നിങ്ങളണിയിച്ച ചങ്ങലകള്‍ അഴിക്കാമോ? – Shalom Times Shalom Times |
Welcome to Shalom Times

നിങ്ങളണിയിച്ച ചങ്ങലകള്‍ അഴിക്കാമോ?

ഒരു സ്റ്റേജ്, കുറച്ച് ആളുകള്‍ കസേരയില്‍ ഇരിക്കുന്നു. ഒരു കസേര ഒഴിഞ്ഞുകിടക്കുന്നു. മൈക്കിനടുത്ത് ആരുമില്ല. ‘സുവിശേഷപ്രഘോഷണം’ എന്ന് മഞ്ഞ നിറത്തില്‍ ചുവന്ന ബാനറില്‍ എഴുതിയിരിക്കുന്നു. സ്റ്റേജിനുതാഴെ ഒരു വലിയ ജനാവലി ആരെയോ കാത്ത് അക്ഷമരായിരിക്കുന്നു. 2019-ല്‍ മൂവാറ്റുപുഴയില്‍വച്ച് നടന്ന ശാലോം വിക്ടറി കോണ്‍ഫ്രന്‍സില്‍വച്ച് ദിവ്യകാരുണ്യ ആരാധനയുടെ സമയത്ത് കണ്ട കാഴ്ചയായിരുന്നു അത്. ഞാനതത്ര കാര്യമാക്കിയില്ല. ഭര്‍ത്താവും ഞാനും ഒന്നിച്ച് പങ്കെടുത്ത ആ കോണ്‍ഫ്രന്‍സ് കഴിഞ്ഞ് വീട്ടില്‍ എത്തിയിട്ടും ഇടയ്ക്കിടക്ക് ഈ കാഴ്ച എന്റെ മനസില്‍ തെളിഞ്ഞുവന്നുകൊണ്ടിരുന്നു.
ഒരുപാട് തവണ ഇതാവര്‍ത്തിച്ചപ്പോള്‍ ഞാന്‍ ഈശോയോട് പറഞ്ഞു: ”എനിക്ക് സുവിശേഷം പറയാനൊന്നും അറിയില്ലല്ലോ. വേണമെങ്കില്‍ ഞാനൊരു കാര്യം ചെയ്യാം. ഒരു കുഞ്ഞിനെക്കൂടി തന്നാല്‍ വളര്‍ത്താം. നിനക്കിഷ്ടമുള്ളതുപോലെ എടുത്തുപയോഗിച്ച് കൊള്ളുക.” അപ്പോള്‍ ഞങ്ങള്‍ക്ക് രണ്ട് മക്കളാണ് ഉണ്ടായിരുന്നത്, ഒരു മകനും ഒരു മകളും.

ഫാദര്‍ ഡൊമിനിക് വാളന്മനാലിന്റെ ശുശ്രൂഷ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അച്ചന്റെ ഓണ്‍ലൈന്‍ ശുശ്രൂഷ ഞാന്‍ കാണാറുണ്ടായിരുന്നു. അതിനാല്‍ ഏലീഷാ ഏലിയാ പ്രവാചകനോട് ആവശ്യപ്പെട്ടതുപോലെ ഞാന്‍ ഈശോയോട് പറഞ്ഞു: ഡൊമിനിക് വാളന്മനാല്‍ അച്ചനെക്കാള്‍ ഇരട്ടി അഭിഷേകമുള്ള, ഈശോയ്ക്കായി ഒരുപാട് ആത്മാക്കളെ നേടുന്ന വിശുദ്ധിയുള്ള ഒരു കുഞ്ഞിനെ ഞങ്ങള്‍ക്ക് നല്‍കണം. ഈ നിയോഗാര്‍ത്ഥം 33 വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു കാഴ്ചവച്ചു. കൂടാതെ വിശുദ്ധ അന്തോനീസിന്റെ മധ്യസ്ഥതയില്‍ ‘വിശുദ്ധിയുള്ള ഒരു കുഞ്ഞിനെ നല്‍കണേ, ഇല്ലെങ്കില്‍ ദൈവഹിതത്തിന് കീഴ്‌വഴങ്ങാനുള്ള ശക്തി നല്‍കണേ’ എന്ന് നിയോഗംവച്ച് വിശുദ്ധ ബലിയര്‍പ്പിക്കുകയും ചെയ്തു.

പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം
ആ മാസംതന്നെ ഞാന്‍ ഗര്‍ഭിണിയായി. പ്രസവത്തിനുമുമ്പ് ബൈബിള്‍ മുഴുവന്‍ വായിച്ചുതീര്‍ക്കണമെന്ന വാശിയില്‍ ഉല്‍പത്തി മുതല്‍ ജറെമിയ വരെ വായിച്ചു. കോവിഡ് കാലമായതിനാല്‍ ദൈവാലയത്തില്‍ പോവുക അന്ന് ബുദ്ധിമുട്ടായിരുന്നു. എങ്കിലും എന്നും രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് ജപമാല ചൊല്ലി
5.30-ന് ഓണ്‍ലൈനില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുവന്നു. അധ്യാപികയായിരുന്നതിനാല്‍, ഓണ്‍ലൈന്‍ ക്ലാസ് എടുത്തുകഴിഞ്ഞ് ബാക്കി കിട്ടുന്ന സമയം ധാരാളം ഓണ്‍ലൈന്‍ ആരാധനകളില്‍ പങ്കെടുക്കുമായിരുന്നു.
അങ്ങനെ, ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു. ഓരോ തവണ ആശുപത്രിയില്‍ പോകുമ്പോഴും മൂത്ത കുഞ്ഞുങ്ങള്‍ തിരി കത്തിച്ചുവച്ച് പ്രാര്‍ത്ഥിക്കുമായിരുന്നു. അതിനുമുമ്പ് രണ്ടുതവണ ഉദരത്തില്‍വച്ചുതന്നെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടതിനാലാണ് അവര്‍ അങ്ങനെ ചെയ്തത്. ഗര്‍ഭകാലം മുന്നോട്ടുപോയപ്പോള്‍ എല്ലാ ടെസ്റ്റുകളും സ്‌കാനിംഗ് റിപ്പോര്‍ട്ടുകളും ശുഭകരമായിരുന്നു.

ഒക്‌ടോബര്‍ 28 ആയിരുന്നു പ്രസവതിയതി. പക്ഷേ ഒക്‌ടോബര്‍ ആറിന് ആശുപത്രിയില്‍ അഡ്മിറ്റ് ആകാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടിരുന്നു. എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ കുഞ്ഞ് അനങ്ങുന്നത് ഞാന്‍ ശ്രദ്ധിക്കാറുണ്ട്. സന്ധ്യാപ്രാര്‍ത്ഥനയിലും കുഞ്ഞ് അനങ്ങുന്നത് ഞാന്‍ കുടുംബാംഗങ്ങള്‍ക്ക് കാണിച്ചുകൊടുക്കുമായിരുന്നു. അപ്പോള്‍ അവര്‍ വയറില്‍ കൈവച്ച് സ്തുതിച്ച് പ്രാര്‍ത്ഥിക്കുമായിരുന്നു. ഒക്‌ടോബര്‍ ഒന്നിന് പതിവുപോലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. പക്ഷേ, കുഞ്ഞ് അനങ്ങിയതായി എനിക്ക് അനുഭവപ്പെട്ടില്ല. സംശയം തോന്നി തൊട്ടടുത്ത ലാബില്‍ ചെന്ന് സ്‌കാന്‍ ചെയ്തു. കുഞ്ഞിന് അനക്കമില്ല. സ്‌കാനിംഗ് റിപ്പോര്‍ട്ട് തെറ്റിയതാവാം എന്ന് മനസ് മന്ത്രിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റായി. തുടക്കം മുതല്‍ കാണിച്ചുകൊണ്ടിരുന്ന ആശുപത്രിയില്‍നിന്നും മാറ്റി.
അതിന് രണ്ടാഴ്ചമുമ്പ് വാളന്മനാല്‍ അച്ചന്റെ ഓണ്‍ലൈന്‍ ശുശ്രൂഷയില്‍ ആരാധനാസമയത്ത് ഞാന്‍ ഒരു കാഴ്ച കണ്ടിരുന്നു. മാതാവ് എന്റെ ഉദരത്തില്‍നിന്ന് പുറത്തെടുത്ത കുഞ്ഞിനെ വാങ്ങി ഈശോയ്ക്ക് നല്‍കുന്നു. ഈശോ രണ്ട് കൈയും നീട്ടി കുഞ്ഞിനെ വാങ്ങി നെറ്റിയില്‍ ചുംബിക്കുന്നു!

എല്ലാം കീഴ്‌മേല്‍ മറിഞ്ഞപ്പോള്‍…
മുമ്പേ തീരുമാനിക്കപ്പെട്ടിരുന്ന സിസേറിയനുമുമ്പ് എന്നെ കോവിഡ് ടെസ്റ്റ് ചെയ്തു, കോവിഡ് പോസിറ്റീവ്. അതിനാല്‍ സിസേറിയന് പ്രത്യേക റൂം ആണ് ക്രമീകരിച്ചത്. അങ്ങനെ ആരാധനാസമയത്ത് ഈശോ കുഞ്ഞിനെ ഏറ്റുവാങ്ങിയത് കണ്ട അതേ റൂമില്‍ ഞാന്‍ എത്തിച്ചേര്‍ന്നു. 2021 ഒക്‌ടോബര്‍ രണ്ടിന് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു, ജീവനില്ലാത്ത കുഞ്ഞ്. തൊട്ടടുത്ത മുറികളില്‍നിന്നെല്ലാം കുഞ്ഞുങ്ങളുടെ കരച്ചില്‍. എന്റെ കണ്ണില്‍നിന്നൊഴുകിയത് ചുടുരക്തമാണെന്ന് തോന്നി.
മിഴി തുറക്കാത്ത, എന്റെ കുഞ്ഞി ന്റെ കവിളില്‍ മുഖമമര്‍ത്തി, ഞാന്‍ കര്‍ത്താവിനോട് കയര്‍ത്തു. നിനക്കായി ആത്മാക്കളെ നേടാന്‍ വിശുദ്ധിയുള്ള ഒരു കുഞ്ഞിനെ ചോദിച്ചിട്ട്….

ഭര്‍ത്താവിലൂടെ ഈശോ എനിക്ക് മറുപടി തന്നു; ”മോളേ, ഭൂമിയില്‍ ജനിച്ചുവീണ ഒരു കുഞ്ഞിനെ വിശുദ്ധിയോടെ ഈശോയ്ക്ക് തിരികെ നല്‍കാനാകുമെന്ന് എന്താണ് നമുക്കുറപ്പ്? നമ്മള്‍ വിശുദ്ധിയുള്ള ഒരു കുഞ്ഞിനുവേണ്ടിയല്ലേ പ്രാര്‍ത്ഥിച്ചത്, സാരമില്ല.” കുഞ്ഞിനെ ഞങ്ങളുടെ ഇടവക ദൈവാലയത്തിലെ കല്ലറയില്‍ സംസ്‌കരിച്ചു.
എന്റെ മനസിലെ ചോദ്യങ്ങള്‍ക്ക് കടിഞ്ഞാണിടുക ബുദ്ധിമുട്ടായിരുന്നു. ‘ഇത്രയേറെ അത്ഭുതങ്ങള്‍ ചെയ്യുന്ന ദൈവം ഞങ്ങളുടെ കുഞ്ഞിന്റെ കാര്യത്തില്‍ ഇടപെടാതിരുന്നത് എന്തുകൊണ്ട്?’
കുഞ്ഞിനെയോ തന്നില്ല, പോരാത്തതിന് സിസേറിയന്‍ ചെയ്ത് സ്റ്റിച്ചിട്ടിടത്ത് ശക്തമായ വേദനയും ബ്ലീഡിംഗും. എന്റെ പരാതികളെല്ലാം ദൈവത്തോടായിരുന്നു.

ചങ്ങലയഴിക്കുന്ന കുഞ്ഞിക്കൈകള്‍
അങ്ങനെയിരിക്കേ ഒരു ദിവസം… മനസില്‍ ഒരു ദൃശ്യം തെളിഞ്ഞുവന്നു. മുള്‍മുടിയണിഞ്ഞ് രക്തമൊലിക്കുന്ന ഈശോയുടെ മുഖം. തലതാഴ്ത്തി, ഇരുകൈകളും ചങ്ങലകളാല്‍ ബന്ധിച്ച് ഒരു തുണിക്കഷണം മാത്രമുപയോഗിച്ച് നാണം മറച്ച് ഈശോ നില്ക്കുന്നു. ശിരസ് കുനിച്ച് എന്തോ പറയാന്‍ വെമ്പുന്ന ചുണ്ടുകള്‍. രണ്ട് പിഞ്ചുകൈകള്‍ ഈശോയുടെ ചങ്ങല അഴിക്കാന്‍ പരിശ്രമിക്കുന്നു. കുഞ്ഞിനെ എനിക്ക് തന്നില്ലല്ലോ എന്ന് ചിന്തിച്ച് ഞാന്‍ ഈശോയെ ചങ്ങലയ്ക്കിട്ടിരിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞാകട്ടെ ഞാനിട്ട ചങ്ങല അഴിക്കാന്‍ ശ്രമിക്കുകയാണ്…
ഏറെ നേരമായിട്ടും മുന്നില്‍നിന്ന് ഈ ദൃശ്യം മായാതെ നിന്നപ്പോള്‍ ഭര്‍ത്താവിനോട് പറഞ്ഞു. കുഞ്ഞിനെ സന്തോഷത്തോടെ വിട്ടുകൊടുത്ത് അദ്ദേഹം പ്രാര്‍ത്ഥിച്ചു. ഏറെ നേരത്തിനുശേഷം വെള്ളയുടുപ്പിട്ട് ചുവന്ന ഷാള്‍ ധരിച്ച ഈശോ ഒരു ചങ്ങാടത്തില്‍ ഇരുന്ന് കുഞ്ഞിനെ മടിയില്‍വച്ച് കായലിലൂടെ തുഴയുന്ന രംഗം കണ്ടു.
പിന്നീട് ഒരു പ്രാര്‍ത്ഥനാശുശ്രൂഷയ്ക്കിടെ, ‘യേശുമതി, ആ സ്‌നേഹം മതി,
ആ ക്രൂശുമതി എനിക്ക്’
എന്ന വരികള്‍ എന്റെ മനസിനെ സ്വാധീനിച്ചു. പതുക്കെപ്പതുക്കെ ഞാന്‍ അനുഭവിച്ച സഹനങ്ങളെല്ലാം ആത്മാക്കളുടെ രക്ഷയ്ക്കായി സമര്‍പ്പിച്ചുതുടങ്ങി. വേദനകളെ പരാതിയില്ലാതെ സ്വീകരിക്കാന്‍ പഠിച്ചു. ഉള്‍വലിഞ്ഞ അവസ്ഥയില്‍നിന്നും ഈശോ എന്നെ പതുക്കെ മാറ്റിയെടുക്കുകയായിരുന്നു. ജോലിയില്‍ തിരികെ പ്രവേശിച്ചു. ദിവ്യകാരുണ്യ സന്നിധിയിലും വിശുദ്ധബലിയിലും എന്തിന്, ഒരു പ്രാര്‍ത്ഥനാകൂട്ടായ്മയില്‍പ്പോലും ചെന്നാല്‍ എന്റെ കണ്ണുകളും മനസും അണപൊട്ടുന്ന അവസ്ഥയിലായിരുന്നു. അതില്‍നിന്ന് മോചിപ്പിച്ച് ഈശോ എനിക്ക് സന്തോഷം നല്‍കി.

നാളുകള്‍ക്കകം 2022 ഓഗസ്റ്റ് അഞ്ചിന് ശാലോം നൈറ്റ് വിജിലില്‍ മറ്റൊരു ദൈവാനുഭവവും ഈശോ തന്നു. ബ്രദര്‍ സജിത് ജോസഫിന്റെ ശുശ്രൂഷയുടെ സമയത്ത് ഒരു ശക്തി എന്നില്‍ വന്നു പതിക്കുകയും പിന്നീട് ശക്തിയേറിയ പ്രകാശത്തില്‍ ഒരു പുതിയ പ്രഭാതത്തില്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തു. സിസേറിയനുശേഷം സ്റ്റിച്ച് ചെയ്ത ഭാഗത്ത് അനുഭവപ്പെട്ടിരുന്ന ശക്തമായ വേദന അപ്പോള്‍ ഈശോ എടുത്തുമാറ്റി. ആ ഭാഗത്തുണ്ടായിരുന്ന തടിപ്പും അപ്രത്യക്ഷമായി.

ഞങ്ങളുടെ മാലാഖക്കുഞ്ഞിന് ഞങ്ങള്‍ എയ്ഞ്ചല്‍ മരിയ ജീസ് എന്ന് പേരിട്ടിരുന്നു. ആ കുഞ്ഞിനെ ഈശോയ്ക്ക് നല്‍കി, ഈശോയുടെ സഹനത്തില്‍ പങ്കുചേരാന്‍ സാധിച്ചതിന് ഇന്ന് ഞാന്‍ നന്ദി പറയുന്നു. നമ്മുടെയൊക്കെ ജീവിതത്തിലെ സഹനങ്ങള്‍ മാറണമെന്ന് പറയാതെ, ദൈവഹിതത്തിന് കീഴ്‌വഴങ്ങാനുള്ള ശക്തിക്കായി പ്രാര്‍ത്ഥിക്കാം. ”ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ” (ലൂക്കാ 1:38).

ജോബി സതീഷ്