2021 മെയ്മാസത്തില്‍ സര്‍വീസില്‍നിന്ന് വിരമിക്കുന്നതിനുമുമ്പുള്ള വളരെ കുറഞ്ഞ ഒരു കാലഘട്ടത്തിലാണ് കോളജ് പ്രിന്‍സിപ്പലിന്റെ ചാര്‍ജ് വഹിക്കുവാന്‍ അവസരം ലഭിച്ചത്. അത് കോവിഡ് കാലം ആയിരുന്നുവെങ്കിലും രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30വരെ കോളജില്‍ ഉണ്ടാകുമായിരുന്നു. ഏറ്റവും സന്തോഷകരമായ കാര്യം, നിര്‍ബന്ധം ഇല്ലായിരുന്നെങ്കില്‍പ്പോലും, മിക്കവാറും എല്ലാ അധ്യാപകരും കോളേജില്‍ വന്നിരുന്ന് കൃത്യമായി അവരുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തിയിരുന്നു എന്നതാണ്. അവരെല്ലാം കുട്ടികളെ ഊര്‍ജസ്വലരായി നിര്‍ത്താന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. കുട്ടികള്‍ക്കായി സ്വന്തം കയ്യില്‍നിന്ന് പണം മുടക്കിപ്പോലും പരിപാടികള്‍ സംഘടിപ്പിച്ചവരെയും നന്ദിയോടെ ഓര്‍ക്കുന്നു.
ആ സമയത്ത് ഞാന്‍ ആദ്യംതന്നെ ചെയ്തത് കോളജിലെ അധ്യാപക-അനധ്യാപക വിഭാഗത്തില്‍പെട്ട എല്ലാവരെയും വ്യക്തിപരമായി കാണുകയും ഓരോരുത്തരോടും വ്യക്തിപരമായി സംസാരിക്കുകയും ഓരോ ഡിപ്പാര്‍ട്ട്‌മെന്റുകളും സന്ദര്‍ശിച്ച് കൂട്ടായി അവരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും ശ്രദ്ധിക്കുകയുമാണ്. വാച്ച്മാന്‍ തുടങ്ങി കാന്റീനിലെ ജോലിക്കാര്‍, സ്വീപ്പര്‍മാര്‍ തുങ്ങിയവര്‍ ഉള്‍പ്പെടെ, മുഴുവന്‍ ആളുകളുമായി വ്യക്തിപരമായി സംസാരിക്കാനും അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും ഉത്കണ്ഠകളും കേള്‍ക്കുവാനും അവര്‍ക്കുവേണ്ടി അല്പസമയം പ്രാര്‍ത്ഥിക്കുവാനുമുള്ള വലിയൊരു ഉള്‍വിളി എനിക്കുണ്ടായിരുന്നു. അതിനോട് വിശ്വസ്തത പാലിക്കാന്‍ ശ്രമിച്ചു.
ഓഫീസ് സ്റ്റാഫിനോടൊപ്പം പ്രാര്‍ത്ഥനയോടുകൂടിയാണ് ഓരോ ദിവസവും ജോലി ആരംഭിച്ചത്. ബൈബിള്‍ വായിച്ച്, പ്രാര്‍ത്ഥിച്ച്, പാട്ടുപാടി സന്തോഷത്തോടുകൂടി എല്ലാവരും എല്ലാവരെയും അനുഗ്രഹിച്ച് ജോലി ചെയ്യുമ്പോള്‍ ഓഫീസില്‍ മുഴുവന്‍ സന്തോഷകരമായ അന്തരീക്ഷമായിരുന്നു. ഇടയ്ക്ക് ഞങ്ങളെല്ലാവരും ചേര്‍ന്ന് ചാപ്പലില്‍ പോയി ഓരോരുത്തരുടെയും പ്രത്യേക നിയോഗങ്ങള്‍ എഴുതിവാങ്ങി അത് പറഞ്ഞു പ്രാര്‍ത്ഥിക്കുവാനും ശ്രമിച്ചിട്ടുണ്ട്. ദിവ്യകാരുണ്യം ചാപ്പലില്‍ പ്രതിഷ്ഠിക്കപ്പെട്ടത് അക്കാലത്തുതന്നെയായിരുന്നു എന്നത് കൂടുതല്‍ അനുഗ്രഹകരമായി. അതിനാല്‍ത്തന്നെ മാറിമാറി കോളേജ് ചാപ്പലില്‍ പോയി പ്രാര്‍ത്ഥിക്കാനും എല്ലാവര്‍ക്കും സന്തോഷമായിരുന്നു.
കൊതിച്ച അനുഗ്രഹങ്ങള്‍ തേടിയെത്തി
പ്രാര്‍ത്ഥനയുടെ അത്ഭുതകരമായ ഫലവും ഞങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി. ഏതാനും പേരുടെ നിയമനത്തിന് അംഗീകാരം ലഭിച്ചതും ചിലര്‍ക്ക് തടഞ്ഞുകിടന്നിരുന്ന ആദ്യശമ്പളം ലഭിച്ചതും പ്രാര്‍ത്ഥനയുടെ ഫലമെന്നോണമായിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ ചിലരുടെ ശമ്പളകുടിശിക പാസായിക്കിട്ടിയതും വലിയ സന്തോഷവും അത്ഭുതവുമായിരുന്നു. അവരെല്ലാം സന്തോഷത്തോടെ ഓഫീസില്‍ വന്ന് നന്ദി പറയുന്നത് ഇന്നും ഞാന്‍ സ്‌നേഹത്തോടെ ഓര്‍മിക്കുന്നു. ഈശോയുടെ സ്‌നേഹം നിലയ്ക്കുന്ന സ്‌നേഹമല്ല, കൃത്യസമയത്ത് ഒരു അനുഗ്രഹം കിട്ടുമ്പോള്‍ മാത്രമുള്ളതല്ല, അതിനുശേഷവും അത് ആത്മാവില്‍ ആനന്ദത്തിന്റെ അലയൊലികള്‍ ഉണ്ടാക്കുന്നതാണ്.
പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ എഴുതിയ പേപ്പറുമായി ഞങ്ങള്‍ ചാപ്പലില്‍ ഇരുന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചതും ബുദ്ധിമുട്ടുള്ള നിരവധി നീറുന്ന ജീവിതപ്രശ്‌നങ്ങള്‍ നീങ്ങിപ്പോയതും പലരും ഇന്നും എന്നോട് പങ്കുവയ്ക്കാറുണ്ട്. അധ്യാപക-അനധ്യാപകരുടെ പരസ്പരമുള്ള സ്‌നേഹാദരങ്ങളോടെയുള്ള പെരുമാറ്റവും ഐക്യവും കലാലയത്തിന്റെ ഉര്‍ജ്ജവും അനുഗ്രഹവും വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയുമാണ്.
ക്രിസ്മസ് സല്യൂട്ട്
2020 ലെ ക്രിസ്മസ് ആഘോഷിക്കുന്ന വേളയില്‍ ‘സല്യൂട്ട് ദി സൈലന്റ് വര്‍ക്കേഴ്‌സ്’ എന്ന പ്രോഗ്രാം നടത്താന്‍ കഴിഞ്ഞു. കലാലയത്തിന്റെ വൃത്തിയും ഭംഗിയും ഉറപ്പുവരുത്തുന്ന സഹോദരങ്ങളെയും രാപകല്‍ കലാലയത്തിന്റെ കാവല്‍ക്കാരായ സെക്യൂരിറ്റി സ്റ്റാഫിനെയും ഏവര്‍ക്കും സന്തോഷത്തോടെ ഭക്ഷണപാനീയങ്ങള്‍ തയ്യാറാക്കിതന്നിരുന്ന കാന്റീന്‍ ജീവനക്കാരെയും സ്റ്റേജില്‍ വിളിച്ച് കാഞ്ഞിരപ്പള്ളി രൂപതയിലെ വികാരി ജനറലായ ബോബി മണ്ണംപ്ലാക്കല്‍ അച്ചന്റെയും കോളേജ് മാനേജരുടെയും കോളേജിലെ മുഴുവന്‍ അധ്യാപക-അനധ്യാപകരുടെയും സാന്നിധ്യത്തില്‍ ആദരിക്കുകയാണ് ചെയ്തത്. അവര്‍ക്കുമാത്രമല്ല, ആ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും അതീവഹൃദയസ്പര്‍ശിയായ ഒരു ദൈവസ്‌നേഹാനുഭവമായിരുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ ഇന്നും ആ ഓര്‍മ്മകള്‍ എനിക്ക് വളരെ അമൂല്യവും ആനന്ദകരവുമാണ്.
സഹപ്രവര്‍ത്തകരോടുള്ള ബന്ധം മനോഹരമാകുവാന്‍, ഐക്യവും സ്‌നേഹവും ജോലിസ്ഥലത്ത് ആസ്വദിക്കുവാന്‍ പ്രാര്‍ത്ഥനയുടെ അന്തരീക്ഷവും അതിലൂടെ ഉളവാകുന്ന ഊര്‍ജ്ജവും ഏറെ ആവശ്യമാണെന്ന് 33 വര്‍ഷത്തെ അദ്ധ്യാപകവൃത്തി എന്നെ ആഴമായി ബോധ്യപ്പെടുത്തിയിട്ടുണ്ട്. അധ്യാപകരില്‍ ദൈവസ്‌നേഹം വളരുമ്പോള്‍ തീര്‍ച്ചയായും അത് ജാതിമതഭേദമെന്യേ വിദ്യാര്‍ത്ഥികളിലും സ്വാധീനം ചെലുത്തുമല്ലോ. അപ്രകാരം അധ്യാപകരുടെ പ്രാര്‍ത്ഥനയും ഈശോയോടുള്ള ബന്ധവും വിദ്യാര്‍ത്ഥികളെ ഹൃദയംപൂര്‍വം ചേര്‍ത്തുനിര്‍ത്താനും അതുവഴി കലാലയത്തിനും സമൂഹത്തിനും അനുഗ്രഹമായി അവരെ മാറ്റാനും ഇടയാക്കും എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ഈശോയുടെ ക്ഷമിക്കുന്ന സ്‌നേഹം, നിരുപാധിക സ്‌നേഹം നിരന്തരം നല്‍കികൊണ്ട് കരുണയോടെ, കരുതലോടെ, ക്ഷമയോടെ കാത്തിരിക്കാനുള്ള കരുത്ത് നമുക്കുണ്ടോ? എങ്കില്‍ കണ്‍മുമ്പില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ പ്രതിഭാശാലികളായി മാറുന്നത് കണ്ട് നമുക്ക് സന്തോഷിക്കാനാവും.
സേവനത്തിന്റെ 33 വര്‍ഷങ്ങള്‍ പെട്ടെന്ന് കടന്നുപോയതുപോലെ എനിക്ക് തോന്നാറുണ്ട്. നോക്കി നില്‍ക്കുമ്പോഴേക്കും സമയം കടന്നുപോകും. വിരമിച്ചുകഴിഞ്ഞാല്‍ പിന്നെ കുട്ടികളെ നമുക്ക് ലഭിക്കുകയില്ല. അതിനാല്‍, യുവ അധ്യാപകര്‍, കുട്ടികള്‍ക്ക് രണ്ടാം രക്ഷിതാവ് (സെക്കന്‍ഡ് പാരന്റ്) ആകാനുള്ള അവസരം ധന്യമാക്കുക. അപ്രകാരം നാം കുട്ടികള്‍ക്ക് സ്‌നേഹപൂര്‍വം ചെയ്ത നന്മകളുടെയും അവര്‍ നമുക്ക് നല്കിയ സ്‌നേഹത്തിന്റെയും ഓര്‍മകളായിരിക്കും നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ സമ്പാദ്യം. അത് നമ്മെ വളരെയധികം സന്തോഷിപ്പിക്കും. എന്റെ അനുഭവത്തില്‍നിന്ന് എനിക്ക് ഉറപ്പിച്ചുപറയാന്‍ സാധിക്കും, നമുക്ക് ലഭിച്ച അവാര്‍ഡുകളോ അംഗീകാരങ്ങളോ വിരമിക്കല്‍ ആനുകൂല്യങ്ങളോ നല്കുന്ന സന്തോഷമൊന്നും അത്തരം ഓര്‍മകള്‍ നല്കുന്ന സന്തോഷത്തോളം ഒരിക്കലും വരില്ല. അതിനാല്‍ സേവനകാലത്ത് അമൂല്യമായവ സമ്പാദിച്ചുവയ്ക്കാന്‍ മറക്കരുത്.
ഡോ. ആന്‍സി ജോസഫ്