വാഴ്ത്തപ്പെട്ട ഹെര്‍മ്മന്‍ ജപമാല വളരെ ശ്രദ്ധയോടും ഭക്തിയോടുംകൂടി രഹസ്യങ്ങള്‍ ധ്യാനിച്ചാണ് ചൊല്ലിയിരുന്നത്. ആ സമയങ്ങളില്‍ അതീവസൗന്ദര്യത്തോടെയും മഹിമയോടെയും പരിശുദ്ധ കന്യക അദ്ദേഹത്തിന് കാണപ്പെട്ടിരുന്നു. പക്ഷേ നാളുകള്‍ കഴിഞ്ഞപ്പോള്‍ ആ തീക്ഷ്ണത അദ്ദേഹത്തിന് നഷ്ടപ്പെട്ടു. ജപമാല അതിവേഗം ഭക്തിയും ശ്രദ്ധയുമില്ലാതെ ചൊല്ലാന്‍ തുടങ്ങി.
ആ ദിവസങ്ങളിലൊന്നില്‍ പരിശുദ്ധ അമ്മ അദ്ദേഹത്തിന് വീണ്ടും ദര്‍ശനം നല്കി. പറയത്തക്ക സൗന്ദര്യമില്ലാതെ, ചുളിവുവീണതും ദുഃഖഭരിതവുമായ മുഖമായിരുന്നു അമ്മയുടേത്. അതുകണ്ട് വാഴ്ത്തപ്പെട്ട ഹെര്‍മ്മന് ഭയവും അസ്വസ്ഥതയും തോന്നി. ഹെര്‍മ്മന്റെ പ്രതികരണം കണ്ട് പരിശുദ്ധ കന്യക വിശദീകരിച്ചു, ”ഇങ്ങനെയാണ് ഞാന്‍ നിന്നെ നോക്കുന്നത്. കാരണം നിന്റെ ആത്മാവില്‍ നീ എന്നെ പരിഗണിക്കുന്നത് ഇങ്ങനെയാണ്, അവഗണിക്കപ്പെടേണ്ടവളും തെല്ലും പ്രാധാന്യമില്ലാത്തവളുമായ ഒരു സ്ത്രീയെപ്പോലെ… നീയെന്താണ് എന്നെ ആദരവോടെ അഭിസംബോധന ചെയ്യാതെയും ജപമാലരഹസ്യങ്ങള്‍ ഭക്തിയോടെ ധ്യാനിക്കാതെയും എന്റെ സ്തുതികള്‍ ചൊല്ലാതെയും ഇരിക്കുന്നത്?
വിശുദ്ധ ലൂയിസ് മരിയ ഡി മോണ്ട്‌ഫോര്‍ട്ട്