
നോമ്പുകാലം കഴിഞ്ഞുള്ള ഒരു സായാഹ്നം. ആശ്രമശ്രേഷ്ഠനോടൊന്നിച്ച് ധാരാളം
നവശിഷ്യരുമുണ്ട്. അതിൽ ഒരാൾ പെട്ടെന്ന് ഇങ്ങനെ ചോദിച്ചു. ”ഗുരോ, എനിക്കൊരു
സംശയം. നോമ്പുകാലത്ത് നമ്മളൊക്കെ കഠിനതപശ്ചര്യകളിലായിരുന്നു. മത്സ്യവും മാംസവും മുട്ടയും പാലുംപോലുള്ള പോഷകാഹാരങ്ങൾ ഉപേക്ഷിച്ചു. ശരീരത്തിന്റെ സന്തോഷങ്ങളെ
നിഷേധിച്ചുകൊണ്ട് മുട്ടുകുത്തിയും പറ്റുന്ന രീതിയിൽ പരിഹാരം ചെയ്തും പ്രാർഥനകൾ നടത്തി. ഇപ്പോൾ നമ്മൾ വീണ്ടും നല്ല ഭക്ഷണം കഴിക്കുന്നു. ശരീരത്തിന്റെ വിശ്രമത്തിനും സൗഖ്യത്തിനും വേണ്ടതൊക്കെ ചെയ്യുന്നു. ആത്മാവാണ് ജീവൻ നല്കുന്നത്. ശരീരം ഒന്നിനും ഉപകരിക്കുന്നില്ല എന്ന് കർത്താവും പറഞ്ഞിട്ടുണ്ടല്ലോ? പിന്നെന്തിനാണ് ശരീരത്തിന്റെ ആരോഗ്യകാര്യങ്ങളിൽ നാം ഇത്രയേറെ ശ്രദ്ധിക്കുന്നത്?”
ഗുരു മറുപടിയൊന്നും പറഞ്ഞില്ല. അല്പനേരം നിശബ്ദനായി ഇരുന്നതിനുശേഷം പെട്ടെന്ന് ചോദ്യം ചോദിച്ച ശിഷ്യനോട് കുടിക്കാൻ കുറച്ചു വെള്ളം കൊണ്ടുവരുവാൻ ആവശ്യപ്പെട്ടു. ശിഷ്യൻ ഉടൻതന്നെ പോയി ഒരു ഗ്ലാസ് വെള്ളവുമായി തിരികെയെത്തി. ആ വെള്ളം വാങ്ങി മേശയിൽ
വച്ചതിനുശേഷം ഗുരു ചോദിച്ചു. ‘ഞാൻ കുടിക്കാനുള്ള വെള്ളം മാത്രമല്ലേ ചോദിച്ചത്.
പിന്നെന്തിനാണ് ഗ്ലാസ് കൊണ്ടുവന്നത്?’
ശിഷ്യരെല്ലാം ഗുരുവിന്റെ മണ്ടൻചോദ്യം കേട്ട് ഞെട്ടി. ‘ഇതെന്തു പറ്റി ഗുരുവിന്?’
അവർ നെറ്റി ചുളിച്ചു. അപ്പോൾ ഗുരു വിശദീകരിച്ചു: ”വെള്ളത്തെ ഉൾക്കൊള്ളാൻ കഴിവുള്ള ഒരു പാത്രമില്ലാതെ വെള്ളം ശേഖരിക്കാനോ കൊണ്ടുവരാനോ ആവുകയില്ല. അതുപോലെ അരൂപിയായ ആത്മാവിന് ഈ ഭൂമിയിൽ പ്രവർത്തിക്കാൻ അതിനെ സംവഹിക്കുന്ന പാത്രമാണ് നമ്മുടെ ശരീരം.”
ഗ്ലാസ് പൊട്ടിയാൽ വെള്ളം ചോർന്നുപോകും. ഗ്ലാസിൽ അഴുക്കുണ്ട്, അത് കഴുകി സൂക്ഷിക്കുന്നില്ല എങ്കിൽ അതിനുള്ളിലെ വെള്ളവും അഴുക്കായിത്തീരും. അകത്തെ വെള്ളം ശുദ്ധമാണെങ്കിലും മലിനമായ അന്തരീക്ഷത്തിൽ ഗ്ലാസ് കൊണ്ടുപോയി വച്ചാൽ ക്രമേണ വെള്ളവും മലിനമായിത്തീരും. ഈച്ചയും പ്രാണികളും വന്നു വീഴാതിരിക്കാൻ ഗ്ലാസ് മൂടി സൂക്ഷിച്ചില്ലെങ്കിലും നല്ല വെള്ളം ചീത്ത വെള്ളമായി മാറാം. ഈ ഗ്ലാസ് സൂക്ഷിക്കേണ്ടത് ശുദ്ധമായ ജലം സൂക്ഷിക്കാൻ അത്യാവശ്യമായിരിക്കുന്നതുപോലെ ദൈവദത്തമായ ആത്മാവിനെ സൂക്ഷിക്കാൻ ശരീരത്തെയും സംരക്ഷിക്കണം. കൂടാതെ അപ്പസ്‌തോലൻ പറയുന്നതും ഇപ്രകാരമാണ്: ”നിങ്ങളിൽ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടേ?… നിങ്ങളുടെ ശരീരത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുവിൻ” (1 കോറിന്തോസ് 6:19-20).
പാർസലുകൾക്കു മുകളിൽ നമ്മൾ കാണാറുള്ള ഒരു മുന്നറിയിപ്പുണ്ട്. സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ അകത്തുള്ള വിലയേറിയ വസ്തു തകർന്നുപോകും (Fragile item-Handle eith Care). അതുപോലെ ശരീരത്തെയും ആദരപൂർവം കൈകാര്യം ചെയ്യണം. നിത്യതയുടെ കവാടത്തിൽ എത്തുന്നതുവരെയും ആത്മാവിന് ഉപയോഗയോഗ്യമായ രീതിയിൽ ശരീരത്തെയും പരിപാലിക്കണം. എന്നാൽ ആത്മാവിനെ മറന്ന് ശരീരത്തെമാത്രം പരിപാലിക്കുമ്പോൾ ജീവിതം അർഥശൂന്യവും ആകും. ഇപ്രകാരമുള്ള ചിന്തയോടെ ശരീരത്തെ പരിഗണിക്കാനുള്ള ദൈവികജ്ഞാനം നമ്മിൽ നിറയട്ടെ.
പ്രാർഥിക്കാം, ശാരീരികതയിൽ ചെയ്യുന്ന നന്മകൾക്കും തിന്മകൾക്കും പ്രതിഫലമുണ്ടന്നെ ബോധ്യത്തിൽ ഞങ്ങളുടെ ശരീരം വിശുദ്ധമായി സൂക്ഷിക്കാനും ശരീരംകൊണ്ട്
നന്മചെയ്യാനും കൃപ തന്നാലും, ആമ്മേൻ.