പുഴയുടെ അരികിലാണ് എന്റെ വീട്. മുമ്പുണ്ടായ പ്രളയത്തില്‍ വീടിനും പറമ്പിനും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ കാലവര്‍ഷം അടുക്കുമ്പോള്‍ എന്റെ ഹൃദയത്തില്‍ ഭീതിയായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ പ്രായമായ അപ്പനും അമ്മയും കൂടെ എന്റെ ഭാര്യയും കുഞ്ഞുമക്കളുമടങ്ങുന്ന കുടുംബം മറ്റ് വീടുകളില്‍ ആശ്രയം തേടി പോകേണ്ട അവസ്ഥ വന്നിട്ടുണ്ട്.
ഇങ്ങനെയൊരു സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം കര്‍മ്മലീത്ത സന്യാസിനിയായ സഹോദരി എന്റെ മൂത്ത മകനോട് പറഞ്ഞു: ”നിങ്ങളുമായുള്ള എന്റെ ഉടമ്പടി ഞാന്‍ ഉറപ്പിക്കുന്നു. ഇനിയൊരിക്കലും വെള്ളപ്പൊക്കംകൊണ്ട് ജീവജാലങ്ങളെല്ലാം നശിക്കാന്‍ ഇടവരുകയില്ല. ഭൂമിയെ നശിപ്പിക്കാന്‍ ഇനിയൊരു വെള്ളപ്പൊക്കം ഉണ്ടാവില്ല” എന്ന വചനം ഉള്‍പ്പെടുന്ന ഉത്പത്തി 9/11-17 വരെയുള്ള ഭാഗം എഴുതി ഭവനത്തിന് ചുറ്റും ഒട്ടിക്കുകയും ആ വചനഭാഗം ചൊല്ലി പ്രാര്‍ത്ഥിക്കുകയും ചെയ്യുക. അതനുസരിച്ച് ഞങ്ങള്‍ ചെയ്തു. വചനം എഴുതി അപ്പനും അമ്മയും കിടക്കുന്ന മുറിയിലും ഒട്ടിച്ചു.
ദൈവത്തിന്റെ ഇടപെടല്‍ ആ വര്‍ഷം ഞങ്ങള്‍ പ്രത്യേകമായി അനുഭവിക്കുകയായിരുന്നു. മറ്റ് പലയിടങ്ങളിലും വെള്ളം കയറിയെങ്കിലും ഞങ്ങളുടെ സ്ഥലത്ത് യാതൊരു പ്രശ്നങ്ങളും ഉണ്ടായില്ല. ശാലോമില്‍ വരാറുള്ള വചനസാക്ഷ്യങ്ങള് കണ്ടാണ് സഹോദരി ഇപ്രകാരം ഞങ്ങളോട് പറഞ്ഞത്. ഇക്കാര്യം ശാലോമില്‍ സാക്ഷ്യപ്പെടുത്താമെന്ന് ഞാനും നേര്‍ന്നിരുന്നു.
റിജോ ജോസ്, തൃശൂര്‍