പതിവുപോലെ ശനിയാഴ്ച രാവിലെ പരിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിച്ച് തിരിച്ചുവരികയാണ്. ഒരു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കയറി സാധനങ്ങള്‍ വാങ്ങി. ബില്‍ അടയ്ക്കാന്‍ കൗണ്ടറിലേക്ക് നടമ്പോള്‍ ഈശോ എന്നോട് പുറകിലേക്ക് നടക്കാന്‍ പറഞ്ഞു. ഇനി ഒന്നും വാങ്ങിക്കാന്‍ ഇല്ലല്ലോ ഈശോയേ എന്ന് പറഞ്ഞെങ്കിലും ഈശോ മൗനം അവലംബിച്ചു. പുരുഷന്മാരുടെ വസ്ത്രങ്ങളുടെ വിഭാഗത്തിലേക്കാണ് ഈശോ എന്നെ കൊണ്ടുപോയത്.
”ദേ ഈശോയേ, നിനക്ക് ശരിക്കും എന്തെങ്കിലും കുഴപ്പം ഉണ്ടോ?” എന്ന എന്റെ ചോദ്യത്തിന് പെട്ടെന്നായിരുന്നു മറുപടി. ഷര്‍ട്ടിന്റെ ഉള്ളില്‍ ഇടുന്ന വെളുത്ത ബനിയനുകള്‍ വാങ്ങിക്കണം. ഒന്നും മനസിലാകാതെ ഞാന്‍ കിളി പോയി നില്‍ക്കുകയാണ്.
‘വസ്ത്രം വാങ്ങിക്കുമ്പോള്‍ അത് ആര്‍ക്കാണെന്നും സൈസ് എത്രയാണെന്നും ഒക്കെ അറിയണ്ടേ. ഇതൊന്നും അറിയാതെ എങ്ങനെയാണ് ഇതൊക്കെ വാങ്ങുക?’ ഈശോ എന്റെ ഒരു സുഹൃത്തിന്റെ പേര് പറഞ്ഞു. മീഡിയം സൈസ് ആണ് വാങ്ങിക്കേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു. ഈശോ പറഞ്ഞതനുസരിച്ച് ആറെണ്ണം വാങ്ങി. ബില്ലടച്ച് ഫ്ളാറ്റിലേക്കു പോയി.
ആ സുഹൃത്ത് എന്നോട് ഇതിനെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല. എങ്കിലും അദ്ദേഹത്തെ വിളിച്ചു, നടന്നതെല്ലാം വിവരിച്ചു. എന്റെ വാട്ട്സാപ്പില്‍ കുറച്ചു ഫോട്ടോസ് ലഭിച്ചു. അതായിരുന്നു ഈശോയുടെ ഷോപ്പിംഗിനുള്ള മറുപടി. വാട്ട്സാപ്പില്‍ ലഭിച്ച ഫോട്ടോകളെല്ലാം കീറിപ്പറിഞ്ഞ കുറച്ചു ബനിയനുകള്‍.
അദ്ദേഹം തലേ ദിവസം രാത്രിയില്‍ ഈശോയോട് ഇങ്ങനെ പറഞ്ഞുവത്രേ, ”ബനിയനെല്ലാം കീറിപ്പറിഞ്ഞു. ഇപ്പോള്‍ വാങ്ങിക്കാന്‍ പൈസയും ഇല്ല.”
ഈശോയ്ക്ക് ഇതൊക്കെ കേട്ട് എത്ര സമയം പ്രവര്‍ത്തിക്കാതിരിക്കാന്‍ കഴിയും? നേരം വെളുത്തപ്പോഴേക്കും കേരളത്തിലെ പ്രശ്നം ദുബായില്‍വച്ച് പരിഹരിച്ചു. എന്റെ മറ്റൊരു സുഹൃത്ത് നാട്ടില്‍ പോകുന്നുണ്ടായിരുന്നു തൊട്ടടുത്ത ദിനത്തില്‍. അവരുടെ കൈവശം ബനിയന് കൊടുത്തയക്കാന്‍ സാധിച്ചു. ”എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്തുതരും” (യോഹന്നാന് 14/14).
കുറച്ചു നാളുകള്‍ക്കു ശേഷം ഒരിക്കല്‍ ഈശോ പറഞ്ഞു, ”മുമ്പ് വാങ്ങിച്ചു നല്കിയ ഒരു ബനിയന് ചെറുതായി കീറിയിട്ടുണ്ട്.” അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു ആദ്യത്തെ മറുപടി. അല്പസമയം കഴിഞ്ഞപ്പോള്‍ മൊബൈല്‍ സന്ദേശം ലഭിച്ചു. അപ്പോള്‍ ഇട്ടിരിക്കുന്ന ബനിയന് പുറകില്‍ ചെറിയ കീറല്‍ ഉണ്ട്. ബനിയന് കഴുകാന്‍ ഇട്ടപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്. മറ്റൊരു അവസരത്തില്‍ അവയില്‍ ചിലതു കരിമ്പന്‍ അടിച്ചെന്നും ഈശോ വെളിപ്പെടുത്തി.
ഈശോയുടെ ഇമ്മാതിരി പണികള്‍ കാണുമ്പോള്‍ ചില കൊച്ചുകുഞ്ഞുങ്ങളെ കാണുമ്പോള്‍ തോന്നുന്നതുപോലെ സ്നേഹംകൊണ്ട് ഈശോയെ കടിച്ചുതിന്നാന്‍ തോന്നും.
ഇതൊക്ക അന്വേഷിച്ച് പരിഹരിക്കാന്‍ ഈശോയ്ക്ക് സമയം ഉണ്ടോ? ഈശോ ഒരാളുടെ ജീവിതത്തോട് ഇത്രമാത്രം ‘കമ്മിറ്റഡ്’ ആണോ…? ചോദ്യങ്ങള്‍ കാടുകയറിക്കൊണ്ടിരുന്നു.
പക്ഷേ എന്റെ കാര്യം മാത്രമല്ല എനിക്ക് പ്രിയപ്പെട്ടവരുടെ കൊച്ചു കാര്യങ്ങളും ഈശോക്ക് അത്രയേറെ പ്രധാനപ്പെട്ടതാണെന്ന് ഈശോ എന്നെ പഠിപ്പിച്ചു. ”നീ പ്രത്യേകമായി സ്നേഹിക്കുന്നവരെ ഞാനും പ്രത്യേകമായി സ്നേഹിക്കുന്നു. നിന്നെപ്രതി ഞാന്‍ അവരുടെ മേല്‍ കൃപ വര്‍ഷിക്കും. നീ അവരെക്കുറിച്ചു എന്നോട് പറയുന്നത് കേള്‍ക്കാന്‍ എനിക്കു ഇഷ്ടമാണ്” (വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി, 739).
ഇന്ന് നാം ദൈവത്തെ വലിയ കാര്യങ്ങള്ക്കായിമാത്രമേ അന്വേഷിക്കാറുള്ളൂ. വലിയ രോഗങ്ങള്‍, വലിയ സാമ്പത്തിക പ്രശ്നങ്ങള്‍, വലിയ തീരുമാനങ്ങള്‍… ഇതൊക്കെയാണ് ഈശോയോട് പറയേണ്ടതും അവിടുത്തോട് പ്രാര്‍ത്ഥിക്കേണ്ടതും എന്നു നാം കരുതുന്നു. പക്ഷേ, നമ്മുടെ ജീവിതത്തില്‍ ഉള്ള ചെറിയ ദു:ഖങ്ങള്‍, ഉപേക്ഷിക്കപ്പെട്ട അനുഭവങ്ങള്‍, കയറ്റിറക്കങ്ങള്‍, അനുദിന ആവശ്യങ്ങള്‍ അതെല്ലാം ഈശോ അറിയേണ്ടതല്ലേ? നാംമാത്രമല്ല നാം സ്നേഹിക്കുന്ന പ്രിയപ്പെട്ടവരും ഈശോയുടെ സ്നേഹവലയത്തിനുള്ളില്‍ ഉള്പ്പെടേണ്ടവരല്ലേ?
”നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു” (മത്തായി 10/30). നമ്മുടെ ശിരസ്സില്‍ എത്ര തലമുടി ഉണ്ട് എന്ന് കൃത്യമായി ആര്‍ക്കും കണക്ക് സൂക്ഷിക്കാന്‍ സാധിക്കുകയില്ല. രാവിലെ എണ്ണിത്തിട്ടപ്പെടുത്തിയാല്പ്പോലും അതേ ദിവസം ചിലതു പൊഴിഞ്ഞുപോയേക്കാം. ചിലതു പുതുതായി കിളിര്ത്തിട്ടുണ്ടാകാം… ഇവയെല്ലാം എണ്ണിത്തിട്ടപ്പെടുത്തുക എത്ര കഴിവുള്ള മനുഷ്യനും ശാസ്ത്രത്തിനും അസാധ്യമാണ്. എന്നാല്‍ നമ്മുടെ ഈശോ ഇതെല്ലാം അറിയുന്നു.
ധനവാന്മാര് വലിയ തുകകളിട്ട് കൊടുത്തപ്പോള്‍, ഒരു വിധവ ഇട്ട ചെമ്പുതുട്ടുകളെയാണ് യേശു പ്രശംസിച്ചത്. ചെറിയതായിരുന്നെങ്കിലും, അവളുടെ ആത്മാര്‍ത്ഥതയെ യേശു വിലമതിക്കുന്നു.
യേശുവിന്റെ ദര്‍ശനത്തില്‍ ചെറുത് എന്നത് അപ്രധാനമായത് അല്ല, മറിച്ച്, വിശ്വസ്തത കാണിക്കുന്നത് വലിയ കാര്യങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകൂടി ആണ്. ദൈവം നമ്മുടെ ഓരോ ചെറിയ തീരുമാനങ്ങളിലും വിശ്വസ്തതയും സത്യവുമാണ് കാത്തിരിക്കുന്നത്. അതിനാല്‍ യേശു അവയെ ശ്രദ്ധിക്കുന്നു.
നമ്മുടെ ജീവിതത്തിലെ ചെറിയ സേവനങ്ങള്‍, വലിയ വിലയില്ലെന്ന് തോന്നുന്ന പ്രാര്‍ത്ഥനകള്‍, സഹോദരരോടുള്ള കരുണ… ഇവയെല്ലാം യേശു വലിയതായി കാണുന്നു.
വലിയതും ചെറുതുമായ എല്ലാം അവിടുന്നുമായി പങ്കുവയ്ക്കാമെന്ന ആത്മവിശ്വാസം നമ്മുടെ വിശ്വാസജീവിതത്തിന് ശക്തിയേകുന്നു. വലിയ അത്ഭുതങ്ങള്‍ കിട്ടുമ്പോള്മാത്രമല്ല, നമ്മുടെ ദൈനംദിന ജീവിതത്തിലേക്ക് ഈശോയ്ക്കുള്ള ലളിതമായ ക്ഷണം, അവിടുന്നിലുള്ള വിശ്വാസം, പ്രാര്‍ത്ഥന ഇവകൊണ്ട് നമ്മള് അവന്റെ സാന്നിധ്യത്തെ അനുഭവിക്കുന്നു. നമ്മുടെ കൊച്ചുജീവിതത്തിലെ ചെറുതും വലുതുമായ നിമിഷങ്ങളിലേക്ക് സ്നേഹത്തോടെ ക്ഷണിക്കപ്പെടണം എന്ന് ഈശോ കൊതിക്കുന്നു. അവിടുത്തെ ക്ഷണിച്ചാല്‍ നമ്മുടെ ലളിതമായ ജീവിതം അതിമനോഹരമായിത്തീരും.
ആന്‍ മരിയ ക്രിസ്റ്റീന