പരിശുദ്ധ അമ്മയോടുള്ള ഭക്തിയും സ്‌നേഹവും എന്നില്‍ ആഴപ്പെടുത്തിയ ഒരനുഭവം എനിക്കുണ്ട്. 1997-ല്‍ ആദ്യമായി റോമില്‍ എത്തിയ സമയം. വത്തിക്കാനില്‍ വിശുദ്ധ പത്രോസ് ശ്ലീഹായുടെ മൃതകുടീരത്തിനു മുകളില്‍ സ്ഥിതിചെയ്യുന്ന ബസിലിക്ക സന്ദര്‍ശിക്കുക, പ്രാര്‍ത്ഥിക്കുക എന്നത് റോമിലെത്തുന്ന ഏതൊരു വ്യക്തിയുടെയും ഏറ്റവും വലിയ ആഗ്രഹമാണ്. സഭയുടെ തലവനായ പത്രോസ് ശ്ലീഹായുടെ ആശീര്‍വാദം സ്വീകരിച്ച് കഴിഞ്ഞാല്‍ ആ ബസിലിക്കയിലെ അടുത്ത ആകര്‍ഷണകേന്ദ്രം ഈശോയുടെ മൃതദേഹം മാതാവിന്റെ മടിയില്‍ കിടത്തിയിരിക്കുന്ന മൈക്കലാഞ്ചലോയുടെ വിശ്വപ്രസിദ്ധ ശില്പമായ ‘പിയെത്ത’ ആണ്. ആക്രമണങ്ങള്‍ ഭയന്ന് ഇപ്പോള്‍ ചില്ലുകൂട്ടില്‍ സംരക്ഷിച്ചിരിക്കുന്ന പിയെത്ത അന്ന് അടുത്തുനിന്ന് കാണുവാന്‍ സാധിക്കുമായിരുന്നു.
അന്ന് ആദ്യമായി പിയെത്ത കണ്ടപ്പോള്‍ ഏറെ നേരം ഞാന്‍ അപൂര്‍വ്വ ശില്പത്തിനു മുമ്പില്‍ നിന്നു. കാരണം വേദനകളും ദുഃഖങ്ങളും വളരെ ശക്തമായി ഈശോയുടെയും മാതാവിന്റെയും മുഖങ്ങളില്‍ പ്രതിഫലിച്ചു കാണാമായിരുന്നു. തിരുക്കുമാരന്റെ ചേതനയറ്റ ശരീരം മടിയില്‍ കിടത്തിയിരിക്കുന്ന പരിശുദ്ധ അമ്മയുടെ മുഖം വളരെ സൂക്ഷ്മമായി ആ ശില്പത്തില്‍ കൊത്തിവച്ചിരിക്കുന്നു. എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധം ഞാന്‍ തേങ്ങി. എന്തിനാണ് മനസ്സ് ഇത്രയേറെ വികാരാധീനമാവുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.
തിരികെ നാട്ടിലെത്തി, വര്‍ഷങ്ങള്‍ കടന്നുപോയി. എന്നെ ദൈവം മേല്‍പ്പട്ട ശുശ്രൂഷയ്ക്കായി നിയോഗിച്ചു. അപ്പസ്‌തോലിക ശുശ്രൂഷ രക്തസാക്ഷിത്വത്തിന്റെ വഴിയാണ്’ എന്ന് പരിശുദ്ധ അമ്മ ഓര്‍മ്മിപ്പിച്ചു. അതുകൊണ്ടായിരിക്കാം ഈശോ വിശുദ്ധ പത്രോസിനോട് പറയുന്നത് ”പ്രായമാകുമ്പോള്‍ നീ നിന്റെ കൈകള്‍ നീട്ടുകയും മറ്റൊരുവന്‍ നിന്റെ അര മുറുക്കുകയും നീ ആഗ്രഹിക്കാത്തിടത്തേക്ക് നിന്നെ കൊണ്ടുപോവുകയും ചെയ്യും” (യോഹന്നാന്‍ 21/18). അതേ രക്തസാക്ഷിത്വത്തിന്റെ വഴി തന്നെയാണ് നിനക്ക് യാത്ര ചെയ്യാന്‍ ഉള്ളതെന്ന് അമ്മ ഓര്‍മ്മിപ്പിച്ചു.
അപ്പസ്‌തോലന്മാരുടെ പിന്‍ഗാമി എന്ന നിലയില്‍ വലിയ ഉത്തരവാദിത്വങ്ങളും കടമകളും നിര്‍വ്വഹിക്കേണ്ട ഈ ശുശ്രൂഷയില്‍ കണ്ടുമുട്ടുന്ന സഹനങ്ങളെ സമചിത്തതയോടെ സ്വീകരിക്കാന്‍ എല്ലാദിവസവും കുരിശിന്റെ വഴി ചൊല്ലുന്നത് നല്ലതായിരിക്കുമെന്ന്’ പരിശുദ്ധ അമ്മ എന്നോട് പറയുന്നതുപോലെ തോന്നി. അതനുസരിച്ച് കഴിയുന്ന ദിവസങ്ങളിലെല്ലാം ഞാന്‍ കുരിശിന്റെ വഴി ചൊല്ലാറുണ്ട്. ഒരു ദിവസം ഈ ഭക്തകൃത്യം നിര്‍വ്വഹിക്കുമ്പോള്‍ പതിമൂന്നാം സ്ഥലത്ത് ‘അരുമസുതന്റെ മേനി മാതാവ് മടിയില്‍ കിടത്തിടുന്നു, അലയാഴി പോലെ നാഥേ നിന്‍ ദുഖം അതിരു കാണാത്തതല്ലോ’ എന്ന ഗാനം ആലപിച്ചപ്പോള്‍ ആദ്യമായി പിയെത്ത കണ്ടപ്പോള്‍ ഉണ്ടായ ആത്മീയ അനുഭവം വീണ്ടും ആവര്‍ത്തിക്കപ്പെട്ടു.
എന്റെ ഹൃദയം ദുഃഖപൂരിതമായി. എന്താണിങ്ങനെ എന്ന് ഞാനെന്നോട് തന്നെ ചോദിച്ചു. അതിന് മറുപടി അമ്മയാണ് പറഞ്ഞത്, ‘യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിന്റെ മുഖം, ദൈവത്തിന്റെ മുഖം ദര്‍ശിക്കാന്‍ സാധിക്കുന്നത് കുരിശിലാണ്. അടയാളങ്ങളിലും അത്ഭുതങ്ങളിലുമല്ല ദൈവത്തെ അന്വേഷിക്കേണ്ടത്, മറിച്ച് നമ്മുടെ വേദനകളിലും ദുഖങ്ങളിലുമാണ്. ദൈവത്തിന്റെ മുഖം ദര്‍ശിക്കുന്നത് കുരിശില്‍ മാത്രമാണ്.’ അന്ന് അമ്മ എന്നെ പഠിപ്പിച്ച പുതിയൊരു പാഠമായിരുന്നു അത്. നോമ്പുകാലത്തെ വെള്ളിയാഴ്ചകളില്‍ മാത്രം ചൊല്ലിയിരുന്ന കുരിശിന്റെ വഴി അങ്ങനെ എല്ലാക്കാലത്തും എല്ലാ ദിവസവും ചൊല്ലുന്നതിന് അമ്മയുടെ ആ വാക്കുകള്‍ എനിക്ക് കൂടുതല്‍ പ്രചോദനമായി.
അമ്മ കൈവിട്ടോ?
സമാനമായ അനുഭവത്തിലൂടെ കടന്നു പോയ ഒരു വൈദികന്‍ തന്റെ ജീവിതത്തിലെ പരിശുദ്ധ അമ്മയുടെ സ്വാധീനം എന്നോട് പങ്കുവച്ചു: ”വടക്കു കിഴക്കന്‍ മിഷന്‍ മേഖലയില്‍ ഞങ്ങള്‍ മൂന്ന് വൈദികരൊന്നിച്ച് ശുശ്രൂഷ ചെയ്തിരുന്നു. ഒരു ദിവസം തീവ്രവാദ സംഘത്തില്‍പ്പെട്ട ആളുകള്‍ ഞങ്ങളുടെ സുപ്പീരിയറച്ചനെ തട്ടിക്കൊണ്ടുപോയി. അദ്ദേഹത്തെ മോചിപ്പിക്കുന്നതിന് അവര്‍ വലിയ തുക മോചനദ്രവ്യമാവശ്യപ്പെട്ടു. മോചനദ്രവ്യം നല്‍കരുത് എന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലഭിച്ചതനുസരിച്ച് ചര്‍ച്ചകളിലൂടെ അദ്ദേഹത്തെ മോചിപ്പിക്കാനായി ഞങ്ങള്‍ തീവ്രമായി പരിശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ അവര്‍ ആവശ്യപ്പെട്ട ഭീമമായ തുകയില്‍ കുറഞ്ഞതൊന്നും അവര്‍ അംഗീകരിക്കുമായിരുന്നില്ല. ഒടുവില്‍ അവര്‍ അവസാനത്തെ മുന്നറിയിപ്പു നല്‍കിയപ്പോഴും ഞങ്ങള്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശത്തില്‍ ഉറച്ചുനിന്നു.
തൊട്ടടുത്ത ദിവസം രാവിലെ തീവ്രവാദികളുടെ ഫോണ്‍ കോള്‍ ലഭിച്ചു. ‘നിങ്ങളുടെ സഹോദരന്‍ വയലില്‍ കിടപ്പുണ്ട്, വന്ന് എടുത്തുകൊണ്ടു പൊയ്‌ക്കൊള്ളുക’ എന്ന്. ഞങ്ങള്‍ ഓടി അവര്‍ പറഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ വൈദിക വസ്ത്രം ധരിച്ച് വയലില്‍ കമിഴ്ന്നു കിടക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട സുപ്പീരിയറച്ചനെ കണ്ടു. നെഞ്ചു പിളര്‍ക്കുന്ന കാഴ്ചയായിരുന്നു അത്. തലയ്ക്കുള്ളിലൂടെ കടന്നുപോയ വെടിയുണ്ടയേറ്റ് മരിച്ചുകിടക്കുന്ന അച്ചനെ ഞങ്ങള്‍ നിവര്‍ത്തി കിടത്തി. ളോഹയുടെ പോക്കറ്റിനുള്ളില്‍ ആയിരുന്നു അദ്ദേഹത്തിന്റെ വലതുകൈ.
ഞാന്‍ പതുക്കെ ആ കൈ പുറത്തേക്കെടുത്തു. അപ്പോള്‍ ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു. ആ കൈയ്ക്കുള്ളില്‍ അച്ചന്‍ ജപമാല മുറുകെ പിടിച്ചിരുന്നു. ആ ജപമാല പതുക്കെ കൈകൊണ്ട് ഊരിയെടുത്ത് ഞാന്‍ എന്റെ പോക്കറ്റിലേക്ക് വച്ചു. മൃതദേഹവുമായി ആശ്രമത്തിലേക്കു മടങ്ങി മൃതസംസ്‌കാര ശുശ്രൂഷകള്‍ കഴിഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ അനാവശ്യമായ ഒരു ചിന്ത കടന്നുകൂടി.
അവസാന നിമിഷം വരെയും അച്ചന്‍ പരിശുദ്ധ അമ്മയെ മുറുകെപ്പിടിച്ചല്ലോ. അമ്മയെയാണല്ലോ അദ്ദേഹം ഏറ്റവും അവസാനമായി സഹായത്തിനായി വിളിച്ചത്. എന്നും ജപമാല ചൊല്ലി അമ്മയോട് പ്രാര്‍ത്ഥിക്കുകയും പ്രതിസന്ധി ഘട്ടത്തില്‍ പോലും അമ്മയോടുള്ള സ്‌നേഹം കൈവിടാതിരിക്കുകയും ചെയ്ത ആ വൈദികനെ അമ്മ അവസാന നിമിഷം കൈവിട്ടു കളഞ്ഞല്ലോ എന്ന ചിന്ത എന്നെ വല്ലാതെ അലട്ടി. അമ്മയോട് ഇനി പ്രാര്‍ത്ഥിക്കുന്നതില്‍ വലിയ കാര്യമില്ല എന്ന് ഞാന്‍ ഉറപ്പിച്ചു. ജപമാല ചൊല്ലുന്നത് ഞാന്‍ നിര്‍ത്തി. അമ്മയോട് പ്രാര്‍ത്ഥിക്കുന്നതും അമ്മയെ കുറിച്ച് ഓര്‍ക്കുന്നത് പോലും എനിക്ക് ഇഷ്ടമില്ലാതായി. കുറച്ചുകാലം കൊണ്ടുതന്നെ അമ്മയില്‍ നിന്നു ഞാന്‍ പൂര്‍ണ്ണമായി അകന്നു.
മൂന്നോ നാലോ മാസങ്ങള്‍ക്ക് ശേഷം ഒരു സന്ധ്യാനേരം. ചാപ്പലില്‍ ഞാന്‍ തനിയെ ഇരിക്കുമ്പോള്‍ പെട്ടെന്ന് പരിശുദ്ധ കന്യകാമറിയം എന്റെ അടുത്ത് നില്‍ക്കുന്ന ഒരു അനുഭവം. ‘മകനേ നിനക്ക് എന്നോട് പിണക്കമാണോ?’ അതൊരു സ്വപ്നമാണോ അതോ എന്റെ ചിന്തയാണോ എന്ന് ഒരു നിമിഷം ഞാന്‍ സംശയിച്ചു. പക്ഷേ എന്റെ അടുത്തു നില്‍ക്കുന്ന അമ്മയെ എനിക്ക് വ്യക്തമായി കാണാം. അമ്മ എന്നോട് വീണ്ടും ചോദിച്ചു, ‘നീ എന്തിനാണ് എന്നോട് പിണങ്ങുന്നത്? നിന്റെ സഹോദരവൈദികനെ ഞാന്‍ രക്ഷിച്ചില്ല എന്നല്ലേ നിന്റെ പരാതി. എന്റെ ഏകമകന്‍ 33-ാം വയസ്സില്‍ എന്നോട് യാത്ര പറഞ്ഞു. പീഡാസഹനവും കുരിശുമരണവും വഴിയുള്ള അവന്റെ സമ്പൂര്‍ണ്ണ സമര്‍പ്പണം ആത്മാക്കളുടെ രക്ഷയ്ക്ക് ആവശ്യമാണെന്ന് ദൈവം പറഞ്ഞപ്പോള്‍ എന്റെ ഹൃദയത്തിലൂടെ കടന്നുപോയ വാള്‍ ഞാന്‍ സ്വീകരിച്ചത് നീ മറന്നു പോകരുത്.
എന്റെ മകനെ രക്ഷിക്കുവാന്‍ എനിക്ക് സാധിച്ചില്ലെങ്കിലും എനിക്കതില്‍ ദുഃഖമില്ല. കാരണം അതിലൂടെ ലോകത്തിന്റെ രക്ഷ തന്നെയല്ലേ സാധ്യമായത്. അതുപോലെ നിന്റെ സഹോദരന്റെ രക്തത്തിനും വലിയ വിലയുണ്ട്. നീ അതില്‍ സങ്കടപ്പെടേണ്ടകാര്യമില്ല. ആ വിത്തില്‍നിന്ന് അനേകായിരങ്ങള്‍ ആത്മരക്ഷ പ്രാപിക്കും. അത് ദൈവഹിതം ആയി കണക്കാക്കി കൊള്ളുക. കുരിശിലാണ് രക്ഷ എന്ന് നീ ഒരിക്കലും മറക്കാതിരിക്കുക’. ഇത്രയും പറഞ്ഞ് അമ്മ മറഞ്ഞു; അതോടൊപ്പം എന്നിലെ അനാവശ്യമായ ചിന്തകളും. അങ്ങനെ വീണ്ടും അമ്മയെ സ്‌നേഹിക്കാനും ദൈവത്തെ കാണുന്നത് കുരിശില്‍ ആണെന്ന് മനസ്സിലാക്കുവാനും എനിക്ക് സാധിച്ചു.”
നമ്മുടെയൊക്കെ ജീവിതത്തില്‍ സഹനങ്ങളിലൂടെ കടന്നു പോകുമ്പോള്‍ പരിശുദ്ധ അമ്മ പറയുന്നതുപോലെ കുരിശിനെ ധ്യാനിക്കുക. അമ്മയുടെ മടിയില്‍ കിടക്കുന്ന ദൈവപുത്രന്റെ മുഖം അമ്മയോടൊപ്പം ദര്‍ശിക്കുക. അതാണ് അമ്മ എനിക്ക് വെളിപ്പെടുത്തിയ കുരിശിന്റെ പാഠം. അവന്റെ മഹത്വം ദര്‍ശിക്കുന്നത് കുരിശിലാണ്. ”പരമാര്‍ത്ഥ ഹൃദയര്‍ അവിടുത്തെ മുഖം ദര്‍ശിക്കും” (സങ്കീര്‍ത്തനങ്ങള്‍ 11/7). കുരിശ് നമുക്ക് സഹനങ്ങളില്‍ കരുത്താകട്ടെ, ജീവിതത്തിന്റെ ഇരുളടഞ്ഞ നിമിഷങ്ങളില്‍ വിളക്കാകട്ടെ.
മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍
താമരശ്ശേരി രൂപതാധ്യക്ഷന്‍