണിലെ ബിഷപ് നതാലെ പഗനെല്ലിയുടെ വെളിപ്പെടുത്തല്‍.
രാജ്യത്തിന്റെ വടക്കുഭാഗത്ത് സ്‌കൂളുകള്‍ ഇല്ലെന്ന് കണ്ട സാവേരിയന്‍ മിഷനറിമാര്‍ അവിടെ പ്രൈമറി സ്‌കൂളുകള്‍ ആരംഭിച്ചു. പിന്നീട് സെക്കന്‍ഡറി സ്‌കൂളുകളും തുടങ്ങി. സ്‌കൂളുകളുടെ മികച്ച പ്രവര്‍ത്തനം നിമിത്തം ഓരോ ഗ്രാമത്തിലും കത്തോലിക്കാ സ്‌കൂളുകള്‍ വേണമെന്നാണ് ഗോത്രത്തലവന്‍മാര്‍ ആവശ്യപ്പെടുന്നതത്രേ. ആ ആവശ്യം പൂര്‍ണമായി നിറവേറ്റാന്‍ സാധിച്ചിട്ടില്ല എന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
സ്‌കൂളുകളില്‍, വൈദികരോടും സമര്‍പ്പിതരോടും ഇടപഴകി ജീവിക്കുകയും അവരുടെ ക്രൈസ്തവജീവിതത്തിന്റെ മനോഹാരിതയില്‍ ആകൃഷ്ടരാവുകയും ചെയ്ത അനേകം വിദ്യാര്‍ത്ഥികള്‍ മുതിര്‍ന്നപ്പോള്‍ മാമ്മോദീസ സ്വീകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഇപ്രകാരം ക്രൈസ്തവവിശ്വാസം സ്വീകരിച്ചവരില്‍ ഇസ്ലാം മതസ്ഥര്‍ ഏറെപ്പേരുണ്ട്. അവരില്‍ പലരും പില്ക്കാലത്ത് വൈദികരായി മാറി എന്നതും ശ്രദ്ധേയമാണ്. സ്‌കൂളുകള്‍വഴി നല്കുന്ന ശക്തമായ ക്രൈസ്തവസാക്ഷ്യം അനേകരെ ആകര്‍ഷിക്കുമെന്ന് ഇതിലൂടെ വ്യക്തമാവുകയാണ്.