
കഠിനമായ കാലവർഷത്തിന്റെ നാളുകൾ… ആഴ്ചകൾ നീണ്ട ഇടമുറിയാത്ത മഴ… അത്തരം ദിവസങ്ങളിലൊന്നിലാണ് ഞങ്ങളാ നായയെ കണ്ടത്. കാർഷെഡിന്റെ സൈഡിൽ തണുത്തുവിറച്ച് ചുരുണ്ട് കിടക്കുന്നു. റോഡിലൂടെ അലഞ്ഞു നടക്കുന്ന നായയാണ്. എങ്കിലും മിണ്ടാപ്രാണിയല്ലേ, ഈ മഴയത്ത് അവിടെ കിടന്നോട്ടെ എന്നു വിചാരിച്ചു. ഭക്ഷണം കഴിക്കുന്ന സമയത്ത് ഞങ്ങളുടെ ഉള്ളിലൊരു വേദന… ദൈവമേ, അത് പട്ടിണി ആയിരിക്കുമല്ലോ… ഈ മഴയത്ത് എവിടെപോയി ഭക്ഷണം തേടാനാണ്. സഹതാപം ഭക്ഷണമായി മാറി. മഴക്കാലം കഴിയുമ്പോൾ അത് തെരുവിൽ കൂട്ടുകാരുടെ കൂടെ പൊയ്‌ക്കൊള്ളും എന്നാണ് ഞങ്ങൾ കരുതിയത്.
മഴ മാറി… വെയിൽ തെളിഞ്ഞു. പക്ഷേ നായ സ്ഥലംവിട്ടില്ല. പകരം കൂടുതൽ അവകാശബോധത്തോടെ വീടിന്റെ മുന്നിൽ കിടക്കാൻ തുടങ്ങി. ഓടിച്ചാലും പോവുകയില്ല. മാത്രമല്ല റോഡിലുണ്ടായിരുന്ന അലഞ്ഞുനടക്കുന്ന മറ്റു നായകളെയും അതു കൂട്ടിക്കൊണ്ടുവരുവാൻ തുടങ്ങി. ഗേറ്റ് അടച്ചിട്ടാൽ മതിൽ ചാടി അകത്തു കടന്ന് മുൻപിൽ കിടക്കും. ഞങ്ങളാകെ വിഷമിച്ചു. വീട്ടിലെത്തുന്ന സന്ദർശകർക്കുപോലും നായ്ക്കൾ ഭയകാരണമായി.
ഒടുവിൽ ആ നായയോടുണ്ടായിരുന്ന സ്‌നേഹവും സഹതാപവും മാറ്റിവയ്‌ക്കേണ്ടിവന്നു. കാർക്കശ്യത്തോടെ ഇടപെടാതെ നായ്ക്കൂട്ടം സ്ഥലം വിടുകയില്ലായെന്ന് മനസിലായി.
ഈ സംഭവം ആത്മീയ ജീവിതത്തിൽ നാം പാലിക്കേണ്ട ജാഗ്രതയും വിവേകവും എത്രമാത്രമായിരിക്കണമെന്ന് വെളിപ്പെടുത്തുന്നുണ്ട്. സഹതാപം തോന്നി തെറ്റായ ബന്ധത്തിലേക്ക് വീണുപോയവർ അനേകരാണ്. വിവേകമില്ലാതെ സഹായിക്കുവാൻ പോയി കുടുക്കിലായവരും വളരെയധികമുണ്ട്. പിശാച് പേപ്പട്ടിയായി വന്നാൽ നാം അതിനെ പ്രതിരോധിക്കും. അകലം പാലിക്കും. എന്നാൽ സ്‌നേഹത്തോടെ വാലാട്ടുന്ന, സഹതാപം അർഹിക്കുന്ന ദയനീയ അവസ്ഥയിൽ പ്രത്യക്ഷപ്പെട്ടാൽ നാം അതിനെ ഭയപ്പെടുകയില്ല. കഴിയുന്നതും സഹായിക്കാൻ ശ്രമിക്കും. സാത്താൻ പലപ്പോഴും നമ്മെ കുടുക്കിലാക്കാൻ ശ്രമിക്കുന്നത് നമ്മിലെ നന്മകളെ ഉണർത്തിക്കൊണ്ടാകാം. പരിശുദ്ധാത്മാവിന്റെ വെളിച്ചം നമുക്കില്ലെങ്കിൽ… ബുദ്ധിയുടെ അരണ്ട വെളിച്ചത്തിൽ അപകടം കാണാൻ കഴിയാതെ നാം വീണുപോകാം.
ചിലപ്പോൾ ഈ സഹതാപം നമ്മളോടു തന്നെയാകും. ഇന്നത്തെ യാത്ര… കഠിനാധ്വാനത്തളർച്ച… നിന്റെ ശരീരത്തെ ഇങ്ങനെ പീഡിപ്പിക്കരുത്, നിനക്ക് വിശ്രമം ന്യായമാണ്. ഒരു ദിവസം പ്രാർഥിച്ചില്ലെങ്കിലും കുഴപ്പമില്ല. ഇന്ന് പള്ളിയിൽ പോയില്ലെങ്കിലും സാരമില്ല… ഇത്രയും കഠിനമായ ഉപവാസമെടുത്താൽ നിന്റെ ആരോഗ്യം നഷ്ടപ്പെടും… ഇങ്ങനെ പോകുന്നു ആത്മീയതയെ അപകടപ്പെടുത്തുന്ന സഹതാപചിന്തകൾ.
നമ്മളോടും സാഹചര്യങ്ങളോടും മറ്റുള്ളവരോടും ‘കഠിനഹൃദയരാ’യി പെരുമാറാനുള്ള കഴിവ് നേടിയാലേയഥാർത്ഥമായ ആർദ്രഹൃദയം നമ്മിൽ രൂപപ്പെടുകയുള്ളൂ.
നിന്റെ കൈ നിനക്ക് ദുഷ്‌പ്രേരണയ്ക്ക് കാരണമാകുന്നെങ്കിൽ, അതു വെട്ടിക്കളയുക. ഇരുകൈകളും ഉള്ളവനായി നരകത്തിലെ കെടാത്ത അഗ്നിയിൽ നിപതിക്കുന്നതിനെക്കാൾ നല്ലത് അംഗഹീനനായി ജീവനിലേക്ക് പ്രവേശിക്കുന്നതാണ്. നിന്റെ പാദം നിനക്ക് ദുഷ്‌പ്രേരണയ്ക്ക് കാരണമാകുന്നെങ്കിൽ അതു മുറിച്ചുകളയുക. രണ്ടു പാദങ്ങളും ഉള്ളവനായി നരകത്തിൽ എറിയപ്പെടുന്നതിനെക്കാൾ നല്ലത്, മുടന്തനായി ജീവനിലേക്ക് പ്രവേശിക്കുന്നതാണ്. നിന്റെ കണ്ണുമൂലം നിനക്ക് ദുഷ്‌പ്രേരണ ഉണ്ടാകുന്നെങ്കിൽ അത് ചൂഴ്‌ന്നെടുത്ത് എറിഞ്ഞുകളയുക. ഇരുകണ്ണുകളും ഉള്ളവനായി പുഴു ചാകാത്തതും തീ കെടാത്തതുമായ നരകത്തിലേക്ക് എറിയപ്പെടുന്നതിനെക്കാൾ നല്ലത് ഒരു കണ്ണോടുകൂടെ ദൈവരാജ്യത്തിലേക്ക് പ്രവേശിക്കുന്നതാണ് (മർക്കോസ് 9:43-48).
കർത്താവ് എത്ര വ്യക്തമായിട്ടാണ് ‘കഠിനഹൃദയരാകേണ്ടതിന്റെ’ ആവശ്യകത നമ്മെ പഠിപ്പിക്കുന്നത്.
വിച്ഛേദിക്കേണ്ട പലതും വിച്ഛേദിക്കാതെ, കുരിശിൽ തറയ്‌ക്കേണ്ടതിനെ കുരിശിൽ തറയ്ക്കാതെ… ഉയിർത്തെഴുന്നേൽപ്പിന്റെ ജീവിതം സ്വന്തമാക്കാനാവില്ല.
പ്രാർഥന
വെറുത്തുപേക്ഷിക്കേണ്ടതിനെ വെറുത്തുപേക്ഷിക്കാനും മുറിച്ചു മാറ്റേണ്ടവയെ മുറിച്ചു മാറ്റുവാനും അകലം പാലിക്കേണ്ടതിനോടുള്ള അടുപ്പം ഉപേക്ഷിക്കുവാനും എന്നെ സഹായിക്കണമേ – ആമ്മേൻ.