ഏറ്റവും കൂടുതല്‍ പ്രാര്‍ത്ഥിക്കേണ്ടത് എന്ത്? – Shalom Times Shalom Times |
Welcome to Shalom Times

ഏറ്റവും കൂടുതല്‍ പ്രാര്‍ത്ഥിക്കേണ്ടത് എന്ത്?

പോളിയോ ബാധിച്ച് ഇരുകാലുകളും തളര്‍ന്നുപോയ ഒരു യുവാവിനെക്കുറിച്ച് ഒരിക്കല്‍ വായിച്ചതോര്‍ക്കുന്നു. അവന് സുവിശേഷം പ്രഘോഷിക്കാന്‍ വലിയ ആഗ്രഹം. പക്ഷേ, യാത്ര ചെയ്യാനോ പ്രസംഗിക്കാനോ കഴിയില്ല. എന്നാലും അവന്‍ പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ”കര്‍ത്താവേ, എങ്ങനെയാണ് എനിക്ക് ക്രിസ്തുവിന്റെ സുവിശേഷം ലോകത്തോട് പ്രസംഗിക്കാന്‍ കഴിയുക?” അവന്റെ ആഗ്രഹം അത്ര വലുതായിരുന്നു.

ദൈവം അവന്റെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്കിക്കൊണ്ടണ്ട് വ്യത്യസ്തമായ ഒരു ആശയം കൊടുത്തു. വീട്ടില്‍നിന്നും അയല്‍പക്കത്തുനിന്നുമൊക്കെ ധാരാളം കുപ്പികള്‍ ശേഖരിച്ചു. അവയില്‍ സുവിശേഷ ലഘുലേഖകള്‍ നിക്ഷേപിച്ച് വെള്ളം കയറാത്തവിധത്തില്‍ അടയ്ക്കും. ആ കുപ്പികള്‍ വീടിനു സമീപമുള്ള പുഴയില്‍ ഒഴുക്കിവിടും. അങ്ങനെ കുപ്പികളിലൂടെ മൂവായിരത്തോളം കിലോമീറ്റര്‍വരെ ദൂരത്തേക്ക് ഈ സുവിശേഷ സന്ദേശങ്ങള്‍ ഒഴുകിയെത്തി. അതുവായിച്ച് സ്വാധീനിക്കപ്പെട്ട വ്യക്തികള്‍ പിന്നീട് ആ യുവാവിനെ തേടിക്കണ്ടെത്തിയതിനെക്കുറിച്ചാണ് ഞാന്‍ വായിക്കാനിടയായത്.

അഭിഷേകത്തിന്റെ ലക്ഷണം
ഈ സംഭവം നമ്മോട് ചിലത് പറയുന്നു, സുവിശേഷത്തിനായി എനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല എന്ന് തോന്നുന്നിടത്തും, ആത്മാവ് നിറഞ്ഞുകഴിയുമ്പോള്‍, പുതിയ വഴികള്‍ നമുക്കുമുമ്പില്‍ തുറക്കപ്പെടും. പോട്ട ധ്യാനകേന്ദ്രം തുടങ്ങിയ സമയത്തെ പ്രത്യേകത ഇതായിരുന്നു: ധ്യാനം കൂടിയവര്‍ക്ക് വലിയ ദാഹമാണ്, മറ്റുള്ളവരെക്കൂടി ധ്യാനത്തിലേക്ക് ക്ഷണിച്ചുകൊണ്ടുവരാനും അനേകരെ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക് കൊണ്ടുപോകാനും പ്രാര്‍ത്ഥനാഗ്രൂപ്പുണ്ടാക്കാനുമെല്ലാം…

അങ്ങനെ ധ്യാനത്തിലൂടെ ആത്മനിറവിലേക്ക് വന്നവര്‍ സ്വന്തം കാര്യമായിരുന്നില്ല ചിന്തിച്ചിരുന്നത്, മറ്റുള്ളവരെ രക്ഷിക്കണം, മറ്റുള്ളവര്‍ ഈശോയെ അറിയണം, മറ്റുള്ളവരും രക്ഷപ്പെടണം എന്നാണ്. അതാണ് ആത്മാവ് നിറഞ്ഞ വ്യക്തിയുടെ പ്രത്യേകത. അനുഗ്രഹങ്ങള്‍ സ്വീകരിച്ച് സ്വയം കേന്ദ്രീകൃതരായി ജീവിക്കുക എന്നതല്ല പരിശുദ്ധാത്മാഭിഷേകത്തിന്റെ ലക്ഷണം.

ചുറ്റുമുള്ളവര്‍ നശിക്കുന്നത് കാണുമ്പോള്‍, രാജ്യം നശിക്കുന്നത് കാണുമ്പോള്‍, ദേശത്ത് തിന്മ പെരുകുന്നത് കാണുമ്പോള്‍, ആത്മാവ് നിറഞ്ഞ വ്യക്തിക്ക് വേദനയുണ്ടാകും. ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുന്ന അവസ്ഥയുണ്ടാകും.
സഭയ്ക്കുവേണ്ടി കരയണമെങ്കില്‍
അടുത്ത നാളില്‍ ഓസ്ട്രിയയില്‍ ചെന്നപ്പോള്‍ ഒരു മലയാളി സഹോദരനെ കണ്ടു. വിയന്നായില്‍ മക്കളുടെകൂടെ താമസിക്കുന്ന പ്രായമായ വ്യക്തി. അദ്ദേഹം രാത്രി ഉറങ്ങാറില്ല. ”എങ്ങനെ ഉറങ്ങാനാണ് ബ്രദറേ, സഭയിലെ കലഹം കാണുമ്പോള്‍? കര്‍ത്താവ് എന്തുമാത്രം വിഷമിക്കുന്നുണ്ടാകും. കര്‍ത്താവിന്റെ നാമം എന്തുമാത്രം കളങ്കപ്പെടുന്നുണ്ടാകും? എനിക്കെന്ത് ചെയ്യാന്‍ പറ്റും? അതുകൊണ്ട് ഞാന്‍ രാത്രിമുഴുവനും ഇരുന്ന് കുരിശിന്റെ വഴി ചൊല്ലും. അവരോട് ക്ഷമിക്കണമേ എന്ന് പറഞ്ഞ് കര്‍ത്താവിന്റെ മുമ്പില്‍ പൊട്ടിക്കരയും!” ”എന്റെ പിതാക്കന്‍മാര്‍ നിദ്രകൊള്ളുന്ന (ജറുസലെം) നഗരകവാടങ്ങള്‍ കത്തി ശൂന്യമായി കിടക്കുമ്പോള്‍ എന്റെ മുഖം എങ്ങനെ പ്രസന്നമാകും (നെഹെമിയാ 2/3) എന്ന് ചോദിച്ച നെഹെമിയായെപ്പോലെയായിരുന്നു അദ്ദേഹം.

എന്തുകൊണ്ടാണ് ഇത്രയും വിദൂരത്തിലിരുന്ന് അദ്ദേഹത്തിന് അങ്ങനെ ചെയ്യാന്‍ പറ്റുന്നത്? മാനുഷികമായി അത് സാധിക്കുകയില്ല. സഭയ്ക്കും മനുഷ്യനും ആത്മാക്കള്‍ക്കുംവേണ്ടി കരയാന്‍ കഴിയുന്നത് ദൈവത്തിന്റെ ആത്മാവ് ഉള്ളില്‍ നിറയുമ്പോഴാണ്. ആത്മശക്തിയുടെ കുറവുണ്ടാകുമ്പോള്‍ നമുക്ക് പ്രാര്‍ത്ഥനയില്‍ വളരാന്‍ കഴിയാതെവരും. മാനുഷികശക്തികൊണ്ട് പ്രാര്‍ത്ഥനാജീവിതത്തില്‍ വളരാനാവില്ല. ”ദൈവരാജ്യം വാക്കുകളിലല്ല ശക്തിയിലാണ്”(1 കോറിന്തോസ് 4/20).

ഏക പരിഹാര മാര്‍ഗം
സഭയുടെയും നമ്മുടെയും പ്രശ്‌നങ്ങള്‍ക്കുള്ള ഏകപരിഹാരം പരിശുദ്ധാത്മാവിനാല്‍ നിറയുക എന്നതാണ്. അതിനാല്‍ നമ്മുടെ ദാഹം വര്‍ധിക്കണം, പുതിയൊരു പന്തക്കുസ്താ സഭയിലുണ്ടാകണം, ഇടവകയിലുണ്ടാകണം, പ്രാര്‍ത്ഥനാഗ്രൂപ്പുകളില്‍ ഉണ്ടാകണം. ഇന്നത്തെ ലോകത്തില്‍ സഭ വളരാനും ലോകത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകാനും മറ്റൊരു ‘ടെക്‌നിക്കും’ ഇല്ല. നമ്മെ ദൈവം വിളിച്ചിരിക്കുന്നത് ഈ ഭാരം തരാനാണ്. നമുക്ക് ഓരോ കൂട്ടായ്മയിലും ഈ അഭിഷേകം തരുന്നത് നാം നന്നായി പ്രാര്‍ത്ഥിച്ച് ആത്മീയമായി വളരാനല്ല, മറിച്ച് ദൈവരാജ്യത്തിനുവേണ്ടി, ദൈവത്തിന്റെ ഹിതം നിറവേറ്റാനുള്ള ശക്തിയാണ് ദൈവം തരുന്നത്.
കര്‍ത്താവിന് ഇത് എളുപ്പമാണ്

നാം ഏറ്റം കൂടുതല്‍ പ്രാര്‍ത്ഥിക്കേണ്ടത് സഭയില്‍ പുതിയൊരു പന്തക്കുസ്ത അതിവേഗം സംജാതമാകുന്നതിനായാണ്. കാരണം ലോകം അതിവേഗം നാശത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു. സഭ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. ദൈവത്തിന്റെ ആത്മാവിന്റെ മഴ പെയ്തില്ലെങ്കില്‍ തിന്മ നമ്മുടെ രാജ്യത്തെ, ലോകത്തെ കീഴടക്കി നശിപ്പിക്കും. നാം ഒരുമിച്ച് പ്രാര്‍ത്ഥിക്കണം, അപ്പോള്‍ സുവിശേഷം പങ്കുവയ്ക്കുന്നതിനുള്ള പുതിയ സാധ്യതകള്‍ നമ്മുടെ മുമ്പില്‍ വെളിപ്പെട്ടുകിട്ടും. പുതിയ ശക്തിയാല്‍ നാം നിറയപ്പെടും.

സഭയില്‍ മുഴുവനും, ദേശത്ത് മുഴുവനും, ആത്മാവിന്റെ പകര്‍ച്ച ഉണ്ടാകട്ടെ. ദൈവത്തിന്റെ ശക്തി ദേശങ്ങളില്‍ ഒഴുക്കപ്പെടട്ടെ. നമുക്ക് ഇത് ക്ലേശകരമായി തോന്നുമെങ്കിലും കര്‍ത്താവിന് ഇതെല്ലാം എളുപ്പമാണ്. എല്ലായിടത്തും ദൈവത്തിന്റെ ഇടപെടലുണ്ടാകണം, ജനങ്ങള്‍ ദൈവത്തിലേക്ക് തിരിയണം. അതിനാല്‍ പുതിയൊരു പന്തക്കുസ്താനുഭവം ലഭിക്കുന്നതിന് തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാം.
പ്രാര്‍ത്ഥന: കര്‍ത്താവേ, സഭയിലും ലോകത്തും തിന്മ വര്‍ധിക്കുന്നത് ഞങ്ങള്‍ വേദനയോടെ കാണുന്നു. മാനവകുലം പാപത്തില്‍നിന്നകന്ന് അങ്ങയുടെ രക്ഷ സ്വന്തമാക്കുന്നതിന് പുതിയൊരു പന്തക്കുസ്താ അയയ്ക്കണമേ, ആമ്മേന്‍.

ഷെവ. ബെന്നി പുന്നത്തറ