ഊട്ടുമേശകളിലെ ഉത്ഥാനാനുഭവം – Shalom Times Shalom Times |
Welcome to Shalom Times

ഊട്ടുമേശകളിലെ ഉത്ഥാനാനുഭവം

മനുഷ്യജീവിതത്തിലെ ഏറ്റവും സ്വാഭാവികമായ കർമമാണ് ആഹാരം കഴിക്കുക എന്നത്. മൂന്നുനേരമെങ്കിലും ഭക്ഷണം കഴിക്കുന്നവരാണ് നമ്മൾ. പ്രാതലും ഉച്ചയൂണും അത്താഴവും നമ്മുടെ ജീവിതക്രമത്തിന്റെതന്നെ ഭാഗമാണ്. കാരണം ശാരീരികമായി നമുക്ക് പ്രവർത്തിക്കണമെങ്കിൽ അതിനാവശ്യമായ പോഷകങ്ങൾ ഭക്ഷണത്തിലൂടെ ശരീരത്തിന് കിട്ടിയേതീരൂ. എന്നാൽ വിശപ്പുകൊണ്ട് മാത്രമല്ല ചിലപ്പോൾ സന്തോഷത്തിനുവേണ്ടിയും ആളുകൾ ആഹാരം കഴിക്കാറുണ്ട്.

കുടുംബമായി ഒത്തുചേരുമ്പോഴും സുഹൃത്തുക്കൾ തമ്മിൽ കണ്ടുമുട്ടുമ്പോഴും നമ്മുടെ സ്‌നേഹവും സന്തോഷവും നാം പ്രകടിപ്പിക്കുന്നത് പലപ്പോഴും നല്ല ഭക്ഷണം ഒരുക്കിയും അതിന് മറ്റുള്ളവരെ ക്ഷണിച്ചുകൊണ്ടുമാണ്. പറയത്തക്ക വിശേഷപ്പെട്ട വിഭവങ്ങൾ ഒന്നുംതന്നെ ഇല്ലെങ്കിലും ഒരുമിച്ച് ഭക്ഷണം കഴിക്കുക എന്നുപറയുന്നതുതന്നെ എത്രയും ആനന്ദവും സംതൃപ്തിയും നൽകുന്ന ഒന്നാണ്.

അത്തരത്തിൽ വളരെ സ്വാഭാവികവും സാധാരണവുമായ ആഹാരത്തിന്റെ അവസരങ്ങളെയാണ് ഈശോ തന്റെ ഉത്ഥാനത്തിന്റെ ഏറ്റവും വലിയ രഹസ്യങ്ങൾ പങ്കുവച്ചു കൊടുക്കാനായി തിരഞ്ഞെടുത്തത്. ”യേശു പറഞ്ഞു: വന്നു പ്രാതൽ കഴിക്കുവിൻ. ശിഷ്യന്മാരിൽ ആരും അവനോട് നീ ആരാണ് എന്ന് ചോദിക്കാൻ മുതിർന്നില്ല; അത് കർത്താവാണെന്ന് അവർ അറിഞ്ഞിരുന്നു. യേശു വന്ന് അപ്പം എടുത്ത് അവർക്ക് കൊടുത്തു; അതുപോലെതന്നെ മത്സ്യവും” (യോഹന്നാൻ 21:12-13).

ഉത്ഥാനത്തിനുശേഷമുള്ള ഈശോയുടെ ഊട്ടുമേശകൾ നമ്മെ ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്. വിശുദ്ധ ലൂക്കായുടെ സുവിശേഷം 24-ാം അധ്യായത്തിൽ എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ കൂടെ ഈശോ കഴിച്ച അത്താഴവും വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ 21-ാം അധ്യായത്തിൽ മീൻപിടുത്തം കഴിഞ്ഞെത്തിയ ശിഷ്യന്മാരുടെ കൂടെ ഈശോ കഴിച്ച പ്രാതലും ആണ് ഉത്ഥാനശേഷം അവിടുന്ന് പങ്കെടുത്ത രണ്ട് ഭക്ഷണമേശകൾ.

ഈ രണ്ട് ഭക്ഷണവേളകൾ അവരുടെ ഏതൊരു ദിവസത്തിലും എന്നപോലെ സംഭവിച്ച വളരെ സാധാരണമായ വയായിരുന്നു. ജറുസലേമിൽനിന്നും നടത്തിയ ഒരു ദീർഘമായ യാത്രയ്‌ക്കൊടുവിലാണ് എമ്മാവൂസിലെ അത്താഴം വിശപ്പോടെ അവർ കഴിക്കുന്നത്. രാത്രി മുഴുവനും മീനിനുവേണ്ടി കടലിനോട് മല്ലിട്ട് ക്ഷീണിച്ചശേഷമാണ് ഗലീലിയിലെ പ്രാതലും കഴിക്കുന്നത്.

ദൈവത്തോടുള്ള മനുഷ്യന്റെ വിശപ്പിനെ കുറിക്കുവാൻവേണ്ടി ഭക്ഷണത്തെ മനോഹരമായ അലങ്കാരങ്ങളായി ഉപയോഗിക്കുന്നത് വിശുദ്ധ ഗ്രന്ഥത്തിൽ പലയിടങ്ങളിലും നമുക്ക് കാണാൻ സാധിക്കും. ”കർത്താവ് എത്ര നല്ലവനെന്ന് രുചിച്ചറിയുവിൻ” (സങ്കീർത്തനം 34:8). ”നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ. അവർക്ക് സംതൃപ്തി ലഭിക്കും” (മത്തായി 5:6). ”കിടക്കയിൽ ഞാൻ അങ്ങയെ ഓർക്കുകയും രാത്രിയാമങ്ങളിൽ അങ്ങയെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുമ്പോൾ ഞാൻ മജ്ജയും മേദസുംകൊണ്ടെന്നപോലെ സംതൃപ്തിയടയുന്നു” (സങ്കീർത്തനം 63:5-6). ”നിങ്ങൾ അറിയാത്ത ഭക്ഷണം എനിക്കുണ്ട്” (യോഹന്നാൻ 4:32).

ഭക്ഷണമേശകളിൽ ഉത്ഥിതനെ കാണാറുണ്ടോ?

നമ്മുടെ അനുദിന ജീവിതത്തിലെ അധ്വാനത്തിനും കഷ്ടപ്പാടുകൾക്കും ഇടയിൽ നാം കഴിക്കുന്ന ഓരോ പ്രാതലും അത്താഴവും ഉത്ഥിതനായ മിശിഹായുമായുള്ള കണ്ടുമുട്ടലാക്കി മാറ്റാൻ നമുക്ക് സാധിക്കുന്നുണ്ടോ? ഉത്ഥാനത്തിനുശേഷം ഈശോ ഒരുക്കിയ രണ്ട് വിരുന്നിലും ഈശോയെ ശിഷ്യന്മാർ തിരിച്ചറിയുന്നത് അൽപം വൈകിയാണ്. എന്തുകൊണ്ടാണ് അവർ ഈശോയെ ആദ്യം കണ്ട മാത്രയിൽ തന്നെ തിരിച്ചറിയാതിരുന്നത്? യേശുവിന്റെ സംസാരവും അവന്റെ രീതികളും കൃത്യമായി അറിയാവുന്ന ശിഷ്യർക്ക് അതിന് സാധിക്കേണ്ടതായിരുന്നു. എന്നിട്ടും എന്തായിരിക്കാം അവരെ യേശുവിനെ തിരിച്ചറിയുന്നതിൽനിന്നും തടഞ്ഞത്? ഗലീലിയിൽ ഈശോ ശിഷ്യർക്ക് പ്രത്യക്ഷപ്പെടുന്നത് രണ്ടാം തവണയാണ് എന്നോർക്കണം. അവർ നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്തതിന്റെ യാതൊരു പ്രതീതിയും അവരിൽ കാണുന്നില്ല എന്നുവേണം മനസിലാക്കാൻ. അത് എന്തുകൊണ്ടാണ് എന്ന് നമുക്കറിയില്ല.

കാഴ്ചയിലൂടെയും സ്പർശനത്തിലൂടെയും മനസിലാക്കാൻ ആവുന്നതിൽ അപ്പുറമാണ് ഉത്ഥിതനായ മിശിഹാ എന്ന രഹസ്യം എന്ന് മാത്രമാണ് നമുക്ക് അനുമാനിക്കുവാൻ സാധിക്കുക. ആ മനസിലാക്കൽ നിർബന്ധത്തിലൂടെയോ ആഗ്രഹത്തിലൂടെയോ മാത്രം സാധിക്കുന്നതല്ല. മറിച്ച് അതൊരു സമ്മാനമാണ്! നമുക്കും ആ സമ്മാനത്തിന് യോഗ്യരായിത്തീരാൻ ആഗ്രഹിക്കാം.

ഊട്ടുമേശകളിൽ ബലി മറക്കരുത്!

ഊട്ടുമേശകളിൽ നാം പലപ്പോഴും മറന്നുപോകുന്ന ഒരു ഓർമ ബലിയുടേതാണ് എന്ന് തോന്നാറുണ്ട്.

ഭക്ഷണമേശയിൽ വിരുന്നായി മാറുന്ന ഏതിനും അതിന്റെ ജീവൻ നഷ്ടപ്പെടുന്നുണ്ട്. അത് ഉരുളക്കിഴങ്ങോ ഇറച്ചിയോ പാവയ്ക്കയോ മത്സ്യമോ എന്തും ആയിക്കൊള്ളട്ടെ. അതിനെല്ലാം അതിന്റെ ജീവൻ നഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഊട്ടുമേശ എന്നുപറയുമ്പോൾ സങ്കീർണമായ കൊടുക്കൽ വാങ്ങലുകളുടെ വേദിയാണ്. ജീവൻ ജീവനെ പരിപാലിക്കുന്നു. ആ അർത്ഥത്തിൽ ഈശോ യഥാർത്ഥത്തിൽ വിളമ്പിയത് ഭക്ഷണം മാത്രമായിരുന്നില്ല, തന്റെ ജീവനുംകൂടിയായിരുന്നു.

ഈശോ ഭക്ഷണം വിളമ്പിയ അവസരങ്ങളിലെല്ലാം കാണാൻ സാധിക്കുന്ന നാല് കാര്യങ്ങളുണ്ട്. അഞ്ചപ്പം അയ്യായിരം പേർക്കായി അവൻ വിളമ്പിയ കാഴ്ച മത്തായി 14:13-21ൽ വിവരിക്കുന്നത് ഇപ്രകാരമാണ്. ആ അഞ്ചപ്പവും രണ്ടു മത്സ്യവും എടുത്ത് സ്വർഗത്തിലേക്ക് നോക്കി ആശീർവദിച്ച് അപ്പം മുറിച്ച് ശിഷ്യന്മാരെ ഏൽപിച്ചു. അവർ അത് ജനങ്ങൾക്ക് വിളമ്പി. ‘എടുക്കുക, വാഴ്ത്തുക, മുറിക്കുക, വിളമ്പുക’ എന്നതാണ് ആ നാല് കാര്യങ്ങൾ.

മത്തായി 15:32-39 ൽ ഏഴപ്പം നാലായിരം പേർക്കായി അവൻ വിളമ്പുമ്പോൾ ഈ നാലു കാര്യങ്ങളും ആവർത്തിക്കുന്നതായി നമുക്ക് മനസിലാക്കാൻ സാധിക്കും. മൂന്നാമതായി ഇതേ കാര്യങ്ങൾ ഈശോ ആവർത്തിക്കുന്നത് തന്റെ അന്ത്യ അത്താഴ വേളയിലാണ് (മത്തായി 26:26-29). പെസഹാ തിരുനാളിൽ ശിഷ്യന്മാരോടൊപ്പം അത്താഴം കഴിക്കവേ യേശു അപ്പമെടുത്ത് ആശീർവദിച്ച് മുറിച്ച് ശിഷ്യന്മാർക്ക് കൊടുത്തു (26:26). തന്റെ ഉത്ഥാനത്തിനുശേഷം എമ്മാവൂസിൽ ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ട് അവർക്ക് ഭക്ഷണം വിളമ്പിയപ്പോഴും അവിടുന്ന് ഇതേ കാര്യങ്ങൾ വീണ്ടും ആവർത്തിക്കുന്നുണ്ട് (ലൂക്കാ 24:30).

എല്ലായിടങ്ങളിലും ആരെങ്കിലും പാ കം ചെയ്ത് സമർപ്പിച്ച അപ്പമാണ് അവൻ എടുത്തിട്ടുള്ളത്. വിശുദ്ധ കുർബാനയുടെ മേശയിൽ നാം സമർപ്പിക്കുന്നതെല്ലാം അവൻ കൈകളിലെടുക്കും. നമ്മുടെ നിയോഗങ്ങളും വേദനയും പാപങ്ങളും പുണ്യങ്ങളും അധ്വാനവും ആശ്വാസവും എന്നുവേണ്ട നാം അവന് കൊടുത്തതെല്ലാം അവൻ തന്റെ പിതാവിന് സമർപ്പിക്കും. നമ്മുടെ കാഴ്ചകളെ ഒരിക്കലും അവൻ പരിഹാസത്തോടെ നോക്കില്ല. ‘നിന്റെ കൈയിൽ ആകെ രണ്ടു മീനേ ഉള്ളോ’ എന്ന് ഈശോ ആ ബാലനോട് ഒരിക്കലും ചോദിച്ചില്ലല്ലോ. അവൻ നമ്മുടെ അന്തർഗതങ്ങൾ കാണുന്നവനാണ്.

നമ്മെ പൂർണമായും അറിയുന്നവനാണ്. നാം നമ്മുടെ അകത്തെ മുറുകെയടച്ച് വന്നവരാണെങ്കിലും അതിനെ മുറിച്ച് പുതിയതാക്കി മാറ്റാൻ അവന് സാധിക്കും. ഈശോ ആദ്യം തന്നെത്തന്നെ മുറിച്ചാണ് തന്റെ തിരുരക്തം നമുക്കായി ചിന്തിയത്. നാം അവന് എന്തുകൊടുത്തോ അതിനെ വിശുദ്ധീകരിച്ച് നമുക്കുതന്നെ തിരിച്ചു തരുന്നു.

ഉത്ഥാനാനുഭവമുള്ളവർ സ്വയം അവന് സമർപ്പിക്കും. അപ്പോൾ അതിനെ അവൻ തന്റേതാക്കി നമുക്ക് തിരിച്ചുതരും, നാം അവന്റേതായി മാറും. വിശുദ്ധ കുർബാനയുടെ ബലിവിരുന്നുമേശയിൽ അവന്റെ തിരുശരീരവും തിരുരക്തവും നാം ഉൾക്കൊള്ളുമ്പോൾ നമുക്ക് യഥാർത്ഥത്തിൽ ഉത്ഥാനാനുഭവമാണ് സംഭവിക്കുന്നത്.

നമ്മുടെ കുടുംബങ്ങളിലും…

ഈ രൂപാന്തരീകരണത്തിന്റെ ഒരു ചെറിയ പതിപ്പ് നമ്മുടെ കുടുംബങ്ങളിലും സംഭവിക്കുന്നുണ്ട്. അതിന് ഉത്ഥിതനായ ഈശോ നമ്മുടെ ഊട്ടുമേശകളിൽ ആതിഥേയനായി സന്നിഹിതനായിരിക്കണം. നമ്മുടെ ജീവിതത്തിൽ ഏറ്റവും സാധാരണമായ ഒരു കർമ്മം നമ്മളെ നിത്യം രൂപാന്തരപ്പെടുത്തുന്നതാക്കി മാറ്റും. ഭക്ഷണം മാത്രമല്ല, ഊട്ടുമേശകളിൽ വിളമ്പുന്ന സ്‌നേഹവും ജീവൻ നൽകുന്നു. എന്നാൽ സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും ഊട്ടുമേശകൾ അന്യമായിക്കൊണ്ടിരിക്കുന്ന ഫാസ്റ്റ് ഫുഡിന്റെ കാലഘട്ടത്തിൽ സ്‌നേഹവും ജീവനും വിളമ്പി നൽകാൻ മനുഷ്യന് പലപ്പോഴും നേരം കിട്ടാറില്ല.

റസ്റ്റോറന്റുകളുടെ എണ്ണത്തിൽ ഇന്ന് നാം കാണുന്ന വലിയ വർധന സൂചിപ്പിക്കുന്നത് വീടുകളിൽ പാചകം കുറഞ്ഞുപോകുന്നു എന്ന സത്യംതന്നെയാണ്. ഭക്ഷണസമയത്ത് നാം പ്രവർത്തിപ്പിക്കുന്ന ടെലിവിഷനും ഉപയോഗിക്കുന്ന മൊബൈലും ഇല്ലാതാക്കുന്നത് കുടുംബബന്ധങ്ങളെ ശക്തമാക്കുന്ന ഊട്ടുമേശയിലെ തമാശകളും സ്‌നേഹസംഭാഷണങ്ങളുമാണ്. ഈശോ തന്റെ ഉത്ഥാനത്തിന്റെ ഊട്ടുമേശകളിൽ സ്‌നേഹം വിളമ്പിയതുപോലെ നമ്മുടെ കുടുംബങ്ങളുടെ ഊട്ടുമേശകളും സ്‌നേഹത്തിന്റെ വിഭവങ്ങൾകൊണ്ട് സമൃദ്ധമാകണം. അപരിചിതത്വങ്ങൾ ഇല്ലാതാക്കുന്ന തിരിച്ചറിവുകളുടെ വേദിയായി നമ്മുടെ ഊട്ടുമേശകൾ മാറണം.

എല്ലാവർക്കും ഉത്ഥാനത്തിരുനാളിന്റെ മംഗളങ്ങൾ ഏറ്റവും സ്‌നേഹപൂർവം ആശംസിക്കുന്നു.

മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
താമരശേരി രൂപതയുടെ മെത്രാൻ