ഉയിര്‍പ്പുജീവിതം എന്നാല്‍ ഇങ്ങനെ! – Shalom Times Shalom Times |
Welcome to Shalom Times

ഉയിര്‍പ്പുജീവിതം എന്നാല്‍ ഇങ്ങനെ!

ഊര്‍ജസ്വലത തുടിച്ചുനില്‍ക്കുന്ന പ്രസന്നമായ മുഖം. ആ മുഖത്ത് തെളിയുന്ന പുഞ്ചിരിയോടെ യുവതി തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ആരംഭിച്ചു. ”എന്റെ പേര് ഫാന്‍സി. എന്റെ വീട്ടില്‍ നാല് പേര്‍ക്ക് കാന്‍സര്‍ ബാധിച്ചിട്ടുണ്ട്. എനിക്ക് ലിംഫോമ. അനുജന് ലുക്കീമിയ. അനുജത്തിക്ക് തൈറോയ്ഡ് കാന്‍സര്‍. അമ്മയ്ക്ക് ബ്രെസ്റ്റ് കാന്‍സര്‍.”
പ്രകാശിതമായ മുഖത്തോടെ ഇതെല്ലാം പറയുന്ന ഫാന്‍സിയുടെ വാക്കുകളിലൂടെ ആ പ്രകാശത്തിന്റെ പിന്നിലുള്ള രഹസ്യങ്ങളും തെളിഞ്ഞുവരും.

അമ്മയും അപ്പനും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തിലാണ് ഫാന്‍സി വളര്‍ന്നത്. കുട്ടിക്കാലം ഏറെ ദാരിദ്ര്യത്തിന്റേതായിരുന്നുവെന്ന് അവള്‍ പറയുന്നു. പക്ഷേ അമ്മ ദൈവവിശ്വാസത്തിലും പ്രാര്‍ത്ഥനയിലും അതീവസമ്പന്നയായിരുന്നു. കുടുംബപ്രാര്‍ത്ഥനകൂടാതെ രാത്രിസമയം വ്യക്തിപരമായും പ്രാര്‍ത്ഥിക്കുന്ന അമ്മ രാവിലെ എഴുന്നേറ്റ് വിശുദ്ധ കുര്‍ബാനയ്ക്കായി പോകും. വിശുദ്ധ കുര്‍ബാന മുടക്കാന്‍ മക്കളെയും അമ്മ അനുവദിച്ചിരുന്നില്ല. തിരികെയെത്തിയാല്‍ വൈകിട്ടുവരെയും വിശ്രമമില്ലാതെ ജോലികളുണ്ട്. എങ്കിലും അമ്മ അതിനിടയിലും പ്രാര്‍ത്ഥിക്കുന്നത് കാണാം.

ആരെങ്കിലും വേദനിപ്പിച്ചെന്നു പറഞ്ഞാല്‍ അമ്മ പറയും, ”അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാം.” ഇങ്ങനെ എന്തുപറഞ്ഞാലും പ്രാര്‍ത്ഥനയെക്കുറിച്ചും വിശുദ്ധ കുര്‍ബാനയെക്കുറിച്ചുമായിരിക്കും അമ്മയുടെ മറുപടി. ചിലപ്പോഴൊക്കെ അമ്മയുടെ പ്രാര്‍ത്ഥന അല്പം കൂടുതലാണെന്ന് തോന്നുകയും അങ്ങനെ പറയുകയും ചെയ്തിട്ടുണ്ട് എന്ന് ഫാന്‍സി തുറന്നുപങ്കുവയ്ക്കുന്നു. ചെറുപ്പകാലം അങ്ങനെ കടന്നുപോയി. 2005 ല്‍ ഫാന്‍സി വിവാഹിതയായി. അനുജന് ജോലി ലഭിക്കുകയും കുടുംബം സാവധാനം സാമ്പത്തികമായി മെച്ചപ്പെടുകയും ചെയ്തു.

ആദ്യാനുഭവം
അനുജത്തി സന്യാസജീവിതത്തിലേക്കുള്ള ദൈവവിളിയാണ് സ്വീകരിച്ചത്. കുടുംബത്തിലെ ആദ്യത്തെ കാന്‍സര്‍രോഗിയാകാനും വിളി ലഭിച്ചത് അനുജത്തിക്കാണ്. സന്യാസപരിശീലനകാലത്തുതന്നെ അനുജത്തിക്ക് തൈറോയ്ഡ് കാന്‍സര്‍ ഉണ്ടെന്ന് കണ്ടുപിടിക്കപ്പെട്ടു. അത് വല്ലാത്ത ഒരു പരീക്ഷണഘട്ടമായിരുന്നു. ദൈവവിളി ഉപേക്ഷിച്ചുപോരേണ്ടിവരുമോ എന്ന് എല്ലാവരും സംശയിച്ച കാലം. പക്ഷേ അമ്മയുടെ പ്രാര്‍ത്ഥനയ്‌ക്കോ ദൈവവിശ്വാസത്തിനോ തെല്ലും മങ്ങലേറ്റില്ല. എല്ലാവരും അമ്മയോടൊപ്പം പ്രാര്‍ത്ഥനയില്‍ ചേര്‍ന്നുനിന്നു. അതോടൊപ്പം അനുജത്തിയുടെ ചികിത്സയും നടക്കുന്നുണ്ടായിരുന്നു. അതെല്ലാം ഫലപ്രദമാവുകയും അനുജത്തി സൗഖ്യത്തിലേക്ക് വരുകയും ചെയ്തു. തുടര്‍ന്ന് പരിശീലനം പൂര്‍ത്തിയാക്കി ഒരു സന്യാസിനിയായി 2015-ല്‍ അവള്‍ക്ക് വ്രതം ചെയ്യാന്‍ സാധിച്ചു. ഇപ്പോഴും പതിവുചെക്കപ്പുകള്‍ നടത്തുന്നുണ്ടെങ്കിലും അനുജത്തി ഇന്ന് സമര്‍പ്പിതജീവിതത്തില്‍ തുടരുന്നു.

വിദേശത്തുനിന്ന് ഫോണ്‍കോള്‍
അനുജന്‍ ദുബായിലാണ് ജോലി ചെയ്തിരുന്നത്. 2015-ല്‍ വിവാഹിതനായി. പിന്നീട് 2019-ല്‍ അവന്റെ വീടുപണി പൂര്‍ത്തിയായ സമയം. പൂര്‍ത്തിയായ വീടിന്റെ വെഞ്ചിരിപ്പും കുഞ്ഞിന്റെ ഒന്നാം പിറന്നാളും ആഘോഷമായി നടത്താനുള്ള തീരുമാനത്തിലായിരുന്നു കുടുംബം. സന്തോഷം നിറഞ്ഞ കാത്തിരിപ്പിന്റെ നാളുകളില്‍ അതെല്ലാം മാറ്റിമറിക്കുന്ന ഒരു സംഭവമുണ്ടായി.
ഫാന്‍സിക്ക് ഒരു ഫോണ്‍കോള്‍ വന്നു. സമീപത്തെ മഠത്തിലുള്ള സിസ്റ്റേഴ്‌സാണ് വിളിച്ചത്. അനുജനെ എയര്‍പോര്‍ട്ടില്‍നിന്ന് സ്വീകരിച്ച് തൃശൂര്‍ അമല ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു. അവന് ബ്ലഡ് കൗണ്ട് കുറവാണെന്നും ചെക്കപ്പുകള്‍ നടത്തേണ്ടതുണ്ടെന്നും പറഞ്ഞു.

ആശുപത്രിയിലെത്തിയപ്പോള്‍ അനുജന്‍ ചിരിച്ചുകൊണ്ട് ഫാന്‍സിയെ സ്വാഗതം ചെയ്തു. ‘എന്താ നിന്റെ പ്രശ്‌നം’ എന്ന് ചോദിച്ചപ്പോള്‍ ചിരി വിടാതതന്നെ പറഞ്ഞു, ”എനിക്ക് ബ്ലഡ് കാന്‍സറാണെന്നന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്! സാരമില്ല എനിക്കിത്തിരി വിശ്രമം കിട്ടിയല്ലോ!”
അത് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലും സാവധാനം ഫാന്‍സി അത് സ്വീകരിച്ചു. തുടര്‍ന്ന് അത്ര ഗൗരവം തോന്നാത്ത വിധത്തില്‍ വീട്ടിലും കാര്യങ്ങള്‍ അറിയിച്ചു. അന്ന് ഫാന്‍സിയാണ് ആശുപത്രിയിലെത്തി വേണ്ടതെല്ലാം ചെയ്യാന്‍ ഉണ്ടായിരുന്നത്. ചെക്കപ്പുകളെല്ലാം പൂര്‍ത്തിയാക്കിയപ്പോള്‍ അനുജന് ലുക്കീമിയ അഥവാ ബ്ലഡ് കാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചു.

സാവധാനം വീട്ടിലും അനുജന്റെ രോഗവിവരങ്ങള്‍ അല്പം ഗൗരവമാണെന്ന കാര്യം അവതരിപ്പിച്ചു. വീടുവെഞ്ചിരിപ്പും കുഞ്ഞിന്റെ പിറന്നാളാഘോഷവുമെല്ലാം കാത്തിരുന്ന എല്ലാവരും പിന്നെ അനുജനുവേണ്ടിയുള്ള പ്രാര്‍ത്ഥനകളിലേക്ക് മാറി.
ഡിസംബറില്‍ ഇന്‍ഫെക്ഷന്‍ നിമിത്തം അനുജന്റെ രോഗാവസ്ഥ തീര്‍ത്തും മോശമായി. അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചുകൊള്ളാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞ സമയം. പെട്ടെന്ന് രോഗീലേപനം നല്കി. അത് കൊവിഡ് കാലമായിരുന്നു. മരിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു. ചെവിയിലൂടെയും മൂക്കിലൂടെയും തുടങ്ങി പലയിടത്തുനിന്നും രക്തം വരുന്നതിനാല്‍ വെന്റിലേറ്ററില്‍ വയ്ക്കാനും സാധിക്കുകയില്ല. ഫാന്‍സിയും നാത്തൂനും പിപിഇ കിറ്റെല്ലാം ധരിച്ച് ഐ.സി.യുവില്‍ കയറി അനുജനെ കണ്ടു. ആശുപത്രിയില്‍നിന്ന് വേണ്ട പേപ്പറുകളില്‍ ഒപ്പിട്ടുനല്കി അനുജനെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റുമ്പോഴും ഫാന്‍സിക്ക് ഈശോ നല്കിയ പ്രത്യാശയോടെ അവള്‍ പറഞ്ഞു, ”ആരെല്ലാം എന്തെല്ലാം പറഞ്ഞാലും നീ പേടിക്കേണ്ട. മെച്ചപ്പെട്ട ആരോഗ്യത്തോടെ നീ തിരിച്ചുവരും!”
അത് സത്യമായി. രോഗത്തിന്റെ തീവ്രവേദനയുടെ നാളുകളിലൂടെ കടന്നുപോയെങ്കിലും, മരണം ഉറപ്പാക്കിയ നിമിഷങ്ങളുണ്ടായിരുന്നെങ്കിലും, അനുജന്‍ ജീവിതത്തിലേക്ക് തിരികെവന്നു, ആരോഗ്യം മെച്ചപ്പെട്ടു. കാന്‍സറില്‍നിന്ന് പൂര്‍ണമുക്തി അവകാശപ്പെടാനാവില്ലെങ്കിലും ജോലി ചെയ്ത് ജീവിക്കാന്‍ സാധിക്കുന്നത്രയും സൗഖ്യത്തിലേക്ക് അവന്‍ കടന്നുവന്നു.

വിശുദ്ധയാകാന്‍ ഇത് വേണമെങ്കില്‍…
അങ്ങനെയിരിക്കുന്ന നാളുകളിലാണ് ഫാന്‍സി പലപ്പോഴും അനുഭവപ്പെടാറുള്ള തോള്‍വേദനയ്ക്ക് ചികിത്സ തേടിപ്പോയത്. ആദ്യമൊക്കെ നടത്തിയ ചികിത്സകളിലൂടെ ആശ്വാസം ലഭിച്ചില്ല. പിന്നീട് വിദഗ്ധപരിശോധനകള്‍ നടത്തിയപ്പോഴാണ് അറിയുന്നത്, തനിക്ക് ലിംഫോമ എന്ന കാന്‍സറാണ്. ശരീരം മുഴുവന്‍ വ്യാപിക്കുകയും നാലാം സ്റ്റേജില്‍ എത്തുകയും ചെയ്തതുകൊണ്ട് കീമോതെറാപ്പിപോലുള്ള ചികിത്സകള്‍ ചെയ്യാനും സാധിക്കില്ല. പക്ഷേ ഫാന്‍സി പറയുന്നതുപോലെ ആ രോഗമൊന്നും ഫാന്‍സിയെ തളര്‍ത്തുന്നില്ല. ആ മുഖം കൂടുതല്‍ പ്രസന്നമാവുകയാണ് ചെയ്തത്.

ഭര്‍ത്താവും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ചെയ്ത് സന്തോഷത്തോടെതന്നെ ഫാന്‍സി ജീവിതം തുടരുന്നു. ജീവിതത്തിലെ ചില നിയോഗങ്ങള്‍ക്ക് ഉത്തരം ലഭിക്കാത്തതോര്‍ത്ത് ദൈവത്തോട് പരിഭവിച്ചിരുന്ന കാലം ഉണ്ടായിരുന്നുവെന്ന് ഫാന്‍സി പറയുന്നു. പക്ഷേ അക്കാലത്ത് തൃശൂര്‍ തലോര്‍ ജറുസലെം ധ്യാനകേന്ദ്രത്തില്‍ ശുശ്രൂഷ ചെയ്യാന്‍ അവസരം ലഭിച്ചു. ബുദ്ധിയിലെ കറ നീങ്ങാന്‍ പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞ വൈദികനെ അനുസരിച്ചതുമുതലാണ് ഫാന്‍സിയുടെ കാഴ്ചപ്പാടുകളും ജീവിതവും മാറിയത്.
പ്രതിസന്ധികളില്‍ പതറാത്ത അമ്മയുടെ വഴിയില്‍ ഫാന്‍സിക്കും സഞ്ചരിക്കാന്‍ കരുത്ത് ലഭിച്ചത് അങ്ങനെയാണ്. ഏശയ്യാ 30/20 വചനം ഫാന്‍സി ഉറപ്പോടെ ഏറ്റുപറയുന്നു, ”കര്‍ത്താവ് നിനക്ക് കഷ്ടതയുടെ അപ്പവും ക്ലേശത്തിന്റെ ജലവും തന്നാലും നിന്റെ ഗുരു നിന്നില്‍നിന്ന് മറഞ്ഞിരിക്കുകയില്ല. നിന്റെ നയനങ്ങള്‍ നിന്റെ ഗുരുവിനെ ദര്‍ശിക്കും.” രോഗങ്ങള്‍ വരുന്നത് നമ്മെ വിശുദ്ധീകരിക്കാനാണെന്ന് ഉറച്ചുവിശ്വസിക്കുന്നതിനാല്‍ ദൈവഹിതപ്രകാരം മുന്നോട്ടുപോകാനാണ് അഗ്രഹം.

ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി അജ്‌ന ജോര്‍ജിന്റെ ജീവിതം തനിക്ക് വലിയ പ്രചോദനമാണെന്ന് ഫാന്‍സി പങ്കുവയ്ക്കുന്നു. വിശുദ്ധരായി ജീവിക്കാന്‍ ഇത്തരം സഹനങ്ങളൊക്കെ ആവശ്യമാണെങ്കില്‍ അവ അവിടെ നിന്നുകൊള്ളട്ടെ. അജ്‌നയൊന്നും സഹിച്ചതുപോലെ തനിക്ക് സഹിക്കേണ്ടിവന്നിട്ടില്ല എന്നും ഫാന്‍സി പറയുന്നു. രണ്ട് സര്‍ജറികള്‍ക്ക് വിധേയയായി. മരുന്നുകളുമുണ്ട്. രോഗത്തിന്റേതായ വിഷമതകള്‍ കുറച്ചൊക്കെ ഉണ്ടെങ്കിലും അത് സാരമുള്ളതല്ലെന്നാണ് ഫാന്‍സി പറയുന്നത്. ഇന്ന് ദൈവസ്‌നേഹത്തിന്റെ സാക്ഷിയായി ജീവിക്കുന്നു.
ഇതിനെല്ലാം ഒടുവിലാണ് 2024 നവംബറില്‍ അമ്മയും കാന്‍സര്‍ ബാധിതയാണെന്ന് അറിയുന്നത്. പരിശോധനകളില്‍ അമ്മയ്ക്ക് ബ്രെസ്റ്റ് കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞു. പക്ഷേ ആരോഗ്യസ്ഥിതി ദുര്‍ബലമായതിനാല്‍ കാര്യമായ ചികിത്സകള്‍ സ്വീകരിക്കാന്‍ സാധിക്കുകയില്ല. എങ്കിലും അമ്മ പതറാതെ മുന്നോട്ടുപോകുന്നു. അപ്പച്ചനും ഒപ്പമുണ്ട്. കുടുംബത്തില്‍ കാന്‍സറില്ലാത്തത് അപ്പനുമാത്രമാണ്. മറ്റ് നാലുപേര്‍ക്കും കാന്‍സറാണെന്ന് അറിയുമ്പോള്‍ സഹതപിക്കുന്ന അനേകരുണ്ട്. പക്ഷേ അമ്മയുടെ വാക്കുകള്‍തന്നെയാണ് ഇന്ന് ഫാന്‍സിയും ആവര്‍ത്തിക്കുന്നത്, ”ദൈവം അറിയാതെ ജീവിതത്തില്‍ ഒന്നും സംഭവിക്കുന്നില്ല. അവിടുന്ന് നമ്മുടെ നന്മയ്ക്കായിട്ടാണ് എല്ലാം അനുവദിക്കുന്നത്!”

അമ്മ ബൈബിള്‍ എഴുതാന്‍ തുടങ്ങിയിരുന്നു. കുടുംബത്തിന്റെ വിശുദ്ധീകരണം എന്ന നിയോഗത്തോടെയാണ് എഴുതിത്തുടങ്ങിയത്. അപ്പോഴാണ് കാന്‍സറാണെന്ന് അറിഞ്ഞത്. പക്ഷേ അമ്മയ്ക്ക് ഉത്കണ്ഠയില്ല. ബൈബിള്‍ എഴുതിത്തീര്‍ത്തിട്ട് മരിക്കണമെന്നാണ് അമ്മയുടെ ആഗ്രഹം. പക്ഷേ കഴിഞ്ഞ ദിവസങ്ങളിലെ ചെക്കപ്പില്‍ രോഗം അല്പം കുറഞ്ഞതായാണ് കണ്ടത്.
രോഗത്തിന്റെ മുകളില്‍ നില്ക്കാന്‍ ഈ കുടുംബത്തെ പ്രാപ്തരാക്കുന്നത് ഉറച്ച ദൈവവിശ്വാസംതന്നെ. ഇതുതന്നെയല്ലേ യഥാര്‍ത്ഥത്തില്‍ ഉയിര്‍പ്പിന്റെ ജീവിതം? മരണത്തെ തകര്‍ത്ത് ഉത്ഥാനം ചെയ്ത യേശുവില്‍ വിശ്വസിക്കുന്നവരെ തകര്‍ക്കാന്‍ മറ്റെന്തിനെങ്കിലും സാധിക്കുമോ!

ബ്രദര്‍ സണ്ണി കാട്ടൂക്കാരന്‍
സുവിശേഷപ്രവര്‍ത്തകനായ ബ്രദര്‍ സണ്ണി തൃശൂര്‍ പാടൂക്കാട് സ്വദേശിയാണ്. ഉത്തരേന്ത്യയില്‍
സജീവമായി പ്രവര്‍ത്തിക്കുന്നു.