മെഡ്ജുഗോറിയായിലെ അഞ്ച് കല്ലുകൾ – Shalom Times Shalom Times |
Welcome to Shalom Times

മെഡ്ജുഗോറിയായിലെ അഞ്ച് കല്ലുകൾ

1981 മുതൽ മരിയൻ പ്രത്യക്ഷീകരണത്തിലൂടെ ലോകശ്രദ്ധ നേടിയ സ്ഥലമാണ് മെഡ്ജുഗോറിയ. നീണ്ട വർഷങ്ങളിലൂടെ നൂറുകണക്കിന് സന്ദേശങ്ങളാണ് അവിടെ ലഭിച്ചിട്ടുള്ളത്. ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകൾ അവിടെ തീർത്ഥാടകരായി എത്തുന്നുമുണ്ട്. എന്നാൽ എന്താണ് ഈ പ്രത്യക്ഷീകരണത്തിലൂടെ സ്വർഗം നൽകുന്ന യഥാർത്ഥ സന്ദേശം? അവിടുത്തെ വികാരിയായിരുന്ന ഫാ. യോസോ സോവ്‌ക്കോ 5 കല്ലുകളായിട്ടാണ് മരിയൻ സന്ദേശങ്ങളെ സംഗ്രഹിച്ചിട്ടുള്ളത്.

ഗോലിയാത്ത് എന്ന മഹാമല്ലനെ നേരിടുവാൻ ദാവീദെന്ന ഇടയച്ചെറുക്കൻ 5 കല്ലുകളാണ് തിരഞ്ഞെടുത്തത്. അതുപോലെ ഇക്കാലഘട്ടത്തിലും നമ്മെ വെല്ലുവിളിക്കുന്ന തിന്മയുടെ ശക്തിയാകുന്ന ഗോലിയാത്തിനെ നേരിടാൻ നമുക്കും വേണം 5 കല്ലുകൾ. ഈ കല്ലുകൾ പുതിയ കണ്ടുപിടുത്തങ്ങളൊന്നുമല്ല. ആദിമ കാലംമുതലേ സഭ പഠിപ്പിച്ചുതരുന്ന രക്ഷാമാർഗങ്ങളാണ് അവ. പുതിയ ടെക്‌നിക്കുകളും നവീനമായ അനുഭവങ്ങളും അറിവും തേടി വിശ്വാസികൾ അലയുമ്പോൾ പരിശുദ്ധ മാതാവ് നമ്മെ തിരിച്ചുവിളിക്കുകയാണ് ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനങ്ങളിലേക്ക് മടങ്ങിവരാൻ. പിശാചിന്റെയും ലോകത്തിന്റെയും ജഡത്തിന്റെയും വെല്ലുവിളികളെ കീഴ്‌പ്പെടുത്താൻ മറ്റു മാർഗങ്ങളൊന്നുമില്ല.

ഒന്നാമത്തെ കല്ല് -ഹൃദയംകൊണ്ടുള്ള പ്രാർഥനയാണ്. ഹൃദയംകൊണ്ടുള്ള പ്രാർഥനയാണ് സ്വർഗത്തിലെത്തുക. ജപമാലരഹസ്യങ്ങൾ ധ്യാനപൂർവം ചൊല്ലുന്നതിലൂടെ തിന്മയ്‌ക്കെതിരെ പ്രാബല്യം നേടാൻ കഴിയുമെന്ന് മെഡ്ജുഗോറിയ ഓർമിപ്പിക്കുന്നു.

ക്രിസ്തീയ ജീവിതത്തിന്റെ കേന്ദ്രമായ വിശുദ്ധ കുർബാനയാണ് രണ്ടാമത്തെ കല്ല്. സജീവനായ ക്രിസ്തുവിനെ കണ്ടുമുട്ടാനും അനുഭവിച്ചറിയാനും ഇട നൽകുന്ന വിശുദ്ധ കുർബാന കഴിയുന്നതും മുടക്കാതിരിക്കുക. ദിവ്യബലിക്കുമുമ്പ് വേണ്ടത്ര ഒരുക്കം നടത്തുന്നതും അതുപോലെതന്നെ ദിവ്യബലിക്കുശേഷം കുറച്ചുസമയമെങ്കിലും ദിവ്യകാരുണ്യനാഥനെ ധ്യാനിക്കുന്നതും നമ്മെ ആത്മീയശക്തിയുള്ളവരാക്കും.

മൂന്നാമത്തെ കല്ല് ദൈവവചനമാണ്. അനുദിനം ബൈബിൾ വായിക്കുന്നതും എല്ലാവർക്കും കാണത്തക്ക രീതിയിൽ കുടുംബത്തിൽ ബൈബിൾ പ്രതിഷ്ഠിക്കുന്നതും ഇതിന്റെ ഭാഗമാണ്. ലോകം ഉയർത്തുന്ന ആശയക്കുഴപ്പങ്ങളുടെയും ആശങ്കകളുടെയും അന്ധകാരത്തിൽ തപ്പിത്തടയാതിരിക്കാൻ ദൈവവചനത്തിന്റെ വെളിച്ചമല്ലാതെ മറ്റൊന്നും വിശ്വാസിക്ക് ഇല്ല.

ഉപവാസമാണ് മെഡ്ജുഗോറിയാ സന്ദേശങ്ങൾ നൽകുന്ന ആയുധങ്ങളിലൊന്നായ നാലാമത്തെ കല്ല്. ആത്മാവിനെ വിശുദ്ധീകരിക്കാനും മനസിനെ നവീകരിക്കാനും ലോകത്തിന്റെ പാപങ്ങൾക്ക് പരിഹാരം ചെയ്യാനും ബുധനാഴ്ചയും വെള്ളിയാഴ്ചയും ബ്രഡും വെള്ളവും മാത്രം ആഹരിച്ചുകൊണ്ടുള്ള ഉപവാസം മെഡ്ജുഗോറിയ പ്രോത്സാഹിപ്പിക്കുന്നു.
അഞ്ചാമത്തെ കല്ല് നിരന്തരമായ വിശുദ്ധീകരണമാണ്. പാപമോചനകൂദാശയിലൂടെ നിരന്തരം ആത്മാവിനെ പുതുക്കുകയും വീഴ്ചകളിൽനിന്ന് സ്വയം വീണ്ടെടുക്കുകയും ചെയ്യണം.

ധ്യാനങ്ങളും ആത്മീയ ശുശ്രൂഷകളും ഉണർവ്വും പുതിയ ബോധ്യങ്ങളും നൽകിയേക്കാം. എന്നാൽ ആത്മീയ ജീവിതത്തിൽ ആഴപ്പെട്ടു വളരാൻ കുറുക്കുവഴികളൊന്നുമില്ല. വിശുദ്ധ കുർബാന, കുമ്പസാരം, ഉപവാസം, പ്രാർഥന, ദൈവവചനം – ഈ അടിസ്ഥാനങ്ങളിലേക്ക് മടങ്ങിവന്ന് ശക്തരാകാൻ ഓരോ നോമ്പുകാലവും നമ്മെ മാടിവിളിക്കുന്നു.

”എന്റെ കുഞ്ഞുങ്ങളേ, വ്യക്തിപരമായ മാനസാന്തരത്തിലേക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുകയാണ്. ഇത് നിങ്ങളുടെ സമയമാണ്. നിങ്ങളെ കൂടാതെ ഈ കാലഘട്ടത്തെക്കുറിച്ചുള്ള ദൈവപദ്ധതികൾ യാഥാർത്ഥ്യമാവുകയില്ല. അനുദിനം നിരന്തരമായ പ്രാർത്ഥനയിലൂടെ നിങ്ങൾ ദൈവത്തോട് കൂടുതലായി ചേർന്നുനിൽക്കുക. അപ്പോൾ അവിടുത്തെ സാന്നിധ്യം നിങ്ങളെ ശക്തരാക്കിമാറ്റും” (മെഡ്ജുഗോറിയാ സന്ദേശങ്ങളിൽനിന്ന്).