
അധികം നാളായില്ല, ഞാൻ ഈ കാര്യം തിരിച്ചറിഞ്ഞിട്ട്, എന്നിലെതന്നെ ഒരു വലിയ കുറവ്; സംഭാഷണങ്ങളിൽ കൂടുതലായി എന്നിൽ കയറിവരുന്ന ഒരു പ്രവണത. ആരെങ്കിലും ഒരു കാര്യം അവതരിപ്പിച്ചാൽ, പെട്ടെന്ന് അതിനെ എതിർത്തുകൊണ്ടുള്ള ഒരു ‘കൗണ്ടർ ഡയലോഗ്’ പറയുക.
അവർ പറയുന്ന ആശയം യുക്തിപരമായിട്ടുള്ളതും നന്മയും ആയിരിക്കും. എന്നിരുന്നാലും യുക്തിയോടുകൂടിത്തന്നെ അതിനെ കൗണ്ടർ ചെയ്യും. ഉദാഹരണത്തിന്, ആരെങ്കിലും കർശനമായി നോമ്പെടുക്കുകയാണെന്ന് പറഞ്ഞാൽ ഞാൻ ഇങ്ങനെ പറയും: ”ഓ… ഇതിന്റെ ആവശ്യമൊന്നുമില്ല, മനസ്സ് നന്നാവുകയാണ് വേണ്ടത്!”
ഇനി, ആരെങ്കിലും നോമ്പെടുക്കുന്നില്ലെന്ന് കണ്ടാൽ ഞാൻ പറയും: ”ഈശോയോടുള്ള സ്നേഹത്തെപ്രതി ത്യാഗങ്ങൾ എടുത്തില്ലെങ്കിൽ കൃപ എങ്ങനെയാ വർദ്ധിക്കുക?”
ഇത്തരം പ്രവണത വളരാൻ അനുവദിച്ചാൽ ഒരു പ്രശ്നമുണ്ട്. സ്വർഗം നൽകുന്ന ചില സന്ദേശങ്ങളെയായിരിക്കും ചിലപ്പോൾ ഇപ്രകാരം ഞാൻ എതിർക്കുന്നത്. അങ്ങനെ വരുമ്പോൾ, ദൈവഹിതത്തിന്റെ വിവേചിച്ചറിയൽ (discernment) നടക്കില്ല, നടപ്പാക്കാനും കഴിയില്ല.
ഫരിസേയർക്ക് പറ്റിയ ഈ അമളി നമുക്കുണ്ടാവരുതെന്ന് ഓർമ്മപ്പെടുത്തുകയാണ് ലൂക്കാ 7:33-35 വചനങ്ങൾ- ”യോഹന്നാൻ അപ്പം ഭക്ഷിക്കാത്തവനും വീഞ്ഞ് കുടിക്കാത്തവനുമായി വന്നു. അവനെ പിശാച് ബാധിച്ചിരിക്കുന്നു എന്ന് നിങ്ങൾ പറയുന്നു. മനുഷ്യപുത്രൻ ഭക്ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായി വന്നു. അപ്പോൾ ഇതാ, ഭോജനപ്രിയനും മദ്യപനും ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതനുമായ മനുഷ്യൻ എന്ന് നിങ്ങൾ പറയുന്നു. ജ്ഞാനം ശരിയെന്ന് തെളിയുന്നത് അത് സ്വീകരിക്കുന്നവരിലൂടെയാണ്.”
സ്നാപകയോഹന്നാൻ താപസനായി വന്നപ്പോൾ, അവനിൽ പിശാചുബാധ ആരോപിച്ചു. ഈശോ ഭക്ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായി വന്നപ്പോൾ പാപികളുമായുള്ള ചങ്ങാത്തം ആരോപിച്ച് ഈശോയെ എതിർത്തു. ആകയാൽ, സ്വർഗം നൽകുന്ന സമ്മാനങ്ങളെ തിരിച്ചറിയാനും സ്വീകരിക്കാനും നമുക്ക് സാധിക്കട്ടെ. പ്രവാചകരെയും ഈശോയെയും അയക്കപ്പെട്ടവരെയും തഴയാതിരിക്കാനും ശ്രദ്ധ ചെലുത്തുന്നവരാവാം.
ഫാ. ജോസഫ് അലക്സ്