സാഹോദര്യത്തിലേക്കുള്ള മടക്കയാത്ര – Shalom Times Shalom Times |
Welcome to Shalom Times

സാഹോദര്യത്തിലേക്കുള്ള മടക്കയാത്ര

മൊസൂള്‍/ഇറാഖ്: ഇറാഖിലെ മൊസൂള്‍ നഗരത്തില്‍, അല്‍-തഹേര ചര്‍ച്ച് എന്നറിയപ്പെടുന്ന അമലോത്ഭവനാഥ ദൈവാലയവും ഡൊമിനിക്കന്‍ സന്യാസ ആശ്രമവുമായി ബന്ധപ്പെട്ട Our Lady of the Hour ദൈവാലയവും പുനരുദ്ധാരണത്തിനുശേഷം വീണ്ടും തുറന്നു. ദൈവാലയം വീണ്ടും തുറക്കുന്നത് മൊസൂളിന്റെ ആത്മാവിലേക്കും അതിലെ ജനങ്ങളെ ഒന്നിപ്പിക്കുന്ന സാഹോദര്യത്തിലേക്കുമുള്ള മടക്കയാത്രയാണെന്ന് അമലോത്ഭവനാഥ ദൈവാലയത്തില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി അല്‍-സുഡാനി പറഞ്ഞു. ചടങ്ങില്‍ മൊസൂളിലെയും സമീപ പ്രദേശങ്ങളിലെയും സിറിയക്ക് ക്രൈസ്തവരുടെ ആര്‍ച്ചുബിഷപ് ബനഡിക്റ്റസ് യൂനാന്‍ ഹന്നോ പ്രസംഗിച്ചു.

ഇറാഖിലെ ഏകദേശം 80% ക്രിസ്ത്യാനികളും അവകാശലംഘനങ്ങളും അവകാശ നിഷേധവും അനുഭവിക്കുന്നതായും പലരും നാടുവിടാന്‍ നിര്‍ബന്ധിക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. 2014-2017 കാലഘട്ടത്തില്‍ നടന്ന ഐഎസ് അധിനിവേശത്തിലാണ് മൊസൂളിന്റെ പഴയ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന അമലോത്ഭവനാഥ ദൈവാലയത്തിനും Our Lady of the Hour ദൈവാലയത്തിനും വ്യാപകമായ നാശഷ്ടങ്ങള്‍ സംഭവിച്ചത്. ഐഎസ് പിടിയില്‍നിന്ന് മൊസൂള്‍ മോചിതമായ ശേഷം യുനെസ്‌കോയാണ് മൊസൂളിന്റെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കുക എന്ന സംരംഭത്തിന്റെ ഭാഗമായി ഈ ദൈവാലയങ്ങളുടെ പുനഃസ്ഥാപനം ഏറ്റെടുത്തത്. യുഎഇയും യൂറോപ്യന്‍ യൂണിയനും ദൈവാലയങ്ങളുടെ പുനരുദ്ധാരണത്തിന് ധനസഹായം നല്‍കിയിരുന്നു.