സ്പെയിന്: മാരകമായ രോഗത്തിനുമുന്നിലും ദിവ്യകാരുണ്യത്തെ ജീവനെക്കാള്‍ സ്നേഹിച്ച അജ്ന ജോര്‍ജിനെപ്പോലെ ഒരു സ്പാനിഷ് യുവതി, അതാണ് മുപ്പത്തിയൊന്നുകാരിയായ ബെലെന്. നട്ടെല്ലിലെ മാരകമായ ട്യൂമര്‍നിമിത്തം റാമോണ്‍ വൈ കാജല്‍ ആശുപത്രിയിലെ കിടക്കയിലേക്ക് ജീവിതം പരിമിതപ്പെട്ടിട്ടും അവളുടെ മുഖത്തെ പുഞ്ചിരി മായാതെ നില്ക്കുന്നു. അനുദിനം ദിവ്യകാരുണ്യം സ്വീകരിക്കണമെന്ന് നിര്‍ബന്ധമായി ആഗ്രഹിക്കുന്ന ബെലെന് അതൊരു മരുന്നാണെന്നാണ് അവളുടെ സാക്ഷ്യം.
കഴുത്തിനുപിന്നിലെ തീവ്രവേദനയുടെ കാരണം അന്വേഷിച്ച് ആശുപത്രിയിലെത്തിയപ്പോഴാണ് ആദ്യം രോഗവിവരം അറിഞ്ഞത്. അപ്പോള്‍ ഒന്ന് പതറിയെന്നാണ് ബെലെന്റെ വാക്കുകള്‍. എങ്കിലും പെട്ടെന്നുതന്നെ അവള് അത് ദൈവകരങ്ങളില്‍നിന്ന് സ്വീകരിച്ചു. ചികിത്സകൊണ്ട് കാര്യമില്ലാത്തതിനാല്‍ പിന്നീട് സാന്ത്വനപരിചരണത്തിലേക്ക് മാറ്റിയെങ്കിലും ബെലെന് നിരാശപ്പെടുന്നില്ല. തന്നെ ദൈവം തിരികെ വിളിക്കുകയാണെങ്കില്‍ സന്തോഷത്തോടെ പോകും, കാരണം ദൈവത്തോടൊപ്പമാണല്ലോ പോകുന്നത്. അല്ല, ഇവിടെത്തന്നെ തുടരണമെന്നാണ് ദൈവഹിതമെങ്കില്‍ അങ്ങനെ നടക്കട്ടെ എന്നും ബെലെന് പറയുന്നു.
രോഗത്തിന്റെ കഠിനതകളിലൂടെ കടന്നുപോകുമ്പോഴും ഓരോ ദിനവും ദൈവം തന്നെ സ്നേഹിക്കുന്നുവെന്ന് തെളിയിക്കുന്ന അടയാളങ്ങളും സന്ദേശങ്ങളും ദിനവും ലഭിക്കുന്നുണ്ടെന്ന് ബെലെന് പങ്കുവയ്ക്കുന്നു. മാതാപിതാക്കളും പ്രതിശ്രുതവരന് എമിലിയോയും ബെലെന് സഹായവും സാന്ത്വനവുമായി അരികിലുണ്ട്. സുഹൃത്തുക്കളും പിന്തുണയേകുന്നു. തന്റെ ഇന്നത്തെ ദൗത്യം സുവിശേഷം പ്രചരിപ്പിക്കുകയും വിശ്വാസത്തിന്റെ സാക്ഷിയാവുകയും ചെയ്യുക എന്നതാണെന്നാണ് ബെലെന്റെ ബോധ്യം. തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ആ ദൗത്യം നിറവേറ്റുകയാണ് ഈ യുവതി.