ബ്യൂണസ് അയേഴ്സ്: ജന്മദേശത്ത് ക്രൈസ്തവവിശ്വാസം വീണ്ടും ആളിക്കത്തിക്കാന്‍ വിശ്വാസികള്‍ നിരത്തിലേക്ക്. അര്‍ജന്റീനയിലെ വിശ്വാസിസമൂഹമാണ് സ്വന്തം ദേശത്ത് വിശ്വാസം ഉജ്വലിപ്പിക്കാന്‍ 100 കീലോമീറ്റര്‍ തീര്‍ത്ഥാടനം നടത്തുന്നത്. പരിശുദ്ധമാതാവിന്റെ നാമത്തിലുള്ള പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമായ ലുജാനിലേക്ക് ഒക്ടോബര്‍ 11, 12, 13 തിയതികളിലായി 1800-ഓളം വിശ്വാസികള്‍ പരിഹാര യാത്രയായി എത്തും. ക്രൈസ്തവ വിശ്വാസത്തെ ജനഹൃദയങ്ങളില്‍ ഊട്ടിഉറപ്പിക്കുന്നതിനായി നാടന്‍ വഴികളിലൂടെയും നഗരങ്ങളിലൂടെയും സഹനങ്ങള്‍ ഏറ്റെടുത്ത് ഇവര്‍ യാത്രചെയ്യും.
പ്രാര്‍ത്ഥനയും ധ്യാനങ്ങളും ദിവ്യകാരുണ്യ ആരാധനയും തീര്‍ത്ഥാടനത്തിന്റെ ഭാഗമാണ്. അനുതാപത്തിന്റെ അരൂപിയിലാണ് ഈ ആത്മീയയാത്ര സംഘടിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം. പ്രാര്‍ത്ഥനയും പരിത്യാഗവും ദൈവത്തിലേക്ക് നയിക്കുമെന്ന ബോധ്യത്തോടൊപ്പം തങ്ങളുടെ ആഗ്രഹങ്ങളും ആകുലതകളുമെല്ലാം പരിശുദ്ധ മാതാവിന്റെ സന്നിധിയില്‍ സമര്‍പ്പിക്കാമെന്നതും തീര്‍ത്ഥാടകര്‍ക്ക് പ്രചോദനമേകുന്നു. ക്രിസ്തുവിശ്വാസത്തിന് കൂടുതല്‍ ഊര്‍ജം പകരാന്‍ ഇത്തരത്തിലുള്ള യാത്രകള്‍ സഹായിക്കുമെന്നതില്‍ സംശയമില്ല.