നഴ്‌സിംഗ് രണ്ടാം വര്‍ഷം പഠിക്കുന്ന കാലം. ഒരു ദിവസം പെട്ടെന്ന് ശക്തമായ വയറുവേദന. സ്‌കാന്‍ ചെയ്തപ്പോള്‍ വലത് ഓവറിയില്‍ ചെറിയൊരു മുഴ. അവധിസമയത്ത് പോയി ഡോക്ടറെ കണ്ടു. ഗുളിക കഴിച്ച് മാറ്റാന്‍ പറ്റുന്ന വലുപ്പം കഴിഞ്ഞു, സര്‍ജറി വേണം എന്നതായിരുന്നു ഡോക്ടറുടെ നിര്‍ദേശം. നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആയതുകൊണ്ട് ആ തീരുമാനം എനിക്ക് സ്വീകാര്യമായില്ല. ആലോചിച്ച് തീരുമാനിക്കാം എന്ന് പറഞ്ഞു മടങ്ങിപ്പോന്നു. വീണ്ടും മാസങ്ങള്‍ കടന്നു പോയി. വയറുവേദന കൂടുതല്‍ ശക്തമായിക്കൊണ്ടിരുന്നു. വേറെ വഴി ഇല്ലാതെ രണ്ടാമതൊരു സ്‌കാന്‍ ചെയ്തു നോക്കി. പഴയതിലും കൂടുതല്‍ വലിപ്പത്തിലായിരിക്കുന്നു മുഴ. വീണ്ടും അതേ ഗൈനെക്കോളജിസ്റ്റിനെ കാണാന്‍ ചെന്നു. ഓണാവധിക്ക് സര്‍ജറി ചെയ്യാന്‍ തീയതി കുറിച്ച് തിരിച്ചു വരികയും ചെയ്തു. വീണ്ടും കോളേജിലെത്തി പഠനം തുടര്‍ന്നു. കുറച്ച് ദിവസങ്ങള്‍ അങ്ങനെ കടന്നുപോയി.
ഇനി പത്ത് ദിവസങ്ങള്‍ കഴിഞ്ഞ് സര്‍ജറി ആണ്. നഴ്‌സിംഗ് കോളേജില്‍നിന്ന് വലിയ യാത്രയയപ്പാണ് എനിക്ക് കിട്ടിയത്. സുഹൃത്തുക്കളുടെ പ്രാര്‍ത്ഥനാശംസകളും ധൈര്യപ്പെടുത്തലുകളും എല്ലാം മനസ്സിന്റെ ഭാരം അല്പം കുറച്ചു. വീട്ടില്‍ ഇനി പത്തു ദിവസങ്ങള്‍ പൂര്‍ണ്ണ വിശ്രമം.
ഒരിടത്തും അടങ്ങി ഇരുന്നു പണ്ടേ ശീലം ഇല്ലാത്തതു കൊണ്ട് പത്തു ദിവസം എങ്ങനെ കടന്നുപോകും എന്നത് ഒരു പ്രശ്‌നമായിരുന്നു. വാടകവീട്ടില്‍ ആണ് താമസം. റോഡിലൂടെ ആളുകളും വാഹനങ്ങളും കടന്നു പോവുന്നത് നോക്കി ഹാളില്‍ മണിക്കൂറുകള്‍ ചെലവഴിക്കും. ഇരിക്കുന്ന സോഫാക്കരികില്‍ ഈശോയുടെ തിരുഹൃദയ രൂപം ഉണ്ട്. ചിലപ്പോള്‍ തോന്നും ഈശോ എന്നെത്തന്നെ നോക്കി ഇരിക്കുകയാണെന്ന്.
അമ്മ നടന്നു വരുന്നു. കയ്യില്‍ നിറയെ തുണികള്‍. കഴുകാന്‍ മുറ്റത്തേക്ക് പോവുന്ന തിരക്കില്‍ ചെറിയൊരു ഉപദേശം, ”ഇങ്ങനെ റോഡില്‍ പോകുന്നവരുടെ കണക്കെടുത്തിരിക്കാതെ ദൈവത്തോട് പ്രാര്‍ത്ഥിക്ക്…”’അമ്മ പുറത്തേക്ക് പോയി. ഈശോയെ ഞാന്‍ തിരിഞ്ഞൊന്നു നോക്കി.
‘എല്ലാം ചെയ്തു വച്ചിട്ട് ഇരിക്കുന്നത് കണ്ടില്ലേ?’ എന്നില്‍ ദേഷ്യം അല്പം ആളിക്കത്തി. ”അല്ല ഈശോയേ, എന്റെ ദേഹം കത്തി കൊണ്ട് മുറിക്കണം എന്ന് നിനക്ക് അത്രയ്ക്ക് ആഗ്രഹം ആണോ?” ഈശോ നിശബ്ദത തുടര്‍ന്നു. കൂടുതല്‍ എന്തെങ്കിലും പറയണം എന്ന് എനിക്കും തോന്നിയില്ല.
അമ്മ വീണ്ടും രംഗപ്രവേശം ചെയ്തു. എന്നിട്ട് അമ്മയുടെ ഒരു സാക്ഷ്യം പറഞ്ഞു. കുറച്ചു കാലം മുന്‍പ് അമ്മയുടെ കിഡ്‌നിയില്‍ വലിയ കല്ലുകള്‍ മൂലം ബ്ലോക്ക് ഉണ്ടായി. അമ്മയോടും ഡോക്ടര്‍ ഓപ്പറേഷന്‍ ആണ് നിര്‍ദേശിച്ചത്. അമ്മ തുടര്‍ന്നു, ”ഞാന്‍ എന്റെ കിഡ്‌നിയിലെ കല്ലുകള്‍ ദൈവവചനത്തിന്റെ ശക്തിയാല്‍ പൊടിച്ചു തരണമേ എന്ന് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി ബ്ലോക്ക് ഉണ്ടാക്കിയ കല്ലുകള്‍ ഓപ്പറേഷന്‍ കൂടാതെ പൊടിഞ്ഞു പോയി.” അമ്മ അന്ന് ആവര്‍ത്തിച്ചു പറഞ്ഞു പ്രാര്‍ത്ഥിച്ചത് ജറെമിയാ 23/29 വചനമായിരുന്നു, ”എന്റെ വചനം അഗ്‌നി പോലെയും പാറയെ തകര്‍ക്കുന്ന കൂടംപോലെയുമല്ലേ? കര്‍ത്താവ് ചോദിക്കുന്നു.”
ഒരു അത്ഭുതകഥപോലെ ഞാന്‍ അമ്മയുടെ വാക്കുകള്‍ കേട്ടിരുന്നു. പഠിക്കുന്ന കാലഘട്ടത്തില്‍ സാധാരണ എല്ലാവര്‍ക്കും തോന്നുന്നപോലെ ഞാനും ചിന്തിച്ചു, ഇതൊക്കെ നടക്കുന്ന കാര്യം ആണോ? ബൈബിളില്‍നിന്ന് ഒരു വചനം ഏറ്റു പറഞ്ഞപ്പോള്‍ കിഡ്‌നിയിലെ കല്ലുകള്‍ പൊടിയുക! എന്തായാലും ഒരു പരീക്ഷണം നടത്താന്‍ ഞാനും തീരുമാനിച്ചു.
കൂട്ടിന് കയ്യില്‍ കരുതുന്ന ജപമാല ഞാന്‍ കയ്യിലെടുത്തു. ജപമാലമണികളില്‍ അതേ ദൈവവചനം ആവര്‍ത്തിച്ച് ഉരുവിട്ടുകൊണ്ടിരുന്നു. ഈശോയോട് ഒരു വാക്ക്. ”ഈശോയേ, ഈ മുഴ മുഴുവനായും മാറ്റിത്തരാന്‍ ഞാന്‍ പറയുന്നില്ല. സൈസ് കുറച്ചു തന്ന് മരുന്ന് കഴിച്ചാല്‍ മാറുന്ന അവസ്ഥയില്‍ ആക്കിത്തന്നാല്‍ മതി.” ആവശ്യം എന്റേത് ആയതുകൊണ്ട് ഈശോയെ സോപ്പിടാതെ എന്ത് ചെയ്യും?
ഏഴ് ദിവസങ്ങള്‍ അങ്ങനെ കടന്നുപോയി. എത്ര തവണ ദൈവവചനം ഉരുവിട്ടു എന്നെനിക്കറിയില്ല. എല്ലായ്‌പോഴും കയ്യില്‍ ജപമാല ഉണ്ടായിരുന്നു, ദൈവവചനം ആവര്‍ത്തിച്ച് ഉരുവിട്ടു കൊണ്ട്… ഇപ്പോള്‍ വയറിനു വേദന അനുഭവപ്പെടുന്നില്ല എന്നൊരു തോന്നല്‍. മനസ്സില്‍ ഒരു ആഗ്രഹം, ഒന്നു കൂടെ സ്‌കാന്‍ ചെയ്തു നോക്കിയാലോ… ആഗ്രഹവുമായി അമ്മയെ സമീപിച്ചു… അമ്മയുടെ മറുപടി ഇങ്ങനെ, ”മൂന്ന് ദിവസം കഴിഞ്ഞാല്‍ അഡ്മിറ്റ് ആവേണ്ടതല്ലേ .അപ്പോള്‍ വീണ്ടും സ്‌കാന്‍ ചെയ്യേണ്ടതുണ്ട്. അത് മതി. വെറുതെ എന്തിനാണ് പൈസ ചെലവാക്കുന്നത്?”
അമ്മയുടെ മറുപടി ന്യായമാണ്. സാമ്പത്തിക സ്ഥിതി അത്ര നല്ലതല്ല. പക്ഷേ എത്ര ശ്രമിച്ചിട്ടും പോകാതിരിക്കാന്‍ എനിക്ക് കഴിയുന്നില്ല. ആരോ മനസ്സില്‍ പ്രേരിപ്പിക്കുന്നപോലെ. ഒടുവില്‍ അമ്മയോട് കെഞ്ചി സമ്മതിപ്പിച്ചു. സ്‌കാനിംഗ് നടത്താന്‍ ആശുപത്രിയില്‍ പോയി. സ്‌കാനിംഗ് റൂമിനു പുറത്ത് കാത്തിരിപ്പിന്റെ മണിക്കൂറുകള്‍. എന്തെങ്കിലും അത്ഭുതം സംഭവിക്കും എന്ന് ഒരു പ്രതീക്ഷയും ഇല്ല മനസ്സില്‍. എങ്കിലും ജപമാലമണികളിലൂടെ വിരലുകള്‍ നീങ്ങിക്കൊണ്ടിരുന്നു, ദൈവവചനത്തിന്റെ രൂപത്തില്‍.
ഇനി സ്‌കാനിംഗ് റൂമിലേക്ക്… സാധാരണ സ്‌കാന്‍ ചെയ്യുമ്പോള്‍ മുഴയുടെ വലുപ്പം അറിയാന്‍ ഡോക്ടര്‍ ആ ഭാഗത്ത് കൂടുതല്‍ അമര്‍ത്തി നോക്കും. അസഹനീയമായ വേദന അനുഭവപ്പെടും അപ്പോള്‍. അത് ഓര്‍ത്തതുകൊണ്ടു സ്‌കാനിംഗ് റൂമിലുള്ളവര്‍ക്ക് ആദ്യമേ നിര്‍ദേശം കൊടുത്തു, ‘കൂടുതല്‍ വേദന ഉണ്ടാക്കരുത്.’ അവര്‍ നിഷ്‌കളങ്കമായി എന്നെ നോക്കി ചിരിച്ചു.
ആദ്യം ഒരാള്‍ സ്‌കാന്‍ ചെയ്തു. രണ്ടാമത് ഒരാള്‍ വന്നു. മൂന്നാമതും ഒരാള്‍ വന്നു. എനിക്ക് അല്പം ദേഷ്യം വന്നു തുടങ്ങി. ഇവര്‍ക്ക് സ്‌കാന്‍ ചെയ്യാന്‍ അറിയാന്‍ പാടില്ലേ എന്നൊരു സംശയം മനസ്സില്‍ ഉയര്‍ന്നു വന്നു. എന്തായാലും അല്പം പോലും വേദന അനുഭവപ്പെട്ടില്ല എന്നതുകൊണ്ട് അവരോട് ദേഷ്യപ്പെട്ടില്ല. പഴയ റിപ്പോര്‍ട്ടും കയ്യില്‍ പിടിച്ച് അവര്‍ ചില ചോദ്യങ്ങള്‍ എന്നോട് ചോദിച്ചു. പിന്നീട് റിപ്പോര്‍ട്ടിന് വേണ്ടി പുറത്തു കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു.
ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞു. റിപ്പോര്‍ട്ടിനുവേണ്ടി പേര് വിളിച്ചു. റിപ്പോര്‍ട്ട് വാങ്ങാന്‍ ഒരു ധൈര്യക്കുറവ്. അമ്മയോട് പോയി വാങ്ങിക്കാന്‍ പറഞ്ഞു. അമ്മയുടെ ഓരോ ഭാവവും നോക്കി ഞാന്‍ അവിടെത്തന്നെ ഇരുന്നു. കിട്ടിയ കടലാസ് നിവര്‍ത്തി നോക്കിയിട്ട് അമ്മ എന്നെ തിരിഞ്ഞുനോക്കി. ഒപ്പം കണ്ണ് തുടയ്ക്കുന്നതും കണ്ടു. എന്തോ കൂടുതല്‍ ആയി സംഭവിച്ചിട്ടുണ്ട് എന്നൊരു തോന്നല്‍… വിറയ്ക്കുന്ന ശരീരത്തോടെ അമ്മയുടെ അടുത്തേക്ക് നടന്നു. റിപ്പോര്‍ട്ട് കയ്യില്‍ വാങ്ങി.
കണ്ണുകള്‍ നിറഞ്ഞിരുന്നതു കൊണ്ട് അക്ഷരങ്ങള്‍ വ്യക്തമായി എനിക്ക് വായിക്കാന്‍ കഴിയുന്നില്ല. മുഴുവന്‍ റിപ്പോര്‍ട്ടും വായിക്കാന്‍ നില്‍ക്കാതെ ഏറ്റവും ഒടുവില്‍ എഴുതാറുള്ള ഫൈനല്‍ ഇംപ്രഷന്‍ മാത്രം വായിച്ചു. അവിടെ ചുവന്ന മഷിയില്‍ അടിവര ഇട്ടുകൊണ്ടു ഇങ്ങനെ എഴുതിയിരിക്കുന്നു, ‘Previously noted large adnexal cyst not seen now!”
മുന്‍പ് ഉണ്ടായിരുന്ന വലിയ മുഴ ഇപ്പോള്‍ കാണുന്നില്ല എന്ന്! കണ്ണുനീര്‍ നിര്‍ത്താതെ ഒഴുകിക്കൊണ്ടിരുന്നു. എവിടെയെങ്കിലും ഒരു ദിവ്യകാരുണ്യ ആരാധനാ ചാപ്പലില്‍ എന്നെ കൊണ്ടുപോകാന്‍ അമ്മയോട് പറഞ്ഞു. കാരണം ഈശോയെ ഒന്ന് കെട്ടിപ്പിടിച്ചു കരയാന്‍ എന്റെ ഹൃദയം വെമ്പല്‍ കൊണ്ടു. ഓട്ടോറിക്ഷയില്‍ കയറി നേരെ ഈശോയുടെ അടുത്തേക്ക്… ചാപ്പലിന്റെ വാതില്‍ക്കല്‍ എത്തിയപ്പോള്‍ സക്രാരിയില്‍നിന്ന് ഈശോ രണ്ടു കയ്യും നീട്ടി എന്നെ കോരിയെടുക്കാന്‍ തയ്യാറായി നില്‍ക്കുന്നപോലെ… ഈശോയുടെ വാവയെ തോളിലെടുത്തൊന്നു തലോടാന്‍…. വാവേ നീ എന്റേതാണെന്നു പറയാന്‍…
സക്രാരിയുടെ മുന്നിലേക്ക് ഞാന്‍ കരഞ്ഞുകൊണ്ട് ഓടിച്ചെന്നു. കയ്യിലെ റിപ്പോര്‍ട്ട് ഈശോയെ കാണിച്ചു. കണ്ണുനീരല്ലാതെ ഞങ്ങള്‍ക്കിടയില്‍ സംസാരിക്കാന്‍ വാക്കുകള്‍ ഉണ്ടായില്ല. മനസ്സില്‍ ഒരു ചോദ്യം മാത്രം, ”ഈശോപപ്പേ എന്തിനാ എന്നെ ഇത്രയും സ്‌നേഹിക്കുന്നേ?” ഈശോ പുഞ്ചിരിയോടെ നോക്കി. ഈശോയുടെ നെഞ്ചിലെ ചൂടിലേക്ക് എന്റെ മുഖം ചേര്‍ത്തുപിടിച്ചു പറയും പോലെ, ‘ദൈവം സ്‌നേഹമാണ്….’
ഇതെഴുതുമ്പോഴും കണ്ണുനീര്‍ നിലയ്ക്കാതെ ഒഴുകുകയാണ്… ദൈവവചനം ഓര്‍ത്തു പോവുന്നു, ”കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്” (ജ്ഞാനം 16/12).
ആന്‍ മരിയ ക്രിസ്റ്റീന