ഇതാ അവസരം പ്രയോജനപ്പെടുത്തണം! – Shalom Times Shalom Times |
Welcome to Shalom Times

ഇതാ അവസരം പ്രയോജനപ്പെടുത്തണം!

ഫാത്തിമയില്‍ പരിശുദ്ധ അമ്മ മൂന്നു കുഞ്ഞുങ്ങള്‍ക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍, ആ കുഞ്ഞുങ്ങള്‍ തങ്ങളുടെ ജീവിതത്തിലെ എല്ലാ സഹനങ്ങളും ത്യാഗങ്ങളും പാപികളുടെ മാനസാന്തരത്തിനായി സമര്‍പ്പിച്ചല്ലോ. വല്ലപ്പോഴും ലഭിക്കുന്ന ഭക്ഷണംപോലും പട്ടിണി കിടക്കുന്ന മറ്റ് ഇടയബാലന്മാര്‍ക്ക് നല്‍കിയിട്ട്, ഈ കുഞ്ഞുങ്ങളുടെ വിശപ്പ് പാപികളുടെ മാനസാന്തരത്തിലേക്ക് പരിശുദ്ധ അമ്മയുടെ കരങ്ങളില്‍ കൊടുക്കുകയാണ് അവര്‍ ചെയ്തത്. വഴിയില്‍ കിടന്നുകിട്ടിയ ഒരു കയര്‍ത്തുണ്ട് ഫ്രാന്‍സിസ് എന്ന ബാലന്‍ അരയില്‍ കെട്ടുകയും അതുവഴിയുണ്ടാകുന്ന വേദനകള്‍ പാപികളെ മാനസാന്തരപ്പെടുത്തുവാന്‍ കാഴ്ചവയ്ക്കുന്നതും നാം അറിഞ്ഞു.

അതിന്റെയൊക്കെ ഫലമായി അനേകര്‍ വലിയ മാനസാന്തരത്തിലേക്ക് വരികയും പിന്നീട് റഷ്യതന്നെ മാനസാന്തരപ്പെടുകയും ചെയ്തു. ക്രിസ്ത്യാനികള്‍ എന്നറിയപ്പെടുന്ന നമ്മുടെ സഹനങ്ങളും ത്യാഗങ്ങളും പ്രാര്‍ത്ഥനകളുമൊക്കെ പരാതിയില്ലാതെ, മടുക്കാതെ പരിശുദ്ധ അമ്മയ്ക്ക് സമര്‍പ്പിച്ചാല്‍ നമ്മുടെ രാജ്യംതന്നെ വലിയ മാനസാന്തരത്തിലേക്ക് വരും. ”ദൈവത്തിന്റെ ഇഷ്ടം നിറവേറ്റി അവിടുത്തെ വാഗ്ദാനം പ്രാപിക്കാന്‍ നിങ്ങള്‍ക്ക് സഹനശക്തി ആവശ്യമായിരിക്കുന്നു” (ഹെബ്രായര്‍ 10/36).

അനേകര്‍ ആത്മീയ അന്ധകാരത്തിലാണ് ജീവിക്കുന്നതെന്ന് നമുക്ക് കാണാന്‍ സാധിക്കുന്നുണ്ടല്ലോ. നിരവധി ധ്യാനം കൂടിയിട്ടും ആത്മീയ പുരോഗതി ഉണ്ടാകുന്നില്ല, പ്രതിസന്ധികളില്‍ കാലിടറുന്നു. ഇങ്ങനെയുള്ള ദൈവമക്കള്‍ക്ക് ജ്ഞാനവും വിവേകവും വിശുദ്ധിയും നിലനില്‍പും ഉണ്ടാകേണ്ടതിന് നമ്മുടെ ജീവിതത്തിലെ സഹനങ്ങളും ത്യാഗങ്ങളും വളരെയധികം ആവശ്യമാണ്. ”ആകയാല്‍ നമുക്ക് അവസരം ലഭിച്ചതുകൊണ്ട് സകല മനുഷ്യര്‍ക്കും പ്രത്യേകിച്ച്, വിശ്വാസത്താല്‍ ഒരേ കുടുംബത്തില്‍ അംഗങ്ങളായവര്‍ക്ക്, നന്മ ചെയ്യാം” (ഗലാത്തിയ 6/10).
ഒരിക്കല്‍ ഒരാളില്‍നിന്ന് വലിയൊരു അപമാനമുണ്ടായി. അല്പദിവസങ്ങളെങ്കിലും എടുക്കും ഈ വേദനയൊന്നു കുറയാന്‍. എങ്കിലും പ്രാര്‍ത്ഥിച്ചു, ”ഈശോയേ, ഈ മുറിവുണങ്ങുന്നതുവരെ, അങ്ങേ പുരോഹിതരെ നിര്‍മലരാക്കണമെന്നും ബാലകൗമാരയൗവനപ്രായത്തിലുള്ളവരെ മാനസാന്തരപ്പെടുത്തണമെന്നും ശുദ്ധീകരണ ആത്മാക്കളെ നിത്യജീവനിലേക്ക് പ്രവേശിപ്പിക്കണമെന്നും…”

അത്ഭുതമെന്നു പറയട്ടെ, ആ വേദന വേഗം മാഞ്ഞുപോയി. ”ഓരോരുത്തരും തനിക്കു കിട്ടിയ ദാനത്തെ ദൈവത്തിന്റെ വിവിധ ദാനങ്ങളുടെ ഉത്തമനായ കാര്യസ്ഥനെന്ന നിലയില്‍ മറ്റെല്ലാവര്‍ക്കുംവേണ്ടി ഉപയോഗിക്കട്ടെ” (1 പത്രോസ് 4/10).
ഒരു കാര്‍ ഡ്രൈവര്‍ ഇങ്ങനെ പറഞ്ഞു: ”രാത്രിയില്‍ എതിരെ വരുന്ന വാഹനം ഡിം ചെയ്യാത്തത് വളരെ പ്രകോപനപരമാണ്. ഞാന്‍ ഇപ്പോള്‍ കോപിക്കാതെ ലൈറ്റ് ഡിം ആക്കി കടന്നുപോകും. എന്നിട്ട് ദൈവമഹത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും അത് പരിശുദ്ധ അമ്മ വഴി കാഴ്ചവയ്ക്കും.”
ഈ ഡ്രൈവര്‍ ഓട്ടം കഴിഞ്ഞുവരുമ്പോള്‍ എത്ര ആത്മാക്കള്‍ മാനസാന്തരത്തിലൂടെ കര്‍ത്താവിങ്കലേക്കു വന്നിട്ടുണ്ടാകും.

നേരത്തെയൊക്കെ ആള്‍ക്കാര്‍ വഴക്കു കൂടുന്നതു കാണുമ്പോള്‍ ഞാന്‍ ഈശോയുടെ നാമത്തില്‍ ബന്ധിച്ച് ബഹിഷ്‌കരിച്ചു പ്രാര്‍ത്ഥിക്കുമായിരുന്നു. അത് വിജയകരമായിരുന്നുതാനും. എന്നാല്‍ ഇപ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് ഈ വഴക്കുതീരുവോളം പരിശുദ്ധ കത്തോലിക്കാ സഭ ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പുമാകണമെന്നും യുദ്ധങ്ങള്‍ ഒഴിവാക്കണമെന്നും എല്ലാമാണ്. അത്തരത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ വളരെ പെട്ടെന്ന് അന്തരീക്ഷം ശാന്തമാകുന്നതുകണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.

ഞങ്ങളുടെ ഗ്രൂപ്പിലെ ഒരു സ്ത്രീയുടെ കൈമുറിഞ്ഞു. പിറ്റേന്നും അതേ മുറിവില്‍ കത്തികൊണ്ട് രക്തം ധാരധാരയായി ഒഴുകി. ആ മുറിവില്‍ വിരലമര്‍ത്തി ഇങ്ങനെ പറയുന്നു, ‘പരിശുദ്ധ അമ്മേ, നിന്റെ പുരോഹിതരെ വിശുദ്ധീകരിച്ചുകൊള്ളണമേ’ എന്ന്. ആ മുറിവ് പൂര്‍ണമായും ഉണങ്ങുവോളം എത്ര ആത്മാക്കള്‍ ദൈവത്തിന്റേതാകും!

അതുകൊണ്ട് നമുക്ക് ശക്തരും ധീരരുമായി ആത്മാക്കള്‍ക്കായി നിലകൊള്ളാം. കര്‍ത്താവിന്റെ കല്പനകള്‍ പാലിച്ചുകൊണ്ടും അവിടുത്തെ സ്‌നേഹത്തിലേക്ക് നമ്മെ സമര്‍പ്പിച്ചുകൊണ്ടും അവിടുത്തെ വഴിയിലൂടെ നമുക്ക് മുന്നേറാം.
”എന്നെ ശക്തിപ്പെടുത്തുന്ന നമ്മുടെ കര്‍ത്താവായ ഈശോമിശിഹായ്ക്ക് ഞാന്‍ നന്ദി പറയുന്നു. എന്തെന്നാല്‍, തന്റെ ശുശ്രൂഷയ്ക്കായി എന്നെ നിയമിച്ചുകൊണ്ട് അവന്‍ എന്നെ വിശ്വസ്തനായി കണക്കാക്കി” (1 തിമോത്തിയോസ് 1/12).

ജോണ്‍ മാര്‍ട്ടിന്‍