
കണ്ണിനുമുന്നിലേക്ക് ഒഴുകിവീഴുന്ന വിവിധനിറങ്ങളുള്ള മുടിയിഴകളുമായി ഇന്നത്തെ കൗമാരക്കാര്‍ നടക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? നിങ്ങള്‍ക്ക് അത്ര പരിചിതമല്ലാത്ത ചില പാട്ടുകളും ഈണങ്ങളും അവര്‍ പാടിനടക്കുന്നില്ലേ? അവര്‍ കാണുന്ന വീഡിയോകള്‍ ഒന്നു ശ്രദ്ധിച്ചാല്‍ കാര്യം മനസിലാകും. ഇന്നത്തെ തലമുറയില്‍ ഏറെപ്പേരെ ആകര്‍ഷിക്കുന്ന കൊറിയന്‍ മ്യൂസിക് ബാന്‍ഡായ ബി.ടി.എസിന്റെ വീഡിയോകളാണ് അത്തരത്തില്‍ അവര്‍ ചെയ്യുന്ന പലതിന്റെയും പിന്നിലെ പ്രചോദനം.
എന്താണ് ബി.ടി.എസ്? 2010-ല്‍ രൂപംകൊണ്ട കൊറിയന്‍ മ്യൂസിക് ബാന്‍ഡ് ആണ് ബി.ടി.എസ്. നിരവധി മ്യൂസിക് വീഡിയോ ആല്‍ബങ്ങളും തത്‌സമയ പെര്‍ഫോമന്‍സുകളും അവര്‍ ചെയ്തിട്ടുണ്ട്. കെപോപ്പ്-കൊറിയന്‍ പോപ്പ് എന്നാണ് അവരുടെ സംഗീതശൈലി അറിയപ്പെടുന്നത്. ബുള്ളറ്റ്പ്രൂഫ് ബോയ് സ്‌കൗട്ട്‌സ് എന്ന് അര്‍ത്ഥം വരുന്ന ബാങ്ടാന്‍ സോണിയാന്‍ഡാന്‍ എന്ന കൊറിയന്‍ പദത്തിന്റെ ചുരുക്കരൂപമാണ് ബി.ടി.എസ്.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഇതെപ്പറ്റി ചോദിക്കപ്പെട്ട ചോദ്യവും അതിന് സക്യൂറാ ജാസ് എന്ന യുവതി നല്കിയ ഉത്തരവും നമുക്കൊന്ന് പരിശോധിക്കാം.
ഞാന്‍ 15 വയസ്സുള്ള ബി.ടി.എസ് ആരാധകനാണ്. അവര്‍ ഒരു കള്‍ട്ടിന്റെ ഭാഗമാണെന്ന് അടുത്തിടെ ഞാന്‍ കേട്ടു. ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ എനിക്ക് അവരുടെ പാട്ട് ആസ്വദിക്കാമോ?
സക്യൂറാ ജാസ് : 2016 ല്‍ കോളേജില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി ബിടിഎസ് എന്നുകേട്ടത്. അന്ന് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. എങ്കിലും അവരുടെ നൃത്തസംവിധാനം ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. അവരുടെ മിക്ക ഗാനങ്ങളും വെസ്‌റ്റേണ്‍ പോപ്പ് സംഗീതത്തില്‍ കൊറിയന്‍ വരികള്‍ ചേര്‍ത്ത് പുനര്‍നിര്‍മ്മിച്ചവയായിരുന്നു. അവരുടെ ഹിപ്-ഹോപ്പ് സംഗീതംപോലും വെസ്‌റ്റേണ്‍ ഹിപ്-ഹോപ്പിനോട് വളരെ സാമ്യമുള്ളതാണ്.
ബി.ടി.എസ് അംഗങ്ങളുടെ പേരുകള്‍ അറിയാന്‍ ഞാന്‍ ആഗ്രഹിച്ചു, അതിനാല്‍ ആരാധകര്‍ നിര്‍മ്മിച്ച ഒരു വീഡിയോ യുട്യൂബില്‍ കണ്ടു. അവ വളരെ രസകരവും ആകര്‍ഷകവുമായിരുന്നു. അവരുടെ നൃത്തം വളരെ മികച്ചതായിരുന്നു. അവര്‍ ധരിച്ചിരുന്നത് അടിപൊളി വസ്ത്രങ്ങളും. അതെന്നെ വളരെ ആകര്‍ഷിച്ചു.
പതിയെപ്പതിയെ, ബിടിഎസുമായി ബന്ധപ്പെട്ട ധാരാളം വാക്കുകളും മറ്റും ഞാന്‍ ഉപയോഗിക്കാന്‍ തുടങ്ങി! ഇവയെ ഒരിക്കലും ആരാധിക്കില്ലെന്ന് കരുതിയ ഞാന്‍തന്നെ ഒരു ആരാധികയായി മാറുകയായിരുന്നു. അവരുടെ വീഡിയോകളില്‍ രഹസ്യഘടകങ്ങള്‍ ഉണ്ടെന്നത് അറിയാമായിരുന്നു, പക്ഷേ അതെല്ലാം ബോധപൂര്‍വ്വം അവഗണിച്ച തുകൊണ്ടാണ് ആരാധനയിലേക്ക് വഴുതിവീണത്.
അവരുടെ പാട്ടുകള്‍ പ്രതീകാത്മകമായി അവതരിപ്പിക്കുന്നതെന്താണെന്ന് മനസിലാക്കാന്‍ lie, save me, blood sweat and tears, pied piper, on തുടങ്ങിയ പാട്ടുകളുടെ വരികള്‍ വായിച്ചാല്‍മാത്രം മതി.
ഉദാഹരണത്തിന്, pied piper എന്ന പാട്ടിന്റെ വരികള്‍ ശ്രദ്ധിക്കുക.
നീ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നല്ല
എന്നിലേക്ക് വരിക, ഞാനാണ് നിന്റെ പറുദീസ
ഈ കുഴലിന്‍ സംഗീതം പിന്തുടരുക, ഈ ഗാനം പിന്തുടരുക
അല്പം അപകടകാരിയാണെങ്കിലും ഞാന്‍ വളരെ മധുരമാണ്
നിന്നെ രക്ഷിക്കാന്‍ ഞാന്‍ വന്നിരിക്കുന്നു,
നിന്നെ നശിപ്പിക്കാനും
ഞാനെന്ന് വിളിക്കപ്പെടുന്നത് നീതന്നെയാണ്,
നോക്കൂ ഞാന്‍ മധുരമാണ്
ഈ കുഴലിന്‍ സംഗീതം പിന്തുടരുക
ഞാന്‍ നിന്റെമേല്‍ ആധിപത്യം ഏറ്റെടുക്കുകയാണ്
ഞാന്‍ നിന്റെമേല്‍ ആധിപത്യം ഏറ്റെടുക്കുകയാണ്
പാപം ചെയ്ത് മനുഷ്യന്‍ പറുദീസയില്‍നിന്ന് പുറത്താക്കപ്പെട്ടതും അവനെ രക്ഷിക്കാന്‍ യേശു മനുഷ്യനായി വന്നതുമെല്ലാമാണ് ഇവിടെ പരോക്ഷമായി സൂചിപ്പിക്കുന്നത്.
‘നിന്നെ നശിപ്പിക്കാന്‍ ഞാന്‍ വന്നിരിക്കുന്നു, ഞാന്‍ മധുരമാണ്’ എന്ന വരികളാകട്ടെ, വിലക്കപ്പെട്ട ഫലം ‘ആസ്വാദ്യ’മാണ് എന്ന് ഹവ്വായോട് പറയപ്പെട്ട വാക്കുകളുടെ പ്രതിധ്വനിയാണ്. ”ആ വൃക്ഷത്തിന്റെ പഴം ആസ്വാദ്യവും കണ്ണിന് കൗതുകകരവും അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഭികാമ്യവും ആണെന്നുകണ്ട് അവള്‍ അത് പറിച്ചുതിന്നു” (ഉത്പത്തി 3:6).
ഈ കുഴലിന്റെ സംഗീതം പിന്തുടര്‍ന്നാല്‍ ഞാന്‍ നിന്റെമേല്‍ ആധിപത്യം പുലര്‍ത്തുമെന്നത് രണ്ടുതവണ ആവര്‍ത്തിക്കുന്ന വരിയാണ്. ഇതിലൂടെതന്നെ ഈ സംഗീതത്തിന്റെ പിന്നിലുള്ള അരൂപി എന്താണെന്ന് വ്യക്തമാകുന്നുണ്ടല്ലോ.
പുറമേനിന്ന് നോക്കുമ്പോള്‍ ആകര്‍ഷകമായി തോന്നുന്നതിനാലാണ് അനേകര്‍ ഇതിനുപിന്നാലെ പോകുന്നത്. എന്നാല്‍ ‘ആസ്വാദ്യമായ’ ഈ പഴം നമ്മെ ദുഷ്ടന്റെ ആധിപത്യത്തിലേക്ക് നയിക്കും എന്നത് അറിഞ്ഞിരിക്കണം. ബി.ടി.എസ് മ്യൂസിക് വീഡിയോകളില്‍ കാണുന്ന ഒരു തരം ദുരൂഹതയും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടിയിരിക്കുന്നു. ശ്രദ്ധിക്കുകയാണെങ്കില്‍, ഇത്തരത്തില്‍ പുതുതലമുറയെ ഏറെ ഹരം കൊള്ളിക്കുന്ന പല സംഗീതശൈലികളുടെയും പിന്നില്‍ ദുഷ്ടാരൂപിയുടെ പ്രവര്‍ത്തനം നമുക്ക് കാണാവുന്നതാണ്. പുറമേ നിരുപദ്രവകരമെന്നും ആകര്‍ഷകമെന്നും തോന്നുന്ന അവയ്ക്ക് പിന്നാലെ പോകുമ്പോള്‍ അറിയേണ്ടത് ഇതാണ്, അതിനെയെല്ലാം പിന്തുടരുമ്പോള്‍ ദുഷ്ടന്റെ ആധിപത്യത്തിലേക്കുതന്നെയാണ് നാം പോകുന്നത്. അവര്‍തന്നെ അത് വ്യക്തമാക്കുന്നു-
‘ഈ കുഴലിന്‍ സംഗീതം പിന്തുടരുക
ഞാന്‍ നിന്റെമേല്‍ ആധിപത്യം ഏറ്റെടുക്കുകയാണ് ‘
അതിനാല്‍, ജനപ്രിയമായതുകൊണ്ട് ഒരു സംഗീതത്തിന്റെയോ കലാരൂപത്തിന്റെയോ പിന്നാലെ നാം പോകരുത്. ദൈവവചനത്തിന്റെ വെളിച്ചത്തില്‍ അവയെ പരിശോധിക്കാനും മനസിലാക്കാനും ദൈവാരൂപിയുടെ സഹായം തേടുക. സത്യം അറിയുക. ”തന്നില്‍ വിശ്വസിച്ച യഹൂദരോട് യേശു പറഞ്ഞു: എന്റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍ യഥാര്‍ഥത്തില്‍ എന്റെ ശിഷ്യരാണ്. നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും”(യോഹന്നാന്‍ 8:31 -32).
രക്ഷപ്പെടാന്‍…
വിമോചനപ്രാര്‍ത്ഥനകള്‍ ചൊല്ലുന്നത് ബി.ടി.എസ് മ്യൂസിക്കിനോടുള്ള അമിതതാത്പര്യത്തില്‍നിന്ന് രക്ഷപ്പെടാന്‍ സഹായകമാണ്. ”എന്റെ ദൈവമായ കര്‍ത്താവേ, അങ്ങില്‍ ഞാന്‍ അഭയം തേടുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരിലുംനിന്ന് എന്നെ രക്ഷിക്കണമേ, മോചിപ്പിക്കണമേ!” (സങ്കീര്‍ത്തനങ്ങള്‍ 7:1).
ഇത്തരം ആസക്തികള്‍ പാപകരമാണെന്ന് മനസിലാക്കി അത് വിശുദ്ധ കുമ്പസാരത്തില്‍ ഏറ്റുപറയുന്നത് നല്ലൊരു രക്ഷാമാര്‍ഗമായിരിക്കും. ”ജോഷ്വ മുഷിഞ്ഞ വസ്ത്രം ധരിച്ച് ദൂതന്റെ മുമ്പില്‍ നില്ക്കുകയായിരുന്നു. തന്റെ മുമ്പില്‍ നിന്നവരോട് ദൂതന്‍ പറഞ്ഞു: നിന്റെ അകൃത്യങ്ങള്‍ നിന്നില്‍നിന്ന് അകറ്റിയിരിക്കുന്നു. ഞാന്‍ നിന്നെ വിശിഷ്ടവസ്ത്രം ധരിപ്പിക്കും” (സഖറിയാ 3:4).
യേശുനാമം ഉരുവിട്ട് മോചനത്തിനായി പ്രാര്‍ത്ഥിക്കുന്നത് പ്രയോജനം ചെയ്യും. ”ആകാശത്തിനുകീഴെ മനുഷ്യരുടെ ഇടയില്‍ നമുക്ക് രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല” (അപ്പസ്‌തോലന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ 4:12)