”സ്വര്‍ഗവും നരകവും ഒക്കെ ഈ ലോകത്തില്‍ത്തന്നെയാണ്, ഈ മതക്കാരൊക്കെ വെറുതെ ഓരോന്നു പറഞ്ഞ് പേടിപ്പിക്കുന്നതാണെന്നേ. നല്ല രീതിയില്‍ ജീവിച്ചാല്‍ ഇവിടം സ്വര്‍ഗമാക്കാം….”
ഇത്തരം ചിന്തകള്‍ എപ്പോഴെങ്കിലും ഉള്ളിലൂടെ വന്നുപോയിട്ടുണ്ടെങ്കില്‍ നിങ്ങളുടെ നിരീക്ഷണം ശരിയാണ് കേട്ടോ. പക്ഷേ അതിന്റെ നിഗമനവുംകൂടി (conclusion) ശരിയാക്കണം.
അതായത്, ഈ ലോകത്തില്‍ ഉള്ളത് ഇവ രണ്ടിന്റെയും മുന്നനുഭവമാണ്. മരണശേഷം ഏതെങ്കിലും ഒന്ന് നമുക്ക് സ്ഥിരമായി അനുഭവമാകും. നരകത്തിന്റെ മുന്നനുഭവം ഈ ലോകത്ത് ഉണ്ടാകും. കാരണം, മനുഷ്യന് പാപം ചെയ്ത് ദൈവവും സഹോരങ്ങളുമായുള്ള യഥാര്‍ത്ഥ ഐക്യം നശിപ്പിച്ചു. അപ്രകാരം പാപംവഴി ദൈവവുമായുള്ള ബന്ധം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന ആത്മീയ യാതനയാണ് ഇവിടത്തെ നരകവേദന.
സ്വര്‍ഗത്തിന്റെ മുന്നാസ്വാദനവും ഈ ലോകത്തുതന്നെ കിട്ടും. എന്തെന്നാല്‍, ഈശോതന്നെയാണ് സ്വര്‍ഗം. പരിശുദ്ധ കന്യകയിലൂടെ സ്വര്‍ഗം ഭൂമിയിലേക്ക് ഇറങ്ങിവന്നു. ഈശോയോട് ചേര്‍ന്ന് ആ യഥാര്‍ത്ഥ ദൈവബന്ധത്തില്‍ നില്ക്കുമ്പോള് ലഭിക്കുന്നതാണ് ഈ ഭൂമിയിലെ സ്വര്‍ഗത്തിന്റെ മുന്നാസ്വാദനം. അതുകൊണ്ടാണ് യേശു പറഞ്ഞത്, ”വഴിയും സത്യവും ജീവനും ഞാനാണ്”(യോഹന്നാന് 14/6).
അതായത്, എന്റെ (ഈശോയുടെ) ശരീരത്തിലായിരുന്നുകൊണ്ട് ഞാന്‍ ചെയ്യുന്ന പ്രവൃത്തികളാണ് യഥാര്‍ത്ഥ ‘വഴി.’ ഞാന്‍ നിങ്ങളോട് മൊഴിയുന്ന വാക്കുകളാണ് ‘സത്യം.’ എന്റെ ശരീരത്തിലെ ജീവന്റെ തുടിപ്പാണ് യഥാര്‍ത്ഥ ‘ജീവന്.’
അപ്രകാരം നോക്കുമ്പോള്‍, സത്പ്രവൃത്തികള്‍ ചെയ്യുകയും ദൈവവചനം ഹൃദയത്തില്‍ സ്വീകരിക്കുകയും പരിശുദ്ധ കൂദാശകള്‍ സ്വീകരിക്കുകയും ചെയ്യുമ്പോള്‍, എനിക്കും ലഭിക്കും, സ്വര്‍ഗത്തിന്റെ മുന്നാസ്വാദനം.
കാല്‍വരിയിലെ ദൃശ്യം ധ്യാനിച്ചാല്മതി, ഈ വിഷയത്തില്‍ വ്യക്തത കിട്ടും. ഈശോയ്ക്കൊപ്പം ക്രൂശിക്കപ്പെട്ട രണ്ട് കള്ളന്മാരില് ഒരാള്‍ക്ക് സ്വര്‍ഗത്തിന്റെ മുന്നാസ്വാദനം കിട്ടുന്നു. മറ്റേയാള്ക്കോ, നരകത്തിന്റെ മുന്നനുഭവവും.
എന്താണ് സ്വര്‍ഗത്തിന്റെ മുന്നാസ്വാദനത്തിന്റെ മാനദണ്ഡം? വലതുവശത്തെ കള്ളന് ഈശോയോട് ഹൃദയം ചേര്‍ത്തുവച്ചു. അപ്പോള്‍ അവന്, സ്വര്‍ഗം മുന്‍കൂട്ടി അനുഭവിക്കാന്‍ കഴിഞ്ഞു.
സ്വര്‍ഗത്തെയും നരകത്തെയും ഒറ്റവാക്കില്‍ ഇപ്രകാരം വിശേഷിപ്പിക്കാം: ദൈവവുമായുള്ള ബന്ധമാണ് സ്വര്‍ഗം, ദൈവബന്ധം നഷ്ടപ്പെടുത്തുന്നതാണ് നരകം.
ദൈവബന്ധം കാത്തുസൂക്ഷിച്ചിട്ട് ഞാന്‍ എവിടെപ്പോയാലും പറുദീസാനുഭവം കിട്ടും. അത് നഷ്ടപ്പെടുത്തിയാലോ എവിടെയും നരകമായി തോന്നും.
ഫാ. ജോസഫ് അലക്സ്