
ഉയിർപ്പുദിനത്തിൽ വൈകിട്ടുതന്നെ, യഹൂദരെ ഭയന്ന് കതകടച്ചിരുന്ന ശിഷ്യന്മാർക്കുമുന്നിൽ യേശു പ്രത്യക്ഷനായെന്നും അവർ സന്തോഷഭരിതരായെന്നും നാം സുവിശേഷത്തിൽ വായിക്കുന്നു. എന്നാൽ ആ സമയം അവിടെയില്ലാതിരുന്ന തോമസ്, മറ്റ് ശിഷ്യൻമാരുടെ വിവരണം കേട്ടെങ്കിലും തനിക്ക് യേശുവിനെ നേരിൽ കണ്ട് ബോധ്യപ്പെടണമെന്ന ആവശ്യമാണ് പ്രകടിപ്പിച്ചത്. തുടർന്ന് എട്ടു ദിവസങ്ങൾക്കുശേഷം, കതകടച്ചിരുന്ന ശിഷ്യൻമാരുടെ മധ്യേ വീണ്ടും യേശു വന്നുനിന്നു.
അവിടുന്ന് തോമസിനോടു പറഞ്ഞു, ”നിന്റെ വിരൽ ഇവിടെ കൊണ്ടുവരുക; എന്റെ കൈകൾ കാണുക; നിന്റെ കൈ നീട്ടി എന്റെ പാർശ്വത്തിൽ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക” (യോഹന്നാൻ 20:27). അതുകേട്ട തോമസ് പറഞ്ഞു, ”എന്റെ കർത്താവേ, എന്റെ ദൈവമേ!”
അപ്പസ്‌തോലനായ തോമസിന്റെ പാരമ്പര്യം പേറുന്ന ഭാരതത്തിലെ മാർത്തോമാ നസ്രാണികളെ സംബന്ധിച്ചിടത്തോളം ഉയിർപ്പിന്റെ എട്ടാം ദിനമായ പുതുഞായർ മാർതോമാശ്ലീഹായെ പ്രത്യേകമായി സ്മരിക്കുന്ന ദിനമാണ്. ഈ സവിശേഷദിനം ദൈവകരുണയുടെ തിരുനാൾ ആയി ആചരിക്കാൻ ഈശോ ആവശ്യപ്പെടുമ്പോൾ അവിടുത്തെ വാക്കുകൾ അന്ന് തോമസിനോട് പറഞ്ഞതിന് സമാനംതന്നെ, കരുണയുടെ ഉറവിടമായ അവിടുത്തെ തിരുഹൃദയം സ്ഥിതിചെയ്യുന്ന ആ പാർശ്വത്തിൽ നമ്മുടെ ശരണത്തിന്റെ കൈ വയ്ക്കുക.
”ഈസ്റ്റർ കഴിഞ്ഞുവരുന്ന ആദ്യത്തെ ഞായറാഴ്ച ദൈവകാരുണ്യത്തിന്റെ തിരുനാളായി ആചരിക്കണം. എന്റെ ഉന്നതവും അളവറ്റതുമായ കരുണയെക്കുറിച്ച് അന്നേദിവസം പുരോഹിതർ പ്രസംഗിക്കണം… എന്റെ ഛായാചിത്രം പള്ളിയിൽ പരസ്യമായി പ്രതിഷ്ഠിക്കണം… ഈ ചിത്രത്തിലൂടെ ഞാൻ അനവധി കൃപകൾ ആത്മാക്കളിലേക്ക് ഒഴുക്കും. അതിനാൽ എല്ലാ ആത്മാക്കൾക്കും അതിനെ സമീപിക്കാൻ സാധിക്കട്ടെ.”
(വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി – 570)
യേശുവിന്റെ പാർശ്വത്തിൽനിന്ന് രണ്ട് പ്രകാശരശ്മികൾ പുറപ്പെടുന്നവിധത്തിലുള്ള ചിത്രമാണ് ദൈവകരുണയുടെ ഛായാചിത്രമായി വരയ്ക്കാൻ അവിടുന്ന് ആവശ്യപ്പെട്ടത് എന്ന കാര്യവും ഇവിടെ പ്രത്യേകം ശ്രദ്ധേയമാണ്. കുത്തിത്തുളയ്ക്കപ്പെട്ട ആ പാർശ്വത്തിൽ, കരുണയുടെ ഉറവിടമായ അവിടുത്തെ തിരുഹൃദയം നമുക്ക് സ്പർശിക്കാം.
ദൈവകരുണയുടെ തിരുനാളിലെ അത്ഭുതം
പോളണ്ടിൽ, ക്രാക്കോവിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഓങ്കോളജി വാർഡിൽ, മരണാസന്നനായി അബോധാവസ്ഥയിലായി കിടക്കുകയാണ് മത്തെയുഷ് (Mateusz). വിശ്വാസം തീർത്തും നശിച്ച്, പതിറ്റാണ്ടുകൾ കൂദാശകൾ ഉപേക്ഷിച്ച്, ദൈവത്തെ തള്ളിക്കളഞ്ഞു ജീവിച്ച 68 വയസ്സുള്ള അദ്ദേഹത്തിന് ആമാശയ ക്യാൻസർ ആയിരുന്നു. ക്യാൻസർ മറ്റ് ആന്തരിക അവയവങ്ങളിലേക്കും ബാധിച്ച്, അവയുടെ പ്രവർത്തനങ്ങൾ എല്ലാം സാരമായി തകരാറിലായ അവസ്ഥയിലാണ് അദ്ദേഹം മരണം കാത്തുകിടന്നത്. വിശ്വാസികളായ ബന്ധുക്കൾക്ക് ഇയാളുടെ ആത്മീയ അവസ്ഥ വളരെ വേദനാജനകമായിരുന്നു.
ബന്ധുക്കളുടെ ആവശ്യപ്രകാരം ആശുപത്രി ചാപ്ലിൻ, ആ ദിവസം ഉച്ചകഴിഞ്ഞ് അയാളുടെ മുറിയിലേക്കു കടന്നു ചെന്നപ്പോൾ, അവർ വളരെ സങ്കടത്തോടെ നൈരാശ്യജനകമായ അയാളുടെ ആത്മീയ അവസ്ഥയെപ്പറ്റി വൈദികനോടു പറഞ്ഞു. വൈദികരോടും സഭയോടുമുള്ള അദ്ദേഹത്തിന്റെ വെറുപ്പിനെപ്പറ്റി സൂചിപ്പിക്കുകയും ചെയ്തു. സന്ദർഭവശാൽ ആ ദിവസത്തിന്റെ പ്രത്യേകത മനസിലാക്കിയ വൈദികൻ, ഒരു ആന്തരിക പ്രചോദനത്താൽ ഇങ്ങനെ പറഞ്ഞു, ”ഇന്നത്തെ ദിവസം ഒരു സാധാരണ ദിവസമല്ല. ഇന്ന് ദൈവകരുണയുടെ തിരുനാൾ ദിനമാണ്, മാത്രമല്ല മൂന്നുമണി സമയവുമാണ്. നമുക്ക് ഇദ്ദേഹത്തെ ദൈവകരുണയിലേക്കു പൂർണ്ണമായി ഏൽപ്പിച്ചു കൊടുക്കാം.”
അദ്ദേഹത്തിന്റെ ബെഡിനരികിൽ ദൈവകരുണയുടെ ഒരു ചെറിയ ഛായാചിത്രം വച്ചതിനുശേഷം, വലിയ വിശ്വാസത്തോടും ശരണത്തോടും കൂടി വൈദികൻ സാവകാശം ദൈവകരുണയുടെ ജപമാല ചൊല്ലാൻ തുടങ്ങി.
”ഈശോയുടെ അതിദാരുണമായ പീഡാസഹനത്തെക്കുറിച്ച് ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണയുണ്ടാകണമേ….”
പെട്ടെന്ന് അത്ഭുതകരമായ ഒന്ന് സംഭവിച്ചു. അബോധാവസ്ഥയിലായിരുന്ന മരണാസന്നനായ രോഗി പെട്ടെന്ന് കണ്ണുതുറന്ന് ഛായാചിത്രത്തിലേക്ക് അൽപനേരം നോക്കിയിട്ട്, നിശബ്ദമായി കണ്ണീരൊഴുക്കിത്തുടങ്ങി. അയാൾ സംസാരിക്കാൻ ശ്രമിച്ചപ്പോൾ, വൈദികൻ കുനിഞ്ഞ് അയാൾ പറയുന്നതു ശ്രദ്ധിച്ചു. അപ്പോൾ വളരെ ആയാസപ്പെട്ട് ഇങ്ങനെ മന്ത്രിക്കുന്നതു കേട്ടു, ”ഈശോയേ എന്നോട് ക്ഷമിക്കണമേ…!”തുടർന്ന് കണ്ണുനീരോടെ അദ്ദേഹം പറഞ്ഞ വാക്കുകൾ എല്ലാവരെയും അത്ഭുതപ്പെടുത്തി. ”ഈശോ ഇവിടെയുണ്ട്, അവിടുന്ന് എനിക്കു വേണ്ടി കാത്തിരിക്കുന്നു!”
പെട്ടെന്ന് ദൈവകരുണയുടെ ഈശോയുടെ വാഗ്ദാനം വൈദികന്റെ മനസ്സിലേക്കു വന്നു. ”മരണാസന്നരുടെ സാന്നിധ്യത്തിൽ ഈ ജപമാല ചൊല്ലുമ്പോൾ എന്റെ പിതാവിന്റെയും മരിക്കുന്ന വ്യക്തിയുടെയും മദ്ധ്യേ നീതിയുടെ വിധിയാളനായിട്ടല്ല, പിന്നെയോ, കരുണയുള്ള രക്ഷകനായി ഞാൻ നിൽക്കുമെന്ന് എഴുതുക”(വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി 1541).
ഈശോയുടെ ഈ വാഗ്ദാനം അക്ഷരാർത്ഥത്തിൽ അവിടെ നിറവേറുകയായിരുന്നു. ദൈവകരുണയുടെ ഈശോ രോഗിയുടെ അരികിൽ സന്നിഹിതനാവുകയും ആത്മാവിനു സൗഖ്യം നൽകുകയും ചെയ്തു. വൈദികൻ പെട്ടെന്നുതന്നെ അദ്ദേഹത്തിനു പാപമോചനം നൽകി. രോഗീലേപനം നൽകിയതിനു ശേഷം, പരിശുദ്ധ കുർബാന സ്വീകരിക്കാൻ അവസരവും കൊടുത്തു. അല്പസമയം കഴിഞ്ഞപ്പോൾ ദൈവകരുണയുടെ ഈശോയുടെ ഛായാചിത്രം ചേർത്തുപിടിച്ചുകൊണ്ട് വളരെ ശാന്തനായി അദ്ദേഹം എല്ലാവരുടെയും മുമ്പിൽ വച്ചു മരിച്ചു.
വാഗ്ദാനങ്ങൾ
പാപം വർധിച്ചിടത്ത് കൃപ അതിലേറെ വർധിച്ചു എന്ന (റോമാ 5:20) വചനം പൂർത്തിയാക്കിക്കൊണ്ട് ദൈവകരുണയുടെ തിരുനാൾ ഒരു മഹത്തായ ആത്മീയ വിരുന്നാണെന്നു തെളിയിക്കുന്നതാണ് ഈശോ നൽകിയിരിക്കുന്ന വാഗ്ദാനങ്ങൾ.
- അന്നേ ദിവസം (തിരുനാൾ ദിവസം) ദൈവികവര പ്രസാദമൊഴുകുന്ന എല്ലാ ചാലുകളും ഞാൻ തുറന്നു വിടും (ഡയറി 699). മാരകപാപികളെ മാനസാന്തരത്തിലേക്ക് നയിക്കാനും, അനുതപിക്കുന്ന പാപികളെ വിശുദ്ധീകരിക്കാനും, വിശുദ്ധീകരിച്ചു കൊണ്ടിരിക്കുന്നവരെ മഹത്വപ്പെടുത്താനും ഈ കൃപകൾക്കു സാധിക്കും.
- ആ ദിവസം എന്റെ അനുകമ്പാർദ്രമായ കരുണയുടെ ആഴങ്ങൾ ഞാൻ തുറക്കും. എന്റെ കരുണയുടെ ഉറവിടത്തെ സമീപിക്കുന്ന ആത്മാക്കളുടെമേൽ ഞാൻ പ്രസാദവരത്തിന്റെ വൻകടൽ തന്നെ തുറക്കും (ഡയറി 699). ദൈവകരുണയുടെ തിരുനാൾ ദിവസം ദൈവകരുണയുടെ ഛായാചിത്രത്തെ വണങ്ങിക്കൊണ്ട് ‘ഈശോയേ ഞാനങ്ങിൽ ശരണപ്പെടുന്നു’ എന്ന് ഏറ്റുപറഞ്ഞ് ഈശോ വാഗ്ദാനം ചെയ്തിരിക്കുന്ന കൃപയുടെ ഈ സാഗരം സ്വീകരിക്കാം.
- അന്നേദിവസം കുമ്പസാരിച്ച് വിശുദ്ധ കുർബാന സ്വീകരിക്കുന്ന ആത്മാക്കൾക്ക് പരിപൂർണ്ണ പാപമോചനവും കടങ്ങളുടെ പൊറുതിയും ലഭിക്കും (ഡയറി 699).
- പൂർണ്ണ ദണ്ഡവിമോചനം
ദൈവകരുണയുടെ തിരുനാൾ ദിവസം ഈശോ വിശുദ്ധ ഫൗസ്റ്റീനയിലൂടെ ആവശ്യപ്പെട്ടതനുസരിച്ച്, ജോൺപോൾ പാപ്പായുടെ നിർദ്ദേശപ്രകാരം ജൂൺ 29, 2002 -ൽ ദൈവകരുണയുടെ തിരുനാളിന് പൂർണ്ണദണ്ഡവിമോചനം അനുവദിച്ചു. - ദൈവകരുണയുടെ തിരുനാളിൽ എല്ലാ ആത്മാക്കൾക്കും പ്രത്യേകിച്ച് കഠിന പാപികൾക്ക് അഭയവും സംരക്ഷണവുമായി തീരുവാൻ ഞാൻ ആഗ്രഹിക്കുന്നു (ഡയറി 699).
ഈ അഞ്ച് വാഗ്ദാനങ്ങളുടെയും മൂല്യം മനസിലാക്കി അവ ഉപയോഗപ്പെടുത്താൻ നമുക്ക് സാധിക്കട്ടെ. ”വേണ്ട സമയത്ത് കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്ക് പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം” (ഹെബ്രായർ 4:16).
ഡോ. ജോഷി ജോസഫ്, തൊടുപുഴ