അവര്‍ ഒരിക്കലും കീഴടങ്ങില്ല… – Shalom Times Shalom Times |
Welcome to Shalom Times

അവര്‍ ഒരിക്കലും കീഴടങ്ങില്ല…

പ്രൊട്ടസ്റ്റന്റു വിപ്ലവക്കാര്‍ കത്തോലിക്കാ യൂറോപ്പിനെ തകര്‍ത്തെറിഞ്ഞ നാളുകള്‍. കത്തോലിക്കാ ദൈവാലയങ്ങള്‍ നശിപ്പിച്ചു, വൈദികരെയും സമര്‍പ്പിതരെയും വിശ്വാസികളെയും ക്രൂരമായി പീഡിപ്പിച്ചു, വധിച്ചു, നാടുകടത്തി, വിശ്വാസം ത്യജിപ്പിച്ചു. അക്രമം അഴിഞ്ഞാടി. കത്തോലിക്കാ സ്ഥാപനങ്ങളും സെമിനാരികളും തകര്‍ക്കുകയും ചിലത് പ്രൊട്ടസ്റ്റന്റു സ്ഥാപനങ്ങളാക്കുകയും ചെയ്തു. എന്നാല്‍ അയര്‍ലണ്ടിലെ കത്തോലിക്കരെ ഒരുവിധത്തിലും സ്വാധീനിക്കാന്‍ വിപ്ലവക്കാര്‍ക്ക് കഴിഞ്ഞില്ല.

അതിനാല്‍ കൊടുംക്രൂരനായ ഒലിവര്‍ ക്രോംവെല്‍ 1649-ല്‍ അയര്‍ലണ്ടിലെത്തി കത്തോലിക്കരെ അതിഭീകരമായി അടിച്ചമര്‍ത്താനാരംഭിച്ചു. കത്തോലിക്കരായിരിക്കുന്നത് നിയമവിരുദ്ധമാക്കി, അന്യായ കുറ്റങ്ങള്‍ ചുമത്തി, കഠിന ശിക്ഷാവിധികള്‍ നടപ്പാക്കി. സ്വത്തുക്കളും സ്ഥാപനങ്ങളും പിടിച്ചെടുത്ത് പ്രൊട്ടസ്റ്റന്റുകാര്‍ക്ക് നല്‍കി. എന്നാല്‍ ഐറിഷുകാര്‍ കത്തോലിക്കാവിശ്വാസം ത്യജിക്കാതെ ചെറിയ ജപമാലകള്‍ കരങ്ങളിലേന്തി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ക്രോംവെല്‍ ഐറിഷുകാര്‍ക്കുമുമ്പില്‍-പരിശുദ്ധ ജപമാലരാജ്ഞിക്കുമുമ്പില്‍ തോറ്റുമടങ്ങുമ്പോള്‍ മേലധികാരികള്‍ക്ക് എഴുതിയതിങ്ങനെ:

‘അയര്‍ലണ്ടിലെ ഓരോ വീടും പ്രാര്‍ത്ഥനയുടെ ഭവനമാണെന്ന് ഞാന്‍ നിങ്ങളോട് പറയട്ടെ. ഞാന്‍ തോക്കുമായി ഐറിഷുകാര്‍ക്കുനേരെ ചെല്ലുമ്പോള്‍ അവര്‍ മുത്തുകളുടെ ഒരു ചരട് എന്റെനേരെ ഉയര്‍ത്തുന്നു, അവര്‍ ഒരിക്കലും കീഴടങ്ങില്ല.’
പോപ്പ് ലെയോ 13-ാമന്‍ ‘പരമോന്നത ശ്ലൈഹിക ധര്‍മം’ എന്ന ചാക്രിക ലേഖനത്തില്‍ രേഖപ്പെടുത്തി: ‘ധാര്‍മിക അധഃപതനവും ശത്രുക്കളുടെ ആക്രമണവും ക്രിസ്തീയതയ്‌ക്കെതിരായ പാഷണ്ഡതകളുമെല്ലാം സഭയെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴൊക്കെയും നമുക്ക് അഭയമായത് ത്രിലോക രാജ്ഞിയായ പരിശുദ്ധ കന്യാമറിയമാണ്. നാം വിളിച്ചപ്പോഴൊക്കെ പരിശുദ്ധ അമ്മ സ്വര്‍ഗംവിട്ട് ഓടിയെത്തി നമ്മെ സംരക്ഷിച്ചിട്ടുണ്ട്.’

സഭയും ലോകവും ഇന്ന് കൊടിയ ദുരിതങ്ങളിലും യുദ്ധക്കെടുതികളിലും ധാര്‍മിക അപചയങ്ങളിലും അകപ്പെട്ടിരിക്കയാണല്ലോ. പരിശുദ്ധ കൂദാശകളും വൈദിക, സന്യാസങ്ങളും പുല്ക്കൂടുകള്‍പോലും ആക്രമിക്കപ്പെടുന്നു, അവഹേളിതമാകുന്നു. ലഹരിക്ക്, പ്രണയക്കെണികള്‍ക്ക്, മീഡിയകള്‍ക്ക് അടിമകളാകുന്ന ഒരു തലമുറ! അതുകൊണ്ട് ഇപ്പോള്‍ നാം ഉണര്‍ന്നെഴുന്നേല്ക്കണം, ചടുലതയോടെ. കാത്തുനില്പിന് സമയമെവിടെ? ഓടിയെത്തി താങ്ങിപ്പിടിക്കുന്ന ത്രിലോകരാജ്ഞിയില്‍ അഭയം തേടേണ്ട സമയമെത്തിയിരിക്കുന്നു.

വ്യക്തികളും സമൂഹങ്ങളും മുട്ടില്‍വീണ് ജപമാലയേന്തിയ കരങ്ങള്‍ വിരിക്കട്ടെ, ഇടവകകളുടെയും ധ്യാനകേന്ദ്രങ്ങളുടെയും ജപമാല റാലികളാല്‍ തിന്മയുടെ കോട്ടകള്‍ തകര്‍ന്നുവീഴട്ടെ… രൂപതകളുടെ നേതൃത്വത്തില്‍ വലിയ റോസറി ക്രൂസേഡുകളും നടത്തപ്പെട്ടാല്‍ ലോകത്തെ ക്രിസ്തുവിനായി തലകീഴ്മറിക്കാന്‍ നമുക്കു സാധിക്കും (അപ്പസ്‌തോലന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍17/6). കാരണം, വിശുദ്ധ ആന്റണി വെളിപ്പെടുത്തുന്നു: ”ദൈവം, സഭമുഴുവനെയും പരിശുദ്ധ മറിയത്തിന്റെ ഭരണത്തിന്‍ കീഴിലാക്കിയിരിക്കുന്നു.” നമുക്കു പ്രാര്‍ത്ഥിക്കാം:
പരിശുദ്ധ ജപമാലരാജ്ഞീ, തിന്മനിറഞ്ഞ ഈ ലോകത്തെ ക്രിസ്തുവിനുവേണ്ടി തലകീഴ്മറിക്കാന്‍ ഞങ്ങളെ സഹായിച്ചാലും, ആമ്മേന്‍