മക്കള്‍ ഉന്നത സ്ഥാനങ്ങളില്‍ വിഹരിക്കും… – Shalom Times Shalom Times |
Welcome to Shalom Times

മക്കള്‍ ഉന്നത സ്ഥാനങ്ങളില്‍ വിഹരിക്കും…

ആരും പറയാന്‍ മടിക്കുന്ന ചില കാര്യങ്ങള്‍ മേരി ആന്‍ എന്ന സഹോദരി, തന്നെക്കുറിച്ചുതന്നെ വെളിപ്പെടുത്തുകയുണ്ടായി. ’17 വര്‍ഷങ്ങളായി മാനസികാരോഗ്യകേന്ദ്രങ്ങള്‍ മാറിമാറി കയറിയിറങ്ങിയ വ്യക്തിയാണ് ഞാന്‍. ഡോക്ടര്‍മാര്‍ എന്നെ ഒരു ഉന്മാദ-വിഷാദരോഗിയായി മുദ്രകുത്തി. ഷോക് ട്രീറ്റുമെന്റ് ഒഴികെയെല്ലാം അവര്‍ എന്നില്‍ പരീക്ഷിച്ചു. പക്ഷേ, സൗഖ്യത്തിന്റെ പ്രതീക്ഷ അവര്‍ക്കും അസ്തമിച്ചപ്പോള്‍ വിഷാദത്തിനുള്ള മെഡിസിന്‍ സ്ഥിരമായി കഴിക്കാന്‍ നിര്‍ദേശിച്ച് അവര്‍ എന്നെ ‘നൈസാ’യി ഒഴിവാക്കി. എല്ലാ ദിവസവും ഉറങ്ങുംമുമ്പ്, ഉറക്കത്തില്‍ എന്നെ തിരിച്ചു വിളിക്കണമേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. കാരണം ഓരോ പ്രഭാതത്തെയും ഞാന്‍ അത്രമാത്രം ഭയപ്പെട്ടു.

പ്രതീക്ഷകളെല്ലാം അവസാനിച്ചപ്പോള്‍ ഞാന്‍ ദൈവാലയത്തിലേക്ക് പോയി. വിശുദ്ധ ബലിയില്‍ പങ്കെടുക്കാന്‍ ആരംഭിച്ചു. അത്ഭുതമെന്നു പറയട്ടെ, ഓരോ ദിവ്യബലിയും എന്നെ വൈകാരികമായും ആത്മീയമായും സുഖപ്പെടുത്തിക്കൊണ്ടിരുന്നു. ഇപ്പോള്‍ ഞാന്‍ ക്രിസ്തുവില്‍ പുതിയ സൃഷ്ടിയാണ്. പ്രഭാതങ്ങളെ എനിക്കിന്ന് ഭയമില്ല. ദിവ്യകാരുണ്യത്തില്‍ ഞാന്‍ സ്വീകരിക്കുന്ന ഉയിര്‍ത്തെഴുന്നേറ്റ ഈശോയുമായി ഞാന്‍ ഐക്യപ്പെടും, അങ്ങനെ അവിടുന്ന് എന്നില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നു. എത്ര സജീവമായാണോ ഞാന്‍ ദിവ്യബലിയില്‍ പങ്കുചേരുന്നത്, അത്രമാത്രം അവിടുന്ന് എന്നില്‍ നിറയുകയും എന്നെ സുഖപ്പെടുത്തുകയും ചെയ്യുന്നത് ഞാന്‍ അനുഭവിക്കുന്നു.’ സത്യമായും ദൈവാലയവും തിരുക്കര്‍മ്മങ്ങളും സൗഖ്യത്തിന്റെ ഉറവിടങ്ങളാണ്.’

അതിനാല്‍ ഒരു വൈദികന്‍ പങ്കുവച്ച സംഭവം നമ്മെ ആശങ്കപ്പെടുത്തണം. ഒരു ദു:ഖവെള്ളിയാഴ്ച, ദൈവാലയത്തിലെ ഭക്തിനിര്‍ഭരമായ തിരുക്കര്‍മങ്ങള്‍ക്കിടയില്‍ കൊച്ചുകുട്ടികളുടെ വലിയ ബഹളം. പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് വ്യക്തമായത്. ഈശോ നമുക്കുവേണ്ടി സഹിച്ച പീഡകളെ ധ്യാനിക്കാനും തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാനുമുള്ള ദുഖവെള്ളിയാഴ്ച, ഒരു പിതാവ് മക്കളോടൊപ്പം ദൈവാലയനടയില്‍ ഇരുന്ന് മൊബൈലില്‍ സ്‌ക്രോള്‍ ചെയ്ത് രസിക്കുകയും രണ്ടു കുഞ്ഞുങ്ങളെ കാണിച്ച് രസിപ്പിക്കുകയും ചെയ്യുന്നു. മൊബൈലിലെ കോമഡികള്‍ കണ്ട് തുള്ളിച്ചാടി ആര്‍ത്തു ചിരിക്കുന്ന കുഞ്ഞുങ്ങള്‍..!

”ദൈവഭക്തിയില്ലാത്തവന്റെ പ്രത്യാശ നശിക്കും” (ജോബ് 8/13) എന്ന തിരുവെഴുത്ത് ഭയത്തോടെ ഓര്‍ക്കണം. പള്ളിക്കുള്ളില്‍, സൗഖ്യത്തിന്റെ, അനുഗ്രഹങ്ങളുടെ വലിയ വിരുന്ന് നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കുകയോ മക്കളെ പങ്കെടുപ്പിക്കുകയോ ചെയ്യാതെ നമുക്കും മക്കള്‍ക്കും എങ്ങനെ മേരി ആന്‍-നെപ്പോലെ സൗഖ്യവും ഉയര്‍ച്ചയും സംലഭ്യമാകും?
സ്വന്തം മക്കള്‍ക്ക്, അടുത്ത തലമുറയ്ക്ക് ഏതുവിധത്തിലുള്ള സന്ദേശമായിരിക്കും ഇത്തരം മാതാപിതാക്കള്‍ നല്കുന്നത്…! ന്യൂജനറേഷനെ എന്തിനുമേതിനും പ്രതിസ്ഥാനത്തു നിര്‍ത്തുമ്പോള്‍ ഇത്തരം കാര്യങ്ങള്‍കൂടി ഗൗനിക്കേണ്ടതല്ലേ?

‘…എന്റെ വിശുദ്ധദിവസത്തില്‍ സ്വന്തം ഇഷ്ടം അനുവര്‍ത്തിക്കുന്നതില്‍നിന്നും നീ പിന്തിരിയുക; … കര്‍ത്താവിന്റെ വിശുദ്ധദിനത്തെ ബഹുമാന്യമായി കണക്കാക്കുക. നിന്റെ സ്വന്തം വഴിയിലൂടെ നടക്കാതെയും നിന്റെ താല്പര്യങ്ങള്‍ അന്വേഷിക്കാതെയും വ്യര്‍ത്ഥഭാഷണത്തിലേര്‍പ്പെടാതെയും അതിനെ ആദരിക്കുക. അപ്പോള്‍ നീ കര്‍ത്താവില്‍ ആനന്ദം കണ്ടെത്തും. ലോകത്തിലെ ഉന്നത സ്ഥാനങ്ങളിലൂടെ നിന്നെ ഞാന്‍ സവാരിചെയ്യിക്കും’ (ഏശയ്യാ 58/13,14).

ആന്‍സിമോള്‍ ജോസഫ്