ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ്, ഒരു വീഴ്ചയുടെ ഫലമായി എന്റെ ഇടതുകാലിലെ ഒരു അസ്ഥിക്ക് ഒടിവ് സംഭവിച്ചു. കാലില്‍ പ്ലാസ്റ്ററിട്ട്, നടക്കാന്‍ കഴിയാതെ വീട്ടില്‍ത്തന്നെ ദിവസങ്ങളോളം വിശ്രമിക്കേണ്ട അവസ്ഥയായിരുന്നു. തദവസരത്തില്‍ ഞാന്‍ എല്ലാ ദിവസവും പരിശുദ്ധ ജപമാലയുടെ മുഴുവന്‍ രഹസ്യങ്ങളും ധ്യാനിച്ച് പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. 9 ദിവസങ്ങള്‍ അപ്രകാരം പ്രാര്‍ത്ഥിച്ചശേഷം പത്താം ദിവസം ഞായറാഴ്ച, ദിവ്യബലിക്കായി അയര്‍ലണ്ടിലെ ഡബ്ലിനിലുളള ദൈവാലയത്തിലേക്ക് പോയി. വിശുദ്ധ കുര്‍ബാന ആരംഭിച്ചു.
അനുതാപ ശുശ്രൂഷയുടെ സമയത്ത്, എന്റെ ഹൃദയത്തിനുള്ളില്‍ എന്തൊക്കെയോ സംഭവിക്കുന്നതുപോലെ ഒരനുഭവം… എന്റെ ഹൃദയത്തിന്റെ വാതില്‍ വശങ്ങളിലേക്ക് തുറക്കപ്പെടുന്നു… ദിവ്യകാരുണ്യ ഈശോ വസിക്കുന്ന സക്രാരിയില്‍നിന്നും സ്വര്‍ഗീയമായ വലിയൊരു അഗ്‌നിപ്രവാഹം പെട്ടെന്ന് എന്റെ ഹൃദയത്തിനുള്ളിലേക്ക് കുതിച്ചെത്തി. മറ്റൊരു ലോകത്തായിരുന്നു അപ്പോള്‍ ഞാന്‍. എന്റെ ശരീരത്തിന് ഭാരമില്ലാതായി, ലഘുത്വം എന്ന ആത്മീയ അനുഭവത്തിലേക്ക് ഈശോ എന്നെ ഉയര്‍ത്തി.
”കാറ്റ് അതിന് ഇഷ്ടമുള്ളിടത്തേക്ക് വീശുന്നു… ഇതുപോലെയാണ് ആത്മാവില്‍നിന്ന് ജനിക്കുന്ന ഏവനും” (യോഹന്നാന്‍ 3/8) എന്ന് ഈശോ പറഞ്ഞതുപോലെ
ആയി ഞാനും.
പറഞ്ഞറിയിക്കാന്‍ കഴിയാത്ത, ദൈവസ്‌നേഹത്തിന്റെ വലിയൊരു തീക്കുണ്ഠം എന്നില്‍ ആളിക്കത്താന്‍ തുടങ്ങി. അഥവാ വലിയ ദൈവസ്‌നേഹാഗ്‌നിയില്‍ എല്ലാം മറന്ന് ആനന്ദിക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ ഞാന്‍ അനുഭവിച്ച സമാധാനവും സന്തോഷവും വിവരിക്കാന്‍ വാക്കുകളില്ല… ഏതാനും നിമിഷങ്ങളിലേക്കു മാത്രമേ ഈ ദിവ്യാനുഭവം എനിക്കു ലഭിച്ചുള്ളൂവെങ്കിലും സ്വര്‍ഗത്തിന്റെ മുന്നാസ്വാദനമായിരുന്നു അതെന്ന് മനസിലായി.
എന്റെ ജീവിതത്തില്‍ അന്നുവരെ അര്‍പ്പിച്ച ഒരു ദിവ്യബലിയിലും അനുഭവപ്പെടാത്ത ആ സ്വര്‍ഗീയ അനുഭവം എനിക്ക് ദാനമായി ദൈവം നല്കാന്‍ കാരണമായത് ഞാന്‍ ഭക്തിപൂര്‍വം അര്‍പ്പിച്ച ജപമാലകളാണ്. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയില്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ ദിവ്യബലിയില്‍ പരിശുദ്ധ അമ്മ എന്റെ ഹൃദയം തുറക്കുകയും അമ്മയുടെ പ്രിയപുത്രനായ ഈശോയുടെ സ്‌നേഹാഗ്‌നി എന്നിലേക്ക് പകര്‍ന്ന് എനിക്ക് സ്വര്‍ഗത്തിന്റെ മുന്നാസ്വാദനം അനുവദിക്കുകയുമായിരുന്നു.
വിശുദ്ധ കുര്‍ബാനയില്‍ യേശു പൂര്‍ണനായി സന്നിഹിതനാണ്. അവിടുത്തെ കാണാനും അനുഭവിക്കാനും അവിടുത്തേക്ക് നമ്മിലേക്ക് കടന്നുവരാനുമായി നമ്മുടെ ഹൃദയങ്ങളെ തുറക്കാന്‍ കഴിയുന്നത് പ്രാര്‍ത്ഥനയ്ക്ക് മാത്രമാണ്. ദൈവത്തിനായി മനുഷ്യഹൃദയങ്ങളെ തുറക്കുന്ന വളരെ ശക്തമായ പ്രാര്‍ത്ഥനയാണ് പരിശുദ്ധ ജപമാല. നമുക്കായി സ്വര്‍ഗത്തിന്റെ ഉന്നതമായ കൃപകള്‍ വര്‍ഷിക്കപ്പെടാന്‍ പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥതയോളം ശക്തം മറ്റൊന്നില്ല. പരിശുദ്ധ മറിയം പറഞ്ഞാല്‍ ഈശോ എനിക്കെന്നതുപോലെ നിങ്ങള്‍ക്കും ഭൂമിയില്‍വച്ചുതന്നെ സ്വര്‍ഗത്തിന്റെ സ്‌നേഹാനുഭവം സമ്മാനിക്കും. അതിനാല്‍ ഭക്തിപൂര്‍വം പരിശുദ്ധ ജപമാല അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാം.
ഡെറക് ഒലിന്‍,
ഡബ്ലിന്‍, അയര്‍ലണ്ട്