
വലിയ കാര്യങ്ങൾ ചെയ്യാൻ എല്ലാവർക്കും എപ്പോഴും സാധിച്ചെന്നുവരില്ല. എന്നാൽ ചെറിയ കാര്യങ്ങൾ ചെയ്യാൻ എല്ലാവർക്കും സാധിക്കും. അനേകം ചെറിയ കാര്യങ്ങൾ വലിയ മനസോടെ ചെയ്ത് സ്വർഗം കരസ്ഥമാക്കിയ വിശുദ്ധയാണ് കൊച്ചുത്രേസ്യാ. നിലത്തു വീണ ഒരു മൊട്ടുസൂചി എടുക്കുന്നതുപോലും ദൈവസ്‌നേഹത്തെപ്രതി ആത്മരക്ഷയ്ക്കുവേണ്ടി കാഴ്ചവയ്ക്കുന്നതായി കൊച്ചുത്രേസ്യായുടെ ജീവിതത്തിൽ നമുക്ക് കാണാൻ സാധിക്കും. മനസില്ലാ മനസോടെ നാം ചെയ്യുന്ന വലിയ കാര്യങ്ങളെക്കാൾ ശ്രേഷ്ഠമാണ് കൊച്ചുത്രേസ്യായുടെ മനോഭാവത്തോടെ നാം ചെയ്യുന്ന ചെറിയ പ്രവൃത്തികൾ.
വലിയ സ്ഥാനത്തിരിക്കുന്നവർക്ക് ഇത്തരം എളിയ കാര്യങ്ങൾ ചെയ്യാൻ വിഷമം തോന്നിയേക്കാം എന്ന് സ്വന്തം അനുഭവത്തിലൂടെ ഒരു കോളജ് പ്രഫസർ പങ്കുവച്ചത് ഓർക്കുന്നു. തന്റെ കുറവ് തിരിച്ചറിഞ്ഞപ്പോൾ അദ്ദേഹം ഖേദപൂർവം പറഞ്ഞതാണ് ഇക്കാര്യം. നന്നായി പ്രാർഥിക്കുകയും എല്ലാ ദിവസവും പള്ളിയിൽ പോകുകയും ആത്മീയഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തിട്ടുള്ള അദ്ദേഹം നല്ലൊരു മാതൃഭക്തൻ കൂടിയാണ്. ഒരിക്കൽ മാതാവിന്റെ രൂപത്തിന്റെ മുമ്പിൽ മുട്ടുകുത്തിനിന്ന് പ്രാർത്ഥിക്കുമ്പോൾ മാതാവിന്റെ കണ്ണിൽ ഒരു കരട് ഇരിക്കുന്നത് ശ്രദ്ധയിൽപെട്ടു. ഉടൻതന്നെ അത് തൂത്തുകളയാനായി എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ മനസിലൊരു ചിന്ത. ‘ഓ, ഇത്രയ്ക്ക് നിസാരകാര്യം ഞാനെന്തിന് ചെയ്യണം? ഞാനൊരു പ്രഫസറല്ലേ?’
ആ ചിന്ത വന്നെങ്കിലും അദ്ദേഹം പ്രാർഥിച്ചുകൊണ്ടിരുന്നു. അപ്പോൾ ഒരമ്മയും കുഞ്ഞുംകൂടി രൂപത്തിനു മുൻപിൽ പ്രാർഥിക്കാൻ വന്നു. അമ്മയുടെ കൈയിൽ ഇരുന്ന ആ കുഞ്ഞ് തന്റെ കുഞ്ഞുവിരലുകൊണ്ട് ആ കരട് തൂത്തുക്കളഞ്ഞു. ഇവിടെയാണ് നിങ്ങൾ മൗനം പാലിച്ചാൽ കല്ലുകൾ ആർത്തുവിളിക്കും (ലൂക്കാ 19:40) എന്ന ഈശോയുടെ വചനം നാം ധ്യാനിക്കേണ്ടത്. ഈശോ നമ്മെ ഓർമിപ്പിക്കുന്നു, ”നിങ്ങൾ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കിൽ, സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല” (മത്തായി 18:3).
ഞാനിപ്പോൾ ഇത് ചെയ്താൽ മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന ചിന്ത പലപ്പോഴും കൊച്ചുത്രേസ്യ ചെയ്തതുപോലുള്ള ചെറിയ കാര്യങ്ങൾ ചെയ്യുന്നതിൽനിന്നും നമ്മെ അകറ്റും. എന്റെതന്നെ അനുഭവങ്ങൾ പങ്കുവയ്ക്കട്ടെ. പരിശുദ്ധ കുർബാനയുടെ അവസാനഭാഗത്തെ സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ചൊല്ലുമ്പോൾ കൈകൾ ഉയർത്തിപ്പിടിച്ചാണ് എന്നും ചൊല്ലുന്നത്. എവിടെപ്പോയാലും അത് തുടർന്നുകൊണ്ടിരുന്നു. ഒരിക്കൽ വേറെ ഒരു ഇടവകദൈവാലയത്തിൽ ഇപ്രകാരം പ്രാർത്ഥിക്കാനുള്ള അവസരം വന്നപ്പോൾ ഞാനിപ്രകാരം ചിന്തിച്ചു. എന്റെ ഇടത്തും വലത്തും നിൽക്കുന്ന ആളുകൾ ചെയ്യുന്നതുപോലെ ചെയ്യാം. അല്ലെങ്കിൽ ആളുകൾ എന്ത് വിചാരിക്കും? എന്റെ ഇടത്തും വലത്തും നിൽക്കുന്നവർ കൈ ഉയർത്താത്തതുകൊണ്ട് ഞാനും ഉയർത്തിയില്ല. പെട്ടെന്നാണ് ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടത്, എന്റെ മുൻപിൽ നിൽക്കുന്ന ആൾ ഒരു കൈ മാത്രം ഉയർത്തിപ്പിടിക്കുന്നു. ശ്രദ്ധിച്ചപ്പോൾ മനസിലായി, അയാൾക്ക് ഒരു കൈ മാത്രമേ ഉള്ളൂ!
രണ്ടു കൈയുമുള്ള ഞാൻ കൈ ഉയർത്താൻ മടിച്ചപ്പോൾ ഒരു കൈയുള്ള ആൾ ആരെയും ശ്രദ്ധിക്കാതെ തന്റെ ഒറ്റകൈ ഉയർത്തി. അതുകണ്ടതോടെ ഞാൻ പിന്നെ മറ്റാരെയും ശ്രദ്ധിക്കാതെ കൈകൾ ഉയർത്തി.
മറ്റൊരു സംഭവം ഓർക്കുന്നു, ഞാൻ സാധാരണയായി ഭക്ഷണം കഴിക്കുന്നതിനുമുമ്പ് പ്രാർഥിക്കുമായിരുന്നു. ഒരിക്കൽ ഒരു സമൂഹത്തിൽവച്ച് ഭക്ഷണം കഴിക്കുന്നതിനുമുമ്പ് പ്രാർഥിച്ചില്ല. എന്റെ ചിന്ത ഇതായിരുന്നു: ‘ഇവരൊക്കെ ദൈവവിശ്വാസമില്ലാത്തവരാണ്. ഇവരെന്ത് ചിന്തിക്കും?’ എന്നാൽ എന്നെ ലജ്ജിപ്പിച്ചുകൊണ്ട് ഞാൻ വിശ്വാസമില്ല എന്നു കരുതിയവർ പ്രാർഥിച്ചിട്ടാണ് ഭക്ഷിക്കാൻ തുടങ്ങിയത്. ഇപ്രകാരം ‘ആളുകൾ എന്ത് വിചാരിക്കും’ എന്ന ചിന്ത എത്രയോ പ്രാവശ്യം ഓരോ നല്ല കാര്യങ്ങൾ ചെയ്യുന്നതിൽനിന്നും നമ്മെ തടസപ്പെടുത്തിയിട്ടുണ്ട്. ആളുകളെ നോക്കാതെ ഈശോയെ നോക്കിയാൽ നമുക്കും പുണ്യം അഭ്യസിക്കാൻ സാധിക്കും.
തങ്കച്ചൻ തുണ്ടിയിൽ