എഴുതിവച്ച തർക്കങ്ങൾ – Shalom Times Shalom Times |
Welcome to Shalom Times

എഴുതിവച്ച തർക്കങ്ങൾ

ഒരാളുടെ സാക്ഷ്യം കേട്ടത് ഓർക്കുന്നു. ഒരിക്കൽ അദ്ദേഹം തന്റെ വളരെ അടുത്ത ഒരു സുഹൃത്തുമായി സംസാരിക്കവേ ചില തർക്കങ്ങളുണ്ടായി.

വീട്ടിലെത്തി, ആ സംഭവങ്ങളോർത്ത് മനസ് വിഷമിച്ചപ്പോഴാണ്, പരിശുദ്ധാത്മാവ് ഇങ്ങനെ ഒരു പ്രചോദനം നൽകിയത്- ഒരു പേനയും പേപ്പറും എടുത്ത് എഴുതിവച്ച് പ്രാർഥിക്കാൻ.
ആദ്യം ഈ സുഹൃത്തിനായും ഈ സുഹൃത്തിലൂടെ ലഭിച്ച അനുഗ്രഹങ്ങൾക്കായും ഈശോയോട് നന്ദി പറഞ്ഞ് എഴുതി പ്രാർഥിച്ചു. പിന്നെ അന്ന് നടന്ന അവരുടെ ഇടയിലെ സ്വരവ്യത്യാസങ്ങളും വഴക്കും പറഞ്ഞു. ഒപ്പം സംഭവിച്ച് പോയത് തന്റെ പിഴയാണെന്നും തന്നോട് ക്ഷമിക്കണമെന്നും ആ സുഹൃത്തിനെ അനുഗ്രഹിക്കണമെന്നും ഈശോയോട് പറഞ്ഞു.

ഒരു മണിക്കൂർ കഴിഞ്ഞില്ല, അതാ വരുന്നു സുഹൃത്തിന്റെ മെസ്സേജ്, ക്ഷമ ചോദിച്ചുകൊണ്ട്!
സുഹൃത്തിന്റെ മെസ്സേജ് വന്നതിനെക്കാളും വലിയ അത്ഭുതം അവിടെ നടന്നുവെന്ന വസ്തുത നാം കാണാതെ പോകരുത്. മനസിൽ ലഭിച്ച ദൈവികപ്രേരണയനുസരിച്ച് പ്രാർഥിച്ചപ്പോൾ, മനസ്സിൽ ഉണ്ടായിരുന്ന ദേഷ്യമെല്ലാം പൂർണമായും ഇല്ലാതായി.

ദൈവം പിതാവാണെന്നും സകല മനുഷ്യരും നമ്മുടെ സഹോദരരാണെന്നും അതുകൊണ്ടുതന്നെ പിതാവിനോട് ബന്ധം കാത്തുസൂക്ഷിക്കണമെങ്കിൽ സഹോദരങ്ങളോടുള്ള ബന്ധവും തകരാതെ കാക്കണമെന്നും ഈശോ പഠിപ്പിച്ച് തരുന്നു. ”മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. മറ്റുള്ളവരോട് നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല” (മത്തായി 6:14-15).

ഈശോ പഠിപ്പിച്ച് തന്ന പ്രാർഥനയായ ‘സ്വർഗസ്ഥനായ പിതാവേ…’ അധരം കൊണ്ട് പ്രാർഥിക്കുമ്പോൾ, ആ പ്രാർഥന ജീവിതത്തിൽ പ്രാവർത്തികമാക്കാനും നമുക്ക് സാധിക്കട്ടെ.

ഫാ. ജോസഫ് അലക്‌സ്