
സഭയുടെ ആരംഭംമുതലേ, സുവിശേഷോപദേശങ്ങള്‍ അഭ്യസിച്ചുകൊണ്ടു കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ക്രിസ്തുവിനെ പിന്‍ചെല്ലാനും അവിടുത്തെ കൂടുതല്‍ അടുത്ത് അനുകരിക്കാനുംവേണ്ടി ഇറങ്ങിത്തിരിച്ച സ്ത്രീപുരുഷന്മാരുണ്ടായിരുന്നു. അവരില്‍ ഓരോ വ്യക്തിയും സ്വകീയമായ രീതിയില്‍ ദൈവത്തിന് സമര്‍പ്പിക്കപ്പെട്ട ജീവിതം നയിച്ചു.
ഏകാന്തജീവിതം
മൂന്നു സുവിശേഷോപദേശങ്ങളും എപ്പോഴും പരസ്യമായി പ്രഖ്യാപിക്കാതെ ഏകാന്തവാസികള്‍ ”ലോകത്തില്‍നിന്നുള്ള കര്‍ക്കശതരമായ വേര്‍പാട്, ഏകാന്തതയുടെ നിശബ്ദത, തീക്ഷ്ണമായ പ്രാര്‍ത്ഥന, തപസ് എന്നിവയിലൂടെ ദൈവത്തിന്റെ സ്തുതിക്കും ലോകത്തിന്റെ രക്ഷയ്ക്കുംവേണ്ടി തങ്ങളുടെ ജീവിതം സമര്‍പ്പിക്കുന്നു.”
കന്യകകളും സമര്‍പ്പിത വിധവകളും
ഹൃദയത്തിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും വര്‍ധിച്ച സ്വാതന്ത്ര്യത്തോടെ അവിഭാജ്യമായി തന്നോടു ചേര്‍ന്നുനില്‍ക്കുവാന്‍ കര്‍ത്താവ് വിളിച്ച ക്രൈസ്തവ കന്യകകളും വിധവകളും സ്വര്‍ഗരാജ്യത്തെപ്രതി യഥാക്രമം കന്യാവ്രതവും ആയുഷ്‌ക്കാല വിരക്തിയും പാലിച്ചു ജീവിക്കുവാന്‍ അപ്പസ്‌തോലികകാലം മുതല്‍ക്കേ സഭയുടെ അംഗീകാരത്തോടെ തീരുമാനമെടുത്തുപോന്നിരുന്നു.
”ക്രിസ്തുവിനെ കൂടുതല്‍ അടുത്ത് അനുകരിക്കുക എന്ന വിശുദ്ധമായ പദ്ധതിക്ക് സ്വയം സമര്‍പ്പിച്ച കന്യകമാരെ രൂപതയുടെ മെത്രാന്‍ അംഗീകാരമുള്ള ആരാധനക്രമാനുഷ്ഠാനമനുസരിച്ച് ദൈവത്തിന് സമര്‍പ്പിക്കുന്നു. അവര്‍ ദൈവപുത്രനായ ക്രിസ്തുവിനു മൗതികമായി വാഗ്ദാനം ചെയ്യപ്പെട്ടവരും സഭാസേവനത്തിനായി സമര്‍പ്പിക്കപ്പെട്ടവരുമാണ്.”
കന്യകമാരുടെ ജീവിതക്രമം ലോകത്തില്‍ ജീവിക്കുന്ന ഒരു സ്ത്രീയെ അഥവാ സന്യാസിനിയെ അവളുടെ ജീവിതാവസ്ഥയും അവള്‍ സ്വീകരിച്ച ആധ്യാത്മികവരദാനങ്ങളും അനുസരിച്ച്, പ്രാര്‍ത്ഥനയിലും പ്രായശ്ചിത്തത്തിലും സഹോദരങ്ങള്‍ക്കുവേണ്ടിയുള്ള സേവനത്തിലും അപ്പസ്‌തോലിക ജോലിയിലും നിയോഗിക്കുന്നു.
സന്യാസജീവിതം
ക്രിസ്തുമതത്തിന്റെ ആരംഭകാലത്ത്, പൗരസ്ത്യനാടുകളില്‍ ജന്മമെടുത്ത സന്യാസജീവിതം സഭ കാനോനികമായി അംഗീകരിക്കുന്ന സ്ഥാപനങ്ങളിലാണു നയിക്കപ്പെടുന്നത്. ആരാധനക്രമപരമായ സ്വഭാവം, സുവിശേഷോപദേശങ്ങളുടെ പരസ്യമായ പ്രഖ്യാപനം, പൊതുവായി നയിക്കുന്ന സാഹോദര്യത്തിന്റെ ജീവിതം, സഭയോടും ക്രിസ്തുവിനോടുമുള്ള ഐക്യത്തിന് നല്‍കപ്പെടുന്ന സാക്ഷ്യം എന്നിവവഴി സമര്‍പ്പിതജീവിതത്തിന്റെ മറ്റു രൂപങ്ങളില്‍നിന്ന് ഇത് വ്യത്യസ്തമായിരിക്കുന്നു.
നമ്മുടെ കാലഘട്ടത്തിന്റെ ഭാഷയില്‍ ദൈവത്തിന്റെ സ്‌നേഹത്തെത്തന്നെ ദ്യോതിപ്പിക്കുകയെന്നതാണ്, വ്യത്യസ്തരൂപങ്ങളിലുള്ള സന്യാസജീവിതത്തിന്റെ ദൗത്യം. സന്യസ്തര്‍ എല്ലാവരും അവര്‍ പ്രത്യേക സ്വാതന്ത്ര്യമുള്ളവരാണെങ്കിലും അല്ലെങ്കിലും രൂപതയുടെ മെത്രാനോട് അദ്ദേഹത്തിന്റെ അജപാലനധര്‍മത്തില്‍ സഹകരിക്കുന്നവരുടെ കൂട്ടത്തില്‍പ്പെടുന്നു.
സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
”സമര്‍പ്പിതജീവിതത്തിന്റെ ഒരു സമൂഹമാണ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. അതില്‍ ക്രൈസ്തവ വിശ്വാസികള്‍ ലോകത്തില്‍ ജീവിച്ചുകൊണ്ട് സ്‌നേഹത്തിന്റെ പൂര്‍ണതയ്ക്കായി പരിശ്രമിക്കുകയും ലോകത്തെ അതിന്റെ ഉള്ളില്‍നിന്നുതന്നെ വിശുദ്ധീകരിക്കാന്‍ യത്‌നിക്കുകയും ചെയ്യുന്നു.”
അപ്പസ്‌തോലിക ജീവിതസംഘങ്ങള്‍
സമര്‍പ്പിത ജീവിതത്തിന്റെ വിവിധ രൂപങ്ങളോടൊപ്പം ”അപ്പസ്‌തോലികജീവിതത്തിന്റെ സംഘങ്ങളുമുണ്ട്. അവയുടെ അംഗങ്ങള്‍ സന്യാസവ്രതങ്ങളെടുക്കാതെ തങ്ങളുടെ സംഘടനയുടെ അപ്പസ്‌തോലിക ലക്ഷ്യത്തിനായി പരിശ്രമിക്കുന്നു. അവരുടെ സുവിശേഷ ജീവിതരീതിയനുസരിച്ച് സഹോദരങ്ങളെപ്പോലെ പൊതുജീവിതം നയിക്കുന്നു; അവരുടെ സംഘത്തിന്റെ നിയമങ്ങളുടെ അനുസരണത്തിലൂടെ സ്‌നേഹത്തിന്റെ പൂര്‍ണതയ്ക്കായി അധ്വാനിക്കുന്നു.
സമര്‍പ്പണവും ദൗത്യവും:
ആഗതനാകുന്ന രാജാവിനെ പ്രഘോഷിക്കുക
മാമോദീസവഴി ദൈവത്തിന് തന്നെത്തന്നെ സമര്‍പ്പിച്ച വ്യക്തി, താന്‍ സര്‍വോപരി സ്‌നേഹിക്കുന്ന അവിടുത്തേക്ക് തന്നെത്തന്നെ അടിയറവയ്ക്കുന്നു. അതുവഴി ദൈവസേവനത്തിനായും സഭയുടെ നന്മയ്ക്കായും തന്നെത്തന്നെ കൂടുതല്‍ അവഗാഢമായി സമര്‍പ്പിക്കുന്നു. ദൈവത്തിന് സമര്‍പ്പിതമായ ഈ ജീവിതാവസ്ഥയിലൂടെ സഭ ക്രിസ്തുവിനെ വെളിപ്പെടുത്തുകയും എന്നില്‍ പരിശുദ്ധാത്മാവ് എത്ര വിസ്മയനീയമായി പ്രവര്‍ത്തിക്കുന്നുവെന്നു നമുക്ക് കാണിച്ചുതരുകയും ചെയ്യുന്നു. അതുകൊണ്ട് സുവിശേഷോപദേശങ്ങളുടെ വ്രതങ്ങളെടുക്കുന്നവരുടെ പ്രഥമദൗത്യം തങ്ങളുടെ സമര്‍പ്പണം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക എന്നതാണ്. കൂടാതെ അവര്‍ തങ്ങളുടെ സമര്‍പ്പണത്തിന്റെ ചൈതന്യത്തില്‍ സഭാസേവനത്തിന് സ്വയം പ്രതിഷ്ഠിക്കുന്നതുകൊണ്ട്, ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്വഭാവമനുസരിച്ച്, സവിശേഷമാംവിധം പ്രേഷിതജോലിയില്‍ ഏര്‍പ്പെടുവാന്‍ കടപ്പെട്ടവരാണ്.”
ദൈവത്തിന്റെതന്നെ ജീവന്റെ അടയാളവും ഉപകരണവുമായ ഒരു കൂദാശപോലുള്ള സഭയില്‍, രക്ഷയുടെ രഹസ്യത്തിന്റെ പ്രത്യേകമായ അയാളമായിട്ടാണ് സമര്‍പ്പിതജീവിതം കാണപ്പെടുന്നത്.
സി.സി.സി, ഖണ്ഡിക 918 – 932