ബിസിനസുകാരന്‍ യുവാവ് വിളി മനസിലാക്കിയത് എങ്ങനെ ? – Shalom Times Shalom Times |
Welcome to Shalom Times

ബിസിനസുകാരന്‍ യുവാവ് വിളി മനസിലാക്കിയത് എങ്ങനെ ?

നല്ല വരുമാനമുള്ള ജോലി, നല്ല രണ്ട് വീടുകള്‍, രണ്ട് കാറുകള്‍, ബോട്ട് – എല്ലാം സ്വന്തമായുണ്ട്. പോരാത്തതിന് സുന്ദരിയായ ഒരു പെണ്‍കുട്ടിയുമായി വിവാഹവും നിശ്ചയിച്ചിരിക്കുന്നു. ഒരു യുവാവിനെ സംബന്ധിച്ച് ഇതില്‍ക്കൂടുതല്‍ എന്ത് വേണം?

പക്ഷേ യു.എസിലെ നോര്‍ത്ത് കരോലിന സ്വദേശിയായ ക്രിസ് ഏലറിന് അപ്പോഴും എന്തോ ശൂന്യത അനുഭവപ്പെട്ടുകൊണ്ടിരുന്നു. ജീവിതത്തില്‍ യഥാര്‍ത്ഥ ആനന്ദം ലഭിക്കുന്നില്ലെന്നുള്ള ഒരു തോന്നല്‍…
ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടിയിരുന്ന ക്രിസ് കുറച്ചുനാള്‍ ഡിട്രോയിറ്റില്‍ നല്ലൊരു സ്ഥാപനത്തില്‍ എന്‍ജിനീയറിംഗ് മാനേജരായി ജോലി ചെയ്യുകയായിരുന്നു. പിന്നീട് 2000-ത്തില്‍ നോര്‍ത്ത് കരോലിനയില്‍ത്തന്നെ നല്ലൊരു ബിസിനസ് ആരംഭിച്ചു. അത് ഏറെ വിജയകരമായി മാറുകയും ചെയ്തു. എന്നാല്‍ ആയിടെ അവനെ പിടിച്ചുകുലുക്കിയ ഒരു സംഭവം ഉണ്ടായി,
ഗ്രാന്റ്മാ (മുത്തശ്ശി)യുടെ മരണം. അതൊരു ആത്മഹത്യയായിരുന്നു. തന്റെ ഗ്രാന്റ്മായുടെ ആത്മാവ് നഷ്ടപ്പെട്ടുപോയി എന്ന് ക്രിസ് ചിന്തിച്ചു. അതവന് സങ്കടകരവുമായിരുന്നു.

‘സ്റ്റക്ക്’ ആയ സ്റ്റിയറിംഗ്
ആ നാളുകളില്‍ ഒരു വൈകുന്നേരം കാറില്‍ തനിയെ യാത്ര ചെയ്യുകയായിരുന്നു ക്രിസ്. പെട്ടെന്ന് കാറിന്റെ സ്റ്റീയറിങ്ങ് ‘സ്റ്റക്ക്’ ആയി. എത്ര ശ്രമിച്ചിട്ടും കാര്‍ നിയന്ത്രണത്തിലാകുന്നില്ല. ഒടുവില്‍ അടുത്തു കണ്ട പാര്‍ക്കിങ്ങ് സ്ഥലത്തേക്ക് കാര്‍ ഒരുവിധം ഓടിച്ചു കയറ്റി. അതൊരു കത്തോലിക്കാ പള്ളിയുടെ പാര്‍ക്കിങ്ങ് സ്ഥലമായിരുന്നു. സഹായത്തിനായി ആരെയെങ്കിലും കിട്ടുമോ എന്നറിയാന്‍ അവന്‍ ആ പള്ളിമുറ്റത്തേക്ക് നടന്നു.
പക്ഷേ എല്ലാ വാതിലുകളും അടച്ചിരിക്കുകയാണ്. നിരാശയോടെ തിരികെ നടക്കാന്‍ തുടങ്ങുന്നതിനിടയില്‍ ശ്രദ്ധയില്‍പ്പെട്ടു, അവസാന വാതില്‍ തുറന്നിരിക്കുകയാണ്. അവന്‍ ഉള്ളിലേക്ക് കടന്നു. അവിടെ വൈകുന്നേരത്തെ ദിവ്യകാരുണ്യ ആരാധന നടക്കുന്ന സമയമായിരുന്നു അത്. ആരോ അവനെ അവിടെ തടഞ്ഞുനിര്‍ത്തിയതുപോലെ… അതിനാല്‍ മുഴുവന്‍ ആരാധനയിലും അവന്‍ പങ്കുചേര്‍ന്നു. പിന്നെ അവിടെനിന്ന് പുറത്തിറങ്ങിയത് പഴയ ക്രിസ് ആയിരുന്നില്ല.

അവന്‍ തേടിനടന്ന, അവനെ ഭാരപ്പെടുത്തിയിരുന്ന, സകല ചോദ്യങ്ങള്‍ക്കും അവിടെ ആ ആരാധനയില്‍ ഉത്തരം ലഭിച്ചു. ആ സമയം മുതല്‍ അവന്റെ ജീവിതം മാറിമറിഞ്ഞു, ഒരു ദിശാമാറ്റം. അന്നുവരെയും മറ്റ് അനേകരെപ്പോലെ സൗകര്യം അനുസരിച്ച് പള്ളിയില്‍ പോകുന്ന ആളായിരുന്നു ക്രിസ്. എന്നാല്‍, അതുവരെയുള്ള സകല ശീലങ്ങളും അവന്‍ ഉപേക്ഷിച്ചു.

കുമ്പസാരത്തിലെ ‘ട്വിസ്റ്റ്’
ആ ആരാധനക്കുശേഷം ക്രിസ് ദിവസവും പള്ളിയില്‍ പോകുവാന്‍ തുടങ്ങി. ആഴമായി അനുതപിച്ച് ഒരു കുമ്പസാരം നടത്തണമെന്ന് അവനു തോന്നി. കുമ്പസാരത്തിനായി നല്ലവണ്ണം തയ്യാറെടുത്ത് വൈദികനെ സമീപിക്കുകയായിരുന്നു തുടര്‍ന്ന് ചെയ്തത്. നരകത്തിലാണെന്ന് കരുതി തന്റെ പൂര്‍വ്വികര്‍ക്ക് വേണ്ടി പ്രത്യേകിച്ച് ഇതുവരെ താന്‍ പ്രാര്‍ത്ഥിച്ചിട്ടില്ലാ എന്ന് കുമ്പസാരത്തിനിടയില്‍ വൈദികനോട് പറഞ്ഞു. പ്രധാനമായും ഗ്രാന്റ്മായുടെ കാര്യമായിരുന്നു അപ്പോള്‍ മനസില്‍.

ആ വൈദികന്‍ അവനോട് ദൈവകരുണയുടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാനാണ് നിര്‍ദേശിച്ചത്. എന്നാല്‍ അത്ര സജീവ വിശ്വാസജീവിതമൊന്നുമില്ലാതിരുന്ന ക്രിസ് അതൊക്കെ എങ്ങനെ അറിയാന്‍? അക്കാര്യം അവന്‍ വൈദികനോട് തുറന്നുപറഞ്ഞു. അദ്ദേഹം വിവേകപൂര്‍വം പ്രവര്‍ത്തിച്ചു. അവന് ദൈവകരുണയുടെ പ്രാര്‍ത്ഥന അടങ്ങിയ ഒരു കാര്‍ഡ് നല്‍കുകയും അത് നോക്കി ചൊല്ലുവാന്‍ അവനോട് ആവശ്യപ്പെടുകയും ചെയ്തു. ക്രിസ് ആ പ്രാര്‍ത്ഥന ചൊല്ലുവാന്‍ തുടങ്ങി. അവന്‍പോലുമറിയാതെ അത് അവന്റെ ജീവിതത്തിന്റെ ഭാഗമായി.
തനിക്ക് സമ്മാനിക്കപ്പെട്ട വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയും വലിയൊരു മാറ്റമാണ് ക്രിസിന് നല്കിയത്. അതില്‍ ആത്മഹത്യ ചെയ്തവരുടെ ആത്മാക്കളെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങള്‍ അവന്‍ കണ്ടെത്തി.

വാസ്തവത്തില്‍, ആത്മഹത്യ ചെയ്തു എന്നതിനാല്‍മാത്രം ഒരാളുടെ ആത്മാവ് നഷ്ടപ്പെടുന്നില്ല എന്നാണ് കത്തോലിക്കാസഭ പഠിപ്പിക്കുന്നതെന്നും തുടര്‍ന്ന് ക്രിസ് മനസിലാക്കി. ഗ്രാന്റ ്മായുടെ കാര്യത്തില്‍ ക്രിസിന് അത് വലിയ പ്രത്യാശയാണ് പകര്‍ന്നത്. ദൈവകരുണയെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനും അത് കാരണമായി.
ഒടുവില്‍ കരുണയുടെ ജപമാല അച്ചടിച്ച പ്രാര്‍ത്ഥനകാര്‍ഡുപോലും ക്രിസിന്റെ ജീവിതത്തില്‍ സുപ്രധാനമായി മാറി. അതിനു താഴെ കൊടുത്ത Marians of the Immaculate Conception എന്ന സന്യാസസഭയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഒരു ആഗ്രഹം. ആ അന്വേഷണങ്ങളാകട്ടെ അവനെ ആ സഭയില്‍ ചേരുന്നതിന് പ്രേരിപ്പിച്ചു. അതിന്റെ ഫലമായി 2006-ല്‍ അവന്‍ ആ സഭയില്‍ ചേര്‍ന്നു. പക്ഷേ ദൈവവിളിയോട് പ്രത്യുത്തരിക്കുക അത്ര സുഗമമൊന്നുമായിരുന്നില്ല. സഭയില്‍ ചേര്‍ന്നെങ്കിലും തന്റെ വിളിയില്‍ ക്രിസിന് ആകെ സംശയം. അതിനൊടുവില്‍ അവന്‍ വ്രതം നവീകരിക്കാതെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി. വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയുമായി വീണ്ടും അടുത്തു.

ദൈവവിളി തിരിച്ചറിഞ്ഞ പെണ്‍കുട്ടി
ക്രിസ് ദൈവസ്വരം തിരിച്ചറിഞ്ഞില്ലെങ്കിലും ആ പെണ്‍കുട്ടി ദൈവത്തിന്റെ സ്വരം കേട്ടു. ക്രിസ് ഒരു വൈദികനാകേണ്ട ആളാണെന്ന് അവള്‍ മനസിലാക്കി. അതിനാല്‍ത്തന്നെ ക്രിസ് വൈദികപരിശീലനത്തിന് തിരികെ പോകണമെന്ന് പറഞ്ഞത് അവളാണ്. അങ്ങനെ അവളിലൂടെ ക്രിസ് തന്റെ വിളി വീണ്ടും തിരിച്ചറിയുകയും സഭയില്‍ ചേരുകയും ചെയ്തു. തുടര്‍ന്ന് വ്രതം നവീകരിച്ചു, പഠനം പൂര്‍ത്തിയാക്കി. അങ്ങനെ 2014-ല്‍ പൗരോഹിത്യാഭിഷേകം സ്വീകരിച്ച് ഫാ. ക്രിസ് ഏലര്‍ ആയി മാറി.

ദിവ്യകാരുണ്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന മരിയന്‍ അപ്പസ്‌തോലേറ്റായ Association of Marian Helpers ന്റെ ഡയറക്ടറായി ശുശ്രൂഷ ചെയ്തു വരികയാണ് ഇപ്പോള്‍ ഫാ. ക്രിസ് ഏലര്‍. ഭക്തവസ്തുക്കളുടെ നിര്‍മ്മാണവും പുസ്തക രചനയും പ്രിന്റിംഗും വിതരണവും ഇന്റര്‍നെറ്റ് ഉപയോഗിച്ചുളള പ്രേഷിത പ്രവര്‍ത്തനങ്ങളുമെല്ലാം കൈകാര്യം ചെയ്യുന്ന സംഘത്തെ നയിക്കുന്നതും സഭയുടെ പ്രസിന്റെ ചുമതല വഹിക്കുന്നതും ഇന്ന് ഫാ. ക്രിസ് ആണ്. ബിസിനസ് രംഗത്തുനിന്ന് ലഭിച്ച പരിചയം ഇന്ന് തന്റെ ദൗത്യത്തില്‍ സഹായകമാകുന്നുണ്ട് എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ”ആകാശം ഭൂമിയെ ക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്രേ” (ഏശയ്യാ 55:9). ദൈവത്തിന്റെ അനന്തജ്ഞാനത്തില്‍നിന്ന് ഉരുത്തിരിയുന്ന പദ്ധതികളെല്ലാം ഏറ്റവും മനോഹരമാണെന്നതിന്റെ ഒരു ഉദാഹരണംകൂടിയാണ് ഫാ. ക്രിസ് ഏലറിന്റെ ജീവിതം.