ഭയപ്പെടേണ്ട, ദൈവം നിന്റെകൂടെയുണ്ട് – Shalom Times Shalom Times |
Welcome to Shalom Times

ഭയപ്പെടേണ്ട, ദൈവം നിന്റെകൂടെയുണ്ട്

കോഴിക്കോടിനടുത്ത് വടകരയില്‍ ജീവിച്ചിരുന്ന ഒരു സ്ത്രീ ആയിരുന്നു ശ്രീമതി ശ്രീധരി രാഘവന്‍. ആഴ്ചയിലൊരിക്കല്‍ വടകര ടൗണിലെ എല്ലാ ഭിക്ഷക്കാര്‍ക്കും അവരുടെ വീട്ടില്‍ വിരുന്നൊരുക്കിയിരുന്നു. സമയം കിട്ടുമ്പോഴെല്ലാം ആശുപ്രതികള്‍ സന്ദര്‍ശിച്ച് ബൈബിള്‍ വിതരണം ചെയ്യുകയും രോഗികളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്ന അവര്‍ എല്ലാ ദിവസവും കൊന്ത ചൊല്ലും. ഔദ്യോഗികമായി കത്തോലിക്കാ സഭയില്‍ അംഗമായില്ല എങ്കിലും എല്ലാ പ്രഭാതത്തിലും ദിവ്യബലിയില്‍ പങ്കുചേരാനും അവര്‍ ശ്രമിച്ചു.

ഭര്‍ത്താവ് മരിച്ച, മക്കളില്ലാത്ത, വൃദ്ധയായ അവര്‍ ഒരു വലിയ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഒരിക്കല്‍ ഒരു സന്ദര്‍ശകന്‍ അവരോട് ചോദിച്ചു: ”ഇത്രയും വലിയ ഈ വീട്ടില്‍ എങ്ങനെയാണ് ഒറ്റയ്ക്ക് കഴിയുക? പേടി തോന്നുന്നില്ലേ?”
അല്‍പം രോഷത്തോടെ തന്നെ അവര്‍ മറുപടി പറഞ്ഞു: ”ആര് പറഞ്ഞു ഞാന്‍ ഒറ്റയ്ക്കാണെന്ന്? എന്റെ കൂടെ എന്റെ യേശു ഉണ്ട്. നിങ്ങള്‍ എന്റെ മുന്നില്‍ നില്‍ക്കുന്നതിനെക്കാളും വലിയ യാഥാര്‍ത്ഥ്യമായി എനിക്കെന്റെ യേശുവിനെ ഈ വീട്ടില്‍ കാണാന്‍ കഴിയും.”

യേശു സമീപത്തുണ്ട്
ഈ മഹതിയുടെ വിശ്വാസദര്‍ശനം നമുക്കുണ്ടോ? തനിയെ കിടന്നുറങ്ങാന്‍ പോലും ഭയമുള്ള വ്യക്തിയായിരിക്കാം നീ. രാത്രിയില്‍ ഒറ്റക്ക് പുറത്തിറങ്ങാനുള്ള ധൈര്യവും ഇല്ലായിരിക്കാം. നിന്റെ ഭര്‍ത്താവ് എപ്പോഴും നിന്റെ ചുറ്റിലും ഉണ്ടായിരിക്കണമെന്ന് ശാഠ്യം പിടിക്കുന്നവളായിരിക്കാം നീ. ഇരുട്ടിനെ, ഇഴജന്തുക്കളെ, അപകടങ്ങളെ, ഭയന്നുകഴിയുന്ന ജീവിതമായിരിക്കാം നിന്റേത്. നിനക്ക് സുരക്ഷിതത്വം നല്‍കുന്ന, ഭയത്തില്‍നിന്ന് മോചനം നല്‍കുന്ന യേശു നിന്റെ അരികിലുണ്ട്. വിശ്വാസത്തിന്റെ കണ്ണുകള്‍ കൊണ്ട് അവനെ കാണുക. സര്‍വ്വശക്തനായ കര്‍ത്താവ് അരികിലുണ്ടെങ്കില്‍ പിന്നെ ആരെയാണ് നാം പേടിക്കുക?

നിന്റെ രോഗക്കിടക്കയില്‍ ഏകാന്തതയുടെ ദുഃഖംപേറി കരയുകയാണോ നീയിപ്പോള്‍? ദാമ്പത്യബന്ധത്തിലുണ്ടായ വിള്ളല്‍ ഹൃദയത്തിലുളവാക്കിയ ശൂന്യതയില്‍ നീ ഞെരിക്കപ്പെടുകയാണോ? പ്രിയപ്പെട്ടവരുടെ മരണം നിന്നെ തളര്‍ത്തിക്കളഞ്ഞിട്ടുണ്ടോ? ജീവിതത്തില്‍ ആരും സഹായിക്കാനില്ലല്ലോ എന്നോര്‍ത്ത് വീര്‍പ്പുമുട്ടുകയാണോ നീയിപ്പോള്‍?
എങ്കില്‍ ഇനി ആശ്വസിക്കുക. യേശു നിന്റെ സമീപത്തുണ്ട്. നിന്റെ രോഗശയ്യയില്‍…. ഏകാന്തതയില്‍… ശൂന്യതയില്‍…. നിസഹായതയില്‍…..

ഇതാ, ഇന്നും ജീവിക്കുന്നവനായ യേശു കൂട്ടിനുണ്ട്. അവിടുന്ന് നിന്റെ കണ്ണുനീര്‍ തുടയ്ക്കും; നിന്നെ ആശ്വസിപ്പിക്കും; നിനക്ക് ശക്തിയും തുണയുമായി അവിടുന്ന് വര്‍ത്തിക്കും. കര്‍ത്താവ് പറഞ്ഞു: ”ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല” (യോഹന്നാന്‍ 14/18) ”യുഗാന്തംവരെ ഞാന്‍ നിങ്ങളോട് കൂടിയുണ്ടായിരിക്കും” (മത്തായി 28/20).
ഈ വചനം വിശ്വസിക്കുക. ഇത് ദൈവത്തിന്റെ വചനമാണ്. യേശുവിനെ നാഥനും രക്ഷകനുമായി സ്വീകരിച്ചുകൊണ്ട് നിന്റെ പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുകയും അവയില്‍നിന്ന് മനസ് തിരിക്കുകയും ചെയ്യുമ്പോള്‍ ദൈവം നിന്റെ പിതാവാണെന്ന് രുചിച്ചറിയാന്‍ നിനക്ക് കഴിയും. അവിടുത്തെ നിരന്തര സാമീപ്യം നിനക്കനുഭവപ്പെടും. ദൈവത്തിന്റെ കരുതലും പരിപാലനവും നീ എവിടെപ്പോയാലും നിന്നോടു കൂടിയുണ്ടാകും. ഈ വലിയ ഭാഗ്യം നിനക്കവകാശപ്പെട്ടതാണ്. നീ ഒന്നുമാത്രം ചെയ്യുക.

നിന്റെ കഴിഞ്ഞ കാലത്തെ തെറ്റുകളെയും പാപങ്ങളെയും ഓര്‍ത്ത് അനുതപിക്കുക. നിനക്കുവേണ്ടി, നിന്റെ പാപങ്ങള്‍ക്ക് പരിഹാരമായി കാല്‍വരിയില്‍ കുരിശില്‍ തൂങ്ങപ്പെട്ട യേശുവിനെ ജീവിതത്തിന്റെ നാഥനും രക്ഷകനുമായി സ്വീകരിക്കുക, അവിടുത്തെ തിരുരക്തം രക്താംബരംപോലെ ചുമന്നിരിക്കുന്ന നിന്റെ പാപങ്ങളെ ഹിമംപോലെ വെളുപ്പിക്കും. അവിടുന്ന് നിന്റെ തെറ്റുകള്‍ ക്ഷമിക്കുന്നതുപോലെ നിന്നെ വേദനിപ്പിച്ചവരോട് നീയും ക്ഷമിക്കണം. അനേക നാളുകളായി നീ മനസില്‍ കൊണ്ടുനടക്കുന്ന അമര്‍ഷവും വെറുപ്പും വിട്ടുപേക്ഷിച്ചാല്‍ ദൈവത്തിന്റെ സമാധാനവും സൗഖ്യവും നിന്റെ ജീവിതത്തിലേക്കും കടന്നുവരും.

”ഭയപ്പെടേണ്ട, ഞാന്‍ നിന്റെ കൂടെയുണ്ട്. ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തു കൈകൊണ്ട് ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും” (ഏശയ്യാ 41/10) എന്നുപറഞ്ഞ കര്‍ത്താവ് നിന്റെ രോഗത്തിലും പരാജയത്തിലും തകര്‍ച്ചയിലും പുനരുത്ഥാനത്തിന്റെ ശക്തി പകരും. ”ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോല ചിറകടിച്ചുയരും” (ഏശയ്യാ 40/31) എന്ന തിരുവചനം നിന്റെ ജീവിതത്തിലും യാഥാര്‍ത്ഥ്യമാകും. അതിനാല്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.
കര്‍ത്താവായ യേശുവേ, അങ്ങയില്‍നിന്നും എന്നെ അകറ്റുന്ന എന്റെ എല്ലാ പാപങ്ങളെ ഓര്‍ത്തും ഞാന്‍ പശ്ചാത്തപിക്കുന്നു. എന്നെ ദ്രോഹിച്ച എല്ലാവര്‍ക്കും ഞാന്‍ മാപ്പ് കൊടുക്കുന്നു, നാഥാ, എന്റെ ജീവിതത്തെ അങ്ങേ തിരുരക്തം കൊണ്ട് കഴുകി വിശുദ്ധീകരിക്കേണമേ. എന്റെ ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും അങ്ങയുടെ സാന്നിദ്ധ്യം ദര്‍ശിക്കുവാന്‍ എന്റെ വിശ്വാസത്തെ ബലപ്പെടുത്തേണമേ, ആമേന്‍.

ഷെവ. ബെന്നി പുന്നത്തറ
ശാലോം ടൈംസിന്റെ നാലാം ലക്കത്തില്‍ എഴുതിയ ലേഖനം