ആ ദര്‍ശനം തെറ്റിപ്പോയെന്ന് സംശയിച്ചു – Shalom Times Shalom Times |
Welcome to Shalom Times

ആ ദര്‍ശനം തെറ്റിപ്പോയെന്ന് സംശയിച്ചു

പരിശുദ്ധ അമ്മയുടെ ജനനതിരുനാളായ സെപ്റ്റംബര്‍ എട്ട് എല്ലാ വര്‍ഷവും സെമിനാരിയില്‍ വലിയ ആഘോഷദിവസമാണ്. അന്ന് സെമിനാരി ചുറ്റി ജപമാല പ്രദക്ഷിണമൊക്കയുണ്ടാകും. അന്ന് ആ സെപ്റ്റംബര്‍ എട്ടിന് വൈകിട്ട് ആറരയ്ക്ക് പ്രാര്‍ത്ഥന ആരംഭിച്ചു. ഞങ്ങള്‍ ജപമാലയുടെ ഒരു രഹസ്യം ചൊല്ലിക്കഴിഞ്ഞ് പള്ളിയില്‍നിന്നിറങ്ങി പ്രദക്ഷിണമായി മുന്‍പോട്ടു നീങ്ങിക്കൊണ്ടിരുന്നു. ഇതിനിടയില്‍ റെക്ടര്‍ അച്ചന്‍ എന്നെ വിളിപ്പിച്ചു. ഞാന്‍ അദ്ദേഹത്തിന്റെ അടുക്കല്‍ ചെന്നപ്പോള്‍ വേറെ അച്ചന്മാരും കൂടെയുണ്ടായിരുന്നു. റെക്ടര്‍ അച്ചന്‍ എന്നോട് പെട്ടെന്ന് ചോദിച്ചു, ചാച്ചന് (എന്റെ അപ്പന്) ഇപ്പോള്‍ എങ്ങനെയുണ്ടെന്ന്. ഞാന്‍ പറഞ്ഞു വിശേഷമൊന്നും ഇല്ല, കിടപ്പാണെന്ന്.

അച്ചന്‍ പറഞ്ഞു, ”നമുക്കൊന്ന് ചാച്ചനെ കാണാന്‍ പോകാം. അവസാനസ്റ്റേജിലെത്തിയെന്ന് പറഞ്ഞ് ഒരു ഫോണ്‍ വന്നിരുന്നു.” അത് കേട്ടപ്പോള്‍ത്തന്നെ എനിക്ക് കാര്യം മനസ്സിലായി. ഞാന്‍ കരഞ്ഞുകൊണ്ട് റെക്ടര്‍ അച്ചനോട് ചോദിച്ചു, ”എന്റെ ചാച്ചന്‍ മരിച്ചുപോയി അല്ലേ?”
എന്നെ സംബന്ധിച്ച് ചാച്ചന്റെ മരണം അപ്രതീക്ഷിതമായി തോന്നി. ചാച്ചന് തലച്ചോറിലെ ഞരമ്പുകളൊക്കെ തളരുന്ന ഒരു അസുഖം കുറേക്കാലമായി ഉണ്ടായിരുന്നു. മൂന്ന് വര്‍ഷമായി പൂര്‍ണ്ണമായും കിടപ്പായിരുന്നു. ഒരുപാട് വേദന ചാച്ചന്‍ സഹിച്ചു. സഹനത്തിന്റെ തീച്ചൂളയില്‍ ചാച്ചനെ ദൈവം വിശുദ്ധീകരിക്കുകയായിരുന്നു. സ്ഥിരമായ കിടപ്പുമൂലം ചാച്ചന്റെ പുറത്ത് ഒരു വലിയ വ്രണം പ്രത്യക്ഷപ്പെട്ടു. അത് വളരെ ആഴമുള്ള ഒരു മുറിവായി പെട്ടെന്ന് മാറി. തനിയെ ഒന്ന് തിരിഞ്ഞു കിടക്കാന്‍ പോലും ആകാതെ അതികഠിനമായ വേദന ചാച്ചന്‍ സഹിച്ചു. നാക്ക് കുഴഞ്ഞുപോയതിനാല്‍ സംസാരം വ്യക്തമായിരുന്നില്ല.

പക്ഷേ ഈ സമയങ്ങളിലൊന്നും അല്പംപോലും നിരാശയോ സങ്കടമോ ചാച്ചന്റെ മുഖത്ത് കണ്ടിട്ടില്ല. എപ്പോഴും ഒരു പുഞ്ചിരിയും ശാന്തതയും ആ മുഖത്ത് കളിയാടി. കാണാന്‍ വരുന്ന എല്ലാവരും ഇക്കാര്യം പറയുമായിരുന്നു. കുറേ വര്‍ഷങ്ങള്‍ ഇങ്ങനെത്തന്നെ കിടക്കുമെന്നാണ് ചാച്ചനെ ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞത്. പക്ഷേ ദൈവത്തിന്റെ തീരുമാനം മറിച്ചായിരുന്നു. അപ്രതീക്ഷിതമായി ചാച്ചന്‍ മരിച്ചു പോയി. പെട്ടെന്നുണ്ടായ ഹാര്‍ട്ട് അറ്റാക്ക് ആണ് മരണകാരണമെന്ന് ഡോക്ടര്‍ പിന്നീട് പറഞ്ഞു. 2017 സെപ്റ്റംബര്‍ എട്ടിന് മരിച്ച ചാച്ചന്റെ മൃതദേഹം പിറ്റേന്ന് ഉച്ച കഴിഞ്ഞ് സംസ്‌കരിച്ചു.

അപ്പനുപകരം…
ചാച്ചന്റെ മരണം എന്നെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. ഒരുപാട് പേര്‍ എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ ഇനി ഈ ലോകത്തില്‍ അപ്പനില്ല എന്ന യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാന്‍ എനിക്ക് ഒട്ടും സാധിച്ചില്ല. ഒരു ദിവസം ഞാന്‍ എന്റെ ആധ്യാത്മികപിതാവായിരുന്ന ജോസഫ് കൊച്ചുപറമ്പില്‍ അച്ചന്റെ മുറിയില്‍ പോയി സംസാരിച്ചു. ഞാന്‍ ഒരുപാട് കരഞ്ഞു. അച്ചന്‍ എന്നോട് പറഞ്ഞു, ”ഈശോ നിന്നെ അവിടുത്തെ ജീവിതത്തോട് ചേര്‍ത്തു പിടിക്കുകയാണ്. കാരണം ഈശോ പരസ്യജീവിതം ആരംഭിക്കുന്നതിനു മുന്‍പേ അവിടുത്തെ ഈ ലോകത്തിലെ അപ്പന്‍ യൗസേപ്പിതാവ് മരണമടഞ്ഞിരുന്നു. അതുപോലെ നീയും പൗരോഹിത്യം സ്വീകരിക്കുന്നതിന് മുന്‍പ് നിന്റെ പിതാവിനെ ദൈവസന്നിധിയിലേക്ക് വിളിക്കണമെന്നത് ദൈവത്തിന്റെ ഇഷ്ട്ടമായിരുന്നു. നീ തനിച്ചാണെന്നു കരുതരുത്. ഇനി മുതല്‍ ഈശോയുടെ വളര്‍ത്തപ്പനായ യൗസേപ്പിതാവാണ് നിന്റെ അപ്പന്‍. അദ്ദേഹം എല്ലാ കാര്യങ്ങളും ഭംഗിയായി ക്രമീകരിച്ചു കൊള്ളും.”

ആ വാക്കുകള്‍ എന്നെ ഒരുപാട് ആശ്വസിപ്പിച്ചു. എനിക്ക് ഒരു പുതിയ പ്രകാശം നല്‍കി. ഞാന്‍ യൗസേപ്പിതാവിന്റെ അടുക്കല്‍ പോയി അച്ചന്‍ പറഞ്ഞ വാക്കുകളൊക്കെ ആവര്‍ത്തിച്ചു. പിന്നീട് ഇന്നുവരെ എന്റെ ജീവിതവും കുടുംബത്തിന്റെ കാര്യങ്ങളും യൗസേപ്പിതാവ് ഏറ്റെടുത്ത് ഒരു കുറവുമില്ലാതെ വഴി നടത്തി പരിപാലിച്ചു കൊണ്ടിരിക്കുന്നു എന്ന് എനിക്ക് നിസംശ്ശയം പറയാന്‍ സാധിക്കും.
വിശുദ്ധ യൗസേപ്പിതാവിന്റെ മനോഹരമായ ഒരു രൂപം ഫ്രാന്‍സിസ് പാപ്പ ലോകത്തിന് ഒരിക്കല്‍ പരിചയപ്പെടുത്തി. മാതാവ് വീട്ടുജോലികളൊക്കെ കഴിഞ്ഞ് തളര്‍ന്ന് ഉറങ്ങുന്നു. ഉണ്ണീശോയെയും മടിയില്‍ വച്ച് യൗസേപ്പിതാവ് മാതാവിന് കാവല്‍ ഇരിക്കുകയാണ്. ‘അമ്മ ഉറങ്ങട്ടെ’ എന്നാണ് ആ രൂപത്തിന്റെ പേര്. ശരിക്കും യൗസേപ്പിതാവിന്റെ മനോഹരമായ സ്വഭാവ പ്രത്യേകതയാണ് ഇത് സൂചിപ്പിക്കുന്നത്. താന്‍ എത്ര ബുദ്ധിമുട്ടിയാലും സാരമില്ല മറ്റാരും സങ്കടപ്പെടരുത് എന്ന നിര്‍ബന്ധം ആ പിതാവിനുണ്ട്. ജീവിതത്തില്‍ തളര്‍ന്നു പോകുമ്പോള്‍ ഓടിച്ചെല്ലാന്‍ പറ്റിയ ഇടമാണ് യൗസേപ്പിതാവിന്റെ മടിത്തട്ട്.

തിരുപ്പട്ടദിനത്തില്‍…
ചാച്ചന്‍ മരിച്ചതിന്റെ തൊട്ടടുത്ത വര്‍ഷം എന്റെ തിരുപ്പട്ടം നടന്നു. അതിനു ശേഷം കുറച്ചു നാളുകള്‍ക്ക് ശേഷം പാലക്കാട് ധോണി മരിയന്‍ ധ്യാനകേന്ദ്രത്തില്‍ ഞാന്‍ ഒരു ധ്യാനത്തില്‍ പങ്കെടുക്കുകയായിരുന്നു. കൗണ്‍സലിംഗ് സമയത്ത്, തിരുപ്പട്ട സ്വീകരണവേളയില്‍ മാതാപിതാക്കന്മാര്‍ തലയില്‍ കൈവച്ച് അനുഗ്രഹിക്കുന്ന ദര്‍ശനം കൗണ്‍സിലറായിരുന്ന സിസ്റ്ററിന് ലഭിച്ചു. ആ ദര്‍ശനം സിസ്റ്റര്‍ എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, ”അത് പൂര്‍ണ്ണമായും ശരിയാകാന്‍ സാധ്യത ഇല്ല. കാരണം എനിക്ക് അമ്മ മാത്രമേ ഉള്ളൂ. അമ്മ തനിയെയാണ് അന്ന് എന്റെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചത്.” പക്ഷേ സിസ്റ്റര്‍ പറഞ്ഞു, ”അങ്ങനെയല്ല അപ്പന്റെ സ്ഥാനത്ത് ഒരാള്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നുണ്ട്!”

ഞങ്ങള്‍ ഒരുമിച്ച് വീണ്ടും പ്രാര്‍ത്ഥിച്ചപ്പോള്‍ സിസ്റ്ററിന് അതെക്കുറിച്ച് വീണ്ടും സന്ദേശം കിട്ടി. തിരുപ്പട്ടത്തിന് എന്റെ ശിരസില്‍ അപ്പന്റെ സ്ഥാനത്തുനിന്ന് കൈവച്ച് പ്രാര്‍ത്ഥിച്ചത് യൗസേപ്പിതാവ് ആണ്!! അതായത് അള്‍ത്താരയില്‍ വച്ച് യൗസേപ്പിതാവിനെ അപ്പനായി സ്വീകരിച്ച നാള്‍ മുതല്‍ ആ നല്ല പിതാവ് ഒരു പിതാവിനടുത്ത വാത്സല്യത്തോടെ എന്നെ എന്നും കരുതുകയായിരുന്നു. നമുക്കും പ്രതിസന്ധികളും പ്രയാസങ്ങളും ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ യൗസേപ്പിതാവിന്റെ അടുക്കലേക്ക് ഓടിചെച്ചല്ലാം. ആ പിതാവ് ഇരുകരങ്ങളും നീട്ടി നമ്മെ സ്വീകരിക്കും എന്ന് ഉറപ്പ്. പൂര്‍വജോസഫിനെക്കുറിച്ചുള്ള തിരുവചനം വിശുദ്ധ യൗസേപ്പിതാവിന്റെ കാര്യത്തിലും ഉചിതംതന്നെ. ”നിങ്ങള്‍ ജോസഫിന്റെ അടുത്തേക്ക് ചെല്ലുക. അവന്‍ നിങ്ങളോട് പറയുന്നതുപോലെ ചെയ്യുക” (ഉത്പത്തി 41/55).

ഫാ. ജോബിന്‍ എടൂക്കുന്നേല്‍