ബുര്‍ക്കിനാ ഫാസ്സോ: തീവ്രവാദംകൊണ്ടും കുറയ്ക്കാനാവില്ല ദൈവവിളിയുടെ തീവ്രത എന്ന് വ്യക്തമാക്കിക്കൊണ്ട് ബുര്‍ക്കിനാ ഫാസ്സോയില് വൈദികവിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നു. ഇസ്ലാമിക തീവ്രവാദികളില്‍നിന്ന് ഏറ്റവുമധികം അപകടം നേരിടുന്ന രൂപതകളില്നിന്നാണ് ഏറ്റവും കൂടുതല്‍ ദൈവവിളികള്‍ എന്നതും ശ്രദ്ധേയം. എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്- എ.സി.എന്‍ ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
സെയ്ന്റ് പീറ്റേഴ്സ് ആന്‍ഡ് സെയ്ന്റ് പോള്‍സ് സെമിനാരിയിലെമാത്രം കണക്കനുസരിച്ച് 2019-2020 വര്‍ഷത്തില്‍ 254 വൈദികവിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയെങ്കില്‍ 2024-2025 വര്‍ഷത്തില്‍ സെമിനാരിയില്‍ ചേര്‍ന്നത് 281 പേരാണ്. സെമിനാരിവിദ്യാര്‍ത്ഥികളില്‍ പലരും അവധിക്കായി സ്വന്തം വീട്ടില്‍ പോകാറില്ല. അത്യന്തം അപകടകരമാണ് എന്നതാണ് കാരണം. രൂപതയുടെ ഏതെങ്കിലും ഭവനങ്ങളിലോ സഹവിദ്യാര്‍ത്ഥികളുടെ വീട്ടിലോ ഒക്കെയായി അവര്‍ അവധിക്കാലം ചെലവഴിക്കും. എന്നിട്ടും വൈദികവൃത്തിക്കായി മുന്നോട്ടുവരുന്നവരുടെ എണ്ണം വ്യക്തമാക്കുന്നത് മറ്റൊന്നുമല്ല, ദൈവവിളിയുടെ ശക്തിയും തീവ്രതയുംതന്നെ.