കരയിപ്പിച്ച 50 ഡോളര്‍ ! – Shalom Times Shalom Times |
Welcome to Shalom Times

കരയിപ്പിച്ച 50 ഡോളര്‍ !

ലിന്‍ഡാ ഷൂബര്‍ട്ട് എന്ന വനിതയുടെ അനുഭവം. ഒരു ദിവസം അവര്‍ ദൈവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കവേ, അവരുടെ സുഹൃത്തായ കരോള്‍ തൊട്ടരികില്‍ വന്നിരുന്നു. അപ്പോള്‍ ഈശോനാഥന്‍ ലിന്‍ഡയോട് ഇങ്ങനെ ചോദിച്ചു, ‘നിന്റെ ബാഗിലുള്ള 50 ഡോളര്‍ എന്റേതാണോ?’
‘അതേ നാഥാ’ എന്നു ലിന്‍ഡ ഉത്തരം പറഞ്ഞു.
‘അത് കരോളിനു കൊടുക്കണമെന്ന് ഞാനാഗ്രഹിക്കുന്നു.’ ലിന്‍ഡക്ക് മറുത്തു പറയുന്നതിനാണ് ആദ്യം തോന്നിയത്. എന്നാല്‍ ഉടനെതന്നെ അവര്‍ അനുതപിക്കുകയും ബാഗ് തുറന്ന് 50 ഡോളര്‍ എടുത്ത് കരോളിനുനേരെ നീട്ടുകയും ചെയ്തു.

തുടര്‍ന്ന് ഇങ്ങനെ പറഞ്ഞു, ‘കരോള്‍, നിനക്ക് ഇത് തരുന്നതിന് ഇപ്പോള്‍ നാഥന്‍ എന്നോടു പറഞ്ഞു.’
ലിന്‍ഡയുടെ വാക്കുകള്‍ കേട്ടതേ കരോള്‍ കരയുവാനാരംഭിച്ചു, ‘എന്റെ അക്കൗണ്ടില്‍ പണമില്ല. പക്ഷേ ഞാന്‍ 45 ഡോളറിന്റെ ചെക്ക് എഴുതി പലചരക്കുകടയില്‍ കൊടുത്തിരുന്നു. ചെക്ക് മടങ്ങുമെന്ന് അറിഞ്ഞിരുന്നിട്ടും എന്റെ മക്കള്‍ക്ക് ആഹാരം മുടങ്ങാതിരിക്കാനാണ് ഞാന്‍ അതു ചെയ്തത്.’ കരോളിന്റെയും ലിന്‍ഡയുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. അവര്‍ പരസ്പരം ആലിംഗനം ചെയ്ത് ദൈവത്തിന് നന്ദി പറഞ്ഞ് പ്രാര്‍ത്ഥിച്ചു.

ലിന്‍ഡ അതെക്കുറിച്ച് പിന്നീട് പറഞ്ഞതിങ്ങനെയാണ്, ‘കാറോടിച്ചു വീട്ടിലേക്കു തിരിച്ചുപോകുമ്പോള്‍ ഞാന്‍ ഏറെ ചിന്താവിവശയായിരുന്നു. നാഥന്‍ പണ്ടൊക്കെ ഇങ്ങനെ എന്നെ ദാനധര്‍മ്മത്തിനു പ്രേരിപ്പിച്ചപ്പോള്‍ ഹൃദയം കഠിനമാക്കിയതിനെയോര്‍ത്തു ഞാന്‍ അനുതപിച്ചു.’
”എന്തെന്നാല്‍, അവിടുന്നാണ് നമ്മുടെ ദൈവം. നാം അവിടുന്നു മേയ്ക്കുന്ന ജനവും; അവിടുന്നു പരിപാലിക്കുന്ന അജഗണം. നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍! മെരീബായില്‍, മരുഭൂമിയിലെ മാസായില്‍, ചെയ്തതുപോലെ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്” (സങ്കീര്‍ത്തനങ്ങള്‍ 95:7-8).
ഫാ. റോബര്‍ട്ട് ഡി ഗ്രാന്‍ഡിസ്