ഒരു മറവിക്ക് വില ഒന്നേകാല്‍ കോടി! – Shalom Times Shalom Times |
Welcome to Shalom Times

ഒരു മറവിക്ക് വില ഒന്നേകാല്‍ കോടി!

സംഭവം നടക്കുന്നത് കൊല്‍ക്കത്ത വിമാനത്താവളത്തിലാണ്. എയര്‍ ഇന്ത്യ വിമാനക്കമ്പനി അവരുടെ ബോയിങ്ങ് 737- 200 വിമാനം അവിടെ നിറുത്തിയിട്ടത് നീണ്ട 13 വര്‍ഷമാണ്. കമ്പനിതന്നെ അങ്ങനെ ഒരു വിമാനം തങ്ങള്‍ക്കുള്ള കാര്യം മറന്നുപോയി. ആ മറവിക്ക് എയര്‍ ഇന്ത്യ വിലയായി നല്‌കേണ്ടി വന്നത് ഒന്നേകാല്‍ കോടി രൂപയാണ്.
100 കോടിയോളം വിലമതിക്കുന്ന ഒരു എയര്‍ക്രാഫ്റ്റ് വെയിലും മഴയുംകൊണ്ട് നീണ്ട വര്‍ഷങ്ങളാണ് അനാഥമായിക്കിടന്നത്. അങ്ങനെയൊരു വിമാനം തങ്ങളുടെ രേഖകളില്‍ ഇല്ല എന്നതായിരുന്നു ആദ്യം ‘എയര്‍ ഇന്ത്യ’യുടെ പ്രതികരണം. 1982 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തില്‍ വിവിധ വകുപ്പുകളുടെ കീഴില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ആ വിമാനം ഉപയോഗിക്കപ്പെട്ടതാണ്. എന്നാല്‍ വിമാനക്കമ്പനി സ്വകാര്യവത്കരിച്ചപ്പോള്‍ കൈമാറ്റം ചെയ്യപ്പെട്ട വസ്തുവകകളുടെ കൂട്ടത്തില്‍ വിമാനത്തെ ഉള്‍പ്പെടുത്താന്‍ വിട്ടുപോയി. അങ്ങനെ രേഖകളില്‍ ഉള്‍പ്പെടാതെപോയതിനാല്‍ വിസ്മരിക്കപ്പെട്ട ഈ വിമാനം 1.25 കോടി രൂപ പിഴയടച്ച് 2025 നവംബര്‍ 14 മുതല്‍ എയര്‍ ഇന്ത്യ ഏറ്റെടുത്തു.

100 കോടിയോളം വിലയുള്ള വിമാനം വിസ്മരിക്കപ്പെടുക എന്നത് തികച്ചും അസംഭവ്യമായിരുന്നു.എന്നിട്ടും അത് സംഭവിച്ചു. ഇതുപോലെ നമ്മുടെ ജീവിതത്തിലും ഏറ്റവും പ്രധാനപ്പെട്ടതും അമൂല്യവുമായ പലതിനെയും നാം വിസ്മരിച്ചുകളയാറുണ്ട്.
ആയുസും ആരോഗ്യവുമുള്ള കാലങ്ങളില്‍ മാതാപിതാക്കളെ ആശ്രയിച്ച് ജീവിക്കുകയും ഉന്നതിയിലെത്തുമ്പോള്‍ അവര്‍ ഭാരമായി തോന്നുകയും അവരെ ശുശ്രൂഷിക്കുന്നത് ബാധ്യതയായി കരുതുകയും ചെയ്യുന്ന മക്കളും മരുമക്കളും നമുക്കിടയില്‍തന്നെയുണ്ട്. അവരും വിമാനക്കമ്പനി നല്കിയതുപോലെ പിഴ നല്‌കേണ്ടി വരും. ദൈവസന്നിധിയിലാണ് ആ പിഴ നല്‌കേണ്ടിവരുന്നത് എന്ന വ്യത്യാസം മാത്രം. വചനം നമ്മെ ഓര്‍മിപ്പിക്കുന്നു ”മാതാപിതാക്കന്‍മാരാണു നിനക്കു ജന്‍മം നല്‍കിയതെന്ന് ഓര്‍ക്കുക; നിനക്ക് അവരുടെ ദാനത്തിന് എന്തു പ്രതിഫലം നല്‍കാന്‍ കഴിയും?” (പ്രഭാഷകന്‍ 7:28).

ഇതുപോലെതന്നെ നാം മറന്നുപോകുന്ന മറ്റു പലതും ഉണ്ട്.
ഒരിക്കല്‍ നടത്തിയ സമര്‍പ്പണം…
ജീവിതലക്ഷ്യം…
വിവിധ സന്ദര്‍ഭങ്ങളിലായി നാം ദൈവതിരുമുമ്പില്‍ എടുത്ത തീരുമാനങ്ങള്‍..
സന്തോഷവും സ്ഥാനമാനങ്ങളും സമ്പത്തും തേടിയുള്ള തിരക്കുകള്‍ക്കിടയില്‍ വിസ്മരിക്കപ്പെട്ടുപോകുന്ന ജീവിതമൂല്യങ്ങളും ധാരാളമാണ്. ഒടുവില്‍ എയര്‍ ഇന്ത്യ പിഴയടച്ചതുപോലെ, പരിഹാരത്തിന്റെയും വീണ്ടെടുപ്പിന്റെയും വഴിയിലൂടെ നമ്മളും നടക്കേണ്ടിവരും.

സ്വന്തം വീടിനെ മറന്ന് ജീവിക്കുന്നവരും ദൈവാലയത്തിനും കൂദാശകള്‍ക്കും മനസില്‍ ഇടം കൊടുക്കാത്തവരും എയര്‍ ഇന്ത്യയ്ക്ക് പറ്റിയ അബദ്ധം ഓര്‍ത്തു ചിരിക്കും. പക്ഷേ ബോയിംഗ് 737-നെക്കാള്‍ വിലയേറിയ പലതും സ്വന്തം ജീവിതത്തില്‍നിന്നും വിസ്മൃതിയിലേക്ക് തള്ളിയത് അവരോര്‍ക്കുന്നില്ല. ധൂര്‍ത്തപുത്രന്‍ പിതാവിന്റെ സ്‌നേഹത്തെയും സ്വന്തം ഭവനത്തെയും ഓര്‍ത്തത് പന്നിക്കുഴിയില്‍ ജീവിതം അകപ്പെട്ടപ്പോഴാണ്. അത്രയും തകരാന്‍ കാത്തിരിക്കാതെ തിരിച്ചറിവും തിരിച്ചുപോക്കും സാധ്യമാക്കാനാണ് നോമ്പുകാലം. കൈമോശം വന്നതിനെ കണ്ടെത്തി വീണ്ടെടുക്കുവാന്‍ ദൈവം നമുക്കു തരുന്ന അവസരങ്ങള്‍ നഷ്ടമാക്കാതെയിരിക്കാം.
”നിനക്ക് ആദ്യമുണ്ടായിരുന്ന സ്‌നേഹം നീ കൈവെടിഞ്ഞു. അതിനാല്‍ നീ ഏതവസ്ഥയില്‍നിന്നാണ് അധഃപതിച്ചതെന്ന് ചിന്തിക്കുക. അനുതപിച്ച് ആദ്യത്തെ പ്രവൃത്തികള്‍ ചെയ്യുക” (വെളിപാട് 2:4-5).

സോളമന്‍