ഈ ഈസ്റ്റര്‍ ആഘോഷം വേറെ ലെവല്‍ – Shalom Times Shalom Times |
Welcome to Shalom Times

ഈ ഈസ്റ്റര്‍ ആഘോഷം വേറെ ലെവല്‍

സംസാരത്തിനിടെ ഒരാള്‍ പറഞ്ഞു, ‘ഞാന്‍ വര്‍ഷങ്ങളായി വീട്ടിലിരിപ്പാണ്.’ അമ്പരപ്പോടെ ആ മുഖത്തേക്ക് ഒന്നുകൂടെ നോക്കി. അവിശ്വസനീയമായ എന്റെ നോട്ടത്തിന് ഉത്തരമായി അവര്‍ വിശദീകരിച്ചു. ‘പ്രമുഖ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡിപ്പാര്‍ട്ടുമെന്റ് ഹെഡ്ഡ് ആയിരുന്നു ഞാന്‍. അന്യായമായ കാരണത്താല്‍ എനിക്കിന്ന് ജോലിയില്ല.’
‘ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്. ഒട്ടും അംഗീകരിക്കാന്‍ കഴിഞ്ഞില്ല. എവിടെയും അപഹാസ്യമാകുന്നു… വീട്ടുകാരോട്, സുഹൃത്തുക്കളോട്, സമൂഹത്തോട് എന്തുപറയും? പുറത്തിറങ്ങണ്ടേ? നിയമപരമായ നൂലാമാലകള്‍ വേറെ. ആകെ ഞെരിച്ചമര്‍ത്തപ്പെടുന്നതുപോലെ. പള്ളിയില്‍പ്പോലും എങ്ങനെ പോകും? എന്തുവന്നാലും വേണ്ടില്ല, ദിവ്യബലിക്ക് പോയി.

അവസ്ഥകളും സങ്കടങ്ങളുമെല്ലാം ഈശോയോടു പറഞ്ഞു. നമുക്ക് എന്തൊക്കെ സംഭവിച്ചാലും ആശ്രയിക്കാന്‍ ഈശോയുണ്ടല്ലോ. അവിടുത്തെപ്പോലെ മറ്റാര്‍ക്കും നമ്മെ മനസിലാക്കാനും ആശ്വസിപ്പിക്കാനും ബൂസ്റ്റ് ചെയ്യാനും കഴിയില്ല.
ഈശോയിലേക്ക് തിരിഞ്ഞതോടെ ജീവിതമേ മാറിത്തുടങ്ങി. എനിക്കിപ്പോള്‍ വലിയ സന്തോഷമാണ്. ജീവിതത്തില്‍ ഒരിക്കലും അനുഭവിക്കാത്ത ആനന്ദം…! ജോലിപോയത് എത്ര നന്നായി, അതുകൊണ്ടല്ലേ ദൈവവുമായി ഇത്ര അടുത്തത്. വിശുദ്ധ ബൈബിള്‍ എത്ര പ്രാവശ്യം വായിച്ചെന്നോ! ഓരോ തവണ വായിക്കുമ്പോഴും എത്ര അത്ഭുതങ്ങളാണ് കുടുംബത്തിന് കിട്ടിയത്!

എന്റെ മക്കളെയും പരിശുദ്ധ അമ്മ ഇശോയോട് ചേര്‍ത്ത് വളര്‍ത്തുന്നു. ഞാനിപ്പോള്‍ വചനം പഠിക്കുകയാണ്; എനിക്ക് ഈശോയെ പ്രഘോഷിക്കണം, അവിടുത്തെ അനേകരിലേക്ക് എത്തിക്കണം. ജോലി സംബന്ധിച്ച നിയമപരമായ കാര്യങ്ങള്‍ അതിന്റെ വഴിയെ നീങ്ങുന്നുണ്ട്. എങ്കിലും എന്റെ കര്‍ത്താവ് എല്ലായിടത്തും എന്നെ കരുതുന്നു. അവിടുന്ന് എന്നെ പുതിയ വ്യക്തിയാക്കി, കുടുംബത്തെപ്പോലും പുതുക്കിപ്പണിതു. എന്റെ ഈശോയാണ് ഇനി എനിക്കെല്ലാം.’

തകര്‍ന്നും നിരാശപ്പെട്ടും ദൈവത്തെപ്പോലും പഴിച്ചും അവസാനിച്ചേക്കാമായിരുന്ന ഒരു ജീവിതം, ഈശോയിലേക്ക് തിരിഞ്ഞപ്പോള്‍ അവിടുന്ന് ആ ജീവിതം ആകമാനം എടുത്തുയര്‍ത്തി. അവിടുത്തെ ഉത്ഥാനത്തിന്റെ മഹത്വംകൊണ്ട് പ്രകാശിപ്പിച്ചു. ഏശയ്യ 5/10- പോലെ ‘അവരുടെ അന്ധകാരത്തില്‍ പ്രകാശം ഉദിപ്പിച്ചു, അവരുടെ ഇരുണ്ടവേളകള്‍ മധ്യാഹ്നം പോലെയാക്കി.’ ”കര്‍ത്താവ് നിന്നെ നിരന്തരം നയിക്കും. മരുഭൂമിയിലും നിനക്ക് സമൃദ്ധി നല്കും; നിന്റെ അസ്ഥികളെ ബലപ്പെടുത്തും. നനച്ചുവളര്‍ത്തിയ പൂന്തോട്ടവും വറ്റാത്ത നീരുറവയും പോലെ ആകും നീ” (ഏശയ്യാ 58/11) എന്ന വാഗ്ദാനവും കര്‍ത്താവ് ഇവരില്‍ യാഥാര്‍ത്ഥ്യമാക്കുന്നു.

എല്ലാമുള്ളപ്പോള്‍ ഈസ്റ്റര്‍ ആഘോഷിക്കാന്‍ എളുപ്പമാണ്. നഷ്ടപ്പെത് തിരിച്ചുകിട്ടിയാലും ഈസ്റ്ററിന് മാധുര്യമുണ്ട്. എന്നാല്‍ ജോലി നഷ്ടപ്പെട്ട് വര്‍ഷങ്ങളായി നീറുന്ന പ്രശ്‌നങ്ങളിലൂടെ കടന്നുപോകുമ്പോഴും ഈശോയുടെ ഉയിര്‍പ്പിന്റെ ആനന്ദത്തില്‍ ജീവിക്കാന്‍ കഴിയുന്നത് ഉത്ഥിതന്‍ അവരെ ഉത്ഥാനത്തിലേക്ക് നയിക്കുന്നതുകൊണ്ടു മാത്രമാണ്. ആ ഈസ്റ്റര്‍ ആഘോഷം വേറെ ലെവല്‍ തന്നെ…!
കര്‍ത്താവേ, എല്ലാം ഉള്ളപ്പോഴും ഒന്നും ഇല്ലാത്തപ്പോഴും അങ്ങയോടൊപ്പം ഉത്ഥാനത്തിന്റെ മഹത്വത്തില്‍ ജീവിക്കാന്‍ അവിടുത്തെ ഉയിര്‍പ്പിന്റെ ശക്തിയാല്‍ ഞങ്ങളെ നിറയ്ക്കണമേ, ആമ്മേന്‍.
ഏവര്‍ക്കും ഹാപ്പി ഈസ്റ്റര്‍!