
ഉത്തരജപ്പാനിൽ അക്കിത്താ നഗരത്തിലെ ‘ദിവ്യകാരുണ്യത്തിന്റെ ദാസികളു’ടെ ഭവനമായിരുന്നു ‘സെയ്തായി ഹോഷിക്കായ്.’ നിപ്പണീസ് ഭാഷയിലുള്ള പേരാണത്. 1973 മുതൽ അവിടെ മരിയൻ ദർശനങ്ങൾ ആരംഭിച്ചു. ആ മഠത്തിലുണ്ടായിരുന്ന മരിയൻ രൂപമായിരുന്നു അതിസ്വാഭാവികസംഭവങ്ങളുടെ കേന്ദ്രം. അവിടത്തെ ചാപ്പലിൽ വച്ചിരുന്ന മൂന്നടിമാത്രം ഉയരമുള്ള, മരത്തടിയിൽ തീർത്ത ദൈവമാതാവിന്റെ ആ രൂപമാണ് പിന്നീട് അക്കിത്താ മാതാവ് എന്ന പേരിൽ പ്രസിദ്ധമായത്. അക്കിത്തായിലെ സംഭവങ്ങളെല്ലാം വെറും അത്ഭുതങ്ങളല്ല. അവയിലൂടെ ദൈവം ലോകത്തിന് ചില സന്ദേശങ്ങൾ നൽകുകയാണ് ചെയ്യുന്നത്. അതിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ടത് സിസ്റ്റർ ആഗ്നസ് ത്‌സുക്കോ സസാഗാവയാണ്.
അത്ഭുതങ്ങളുടെ ആരംഭം
1973 ജൂൺ 12-ന് സിസ്റ്റർ ആഗ്നസ് ചാപ്പലിലെ സക്രാരി തുറന്നപ്പോൾ അതിൽനിന്നും ദൈവസാന്നിധ്യത്തിന്റെ ഭയം ജനിപ്പിക്കുന്നവിധത്തിൽ ശക്തിയേറിയ പ്രകാശകിരണങ്ങൾ പുറപ്പെട്ടു. അത് കണ്ടപ്പോൾ സിസ്റ്റർ സാഷ്ടാംഗം പ്രണമിച്ച് ആരാധിച്ചു. ഈ സംഭവം ജൂൺ 13, 14, 28, 29 തിയതികളിലും ആവർത്തിച്ചു.
1973 ജൂൺ 28-ന് മറ്റൊരു അത്ഭുതംകൂടി സംഭവിക്കാൻ തുടങ്ങി. വൈകുന്നേരം പെട്ടെന്ന് സിസ്റ്റർ ആഗ്നസിന്റെ ഇടതുകൈയിൽ കുരിശാകൃതിയിലുള്ള ഒരു മുറിവ് കാണപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരത്തോടെ, പിങ്ക് നിറത്തിലുള്ള ഒരു കുമിളപോലെ ആരംഭിച്ച മുറിവിൽനിന്ന് രക്തം ഒഴുകാൻ തുടങ്ങി. വെള്ളിയാഴ്ച തീവ്രവേദനയുള്ള ആ മുറിവിൽനിന്നും ധാരാളമായി രക്തം ഒഴുകി. അന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ രക്തം ഒലിക്കുന്നത് അവസാനിച്ചു. തുടർന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ മുറിവ് ഉണങ്ങി കൈകളിൽ ഒന്നും കാണാനില്ലാത്ത വിധത്തിലായി. ഇപ്രകാരം 1973 ജൂൺ 28-ന് വ്യാഴാഴ്ച തുടങ്ങി ജൂലൈ 29-ന് ഞായറാഴ്ച വരെ അഞ്ചുപ്രാവശ്യം ഈ അനുഭവം സിസ്റ്റർ ആഗ്നസിന്റെ കരങ്ങളിൽ ഉണ്ടായി.
ഇതിനു സമാനമായി മറ്റൊരു സംഭവംകൂടി ആ കോൺവെന്റിൽ ഉണ്ടായി. ചാപ്പലിലെ മരിയൻ രൂപത്തിന്റെ വലതുകൈയിൽനിന്നും രക്തമൊഴുകാൻ തുടങ്ങി. ജൂലൈ ആറുമുതൽ 27 വരെ ഉണ്ടായ ആ രക്തപ്രവാഹത്തിനും രൂപത്തിന്റെ വലതുകൈയിലെ കുരിശാകൃതിയിലുള്ള മുറിവിനും ബിഷപ് ഐത്തോ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ സാക്ഷികളാണ്. അക്കിത്താ യൂണിവേഴ്‌സിറ്റിയിലെ ഡോ. കവോരു സഹിസാക്ക ഈ രക്തം പരിശോധിച്ച് അത് ബി ഗ്രൂപ്പിൽപ്പെട്ട മനുഷ്യരക്തം തന്നെയെന്ന് സാക്ഷ്യപ്പെടുത്തി. മാതാവിന്റെ രൂപത്തിലെ മുറിവ് ആ വർഷത്തെ മിഖായേലിന്റെ തിരുനാളായ സെപ്റ്റംബർ 29 വരെ കാണപ്പെട്ടിരുന്നു.
1975 ജനുവരി നാലിനാണ് ആദ്യമായി, മരിയൻ രൂപത്തിന്റെ കണ്ണിൽനിന്നും കണ്ണുനീർത്തുള്ളികൾ ധാരയായി ഒഴുകുന്ന അത്ഭുതം സംഭവിച്ചത്. പിന്നീട് 1981 വരെ പലപ്പോഴായി 101 പ്രാവശ്യം ഈ രൂപം കണ്ണുനീർ പൊഴിക്കുന്നത് അക്രൈസ്തവരും നിരീശ്വരവാദികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ദർശിക്കുകയുണ്ടായി.
1982 മാർച്ച് 13-ന് നിയാഗാ രൂപതയുടെ ബിഷപ്പായിരുന്ന ഐത്തോ, റോമിലെ വിശ്വാസ കാര്യാലയത്തിന്റെ അധ്യക്ഷനായിരുന്ന കാർഡിനൽ റാറ്റ്‌സിംഗറിന്(പില്ക്കാലത്ത് ബനഡിക്റ്റ് പതിനാറാമൻ പാപ്പ) അയച്ച റിപ്പോർട്ടിൽ ഇപ്രകാരം പറയുന്നു.
”സാധാരണ ഗതിയിൽ ഇത്തരം പ്രതിഭാസങ്ങൾ ആരുടെയെങ്കിലും തട്ടിപ്പോ തന്ത്രമോ ആണെന്ന് ചിന്തിച്ചുപോകാറുണ്ട്. പക്ഷേ, ഈ സംഭവത്തിന്റെ ദൃക്‌സാക്ഷി എന്ന നിലയിൽ ദൈവസന്നിധിയിൽ എനിക്ക് ധൈര്യമായി പ്രഖ്യാപിക്കാൻ കഴിയും – ഇതൊരു തട്ടിപ്പല്ല.”
”എന്തുകൊണ്ട് മറിയം കരയുന്നു?” ആത്മാക്കൾ നശിച്ചുപോകുന്നതോർത്ത്, നമ്മുടെ ദൈവത്തെ മറന്നുള്ള ജീവിതം കണ്ട് മറിയം കരയുകയാണ് – എല്ലാറ്റിനും ഉപരി ദൈവത്തിന്റെ കാരുണ്യം വിസ്മരിച്ചുകൊണ്ട് ഓടുന്ന ലോകത്തിന്റെമേൽ വരാനിരിക്കുന്ന ദൈവകോപത്തിന്റെ കാഠിന്യം ഓർത്ത് ദൈവജനത്തിന്റെ മാതാവായ മേരി കണ്ണുനീർ ചിന്തുന്നു.
അക്കിത്തായിലെ സംഭവങ്ങൾ
ജൂലൈ ആറിന് രാത്രിയിൽ കൈയിലെ മുറിവിന്റെ തീവ്ര വേദനയാൽ ഉറങ്ങാൻ കഴിയാതെ സിസ്റ്റർ ആഗ്നസ് വിഷമിക്കുകയായിരുന്നു. രാവിലെ മൂന്നുമണിയായപ്പോൾ സിസ്റ്റർ എഴുന്നേറ്റ് കൈയിലെ ബാൻഡേജ് മാറ്റിക്കെട്ടി – കട്ടിലിലിരുന്നുകൊണ്ട് പ്രാർത്ഥിക്കുവാൻ ആരംഭിച്ചു. പെട്ടെന്ന് എവിടെനിന്നോ ഒരു സ്വരം അവൾ കേട്ടു.
”ഭയപ്പെടേണ്ട, നിന്റെ പാപങ്ങളുടെ പരിഹാരത്തിനുവേണ്ടി മാത്രമല്ല ലോകം മുഴുവന്റെയും പാപപരിഹാരത്തിനായി നീ പ്രാർഥിക്കണം. നമ്മുടെ കർത്താവിന്റെ തിരുഹൃദയത്തെ ലോകം അതിന്റെ നന്ദികേടും മ്ലേച്ഛതകളും വഴി മുറിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മേരിയുടെ കൈയിലുള്ള മുറിവ് നിന്റേതിനെക്കാൾ ആഴമേറിയതും വേദനാജനകവുമാണ്. വരൂ…. നമുക്കിപ്പോൾ പുറപ്പെടാം.”
പെട്ടെന്ന് ആദ്യദർശനത്തിൽ ആഗ്നസിന്റെ കാവൽ മാലാഖയാണ് താനെന്ന് വെളിപ്പെടുത്തിയ രൂപം ചാപ്പലിലേക്ക് വരുവാനായി സിസ്റ്റർ ആഗ്നസിനെ വിളിച്ചു. ചാപ്പലിൽ എത്തിയപ്പോൾ മാലാഖ അപ്രത്യക്ഷമായി.
സക്രാരിയിലെ വിശുദ്ധ കുർബാനയിൽ യേശുവിനെ ദർശിച്ചുകൊണ്ട് ആഴമായ ആരാധനയിൽ മുഴുകിയിരുന്നതിനിടെ മാലാഖയുടെ വാക്കുകൾ ഓർത്തപ്പോൾ സിസ്റ്റർ എഴുന്നേറ്റ് അൾത്താരയ്ക്ക് സമീപമുള്ള മാതാവിന്റെ രൂപത്തിലെ മുറിവിലേക്ക് ശ്രദ്ധിച്ചുനോക്കി. പെട്ടെന്ന് ആ രൂപത്തിന് ജീവൻ വച്ചു. അതിൽനിന്നും മിന്നിത്തിളങ്ങുന്നതും ശക്തിയേറിയതുമായ പ്രകാശം പ്രസരിക്കുവാനാരംഭിച്ചു. ആ രൂപത്തിലേക്ക് നോക്കുവാൻപോലും കഴിയാതെ സിസ്റ്റർ ആഗ്നസ് കമിഴ്ന്നു വീണു. അപ്പോൾ മാതാവ് അവളുടെ ആന്തരിക കർണങ്ങളിലൂടെ സംസാരിച്ചു. (ആ സമയം സിസ്റ്റർ പൂർണമായും ബധിരയായിരുന്നു. പിന്നീട് മാതാവ് പറഞ്ഞതനുസരിച്ച് സിസ്റ്ററിന് ബധിരത മാറി സൗഖ്യം ലഭിച്ചു.)
സന്ദേശങ്ങൾ
1973 ജൂലൈ ആറിനും ആഗസ്റ്റ് മൂന്നിനും ഒക്‌ടോബർ 13-നുമായി മൂന്ന് തവണ സിസ്റ്റർ ആഗ്നസിന് ലഭിച്ച സന്ദേശങ്ങളുടെ രത്‌നച്ചുരുക്കം:
സിസ്റ്ററിന്റെ കൈയിലുണ്ടായ അതിവേദനയുള്ള മുറിവ് പാപികളായ മനുഷ്യരുടെ പാപത്തിന് പരിഹാരമായി സമർപ്പിക്കുക. മനുഷ്യരുടെ പാപം ദൈവപിതാവിനെ വേദനിപ്പിക്കുകയും അവിടുത്തെ കോപം ഉണർത്തുകയും ചെയ്യുന്നു. അതിനെ തടയാനും ശമിപ്പിക്കാനുമായി പുത്രനായ യേശുവിന്റെ പീഡാസഹനങ്ങളുടെ യോഗ്യതകളോടുചേർന്ന് തങ്ങളുടെ സഹനം സമർപ്പിക്കുന്ന ആത്മാക്കളുണ്ടാകണം.
ദൈവപിതാവിന്റെ കോപം നിമിത്തമുള്ള ദുരിതങ്ങൾ തടയുന്നതിനായി അവിടുത്തെ പുത്രന്റെ കുരിശുമരണവും തിരുരക്തവും അവിടുത്തെ ആശ്വസിപ്പിക്കുന്ന ബലിയാത്മാക്കളുടെ സൈന്യത്തെയും പരിശുദ്ധ അമ്മ സമർപ്പിക്കുകയാണ്. പ്രാർഥനയും പരിഹാരവും സുധീരമായ ത്യാഗങ്ങളും പിതാവിന്റെ കോപത്തെ ശമിപ്പിക്കുന്നു. ദൈവം അയക്കുന്നതെല്ലാം പാപങ്ങളുടെ പരിഹാരത്തിനായി കാഴ്ചവയ്ക്കുക. നമ്മുടെ കഴിവിനും സ്ഥാനത്തിനും അനുസൃതം മുഴുവനായും ദൈവത്തിന് നമ്മെത്തന്നെ സമർപ്പിക്കുക.
മനുഷ്യർ പശ്ചാത്തപിച്ച് നന്മയിലേക്ക് പിന്തിരിഞ്ഞില്ലെങ്കിൽ പിതാവായ ദൈവം മനുഷ്യവർഗം മുഴുവന്റെമേലും വലിയൊരു ശിക്ഷ അയക്കും.
ആകാശത്തിൽനിന്ന് അഗ്നി ഇറങ്ങി മനുഷ്യവർഗത്തിന്റെ നല്ലൊരു പങ്കും നശിപ്പിക്കപ്പെടും. വൈദികരെന്നോ വിശ്വാസികളെന്നോ നോക്കാതെ നല്ലവരും ദുഷ്ടരും ഒരുപോലെ നശിക്കും. മരിക്കുകയായിരുന്നു ഭേദം എന്ന് തോന്നുന്നവിധത്തിൽ ദുരിതപൂർണമായിരിക്കും ജീവിച്ചിരിക്കുന്നവരുടെ സ്ഥിതി. നിങ്ങൾക്കായി അവശേഷിക്കുന്ന ആയുധങ്ങൾ ജപമാലയും വിശുദ്ധ കുർബാനയുമായിരിക്കും. എല്ലാ ദിവസവും ജപമാല ചൊല്ലി പ്രാർത്ഥിക്കണം. ജപമാലയിലൂടെ പാപ്പയ്ക്കും എല്ലാ മെത്രാന്മാർക്കും പുരോഹിതന്മാർക്കുംവേണ്ടി പ്രാർഥിക്കുക. സാത്താന്റെ പ്രവൃത്തികൾ സഭയിൽപ്പോലും വ്യാപകമാകും.
എന്നെ വണങ്ങുന്ന പുരോഹിതരെ അവരുടെ സഹപ്രവർത്തകർ അവഹേളിക്കുകയും പുച്ഛിക്കുകയും ചെയ്യും. പള്ളികളും അൾത്താരകളും കവർച്ച ചെയ്യപ്പെടും. ലോകവും സാത്താനുമായി പൊരുത്തപ്പെടാൻ തയാറുള്ളവരെക്കൊണ്ട് സഭ നിറയും. പുരോഹിതന്മാരെയും സന്യാസിനികളെയും അവരുടെ സമർപ്പണ ജീവിതത്തിൽനിന്നും പിൻതിരിപ്പിക്കുവാനും സാത്താൻ പരിശ്രമിക്കും.
അനേകം ആത്മാക്കളുടെ നിത്യനാശമാണ് എന്റെ ദുഃഖത്തിന് നിദാനം. ഇനിയും പാപം പെരുകുന്നുവെങ്കിൽ പാപശിക്ഷ ഉണ്ടാകാതിരിക്കില്ല.
ജപമാല നിരന്തരമായി ചൊല്ലുക. വരാൻ പോകുന്ന മഹാദുരിതത്തിൽനിന്ന് രക്ഷ നേടുവാൻ എനിക്കു മാത്രമേ നിങ്ങളെ സഹായിക്കുവാൻ സാധിക്കൂ. എന്നിൽ പൂർണമായി ശരണപ്പെടുകയും ആശ്രയിക്കുകയും ചെയ്യുന്നവർക്ക് ആവശ്യമായ സഹായം ലഭിക്കുകയും ചെയ്യും.”
കാവൽമാലാഖ പഠിപ്പിച്ചത്
1969 മുതൽ സിസ്റ്റർ ആഗ്നസിനെ കാവൽമാലാഖ മാതാവിനെ കാണുവാനും സന്ദേശം സ്വീകരിക്കുവാനും ഒരുക്കുകയായിരുന്നു. ആ സമയത്ത് സിസ്റ്റർ ആഗ്നസ് മിയോക്കോയിലെ ഒരാശുപത്രിയിൽ കിടക്കുകയായിരുന്നു. അവിടെവച്ച് ജപമാല ചൊല്ലവേ, ഓരോ രഹസ്യത്തിന്റെയും അവസാനം ഫാത്തിമാജപം ചൊല്ലുവാൻ കാവൽമാലാഖ അവളോട് നിർദേശിച്ചു. ഫാത്തിമായിൽ മാതാവ് ലൂസിക്ക് നൽകിയ ആ പ്രാർഥന അക്കാലത്ത് ജപ്പാനിൽ പ്രചരിച്ചിട്ടുണ്ടായിരുന്നില്ല.
ഫാത്തിമാജപം: ”ഓ എന്റെ ഈശോയേ, ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമേ, നരകാഗ്നിയിൽനിന്ന് ഞങ്ങളെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും വിശിഷ്യ അങ്ങേ സഹായം ഏറ്റം ആവശ്യമായിരിക്കുന്നവരെയും സ്വർഗത്തിലേക്കാനയിക്കുകയും ചെയ്യണമേ.”
ദിവ്യകാരുണ്യ ദാസികളുടെ പ്രാർഥന
1973 ജൂൺ 24-ന് സിസ്റ്റർ ആഗ്നസിന് മറ്റൊരു അനുഭവം ഉണ്ടായി. സിസ്റ്റർ ചാപ്പലിൽ പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് കണ്ണുകളുയർത്തി നോക്കിയപ്പോൾ അൾത്താരയ്ക്ക് ചുറ്റും ഒരു നേരിയ വെളിച്ചം പരക്കുന്നതായി തോന്നി. മൂടൽ മഞ്ഞുപോലെ അത് അവിടമാകെ നിറഞ്ഞു. അതിന്റെ ഉള്ളിൽ മാലാഖമാരുടെ ഒരു വ്യൂഹം.
അവർ സക്രാരിയിലെ ദിവ്യകാരുണ്യത്തിനുമുമ്പിൽ നമിച്ചുകൊണ്ട് ശുദ്ധവും വ്യക്തവുമായ ശബ്ദത്തിൽ ഉദ്‌ഘോഷിച്ചു – ”പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ.” അവർ അവസാനിപ്പിച്ചപ്പോൾ ഉടനെതന്നെ തന്റെ വലതുവശത്തുനിന്നായി ഇങ്ങനെ പ്രാർഥിക്കുന്ന ഒരു ശബ്ദം സിസ്റ്റർ കേട്ടു.
”പരിശുദ്ധ കുർബാനയിൽ സത്യമായും സന്നിഹിതമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, ലോകമെങ്ങുമുള്ള അൾത്താരകളിൽ ബലിയായി, ദൈവപിതാവിനെ മഹത്വപ്പെടുത്തി, അവിടുത്തെ രാജ്യം വരുവാനായി പ്രാർഥിച്ചുകൊണ്ടിരിക്കുന്ന അവിടുത്തെ ഹൃദയത്തോട് പൂർണമായി ഒന്നായിരിക്കുവാൻ എന്റെ ശരീരത്തിനെയും ആത്മാവിനെയും ഞാൻ സമർപ്പിക്കുന്നു.
എന്റെ എളിയ സമർപ്പണത്തെ അവിടുന്ന് സ്വീകരിച്ചാലും. ദൈവപിതാവിന്റെ മഹത്വത്തിനായും ആത്മാക്കളുടെ രക്ഷയ്ക്കായും അവിടുന്നെന്നെ ഉപയോഗിക്കണമേ.
ഏറ്റം പരിശുദ്ധയായ ദൈവമാതാവേ, അങ്ങേ ദിവ്യപുത്രനിൽനിന്ന് ഞാനൊരിക്കലും വേർപിരിയാൻ അനുവദിക്കരുതേ. അങ്ങയുടെ പ്രിയപൈതലായി എന്നെ കാത്തുകൊള്ളുകയും സംരക്ഷിക്കുകയും ചെയ്യണമേ, ആമ്മേൻ”
ഈ പ്രാർഥന ഹൃദയപൂർവം ചൊല്ലാൻ ദിവ്യമാതാവ് സിസ്റ്റർ ആഗ്നസിനെ ഓർമിപ്പിച്ചു.
അക്കിത്ത ലോകത്തിന് നൽകുന്ന മറ്റൊരു അടയാളം വിശുദ്ധ കുർബാനയാണ്. വിശുദ്ധ കുർബാനയിലെ യേശുവിന്റെ സജീവ സാന്നിധ്യം അസന്ദിഗ്ധമായി ലോകത്തോട് ഉദ്‌ഘോഷിക്കുകയാണ് ഇവിടുത്തെ അനുഭവങ്ങൾ… വിശുദ്ധ കുർബാനയോടുള്ള അനാദരവ്, അവിശ്വാസം, അവഗണന ഇവയെല്ലാം ഓർത്ത് മാപ്പ് ചോദിച്ചുകൊണ്ട് ഫാത്തിമായിലെ മാലാഖ പ്രാർഥിച്ച നിമിഷങ്ങളും ഇവിടെ സ്മരണീയംതന്നെ.