
സമീപകാലത്തെ ലോകരാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു 440 കിലോ യുറേനിയമാണ്. ഇറാന്റെ കൈവശമുള്ള 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച ഈ യുറേനിയം ശേഖരം ലോകത്തെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നു.
കാരണം 90 ശതമാനത്തോളം ശുദ്ധീകരിക്കപ്പെട്ടാൽ ഇത് ഉപയോഗിച്ച് നിരവധി അണുബോംബുകൾ ഉണ്ടാക്കാം. അത്യധികം നശീകരണ ശക്തിയുള്ള ഈ യുറേനിയം വിവേകമില്ലാതെ ഉപയോഗിക്കപ്പെട്ടാൽ ഭീകരമായ വിനാശത്തിനത് കാരണമാകും. അതിനാൽ എന്തു വില കൊടുത്തും യുറേനിയം സമ്പുഷ്ടീകരണം തടയണമെന്ന് ഇതര രാജ്യങ്ങൾ ആഗ്രഹിക്കുന്നു. ഒടുവിലത് ഒരു യുദ്ധത്തിലേക്ക് തന്നെ നയിക്കപ്പെട്ടു.
വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ന്യൂക്ലിയർ പവർ പ്ലാന്റുകളിലും മറ്റും ഇന്ധനമായി ഉപയോഗിക്കുന്നതുകൂടാതെ മെഡിക്കൽ ഡയഗ്നോസ്റ്റിക്സ്, കാൻസർ ട്രീറ്റ്മെന്റ്- ഇങ്ങനെ നിരവധി ഇതര മേഖലകളിലും യുറേനിയത്തിന് ഉപയോഗമുണ്ട്. യുറേനിയത്തിൽ ഒളിഞ്ഞിരിക്കുന്ന ആ ശക്തിയാണ് ഈ ലോഹധാതുവിനെ ശ്രദ്ധേയമാക്കുന്നത്.
ഇതുപോലെ ക്രിസ്തുവിശ്വാസിയിൽ ഒളിഞ്ഞിരിക്കുന്ന ഒരു അത്ഭുത ശക്തിയുണ്ട്. അതാണ് അവനെയും ഇതര മനുഷ്യരിൽനിന്നും വ്യത്യസ്തനാക്കുന്നത്. ഡുനാമിസ് (Dunamis) എന്ന ഗ്രീക്ക് പദമാണ് ഇതിനായി ബൈബിൾ ഉപയോഗിച്ചിട്ടുള്ളത്. ഡൈനാമിറ്റ്, ഡൈനാമോ, ഡൈനാമിക് തുടങ്ങിയ ഇംഗ്ലീഷ് പദങ്ങളൊക്കെ ഉത്ഭവിച്ചിട്ടുള്ളതും ഇതിൽ നിന്നുതന്നെയാണ്.
അത്ഭുതകരവും ചുറ്റുപാടുകളിൽ മാറ്റങ്ങൾ വരുത്തുവാൻ ശക്തിയുള്ളതുമാണ് വിശ്വാസികളിൽ അന്തർലീനമായ ഈ ശക്തി. അസാമാന്യമായ കർമ്മശേഷിയും ജ്ഞാനവും പകരുന്ന ഈ ശക്തിവിശേഷത്തെ വേണ്ടതുപോലെ തിരിച്ചറിയാനും ഉപയോഗിക്കാനും നമ്മൾ പരാജയപ്പെട്ടു പോകുന്നു എന്നതാണ് ലോകത്തിന്റെ ദുരവസ്ഥയ്ക്ക് ഒരു കാരണം
.നമ്മുടെ ശക്തി കായികശക്തിയോ, സംഘടിതശക്തിയോ അല്ല. ഈ ലോകത്തിലെ ഏതു ശക്തിയും എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടുകയും ചെയ്യാം. നാം തളരുമ്പോഴും ഏറ്റവും ദുർബലരായിത്തീരുകയും ചെയ്യുമ്പോൾപ്പോലും നമ്മിൽ വെളിപ്പെടുന്ന ഈ ശക്തിയെ തിരിച്ചറിയാതെ ഫലദായകമായ ക്രിസ്തീയജീവിതം അസാധ്യമാണ്.
പൗലോസ് ശ്ലീഹാ എഫേസോസിലെ സഭാ സമൂഹത്തോട് പറയുന്നതിപ്രകാരമാണ്. ”അവന്റെ പ്രാഭവപൂർണമായ പ്രവർത്തനത്തിനനുസൃതമായി വിശ്വാസികളായ നമ്മിലേക്കു പ്രവഹിക്കുന്ന അവന്റെ അപരിമേയമായ ശക്തിയുടെ മഹനീയത എത്രമാത്രമെന്നു വ്യക്തമാകട്ടെ” (എഫേസോസ് 1:19).
”അവസാനമായി കർത്താവിലും അവിടുത്തെ ശക്തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിൻ” (എഫേസോസ് 6:10).
”നമ്മിൽ പ്രവർത്തിക്കുന്ന ശക്തിയാൽ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെ കൂടുതൽ ചെയ്തു തരാൻ കഴിയുന്ന അവിടുത്തേക്ക് സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വം ഉണ്ടാകട്ടെ” (എഫേസോസ് 3:20-21).
യുറേനിയം സമ്പുഷ്ടീകരിക്കപ്പെടുന്നതിന് ആനുപാതികമായി അതിൽനിന്ന് ഉത്ഭവിക്കുന്ന ശക്തിയും വർധിക്കും. അതുപോലെ വിശ്വാസികൾ വിശുദ്ധീകരിക്കപ്പെടുന്നതിന് ആനുപാതികമായി അവരിലെ ദൈവികശക്തിയും വർധമാനമാകും. പന്തക്കുസ്തായിലൂടെ മനുഷ്യവംശത്തിലേക്ക് ചൊരിയപ്പെട്ട ഈ
പരിശുദ്ധാത്മശക്തി കൂടുതലായി ഉണർത്തപ്പെടുവാൻ തക്കവിധം നാം ശുദ്ധീകരിക്കപ്പെടട്ടെ.
പ്രാർഥന
എന്നിൽ വസിക്കുന്ന പരിശുദ്ധാത്മാവേ, അവിടുത്തെ സാന്നിധ്യവും ശക്തിയും പ്രകടമാകുന്നതിന് തടസ്സമായിട്ടുള്ളതെല്ലാം എന്നിൽനിന്നും ദുരീകരിക്കണമേ. അങ്ങുതന്നെ എന്റെ ജീവിതത്തെ ഏറ്റെടുത്താലും. അപ്പോസ്തോലന്മാരെ നയിച്ചതുപോലെ എന്നെയും നയിക്കണമേ, ആമ്മേൻ.