അമ്മാമ്മയുടെ വീട്ടിലെ ഈശോ – Shalom Times Shalom Times |
Welcome to Shalom Times

അമ്മാമ്മയുടെ വീട്ടിലെ ഈശോ

വര്‍ഷങ്ങള്‍ക്കുമുമ്പാണ്, അപ്രതീക്ഷിതമായ അച്ഛന്റെ മരണം ഞങ്ങളെ വല്ലാതെ പിടിച്ചുലച്ച നാളുകള്‍. ഒറ്റപ്പെട്ട പ്രദേശത്തെ വീട്ടില്‍ അമ്മയും അനിയത്തിയും തനിച്ചാണ്. പകല്‍സമയം അനിയത്തി ജോലിക്ക് പോയിക്കഴിഞ്ഞാല്‍ അമ്മ തീര്‍ത്തും ഒറ്റപ്പെടും. അച്ഛന്റെ മരണശേഷം ഒരു വല്ലാത്ത ഭയം അമ്മയെ ഗ്രസിച്ചിരുന്നു, വീട്ടില്‍ തനിച്ചാകുമ്പോള്‍ ശ്വാസം മുട്ടുന്നതുപോലുള്ള അനുഭവം. പലപ്പോഴും വീടിന് പുറത്തായിരുന്നു അനിയത്തി വരുന്നതും കാത്ത് അമ്മ അധികസമയം ചെലവഴിച്ചിരുന്നത്.

അന്ന് ഞാന്‍ അമ്മയെ വിളിച്ചപ്പോള്‍ അവിടെ കോരിച്ചൊരിയുന്ന മഴ ആയിരുന്നു. ഇരുട്ടുമൂടിയ അന്തരീക്ഷത്തില്‍ വല്ലാതെ ഭയന്നാണ് അമ്മ വീട്ടില്‍ ഇരുന്നത്. മനസിലെ ഭയവും ഭാരങ്ങളും എല്ലാം പങ്കുവച്ച് അമ്മ ഒരുപാട് കരഞ്ഞു. എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഞാനും. ഓടി അടുത്തുചെന്ന് അമ്മയെ ചേര്‍ത്തുപിടിക്കാനും കൂടെ നില്‍ക്കാനും മനസ് വെമ്പി, പക്ഷേ ഏറെ അകലെ മറ്റൊരു ഭൂഖണ്ഡത്തിലിരിക്കുന്ന ഞാന്‍ എന്തുചെയ്യാന്‍?
അമ്മയുമായുള്ള സംഭാഷണം അവസാനിച്ചപ്പോള്‍ വിങ്ങിപ്പൊട്ടുന്ന ഹൃദയത്തോടെ ഞാന്‍ ഈശോയ്ക്കുമുമ്പില്‍ മുട്ടുകുത്തി. അമ്മയെ ഓര്‍ക്കുംതോറും കരച്ചില്‍ അടക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. എന്റെ കരച്ചില്‍കേട്ട് കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരനായ ഇളയ മകന്‍ ഓടി അടുത്തെത്തി. അവനും ഞാനും മാത്രമേ അപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. പതിവില്ലാത്ത സമയത്ത് അമ്മ പ്രാര്‍ത്ഥിക്കുന്നതും കരയുന്നതും കണ്ട കുഞ്ഞ് ഉത്കണ്ഠയോടെ കാര്യം തിരക്കി.

അവന് മനസിലാകുന്ന രീതിയില്‍ ഞാന്‍ വിശദീകരിച്ചു: ”അമ്മാമ്മ അവിടെ തനിച്ചാണ് മോനേ. തത്ത (അവന്‍ എന്റെ അനിയത്തിയെ വിളിക്കുന്ന പേര്) പോയിക്കഴിഞ്ഞാല്‍ അമ്മാമ്മയ്ക്ക് വലിയ പേടിയാണ്, പ്രത്യേകിച്ച് ഇടിവെട്ടും മഴയും ഒക്കെ ഉള്ളപ്പോള്‍. എന്തുചെയ്യണം എന്നറിയില്ല.” ഗദ്ഗദത്തോടെ ഞാന്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ കുഞ്ഞിക്കണ്ണുകള്‍ വിടര്‍ത്തി അവിശ്വസനീയതയോടെ അവന്‍ എന്നെ നോക്കി. എന്നിട്ട് ആശ്ചര്യം നിറഞ്ഞ ശബ്ദത്തില്‍ വ്യക്തമായി ചോദിച്ചു, ”അപ്പോ അമ്മാമേടെ വീട്ടില്‍ ഈശോ ഇല്ലേ?” (പിന്നെ എന്തിന് ഭയപ്പെടുന്നു എന്ന് സാരം).

നിഷ്‌കളങ്കവും എന്നാല്‍ വിശ്വാസദൃഢവുമായ ആ ചോദ്യം എന്നെ പിടിച്ചുകുലുക്കി. ആ കുഞ്ഞുമുഖത്ത് തെളിഞ്ഞുകണ്ട ഈശോയോടുള്ള അതിയായ സ്‌നേഹവും വിശ്വാസവും കണ്ണുകളിലെ തിളക്കവും എല്ലാം എന്റെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു. ഒരു നിമിഷംപോലും പിരിയാതെ കൂടെ നടക്കുന്ന സ്‌നേഹമാണ് ഈശോ എന്നും അവിടുന്ന് ഉള്ളിടത്ത് യാതൊരു ഭയത്തിന്റെയും ആകുലതയുടെയും ആവശ്യമില്ലെന്നും ഒരു മൂന്നു വയസുകാരനിലൂടെ വന്ന ഓര്‍മപ്പെടുത്തല്‍ ആ സാഹചര്യത്തെ കുറെക്കൂടി ധൈര്യത്തിലും സമാധാനത്തിലും നോക്കിക്കാണാന്‍ എന്നെ സഹായിച്ചു.

നമ്മള്‍ ഓരോരുത്തരും മക്കള്‍ക്ക് പറഞ്ഞു കൊടുക്കുന്ന പാഠങ്ങളാണ്, ഈശോ എന്ന വേര്‍പിരിയാത്ത സ്‌നേഹത്തെയും കരുതലിനെയുംപറ്റി. കുഞ്ഞുങ്ങള്‍ എന്തെങ്കിലും ഭയത്തെപ്പറ്റി പറയുമ്പോഴൊക്കെ നാം പറയാറില്ലേ, ”എന്തിനാ പേടിക്കുന്നേ? ഈശോ ഇല്ലേ കുഞ്ഞിന്റെ കൂടെ?”
പക്ഷേ പറയുന്ന നമ്മള്‍ അത് മറന്നുപോകുന്നു. എങ്കിലും കുഞ്ഞുമനസുകള്‍ ആ സത്യം പൂര്‍ണഹൃദയത്തോടെ സംശയലേശമെന്യേ ഉള്‍ക്കൊള്ളുന്നു, ഈശോയുടെ സ്‌നേഹത്തിലും പരിപാലനയിലും നിഷ്‌കളങ്കമായി ആശ്രയിക്കുന്നു. അതുകൊണ്ടായിരിക്കാം ശിശുക്കളെപ്പോലെ ആകുവാന്‍ ഈശോ നമ്മളോട് ആഹ്വാനം ചെയ്തത്; ”സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല” (മര്‍ക്കോസ് 10:15).

ഈശോ ആഗ്രഹിക്കുന്നതുപോലെ കുഞ്ഞുങ്ങളുടേതുപോലുള്ള ഹൃദയത്തിന് ഉടമകളാകാന്‍ നമുക്ക് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം. ലളിതവും എന്നാല്‍ ദൃഢവുമായ വിശ്വാസത്തോടെ കര്‍ത്താവിന്റെ സ്‌നേഹത്തില്‍ പൂര്‍ണമായും ആശ്രയിച്ച്, ആ കരം പിടിച്ചുകൊണ്ട് ജീവിതയാത്രയില്‍ പതറാതെ മുന്നേറുവാന്‍ അവിടുന്ന് നമ്മെ അനുഗ്രഹിക്കട്ടെ.