ഏതാണ്ട് പത്ത് വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2016-ല്‍, ഈശോയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ഒരു തീരുമാനം ഞാനെടുത്തു.
അന്ന് സോഷ്യല്‍ മീഡിയയില്‍ ഞാന്‍ സജീവമാണ്. സാമൂഹിക വിഷയങ്ങളും അക്കാദമിക് വിഷയങ്ങളും സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കുമായിരുന്നു. അന്നേരമാണ് ആത്മാവ് ഇങ്ങനെയൊരു കൊച്ചുപ്രേരണ തന്നത്. എല്ലാ ശനിയാഴ്ചകളിലും ഒരു ചെറിയ അനുഭവം- ഈശോയുടെ ഇടപെടല്‍, സ്പര്‍ശിച്ച വചനം, അങ്ങനെ എന്തെങ്കിലും വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകുന്ന വിധം എഴുതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുക. ഞാന്‍ അത് അനുസരിച്ചു.
നാലായിരം ഫ്രണ്ട്സ് ഉണ്ടായിരുന്ന എനിക്ക് ആദ്യമായി വചനം പങ്കുവച്ചതിന് കിട്ടിയത് വെറും നാല് ലൈക്കാണ്. പക്ഷേ മുടങ്ങാതെ എല്ലാ ശനിയാഴ്ചകളിലും ആ ദൗത്യം ചെയ്തുകൊണ്ടിരുന്നു. എത്ര വൈകിയാലും, എങ്ങനെയെങ്കിലും അക്കാര്യം മുടങ്ങാതെ ചെയ്തുകൊണ്ട് ആത്മാവിന്റെ പ്രചോദനത്തോട് വിശ്വസ്തത കാണിച്ചു.
‘പള്ളീലച്ചന്’ എന്നും ‘പാസ്റ്റര്‍’ എന്നും ‘പഴഞ്ചന്‍’ എന്നും വിളിച്ചു ആ നാളുകളില്‍ എന്നെ പലരും കളിയാക്കിയിട്ടുണ്ട്. പക്ഷേ അതൊന്നും സുവിശേഷവേലയെ തളര്‍ത്തുകയോ എല്ലാം അവസാനിപ്പിക്കുവാന്‍ തോന്നിപ്പിക്കുകയോ ചെയ്തിട്ടില്ല. മറിച്ച് കൂടുതല്‍ കൂടുതല്‍ വളര്‍ത്തുകയാണ് ചെയ്തത്. ഒപ്പം മറ്റ് പല മേഖലകളിലും ആവശ്യമായ കൃപകളും ഉയര്‍ച്ചയും നല്കി കര്‍ത്താവ് ശക്തിപ്പെടുത്തുകയും ചെയ്തു.
ഈശോയെ യഥാര്‍ത്ഥത്തില്‍ നാം സ്നേഹിക്കുന്നുണ്ടോ? എങ്കില്‍ അവനെക്കുറിച്ച് പറയാതിരിക്കില്ല. ക്രിസ്തുവിന്റെ ശബ്ദം കുറച്ചുകൂടി വ്യക്തമായി നിങ്ങളിലൂടെ കേള്‍ക്കപ്പെടണം എന്ന ആഗ്രഹമുള്ള വ്യക്തിയാണോ നാം? എങ്കില്‍, സമയവും സാഹചര്യവുമുണ്ടാക്കി അവന് നമ്മള് സാക്ഷിയാകും. പക്ഷേ, നമ്മുടെ ദൗത്യത്തില്‍നിന്നും പല കാരണങ്ങളാല്‍ നാം പിന്നോട്ട് പോകുന്നു. പൗലോസ് ശ്ലീഹാ നമ്മെ താക്കീത് ചെയ്യുന്നതുപോലെ, എല്ലാവരും അന്വേഷിക്കുന്നത് സ്വന്തം കാര്യമാണ്. യേശുക്രിസ്തുവിന്റെ കാര്യമല്ല (ഫിലിപ്പി 2/21). ഇതാണ് അതിന്റെ പ്രധാന കാരണം.
പറഞ്ഞുവരുന്നത് ഇതാണ്, സുവിശേഷത്തിന് സാക്ഷിയായി എന്നതിന്റെ പേരില്‍ നേരിട്ടേക്കാവുന്ന നിന്ദനം ഒരിക്കലും നമ്മെ തളര്‍ത്തരുത്. അതുമൂലം നാം സര്‍വ്വപ്രധാനമായ ഈ ദൗത്യത്തില്‍നിന്നും പിന്നോട്ട് പോകരുത്. കാരണം നിന്ദനം കേട്ടിടത്തുനിന്നും നിന്നെ ഉയര്‍ത്തി അവിടുന്ന് തന്റെ ഭക്തരോടുള്ള വാത്സല്യം പ്രകടിപ്പിക്കുകതന്നെ ചെയ്യും. ”വിത്ത് ചുമന്നുകൊണ്ട് വിലാപത്തോടെ വിതയ്ക്കാന്‍ പോകുന്നവര്‍ കറ്റ ചുമന്നുകൊണ്ട് ആഹ്ലാദത്തോടെ വീട്ടിലേക്ക് മടങ്ങും” (സങ്കീര്‍ത്തനം 126/6). അതുറപ്പാണ്. ഇന്നല്ലെങ്കില്‍ നാളെ. ഇനി അങ്ങനെ അല്ലെങ്കില്‍പ്പോലും നമുക്ക് സ്വര്‍ഗം ‘സ്പെഷ്യലാ’യി നല്‍കിയിരിക്കുന്ന ഈ ബോധ്യത്തില്‍നിന്നും അണുവിട വ്യതിചലിക്കാതെ, പ്രത്യാശയോടെ നന്നായി ഓടുക. വിശ്വാസം കാക്കുക. അവിടുത്തേക്ക് എല്ലാ സാഹചര്യങ്ങളിലും സാക്ഷിയാവുകയും ചെയ്യുക.
ആത്മാക്കളുടെ രക്ഷക്കായി, അവനു സാക്ഷിയായി, എന്നെയും നിങ്ങളെയും അവിടുത്തേക്ക് വേണം. ഇന്നുതന്നെ ആരംഭിക്കുക. ഒരുപടി കൂടി കടന്ന് ചിന്തിക്കുകയും പ്രയത്നിക്കുകയും ചെയ്യുക. ”കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളേവരോടുംകൂടെ ഉണ്ടായിരിക്കട്ടെ!” (2 കോറിന്തോസ് 13/13).
ബ്രദര്‍ അഗസ്റ്റിന് ക്രിസ്റ്റി PDM