യാത്ര വിജയമാകാന്‍ – Shalom Times Shalom Times |
Welcome to Shalom Times

യാത്ര വിജയമാകാന്‍

 

ഏതെങ്കിലും വിദേശരാജ്യത്തേക്ക് ജോലിക്കോ പഠനകാര്യങ്ങള്‍ക്കോ ആയി നാം പോകുകയാണെന്ന് കരുതുക. നമ്മെ സ്വീകരിക്കാന്‍ വരുന്ന ആളെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ നാം കയ്യില്‍ വയ്ക്കുമല്ലോ. ഇനി എങ്ങാനും നമ്മുടെ കൈയില്‍നിന്ന് ആളുടെ വിവരങ്ങള്‍ നഷ്ടപ്പെട്ടുപോയെന്ന് ചിന്തിച്ചുനോക്കൂ.
നമുക്കുണ്ടാകുന്ന ആകുലത, ടെന്‍ഷന്‍ എത്ര വലുതായിരിക്കും? കരഞ്ഞുപോവുകയില്ലേ?
ഇഹലോകജീവിതത്തിലെ യാത്രയെ സംബന്ധിച്ച് ഇങ്ങനെയാണെങ്കില്‍ മരണാനന്തരയാത്രയിലെ കാര്യം എങ്ങനെയായിരിക്കും?

ഇവിടെവച്ചുതന്നെ ദൈവത്തെയോ സ്വര്‍ഗവാസികളെയോ അറിയാത്തവര്‍ നിത്യജീവിതത്തിലേക്ക് കടക്കുമ്പോഴത്തെ അവസ്ഥ ചിന്തിച്ചുനോക്കൂ. കരച്ചിലും വിലാപവും പല്ലുകടിയുമാകാനാണ് സാധ്യത.
എന്നാല്‍ ഭൂമിയില്‍വച്ച് അവിടുത്തോടുള്ള ബന്ധം കാത്തുസൂക്ഷിക്കുകയും അവിടുത്തെ മഹത്വപ്പെടുത്തുകയും ചെയ്തിട്ടുള്ളവര്‍ക്ക് അവിടുത്തെ സന്നിധിയിലേക്ക് ഭയപ്പെടാതെ കടന്നുചെല്ലാനും സാധിക്കും.
മരണത്തെ തോല്പിച്ച് ഉയിര്‍ത്തെഴുന്നേറ്റ ഈശോ അല്ലാതെ മറ്റേത് വ്യക്തിയോടുള്ള ബന്ധമാണ് നമ്മുടെ രക്ഷയ്ക്കുള്ളത്? ഏതെങ്കിലും താരത്തോടുള്ള ബന്ധത്തിന് നമ്മെ സഹായിക്കാനാവുമോ? ഭൂമിയില്‍വച്ചുതന്നെ അവിടുത്തെ ബന്ധമുള്ളവരായി നമുക്ക് ജീവിക്കാം.

വിദേശത്ത് എത്തുമ്പോള്‍ സ്വീകരിക്കാന്‍ ആളില്ലാത്തതിനാല്‍ സങ്കടപ്പെടേണ്ടിവരുന്നതിനെക്കാളേറെ ക്ലേശകരമാണല്ലോ നിത്യജീവിതത്തിലേക്ക് നമ്മെ സ്വീകരിക്കാന്‍ വേണ്ടപ്പെട്ടവരില്ലാതെ വരുന്നത്. അതിനാല്‍, സ്വര്‍ഗവും സ്വര്‍ഗവാസികളും നമുക്ക് പരിചിതരാകട്ടെ. സ്വര്‍ഗാധിനാഥനായ യേശുവിന്റെ സ്വന്തമായവരെ സ്വര്‍ഗം ഒന്നാകെ വരവേല്‍ക്കും.

”മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും” (മത്തായി 10/32) എന്ന് വചനം ഉറപ്പുനല്കുന്നുണ്ടല്ലോ. അതിനാല്‍ യേശുവിന്റെ നാമം ഏറ്റുപറയുന്നവരും അവിടുത്തെ മഹത്വപ്പെടുത്തുന്ന സാക്ഷികളുമാകാന്‍ നമുക്ക് ശ്രമിക്കാം.

ഫാ.ജോസഫ് പൂവേലിയില്‍