യഥാര്‍ത്ഥ ജ്ഞാനവും അറിവും ലഭിക്കുന്ന ഒരേയൊരിടം – Shalom Times Shalom Times |
Welcome to Shalom Times

യഥാര്‍ത്ഥ ജ്ഞാനവും അറിവും ലഭിക്കുന്ന ഒരേയൊരിടം

ഉണ്ണീശോയും മാതാവും യൗസേപ്പിതാവും ഈജിപ്തില്‍നിന്നും നസ്രത്തിലേക്ക് മരുഭൂമിയിലൂടെ യാത്ര ചെയ്യുകയായിരുന്നു. അവര്‍ ഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോള്‍ അതിന്റെ അവശിഷ്ടങ്ങള്‍ തിന്നാന്‍ ഒരുകൂട്ടം പക്ഷികളെത്തി. അവ സ്വാതന്ത്ര്യത്തോടെ സന്തോഷത്തോടെ ആനന്ദഗീതങ്ങള്‍ പാടിക്കൊണ്ട് ആഹാരപദാര്‍ത്ഥങ്ങള്‍ കൊത്തിത്തിന്നു. ഒരു ഭയവുമില്ലാതെ, ഉണ്ണീശോയുടെ അരികത്ത് അവര്‍ ചാടിത്തുള്ളിക്കളിക്കുന്ന മനോഹര രംഗം. യേശു അവയെ വാത്സല്യപൂര്‍വം ശ്രദ്ധിച്ചു. അതില്‍ ഒരു പക്ഷി ആഹാരക്കുറവുമൂലം ശോഷിച്ചതും പറക്കാന്‍ ശക്തിയില്ലാത്തതുമായിരുന്നു. യേശു അതിനെ സ്‌നേഹപൂര്‍വം കൈയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഭയന്നുമാറാതെ അത് നിന്നുകൊടുത്തു.

കൊണ്‍സുലോ എന്നറിയപ്പെടുന്ന മിസ്റ്റിക്കിന് വെളിപ്പെടുത്തിയ ഈ സംഭവം പരിശുദ്ധ ദൈവമാതാവ് വിശദീകരിക്കുന്നു:
ആ പാവം പക്ഷിയെ കരങ്ങളിലെടുത്ത് മാറോട് ചേര്‍ത്തുപിടിച്ച് ദിവ്യഉണ്ണി എന്റെ അടുത്തുകൊണ്ടുവന്നു. ദൈവകുമാരന്റെ കണ്ണുകള്‍ സങ്കടത്താല്‍ നിറഞ്ഞുതുളുമ്പിയിരുന്നു. അതിന് പ്രത്യേക ശ്രദ്ധ ആവശ്യമുണ്ടെന്ന് അവിടുത്തേക്ക് മനസിലായതിനാല്‍ അവിടുന്ന് എന്നോടു പറഞ്ഞു: ”വളരെയധികം സ്‌നേഹമുള്ള എന്റെ അമ്മേ, ഈ ചെറുപാവത്തിനെ ഒന്നു നോക്കിക്കേ… ഇതിന്റെ ശോചനീയമായ അവസ്ഥ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. അമ്മയ്ക്ക് അറിയാവുന്നതുപോലെ പല മനുഷ്യരും ഇതുപോലെ ദയനീയസ്ഥിതിയിലാണ്. ക്ഷീണിതരും നിസഹായരുമാണ്; ശാരീരികമായും ആത്മീയമായും മാനസികമായും. അങ്ങനെയുള്ളവരെ ഞാന്‍ ഏറെ സ്‌നേഹിക്കുന്നു. ജീവിതം ആരംഭിച്ചിട്ട് അധികം മുമ്പോട്ടുപോകുന്നതിനു മുമ്പേ, അവര്‍ക്ക് ഈ പക്ഷിയെപ്പോലെ മാരകമായി മുറിവേല്‍ക്കുന്നു. പക്ഷേ, അവര്‍ക്ക് സ്വയം പെട്ടെന്ന് പറന്നുയരണം; മനുഷ്യന് സ്വയമേവ എങ്ങും എത്താന്‍ കഴിയില്ലെന്ന് ചിന്തിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല.”

സഹജീവികളോടും മനുഷ്യകുലത്തോടുമുള്ള യേശുവിന്റെ സ്‌നേഹം കാണുകയും അവിടുത്തെ വാക്കുകള്‍ ശ്രവിക്കുകയും ചെയ്തപ്പോള്‍ ഉണ്ണിയെങ്കിലും ദൈവപുത്രനില്‍ നിറഞ്ഞുനില്ക്കുന്ന ജ്ഞാനത്തെപ്രതി ഞാന്‍ ഉള്ളില്‍ അവിടുത്തെ മഹത്വപ്പെടുത്തി: സ്‌നേഹനിധിയായ എന്റെ പുത്രന്‍ സ്തുതിക്കപ്പെടട്ടെ. എന്തെന്നാല്‍ അങ്ങ് സംസാരിക്കുമ്പോള്‍ ദൈവികജ്ഞാനം അവിടുത്തെ അധരങ്ങളില്‍നിന്ന് പുറപ്പെടുന്നു.
യേശുവിന്റെ സങ്കടത്തില്‍ എന്റെ ഹൃദയവും ഒന്നുചേര്‍ന്നു. സ്വന്തം വീഴ്ചകളെയും അപര്യാപ്തതകളെയുംകുറിച്ച് സ്വയം കുറ്റം വിധിക്കുന്നവരെ പ്രതി എന്റെ ദിവ്യപുത്രന്‍ എന്തുമാത്രം വിഷമിക്കുന്നുവെന്ന് അവിടുത്തെ വാക്കുകളിലൂടെ എനിക്ക് വ്യക്തമായി.

യേശു ആ കുഞ്ഞുപക്ഷിയെ മടിയിലിരുത്തി ഭക്ഷണം നല്കി. അതിനുശേഷം ഹൃദയത്തോട് ചേര്‍ത്തുവച്ചുകൊണ്ട് പറഞ്ഞു, ”എല്ലാ മുറിവുകളും ഉണക്കുന്നതും യഥാര്‍ത്ഥ അറിവും ഒരേയൊരു ജ്ഞാനവും പഠിപ്പിക്കുന്നതുമായ സ്ഥലം ഇവിടെമാത്രമാണ്. എന്റെ ഹൃദയത്തില്‍നിന്നുള്ള സൗഖ്യവും അറിവും ജ്ഞാനവും സ്വന്തമാക്കുന്ന ആര്‍ക്കും എവിടെയും നിര്‍ഭയം ജീവിക്കാന്‍ സാധിക്കും.”
ഈശോയുടെ തിരുഹൃദയത്തിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഈ മാസം അവിടുത്തെ തിരുഹൃദയത്തിലെ സ്‌നേഹാഗ്‌നിയാല്‍ നമുക്കും സൗഖ്യം നേടാം, യഥാര്‍ത്ഥമായ അറിവും ദൈവികജ്ഞാനവും യേശുവിന്റെ ദിവ്യഹൃദയത്തില്‍നിന്നും പഠിച്ചെടുക്കാം.
”’മുറിവേറ്റതിനെ ഞാന്‍ വച്ചുകെട്ടും; ബലഹീനമായതിനെ ഞാന്‍ ശക്തിപ്പെടുത്തും. കൊഴുത്തതിനെയും ശക്തിയുള്ളതിനെയും ഞാന്‍ സംരക്ഷിക്കും. നീതിപൂര്‍വം ഞാന്‍ അവയെ പോറ്റും” (എസെക്കിയേല്‍ 34/16).